ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു സർഗം തികഞ്ഞ കലാമൂല്യമുള്ള ചിത്രമായിരുന്നു. .വിനീത്, രംഭ, മനോജ് കെ. ജയൻ, നെടുമുടി വേണു എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതിലെ ഗാനങ്ങൾ കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടു. എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങളായിരുന്നു. യൂസഫലി കേച്ചേരിയുടെ അതി സുന്ദരമായ വരികൾ . ബോംബെ രവിയുടെ സംഗീതം മലയാളികളുടെ മനസിനെ കുളിർപ്പിച്ചു എന്ന് പറയുന്നതാകും ശരി.
എന്നാലിപ്പോൾ ഒരു ഗാനരംഗത്തിൽ നിന്നുള്ള രസകരമായ കാര്യമാണ് ചർച്ചാവിഷയമാകുന്നത് . “സംഗീതമേ അമര സല്ലാപമേ ..” എന്ന ദാസേട്ടൻ പാടിയ സൂപ്പർഹിറ്റ് ഗാനം പാടി അഭിനയിച്ചത് വിനീത് ആണ്. ഗാനരംഗത്തിൽ വിനീതിന്റെ കൂടെ മനോജ് കെ ജയനുമുണ്ട്. ഈ രംഗത്തിൽ പലപ്പോഴും മുന്നിലും പിന്നിലും നിന്ന് വിനീതിനെ രൂക്ഷമായി ജ്വലിക്കുന്ന കണ്ണുകളോടെ നോക്കുന്ന മനോജ് കെ ജയനെ നമുക്കു കാണാൻ സാധിക്കും.
ചിത്രത്തിൽ വിനീതും മനോജ് കെ ജയനും അത്ര കൂട്ടുകാർ ആയിരുന്നു. എന്നിട്ടുമെന്താണ് വിനീതിനോട് ഇത്രമാത്രം കലിപ്പ് എന്ന് സംശയം തോന്നാം. എന്നാൽ മനോജ് കെ ജയൻ ചിരിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്
“ആ നോട്ടം സത്യത്തിൽ തിരക്കഥയിൽ ഇല്ലാത്തതായിരുന്നു.കഥാപാത്രത്തോടായിരുന്നില്ല എന്റെ രോഷവും പരിഭവവും; അഭിനയിച്ച നടനോടായിരുന്നു… കൂട്ടത്തിൽ ഇത്തിരി അസൂയയും. ഗാനഗന്ധർവനായ യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്ലേ വിനീത് തട്ടിയെടുത്തുകളഞ്ഞത്. എങ്ങനെ അസൂയപ്പെടാതിരിക്കും? സർഗ്ഗത്തിൽ നായകതുല്യമായ വേഷത്തിൽ അഭിനയിക്കാൻ ഹരിഹരൻ സാർ ക്ഷണിച്ചപ്പോൾ ആവേശം തോന്നി. സംഗീതപ്രധാനമായ ചിത്രം. പാട്ടുകളെല്ലാം പാടുന്നതാകട്ടെ ദാസേട്ടനും. ത്രില്ലടിച്ചുപോയി ഞാൻ. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പാട്ടു മുഴുവൻ പാടുന്നത് വിനീതാണെന്ന്. വലിയ നിരാശയായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ചില പാട്ടുസീനുകളിൽ എന്റെ മുഖഭാവം ശ്രദ്ധിച്ചാലറിയാം ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ വിനീതിനോട് എനിക്ക് തോന്നിയ അസൂയയുടെ ആഴം..” മനോജ് കെ ജയൻ പറഞ്ഞു .