ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത പവിത്രം റിലീസ് ചെയ്തിട്ട് 28 വർഷമായി, പി.ബാലചന്ദ്രൻ തിരക്കഥ നിർവഹിച്ച ചിത്രത്തിൽ മോഹൻലാലും തിലകനും ശ്രീവിദ്യയും ഇന്നസെന്റും കെപിഎസി ലളിതയും ശ്രീനിവാസനും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ ആണ് കാഴ്ചവച്ചത്. ചിത്രത്തിൽ പ്രധാനവേഷം ചെയ്ത വിന്ദുജാമേനോൻ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ മീനാക്ഷിയുടെ കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തെ ചേട്ടച്ഛൻ എന്നാണ് വിളിച്ചത്. റിലീസ് ചെയ്തിട്ട് 28 വര്ഷം കഴിഞ്ഞെങ്കിലും ഇന്നും വിന്ദുജാമേനോന് മോഹൻലാൽ ചേട്ടച്ഛൻ തന്നെ. മോഹൻലാലിനെ നേരിൽ കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമൊക്കെ ചേട്ടച്ഛൻ എന്നാണു വിളിക്കാറുള്ളതെന്നു നർത്തകിയും സംഗീതജ്ഞയുമായ ഡോ.വിന്ദുജാമേനോൻ പറയുന്നു. വിന്ദുജയുടെ വാക്കുകളിലേക്ക്
“കാലഹരണപ്പെടാത്ത സിനിമയാണു പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീടെന്നെ തേടിവന്നിട്ടില്ല. ഇപ്പോഴും നേരിൽ കാണുന്നവർക്കൊക്കെയും ഞാൻ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂർവം ചിലർ, സീരിയൽ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോൾ മനസ്സിൽ സന്തോഷിക്കാറുണ്ട്. കോവിഡ്കാലത്ത് മലേഷ്യയിൽനിന്നു നാട്ടിലെത്തിയ ശേഷം മടക്കയാത്ര വൈകി വീട്ടിൽ കഴിഞ്ഞിരുന്ന 9 മാസങ്ങൾക്കിടെ 12 സിനിമകളുടെ കഥകൾ കേട്ടു. അവയൊന്നും അഭിനയിക്കണമെന്ന തോന്നലുണ്ടാക്കിയില്ല. എനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, എനിക്കു തോന്നുന്നതുപോലൊരു കഥാപാത്രത്തിനുമല്ല. കഥ കേൾക്കുമ്പോൾ എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണു കാത്തിരിക്കുന്നത്” – വിന്ദുജാമേനോൻ പറഞ്ഞു