കാലത്തെ അതിജീവിച്ച ക്രൈം ത്രില്ലെർ – ‘ഇരകൾ ‘
വിനീത
വ്യത്യസ്തമായ പ്രമേയത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങൾമലയാളികൾക്ക് സമ്മാനിച്ച സംവിധായാകാനാണ് ശ്രീ. കെ. ജി. ജോർജ്ജ്. മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ തമ്പുരാന്‍ എന്നാണ് കെജി ജോര്‍ജ് എന്ന ചലച്ചിത്രകാരനെ വിശേഷിപ്പിക്കാവുന്നതാണ്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾ ഇദ്ദേഹംസംവിധാനംചെയ്തിട്ടുണ്ട്..ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, മറ്റൊരാൾ, പഞ്ചവടി പാലം, തുടങ്ങിയ ഇവയിൽ ചിലത് മാത്രം..ഇവയിൽ 1985 ഇൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയ ‘ഇരകൾ ‘ വളരെ മികച്ച ഒരു ക്രൈo ത്രില്ലെർ ആണ്. കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം എന്ന ഗണത്തിൽ കൂട്ടാവുന്നവ. ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം,സംവിധാനം ശ്രീ. കെ. ജി. ജോർജ്ജ്. നിർമ്മാണം – ശ്രീ. സുകുമാരൻ. പശ്ചാത്തല സംഗീതം.-ശ്രീ. എ. ബി. ശ്രീനിവാസൻ
ചിത്രത്തിന്റെ അതി ശക്തമായ പ്രമേയം, കഥാ പാത്രങ്ങൾ സംസാരിക്കുന്ന ശക്തമായഭാഷ ഇതെല്ലാം ‘ ഇരകൾ ‘ എന്ന ചിത്രത്തെ മറ്റ് സിനിമകളിൽ നിന്ന് വേറിട്ടു നിർത്തുന്നു.ഗണേഷ്‌കുമാറിന്‍റെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.., നടന്‍ സുകുമാരന്‍റെ നിര്‍മാണം അങ്ങനെ ‘ഇരകള്‍’ ശ്രദ്ധിക്കപ്പെടാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്.’ ഇരകൾ ‘എന്ന സിനിമ ഇപ്പോഴും കാലത്തിനു മുൻപേ സഞ്ചരിച്ച ചിത്രം എന്ന് പറയാൻ കാരണങ്ങൾ ഏറെ.ബേബി എന്ന സൈക്കോപാത്തിന്റെ മാനസികാ വസ്ഥ യിലൂടെയാണ് കഥ തുടങ്ങുന്നത്.എഞ്ചിനിയറിങ്ങ് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ അരണ്ട വെളിച്ചത്തിൽ കൈയിൽ മുറു ക്കിപിടിച്ചിട്ടിക്കുന്ന ഇലക്ട്രിക് വയറിന്റെ ചുരുളുമായി ബേബി എന്ന ചെറുപ്പക്കാരൻ.എന്തോ തീരുമാനിച്ചുറച്ച മുഖം.
ഇലക്ട്രിക് വയറിൽ നിന്ന് ഒരു കഷ്ണം മുറിച്ചെടുത്തു സ്വന്തം കഴുത്തിലിട്ട് മുറുക്കി കുരുക്ക് ശരിയായോ എന്ന് ഉറപ്പ് വരുത്തുന്നു.അതിന് ശേഷം മേശ തുറന്ന് ഒരു കൊമ്പസ് എടുത്ത് സ്വന്തം കൈയിൽ കുത്തി മുറിവേൽപ്പിക്കുന്നു.. മുഖഭാവം വളരെ തീഷ്ണം. ശേഷം കൈയിൽ നിന്ന് വരുന്നരക്ത തുള്ളികൾ ചുവരിൽ തൂക്കിയിട്ടിട്ടിക്കുന്ന സ്ത്രീയുടെ മുഖത്ത് തേക്കുന്നു.ശേഷം ഒരുപേനക്കത്തി എടുത്ത് എവിടെയോ പോകാൻ എഴുന്നേൽക്കുന്നു.. പുറത്തേക്ക് ഇറങ്ങും മുൻപ് തൊട്ടടുത്ത കട്ടിലിൽ ഉറങ്ങി കിടക്കുന്ന സഹപാഠിയുടെ മുഖവും, മൂക്കും അമർത്തി പിടിക്കുന്നു. പ്രാണ വേദനയോടെ പിടയുന്ന അയാൾ ബേബിയുടെ കൈ തട്ടി മാറ്റുന്നു…
നായക കഥാപാത്രത്തിന്റെ അതി സങ്കീർണമായ മാനസികാവസ്ഥ വെളിവാക്കുന്ന തുടക്കം… അതിനുതകുന്ന പശ്ച്ഛത്തല സംഗീതവും.അത്ര സുഖകരമല്ലാത്ത ഒരു കുടുംബാന്തരീക്ഷം, അവിടെയുള്ള ഒരു കൂട്ടം കഥാപാത്രങ്ങൾ.. അവരുടെ മാനസിക വ്യാപാരങ്ങൾ ഇവയൊക്കെയാണ് കഥയുടെ ഇതിവൃത്തം. ബേബിയായി ഗണേഷ് കുമാർ വളരെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരിക്കുന്നു..ബേബിയുടെ അഛൻ , മാത്യൂസ് എന്ന മാത്തുക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്.കോളേജ് റാഗിoഗിൽ ഗുരുതരമായ പരിക്കെറ്റ കുട്ടിയുടെ കംപ്ലയിന്റ് കാരണം സസ്‌പെൻഷനിൽ ആയി വീട്ടിലെത്തുന്ന ബേബി..
തന്റെ മക്കൾ തന്റെ തീരുമാനങ്ങളിൽ നിന്ന് അണുവിട ചലിക്കാൻ പാടില്ല എന്ന് മർക്കട മുഷ്ടിയുള്ള അച്ഛൻ, മൂന്ന് സഹോദരന്മാർ, ഭർത്താവുമായി അടിക്കടി പിണങ്ങി വീട്ടിൽ വരുന്ന സഹോദരി, ചേട്ടത്തിയമ്മ, വല്യപ്പച്ചൻ, പിന്നെ നോക്കുകുത്തി പോലെ ഒരമ്മ ഇവരാണ് കഥാ പാത്രങ്ങൾ.യഥാര്‍ത്ഥത്തില്‍ ബേബി എന്ന ഇരയെ ഉണ്ടാക്കിയത് മാത്തുകുട്ടി ആണോ എന്ന് തോന്നും.ബേബി എന്ന സൈക്കോപാത്തിനെ മാത്രമല്ല അയാളുടെ ജ്യേഷ്‌ഠന്‍ സണ്ണിയെ ഒരു മദ്യപാനിയാക്കിയതിനു പിന്നിലും ഇതേ മാത്തുക്കുട്ടി തന്നെ.
തന്റെ നാല് മക്കളിൽ മൂത്തവന്‍ കോശിയും മകള്‍ ആനിയും മാത്രമാണ് അയാളുടെ കാഴ്‌ചയിലെ നല്ല മക്കള്‍. ആനിയായി ശ്രീവിദ്യയാണ് വേഷമിട്ടിരി ക്കുന്നത്…
എസ്‌റ്റേസ്റ്റ് മുതലാളിയായ സമ്പന്നനായ മാത്തുകുട്ടി , ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് പോലെ അപ്പന്‍റെ ബിസിനസുകള്‍ നോക്കി നടത്തി അപ്പനെ സഹായിക്കുന്നവരാണ് അനുസരണയുള്ള മക്കള്‍എന്നകർശനമായ നിലപാടുള്ള ആളാണ്.കഞ്ചാവ് കൃഷി ഉള്‍പ്പെടെ ഒട്ടനവധി ബിസിനസ് ഉണ്ട് അയാൾക്ക്..ഇതില്‍ യാതൊരു താല്പര്യവുമില്ലാത്ത രണ്ടാമത്തെ മകൻ വീട്ടിൽ നിന്ന് പുറത്ത് കടന്ന് നഗരത്തിലേക്ക് ചെന്ന് സ്വന്തമായി ഒരു ബിസിനസ് ചെയ്യണമെന്നതാണ് ആഗ്രഹി ക്കുന്നു.സുകുമാരനാണ് ഈ കഥാപാത്രം ചെയ്യുന്നത്.എന്നാല്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ അതിന് സമ്മതിക്കില്ല എന്നാണ് അച്ഛന്റെ കടും പിടിത്തംകാരണം ആ വീട്ടിൽ ഒരു മുഴു മദ്യപാ നിയെ പോലെ ഭാര്യയുമൊത്ത് ജീവിക്കുന്നു.പണവും, അധികാരവും ഉള്ള മാത്തുക്കുട്ടിയുടെ മക്കള്‍ക്ക് എന്തിന്‍റെ കുറവാണെന്നേ പുറത്ത് നിന്ന് ആ കുടുംബത്തിലേക്ക് നോക്കുന്ന ഒരാള്‍ക്ക് തോന്നൂ. എന്നാൽ എന്തൊക്കെണ്ടെങ്കിലും കുടുംബത്തിൽ സ്നേഹം ഇല്ലങ്കിൽ നഷ്ടമാകുന്നത് കുടുംബ ബന്ധങ്ങൾ തന്നെയാണെന്ന് ബേബി കാട്ടിത്തരുന്നു.മാത്യൂസിന്‍റെ ഭാര്യാ സഹോദരന്‍ ബിഷപ്പാണ്, ഭരത് ഗോപി അവതരിപ്പിക്കുന്ന ഈ കഥാപാത്രം പറയുന്ന ഒരു വാചകമുണ്ട്.
‘മക്കള്‍ വളരുകയല്ല, വളര്‍ത്തുകയാണ് വേണ്ടത്’. മാത്യൂസിന്‍റെ കുടുംബത്തില്‍ മാത്രമല്ല, ഇന്ന് പല കുടുംബങ്ങളും മക്കള്‍ വളരുകയാണ്, വളര്‍ത്തുകയല്ല. മക്കളെ അംഗീകരിക്കാനും, അവരെ കേള്‍ക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തേണ്ട കാലമാണിത്. താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന അന്ധമായ വിശ്വാസം ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. തങ്ങളെ അംഗീകരിക്കുന്നു, ഈ വീട്ടില്‍ തന്‍റെ വാക്കുകള്‍ക്കും പ്രസക്തിയുണ്ട് എന്ന് മക്കൾക്ക് തോന്നിയാൽ മാത്രമേ അവർക്ക് നില നിൽപ്പുള്ളു…’ഈ കാലഘട്ടത്തിലും പല മാതാപിതാക്കളും മനസ്സിലാക്കാതെ പോകുന്ന സത്യം..പാലക്കുന്നേൽ മാത്തുകുട്ടിയുടെ മക്കളെല്ലാം തന്നെ അയാളുടെ തന്നെ വളർത്തു ദോഷത്തിന്റെ ഇരകളാണ്…

വീട്ടിൽ കയറി വരുന്ന പോലീസ് ഉദോഗസ്ഥനോടും, സ്വഭാവദൂഷ്യം ഉള്ള സ്വന്തം മകളുടെ ഭർത്താവിനോടും അപ മര്യാദയായി പെരുമാറുന്നതും, മൂത്തമകന്റെ കൊള്ളരു താ യ്മകൾക്ക് കൂട്ട് നിൽക്കുന്നതും, കളിപ്പാട്ടം പോലെ ബേബിയ്ക്ക് തോക്ക് കൊടുക്കുന്നതുമൊക്കെ അയാളുടെ ചെയ്തികളിൽ പെടുന്നു.കഴിഞ്ഞ കാലങ്ങൾ അയവിറക്കി ജീവിക്കുന്ന വല്യപ്പച്ചനും, എല്ലാം സഹിച്ചു ജീവച്ഛവമായി കഴിയുന്ന അമ്മയുമാണ് ബേബിയ്ക്ക് ചെറിയൊരാശ്വാസം. ബേബി നോർമലായി സംസാരിക്കുന്നത് വല്യപ്പച്ഛനോടും, അവൻ സ്നേഹിക്കുന്ന അയല്പക്കത്തെ വീട്ടിലെ പെൺകുട്ടിയോടും ആണ്.എന്നിരിക്കിലും അവനിലെ സൈക്കോപ്പാത്തിനെ തിരിച്ചറിയുന്ന അവൾ ( രാധ ) അവനിൽ നിന്നൊഴിഞ്ഞു മാറി വിവാഹിതവയാകാൻ തീരുമാനിക്കുമ്പോൾ, തന്റെ ഏക സുഹൃത്തുകൂടിയായ പ്രതിശ്രുത വരനെ കൊല്ലാൻ ശ്രമിക്കുന്നു ബേബി..അപ്പോളൊക്ക ഒരു വേട്ടക്കാരനെ ബേബിയിൽ ദർശിക്കാം..
അതോടൊപ്പം സഹോദരി ആനിയുടെ രഹസ്യക്കാരനായ വീട്ടിലെ ജോലിക്കാരനെയും ബേബി കൊല്ലുന്നു…ഒടുവിൽ തന്റെ വഴിവിട്ട ചെയ്തികളുടെ ആകെ തുകയായ മകൻ അച്ഛന്റെ കൈകൊണ്ട് തോക്കിനിറയാകുന്നിടത്ത് ചിത്രം പൂർത്തിയാകുന്നു.. കാഴ്‌ചയുടെ പുതിയൊരു തലംകൂടെ ഓരോ കാഴ്‌ചയിലും പ്രേക്ഷകനും നല്‍കാന്‍ സാധിക്കുന്നിടത്താണ് ‘ഇരകള്‍’ എന്ന കെ ജി ജോര്‍ജ് ചിത്രം കാലാനുവര്‍ത്തിയായി മാറുന്നത്.മികച്ച തിരക്കഥയ്‌ക്കുള്ള മുട്ടത്ത് വര്‍ക്കി പുരസ്‌കാരം 2016ല്‍ ഈ ചിത്രത്തെ തേടിയെത്തിയത് പോലും ഈ കാലഘട്ടത്തിലും ‘ഇരകള്‍’ എത്രത്തോളം പ്രസക്തമാണ് എന്നതിന്‍റെ ഒടുവിലെ ഉദാഹരണമാണ്.ഈ കാലഘട്ടത്തിലും ‘ ഇരകൾ ‘ അതിന്റെ ഉദ്വേഗമുണർത്തുന്ന പശ്ചാത്തലസ്സംഗീതം, വേറിട്ട ശൈലി, സസ്പെൻസ് ഇവകൊണ്ടെല്ലാം കാഴ്ച്ചക്കാരിൽ പുതുമയുണർത്തും എന്ന കാര്യം നിസംശയം പറയാം..