ഇറച്ചിക്കൊതിച്ചിയായ സീതയെ വർണ്ണിക്കുന്ന രാമായണ ഭാഗമൊക്കെ എഴുത്തച്ഛൻ തർജ്ജമയിൽ പോലും ഒഴിവാക്കിയിട്ടില്ല

232
Vineetha Vijayan എഴുതുന്നു
ചില വാക്കുകളെക്കുറിച്ചാണ്…
‘ഗോഘ്നൻ ‘,സംസ്കൃത പദമാണ്.ഗോഘ്നൻ എന്നാലർത്ഥം ഗോവിനെ / പശുവിനെ കൊല്ലാൻ കാരണക്കാരനാകുന്നവൻ എന്നാണ്.അങ്ങനെയുള്ളവനാണ്, ഗോഘ്നനാണ് അതിഥി .ആരുടെ അതിഥി എന്നാണെങ്കിൽ സംശയമെന്ത്? സംസ്കൃതം ആരുടെ ഭാഷയാണോ അക്കൂട്ടരുടെ തന്നെ! അവരുടെ അതിഥികളെ അവർ സൽക്കരിച്ചിരുന്നത് പശുവിനെ കൊന്ന് പാകം ചെയ്ത് സ്വീകരിച്ചാണ്. ഇനി മറ്റൊരു വാക്കു പറയാം, പാഠിനം, നമ്മുടെ മീനിന്റെ പര്യായപദമാണ്. ധാത്വർത്ഥം കൂടി പറയാം.പാഠികളാൽ ആഗ്രഹത്തോടെ ആഹരിക്കപ്പെടുന്നത്.പാഠികൾ എന്നു വച്ചാൽ മറ്റാരുമല്ല. വേദാധ്യയനം ചെയ്യുന്നവർ.
Vineetha Vijayan
Vineetha Vijayan

ഹിന്ദു മതത്തിലെ സകല ദേവി ദേവന്മാരും, അവരുടെ പ്രധാന മധ്യവർത്തികളായി കരുതപ്പെടുന്ന ബ്രാഹ്മണരും മാംസവും മത്സ്യവും മദിരയുംഒക്കെ കഴിക്കയും കഴിപ്പിക്കയും ഒക്കെ ചെയ്തിരുന്ന ആളുകൾ തന്നെയാണ് എന്നതിന്റെ ലളിതമായ ഉദാഹരണങ്ങളാണ് ഈ പദങ്ങൾ, ഇനിയും ഉണ്ടനേകം. ഇറച്ചിക്കൊതിച്ചിയായ സീതയെ വർണ്ണിക്കുന്ന രാമായണ ഭാഗമൊക്കെ എഴുത്തച്ഛൻ തർജ്ജമയിൽ പോലും ഒഴിവാക്കിയിട്ടില്ല. തത്പരർക്ക് പരിശോധിക്കാം. സസ്യഭക്ഷണമെന്ന് പറയുന്നത് നിങ്ങളവകാശപ്പെടുന്ന തരത്തിൽ ആർഷഭാരത സംസ്കൃതിയുടെ അവിഭാജ്യ ഘടകമൊന്ന നിലയിൽ അനുവർത്തിക്കുന്നതൊന്നുമല്ല എന്നു തന്നെയാണ് പറഞ്ഞു വന്നത്. ബുദ്ധമതത്തിൽ നിന്ന് ഇടക്കാലത്തു പകർത്തിയ ഒന്നു മാത്രമാണ് സംഘപരിവാറിന്റെ സാത്വികപച്ചക്കറി രാഷ്ട്ര സങ്കൽപ്പം! അതൊക്കെ അറിയുന്നവരാണ് സാമാന്യ ചരിത്ര ബോധവും അറിവുമുള്ള സാധാരണക്കാർ പോലും. നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ സ്വാതന്ത്ര്യമാണ്. അതിലാരും തർക്കിക്കുന്നുമില്ല. പക്ഷേ അത്തരക്കാരെന്നവകാശപ്പെടുന്നവർ കടന്നു പോകുന്ന വഴിയിൽ, പരിസരദേശങ്ങളിൽ മത്സ്യ മാംസാദികൾ കച്ചവടം പോലും ചെയ്യരുതെന്ന് പറയാൻ ഈ തീട്ടൂരത്തിലൂടെ ചെലുത്തപ്പെടുന്ന അധികാരമുണ്ടല്ലോ, അത് പശുവിനോടുള്ള പ്രേമം മനുഷ്യനെ കൊല്ലാനുള്ള ആയുധമാക്കിയവരുടെ മനോനില തന്നെയാണ് അതിലും പ്രവർത്തിക്കുന്നത്. ഇക്കണക്കിനു പോയാൽ, സുപ്രീം കോടതി വിധിക്കു പോലും പുല്ലുവില കൽപ്പിച്ച് അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയിരിക്കുന്ന പത്തിനും അൻപതിനും ഇടയിലുള്ള യുവതികൾ തങ്ക അങ്കി പോകുന്ന വഴിയിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്നൊരുത്തരവും സമീപ ഭാവിയിൽ തന്നെ ഉണ്ടാവും എന്നതിന് യാതൊരു സംശയവുമില്ല. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിരിച്ചു തള്ളാൻ ഒരുങ്ങുന്നവർ അയ്യപ്പൻമാർ കയറിയ കെ.എസ്.ആർ.ടിസി ബസ്സിൽ നിന്ന് ബലമായി ഇറക്കി വിടപ്പെട്ട സ്ത്രീകളുടെ വാർത്ത ഒന്നോർത്താൽ നന്ന്!

അപരന്റെ ഭക്ഷണത്തിന്മേലോ ഭക്ഷ്യവസ്തുക്കളുടെ ഉറവിടങ്ങളിന്മേലോ നിയന്ത്രണമോ നിരോധനമോ കൊണ്ടുവന്ന് അതിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്ന ശുദ്ധിയും സാത്വികതയും ഒക്കെ അധികാര വിനിയോഗത്തിലൂടെ നടത്തുന്ന കറ കളഞ്ഞ ഹിന്ദുത്വ ഫാസിസമാണ്. ആശയപരമായി എതിർ പക്ഷത്ത് നിൽക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയ ചേരികളിൽ നിൽക്കുന്നവരെപ്പോലും പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കാൻ, അനുകൂലമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നിടത്ത് വിജയിക്കുന്നത് സംഘ പരിവാറാണ്. അധികാരസ്ഥാനങ്ങൾ കൈയ്യാളുന്നവരെ ആശയപരമായി ഭരിക്കുകയെന്നാൽ, അതുത്തരവാക്കുന്നതിലൂടെ ,നടപ്പിലാക്കുന്നതിലൂടെ ജനാധിപത്യ മാർഗ്ഗങ്ങളിലൂടെയല്ലാതെ തന്നെ അവർ നമ്മെ ഭരിക്കുകയാണ്… ഇന്ത്യയിൽ മുഴുവൻ വ്യത്യസ്ത രാമായണങ്ങളുണ്ട്. രാമായണ മാസമെന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വായന അതീ കേരളത്തിലേയുള്ളൂ. [കേരളRss ന്റെ അജണ്ട അതിനു പിന്നിൽ എത്തരത്തിലാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് അറിയാൻ താത്പര്യമുള്ളവർ സി.പി.എം കാർ ഏതു രാമായണം വായിക്കും എന്ന പേരിൽ ഡോ: ടി.ടി ശ്രീകുമാർ എഴുതിയ ലേഖനം വായിക്കുക.] വിശ്വാസിയെ മാത്രം ബാധിക്കുന്ന തരത്തിൽ അപരന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറാത്ത വിധത്തിൽ വിശ്വാസ പരമോ ആചാരപരമോ ആയ എന്തും ഒരു തടസ്സവും കൂടാതെ ഇന്നാട്ടിൽ നടന്നുവരുന്നുണ്ട് എന്നു സൂചിപ്പിക്കാൻ മാത്രമാണതിവിടെ ഇപ്പോൾ ഓർമ്മിപ്പിച്ചത്.
അന്വേഷണത്തിൽ മനസ്സിലാവുന്നത് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോൺഗ്രസാണ് ഭരിക്കുന്നത്. രക്ഷാ ബന്ധനും കൃഷ്ണ ജയന്തിയും വിവേകാനന്ദ ജയന്തിയും ആഘോഷിച്ച് ഇടതുപക്ഷം സംഘപരിവാറിനെ അനുകരിച്ചപ്പോൾ “നിങ്ങളെപ്പോളാണ് രാമക്ഷേത്രം പണിയാനുള്ള കല്ലുമായി അയോധ്യക്കു വരിക ?” എന്ന്, കേന്ദ്രത്തിലെ സംഘ പുത്രന്മാർ ഇടതുപക്ഷത്തോട് പരിഹാസദ്യോതകമായി ചോദിച്ചത് ഇവരോടാവർത്തിക്കേണ്ട സമയം പണ്ടേ കടന്നു പോയിരിക്കുന്നുവെന്നറിയാം.എങ്കിലും പരമോന്നത നീതിന്യായ പീഠത്തിന്റെ ‘ വിധിയുടെ വിധി ‘എന്താവണമെന്ന് തന്ത്രി പ്രശ്നം വച്ചു നോക്കട്ടേ എന്ന് ദൈവ വകുപ്പു മന്ത്രിയെ കേൾക്കുമ്പോഴും കാർഷിക മന്ത്രിയുടെ ഋഷഭ യാഗം കാണുമ്പോഴുമെന്നതു പോലെ ഇത്തരം തിട്ടൂരങ്ങൾ കാണുമ്പോഴും അതിനെതിരായി ഒരു നടപടിയും ഉണ്ടാവുന്നില്ലല്ലോ എന്ന് ഉറക്കെ ആശങ്കപ്പെടേണ്ടതെങ്കിലുമുണ്ട്..