കമിതാക്കളോ മറ്റൊ ഇണ ചേരുമ്പോൾ അതിനെ ബിംബവത്കരിച്ചുകാണിക്കുന്നത് കാലാകാലങ്ങളായി മലയാളസിനിമ പിന്തുടരുന്ന ഒരു രീതിയാണ്. ഒന്നും രണ്ടുമല്ല, നിരവധി ബെഡ്റൂം സീനുകളാണ് ഇത്തരത്തിൽ മലയാള സിനിമയിൽ ഉള്ളത്.പൂവ് വിടരുന്നതും ശലഭം തേൻ നുകരുന്നതും പ്രാവുകൾ കൊക്കുരുമ്മുന്നതും പതിയെ ലൈറ്റ് ഓഫ് ചെയ്യപ്പെടുന്നതും എന്ന് വേണ്ട പൈപ്പ് തുറന്ന് വെള്ളം പോകുന്നത് വരെ ഇങ്ങനെ ഇമേജുകളായി അവതരിപ്പിച്ചിട്ടുണ്ട് നമ്മുടെ സംവിധായകർ. എം ടിയും ഐ വി ശശിയും ഭരതനും പദ്മരാജനും അടക്കം നിരവധി പ്രതിഭകൾ ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്.
പുതിയകാലത്തിൽ കട്ടിലിന്റെ ആട്ടവും ഇളകിയ കാലിന്റെ കരകര ശബ്ദവും വച്ചു ഇതേ വിദ്യയേതന്നെ പോളിഷ് ചെയ്ത് അവതരിപ്പിച്ച് കയ്യടി മേടിച്ചവരുമുണ്ട്.എന്നാൽ കഥാപരിസരത്തോട് ചേർന്ന് നിന്ന് കൊണ്ട്, അതിമനോഹരമായി ചിത്രീകരിച്ച രണ്ട് ബെഡ്റൂം സീക്വൻസുകൾ മലയാളത്തിലുണ്ട്.ഒന്ന് ബ്ലെസ്സിയുടെ തന്മാത്രയിലും രണ്ട് ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കളയിലും..!!
ഭിത്തിയിൽ ഒരു പല്ലിയെക്കണ്ട് പകുതിവഴിയിൽ എഴുന്നേറ്റ് പോകുന്ന രമേശൻ നായരെ ഭാര്യ നിറകണ്ണുകളോടെ നോക്കുന്നിടത്താണ് തന്മാത്രയുടെ ഇന്റർവെൽ.
രോഗത്തിന്റെ കാഠിന്യവും അത് അയാളെ എത്രമേൽ ബാധിച്ചിരിക്കുന്നു എന്നുമുള്ള ചൂണ്ടികാട്ടലാണ് ആ സീൻ.അത് പോലെ തന്നെ മനോഹരമാണ് ഗ്രെറ്റ് ഇന്ത്യൻ കിച്ചണിൽ ഭാര്യ കൈ മണക്കുന്ന രംഗം.അടുക്കളയിലെ എച്ചിൽപാത്രങ്ങളുടേയും അഴുക്കുവെള്ളത്തിന്റെയും മടുപ്പിക്കുന്ന ദുർഗന്ധവും അത് അവളെ എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നുമുള്ള ചൂണ്ടിക്കാട്ടൽ..!!ഇതിനേക്കാൾ നല്ല ബെഡ്റൂം സീക്വൻസുകൾ മലയാളത്തിൽ വേറെയുണ്ടെന്ന് തോന്നുന്നില്ല. അത്രയധികം അത് കഥയുമായി ചേർന്ന് നിൽക്കുന്നുണ്ട്.