വിനയരാജ് വീ ആർ
ആൺമാനുകളുടെ തലയിൽ, വളർച്ചയെത്തി ഉറച്ചുപോകുന്നതിനുമുൻപ് ശൈശവാവസ്ഥയിൽ ഉള്ള കൊമ്പിനെ വിളിക്കുന്ന പേരാണ് വെൽവെറ്റ് ആന്റ്‌ലർ. നിറയെ പോഷകഗുണവും ഔഷധഗുണവും ഉള്ളതാണത്രേ ഈ കൊമ്പ്. ആൺമാനുകൾക്ക് എല്ലാവർഷവും ആഗസ്ത് മാസമാകുമ്പോൾ കൊമ്പു മുളച്ചുതുടങ്ങും. 60 ദിവസം കഴിയുന്നതോടെ കൊമ്പ് ഉറച്ചുതുടങ്ങുന്നതിനുമുമ്പ് അവ മുറിച്ചുമാറ്റും. മുറിച്ച കൊമ്പുകൾ വേർതിരിച്ച് മരവിപ്പിച്ച് കയറ്റുമതി ചെയ്യും. ന്യൂസിലാന്റാണ് ലോകത്തേറ്റവും ഇളം മാൻകൊമ്പ് കയറ്റുമതി ചെയ്യുന്നത്. വർഷം തോറും ഏതാണ്ട് 700 ടണ്ണോളം. മരവിപ്പിച്ചതിനുശേഷം വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് കൊമ്പ് മുറിച്ചെടുക്കുന്നത്. ഇളം കൊമ്പുകൾക്ക് വലിയ ഡിമാന്റാണ്. ചൈനയിലും പല ഏഷ്യൻ രാജ്യങ്ങളിലും നാട്ടുവൈദ്യങ്ങളിലും അമേരിക്കയിൽ പോഷകാഹാരമായും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന് എന്തെങ്കിലും ഗുണം ഉണ്ടെന്ന് ഇതുവരെയും ഒരു പഠനങ്ങളിലും തെളിവുകൾ ലഭിച്ചിട്ടില്ല
മാൻ വളർത്തലിൽ ന്യൂസിലാന്റ് വളരെ മുന്നിലാണ്. 3500 വൻകിട ഫാമുകൾ ഉണ്ട് ന്യൂസിലാന്റിൽ. കേവലം 50 ലക്ഷം ആൾക്കാരുള്ള ന്യൂസിലാന്റിൽ വളർത്തുന്ന മാനുകളുടെ എണ്ണം എട്ടുകോടിയിലേറെയാണ്. മാൻ വളർത്തൽ തുടങ്ങിയതു തന്നെ ഈ രാജ്യത്താണ്. മാൻ ന്യൂസിലാന്റിലെ തദ്ദേശവാസിയല്ല, ഇംഗ്ലണ്ടിൽ നിന്നും സ്കോട്ലാന്റിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിൽ കൊണ്ടുവന്നവയാണ്. നല്ല വാസസ്ഥലം ലഭിച്ച അവ പെറ്റുപെരുകി. ഇരുപതാം നൂറ്റാണ്ട് മധ്യമായപ്പോഴേക്കും വർദ്ധിതമായ എണ്ണം കാരണം കാടുകൾക്ക് അവ ഭീഷണിയായി. എണ്ണം നിയന്ത്രിക്കാൻ സർക്കാർ വെടിവയ്ക്കാൻ ആൾക്കാരെ ഏർപ്പാടാക്കി. 1960 കൾ ആയപ്പോഴേക്കും ന്യൂസിലാന്റ് മാനിറച്ചി കയറ്റുമതി തുടങ്ങി. അതു വൻവിജയമായതിനെത്തുടർന്ന് കാട്ടിൽ നിന്നും മാനുകളെ പിടിച്ചുകൊണ്ട് ആൾക്കാർ ഫാമുകൾ ഉണ്ടാക്കി. പെട്ടെന്ന് ന്യൂസിലാന്റിലെങ്ങും വളർന്നുവന്ന ഈ പുത്തൻ വ്യവസായം അമേരിക്കയിലേക്കും കാനഡയിലേക്കും മാനിറച്ചി കയറ്റിയയച്ചു. മാൻ ഇറച്ചി കയറ്റുമതിയിലും ഏറ്റവും മുന്നിൽ ഉള്ള രാജ്യമാണ് ഇന്ന് ന്യൂസിലാന്റ്. വർഷം തോറും ഒരു കോടിയിലേറെ ടൺ മാനിറച്ചി പ്രധാനമായും യൂറോപ്പിലേക്ക് അവർ കയറ്റി അയയ്ക്കുന്നു.
ന്യൂസിലാന്റിൽ മൃഗവേട്ട നിയമവിധേയമാണ്. ദേശീയോദ്യാനങ്ങളിൽപ്പോലും ഏതുമൃഗങ്ങളെയും വേട്ടയാടാം. ആയുധം കയ്യിൽ വയ്ക്കുന്നതിന് കാര്യമായ നിയന്ത്രണങ്ങളും ഇല്ലാത്ത ന്യൂസിലാന്റിൽ മൃഗവേട്ട വളരെ പോപ്പുലർ ആയ ഒരു വിനോദവുമാണ്. മനുഷ്യർ എത്തുന്നതുവരെ ന്യൂസിലാന്റിൽ ആകെ ഉണ്ടായിരുന്ന സസ്തനികൾ രണ്ടുതരം വവ്വാലുകളും രണ്ടുതരം സീലുകളും മാത്രമായിരുന്നു. യൂറോപ്പിൽ നിന്നും വന്നവർ വേട്ടയാടാനും ഭക്ഷണത്തിനും ആയി മൃഗങ്ങളെയും അവിടെയെത്തിച്ചു. ധാരാളം എണ്ണമുള്ളതും നല്ല വലിപ്പം വയ്ക്കുന്നതുമായ ചുവന്ന മാനുകൾ വേട്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വേട്ടയാടിക്കിട്ടിയ മാനുകളെ അവർക്ക് തിന്നാനോ ഭിത്തികൾ അലങ്കരിക്കാനായി സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനോ അനുമതിയുണ്ട്. 1903 -ൽ സമ്മാനമായി ന്യൂസിലാന്റിലേക്ക് ഇന്ത്യയിൽ നിന്നും അയച്ച മൂന്നുജോഡി ഹിമാലയൻ താറുകൾ പെരുകി 1970 -കളിൽ 40000 ത്തോളം എണ്ണമായിരുന്നു. വേട്ടയാടി എണ്ണം ചുരുങ്ങി രണ്ടായിരത്തിൽത്താഴെ എത്തിയപ്പോൾ 1984-ൽ വേട്ടയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് അവയുടെ എണ്ണം പത്തായിരത്തോളമായിട്ടുണ്ട്. വിവിധയിനം മാനുകളെ കൂടാതെ പന്നികളെയും താറാവുകളെയും എല്ലാം ന്യൂസിലാന്റിൽ വേട്ടയാടാം. 110 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന പന്നികളെ നായ്ക്കളുടെ സഹയാത്തോടെയാണ് വേട്ടയാടുന്നത്. പ്രകൃതിയിൽ വളരുന്നവയുടെ ഇറച്ചിക്ക് രുചിയേറിയതിനാലും വൻതോതിൽ പാരിസ്ഥിതിക നാശമുണ്ടാക്കുന്നവയുമായതിനാൽ പന്നിവേട്ട ന്യൂസിലാന്റിൽ വളരെ ജനകീയമാണ്. വേട്ടയ്ക്ക് എത്തുന്നവരെ സഹായിക്കാനും കൂടെപ്പോകാനും എല്ലാമായി പലവിധ പാക്കേജുകൾ ന്യൂസിലാന്റിൽ ഉണ്ട്. അഞ്ചുദിവസത്തെ വേട്ടയ്ക്കും നാലുരാത്രി താമസത്തിനും രണ്ടാൾ കൂടെ സഹായത്തിനും ട്രോഫി ആയി വലിയൊരു മാനിന്റെ തല കൊണ്ടുപോകാൻ തയ്യാറാ ക്കുന്നതിനും ഏതാണ്ട് നാലുലക്ഷം രൂപ ചിലവുവരും.
കൃഷി അസാദ്ധ്യമാക്കുന്ന, മനുഷ്യരെ കൊല്ലുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ വേണ്ടി നിയമം നിർമ്മിക്കുന്നവരും കോടതികളും പരിസ്ഥിതിവിദഗ്ദ്ധരും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്ന, എങ്ങാൻ നിയമവിധേയമായി കൊന്നാൽത്തന്നെ ഇറച്ചി ഉപയോഗിക്കാതെ മണ്ണെണ്ണയൊഴിച്ച് കൃഷിയിടത്തിൽ തന്നെ കത്തിച്ചു കുഴിച്ചുമൂടുന്ന ഈ നാടിന് സമ്പന്നരാജ്യമായ ന്യൂസി ലാന്റിന്റെ ഏഴിലൊന്നുമാത്രം വലിപ്പമുള്ളപ്പോൾ ഏഴിരട്ടി ആൾക്കാർ ഉണ്ടെന്നും ഓർക്കേണ്ടതാണ്.