വലിപ്പങ്ങളുടെ വീഴ്ചകളിൽ മാത്രമാണ് നമ്മുടെ കണ്ണ് ചെല്ലുന്നത്

351

എഴുതിയത്  : Vineetha Vijayan

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ തകർന്ന ഇരുനില സൗധത്തിന്റെ ചിത്രമാണ്, വേരു പോലും ബാക്കിയില്ലാതെ ഒലിച്ചുപോയ ആദിവാസി കുടിലുകളല്ല പത്രവാർത്തയിലിടം പിടിച്ചതും,എത്ര കാലത്തെ അദ്ധ്വാനം കൊണ്ടുണ്ടാക്കിയതാണ്. എന്ന് നമ്മളെയെല്ലാം മൂക്കിനറ്റത്ത് വിരൽ തൊടുവിച്ചതും.
മൾട്ടിനാഷണൽ കമ്പനിയുടമകളുടെ ആത്മഹത്യകൾ വലിയ വാർത്തകളാക്കുന്നവർക്ക് കടം കയറി ആത്മഹത്യ ചെയ്യുന്നവർ പേരു പോലുമില്ലാത്തവരുടെ ‘കർഷക ആത്മഹത്യകൾ’ മാത്രമാണ്.

കൊല്ലാകൊല്ലം മഴക്കാലങ്ങളിൽ ക്യാമ്പുവാസികളായ തീരദേശ ജനതയോട് അവർ ചിരിച്ചു കൊണ്ട് പറയും, “നിങ്ങക്കി തൊക്കെ ശീലമല്ലേയെന്ന് “! നിസ്സാഹായതകൾക്കുമേൽ ദീർഘനിശ്വാസപ്പെട്ട് അവരതങ്ങ് സമ്മതിച്ചും കൊടുക്കും!

അതങ്ങനെയാണ് ! വലിയവർ, വലുതുകൾ, വലിപ്പങ്ങളുടെ വീഴ്ചകൾ, തകർച്ചകൾ, തകിടം മറിയലുകൾ മാത്രമാണ് നമുക്കെപ്പോഴും കണ്ണു ചെല്ലുന്നിടം. മറ്റുള്ളവയെല്ലാം ശീലമാക്കപ്പെട്ട സാധാരണത്വങ്ങൾ.

മുത്തങ്ങയും അരിപ്പയും ചെങ്ങറയും പനവല്ലിയും ചീമേനിയും മൂലമ്പള്ളിയും തൊവരിമലയും ഒരേ ദയാരാഹിത്യത്തോടെ നിസ്സഹായരുടെ മേലേ നിർബ്ബന്ധിത നീതിപാലനം നടത്തിയപ്പോൾ അനീതിയാണെന്നും അരുതെന്നും പറയാൻ ഉയരാതിരുന്ന നാവുകളും കൈകളും ഇന്ന് മരടിലെ ഫ്ലാറ്റു പൊളിക്കലിനു മേൽ ഐക്യദാർഢ്യപ്പെടുന്നതു കാണുമ്പോൾ മുമ്പില്ലാതിരുന്ന മാനുഷികത മലയാളിക്ക് ഉണ്ടായതിൽ ആശ്വസിക്ക തന്നെ വേണം.

അരിക് മനുഷ്യരുടെ ആയുസ്സിന്റെ അദ്ധ്വാനങ്ങൾ തന്നെയാണവരുടെ കുടിലുകളെന്നും കൊച്ചുവീടുകളെന്നുംഫ്ലാറ്റുകളോളം’ വില ‘ആ കിടപ്പാടങ്ങൾക്കും ഉണ്ടെന്നും ഉള്ള ബോധ്യത്തോടെ തന്നെയാണെങ്കിൽ. എല്ലാ പക്ഷികൾക്കും ചേക്കാറാനുള്ള ചില്ലകളുള്ളതാണ് ഈ മഹാവൃക്ഷമെന്നും അതിന്റെ വേരുകൾ മണ്ണിലാണെന്നും മറക്കാതിരിക്കുമെങ്കിൽ.