ആറ്റൂർ, വാക്കുകൾക്കിടയിലെ കവിത

419

Vineetha Vijayan

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളിയിൽ ആഗസ്റ്റ് ലക്കത്തിൽ, പ്രിയകവി ആറ്റൂരിനെ എഴുതിയത്……

മലയാള കവിതയിലെ ശ്രദ്ധേയരായ പതിനൊന്ന് കവികളുടെ കവിതകൾ ചേർത്ത് ആറ്റൂർ രവിവർമ്മ എഡിറ്റു ചെയ്ത് 1999 ൽ പ്രസിദ്ധീകരിച്ച ‘പുതുമൊഴിവഴികൾ’ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലെ അവസാന വാചകമായി അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു ;
”കവിതയിൽ വാക്കുകൾക്കിടയിലാണ് കവിത;സ്വരങ്ങൾക്കിടയിലാണ് സംഗീതം എന്നതുപോലെ ”

“ഇരുമ്പു കൂച്ചാൽ
ബന്ധിക്കപ്പെട്ടീലാത്ത
പദങ്ങളാൽ ”

കവിതകളിലൂടെ പറഞ്ഞതിലുമേറെ വാക്കുകൾക്കിടയിലൂടെ ,സ്വരങ്ങൾക്കിടയിലെ സംഗീതമെന്നതു പോലെയാണ് അറ്റൂരെഴുതിയതും മലയാളം അതിനെ അറിഞ്ഞതും

1957-1994, 1995-2003, 2004-2010, എന്നിങ്ങനെ കവിതകളെ അവ എഴുതപ്പെട്ട കാലങ്ങൾ കൊണ്ട് കോർക്കുന്നു എന്നല്ലാതെ എഴുതിത്തുടങ്ങിയ കാലം മുതൽക്ക് അവസാനത്തേതു വരേക്കുള്ള കവിതകൾ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങൾക്ക് ആറ്റൂർക്കവിതകൾ എന്നല്ലാതെ മറ്റൊരു പേരുമില്ല !. നഗരത്തിൽ ഒരു യക്ഷനും മേഘരൂപനും പിതൃഗമനവും സംക്രമണവും ഓട്ടോവിൻ പാട്ടുമെന്നെല്ലാം പ്രസിദ്ധീകരണശേഷം പേരുകളോടൊപ്പം തന്നെ വായനക്കാരുടെ ഹൃദയത്തിലിടം നേടിയ ഒട്ടേറെ കവിതകളെഴുതിയ ആറ്റൂർ, പക്ഷേ ആ പേരുകളൊന്നും തന്റെ കാവ്യസമാഹാരങ്ങൾക്കു തിരഞ്ഞെടുത്തില്ല എന്നത് യദൃശ്ചയാ സംഭവിച്ചതാവാം. എന്നാൽ ആറ്റൂർക്കവിതകൾ എന്നു തന്നെ അവ വായനക്കാരന്റെ മനസ്സിലടയാളപ്പെടുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ആറ്റൂർ,കവിതയിലുപയോഗിച്ചിരുന്ന പദസഞ്ചയമോ ശൈലിയോ, ഭാഷയോ ആറ്റൂർ സ്വന്തമായി സൃഷ്ടിച്ചതോ ആറ്റൂരു മാത്രം ഉപയോഗിച്ചിരുന്നതോ അല്ല. സാമൂഹ്യ ഉത്പന്നവും സാമൂഹ്യ ഉപകരണവും തന്നെയായ ഭാഷയെ, ആറ്റൂരെങ്ങനെ ആറ്റൂർക്കവിതകളാക്കി എന്ന ചോദ്യത്തിനുത്തരമുണ്ട്. താനൊരു കവിയാണ് എന്ന് സ്വയം തിരിച്ചറിയുന്ന ഒരുവനു മാത്രമേ കവിതയെ, തന്നെ തിരിച്ചറിയുന്നതിനുള്ള ഇടമാക്കി മാറ്റാനാവൂ . ആ തിരിച്ചറിവ് എഴുത്തിന്റെ തുടക്കകാലത്തേ ആറ്റൂരിനുണ്ടായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ കവിത തന്നെ സാക്ഷ്യം !.
‘കവി’ എന്നു പേരായ കവിതയിൽ ആറ്റൂരെഴുതി,

“പരദേശത്തെ പഠിത്തം തീർന്നു
ഊരുചുറ്റുമ്പോൾ
ആരൊക്കെയോ പരിചയപ്പെടുത്തി
ഇവൻ കവി
ഇപ്പോൾ വളരെ കഴിഞ്ഞു
സ്വകാര്യമായി അറിയുന്നു
ഞാനൊരു കവിയായിരുന്നു ”

പരമ്പരാഗതമായ കാവ്യസങ്കേതങ്ങളുടെ സർഗ്ഗാത്മകമായ നിഷേധത്തിലൂടെ വളരെ ബോധപൂർവ്വമായിത്തന്നെയാണ് കവിയാണ് താനെന്ന വ്യക്തമായ ബോധ്യം ഉണ്ടായിരുന്ന ആറ്റൂർ നനവും വഴക്കവും ആന്തരിക താളവും ഉള്ള സവിശേഷ ഗദ്യത്തെ തന്റെ കാവ്യരചനാ മാധ്യമമായി തിരഞ്ഞെടുത്തത്.
ആറ്റൂർ രവിവർമ്മ എന്ന തന്റെ പേരിനൊപ്പമുള്ള വരേണ്യത ബോധതലത്തിലോ ആശയതലത്തിലോ ആറ്റൂരിന്റെ കവിതകളിൽ കാണാനാവില്ല.

“ജാതി ചോദിച്ചില്ല,
പറഞ്ഞതുമില്ല
വിചാരിച്ചതേയുള്ളൂ” എന്നദ്ദേഹം പരിഹസിച്ചത് പൂച്ച നഖങ്ങളെന്നോണം മലയാളി ഒളിച്ചു പിടിച്ചിരിക്കുന്ന ജാതി ചിന്തയെ, വരേണ്യതയുടെ വജ്രായുധത്തെ തന്നെയാണ്. ആറ്റൂർ കവിതയെഴുത്തു തുടങ്ങിയ അൻപതുകൾ അസ്വാതന്ത്ര്യത്തിന്റെ അസ്വസ്ഥതകളിൽ നിന്ന് രാജ്യം സാവധാനത്തിലങ്ങനെ വിടുതൽ നേടി വരികയും പുതിയ ലോകവും പുതിയ മനുഷ്യരും എന്ന സങ്കൽപ്പത്തെ സ്വപ്നമായി ഏറ്റെടുത്ത കലാ, രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ പ്രസ്ഥാനങ്ങൾ വേരുകളുറപ്പിച്ചു വരികയും ചെയ്ത കാലഘട്ടമായിരുന്നു. വ്യവസ്ഥിതിയോടുള്ള വിയോജിപ്പുകൾ, നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകൾ, മതവും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ, അസ്തിത്വ വ്യഥകൾ, നിരാശ, നഗരജീവിതത്തെപ്പറ്റിയും യന്ത്രവത്കരണത്തെപ്പറ്റിയുള്ള ഇടർച്ച ചേർച്ചകൾ.. ഇങ്ങനെ ആ കാലഘട്ടത്തിന്റെ ചിന്തയെയും ബോധത്തെയും അസ്വസ്ഥമാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതെല്ലാം ആറ്റൂർ ആദ്യഘട്ടത്തിലെഴുതിയ അൻപതു കവിതകളിലുണ്ട്.

” പടവാളുകൾ, പീരങ്കികൾ
വിഷ ബോംബുകൾ കാട്ടുമിരുൾ
പ്പടയുടെ തല കൊയ്യാനണിചേരാമോ?”

എന്ന് ഒ.എൻ .വിയെപ്പോലെ ആവേശഭരിതനായി ആഹ്വാനം ചെയ്യുകയല്ല

” അച്ഛന്റെ കയ്യിൽ
മൂന്നു നിറക്കൊടി
സ്വാതന്ത്ര്യ സമര ഭടനായിരുന്നു
ഞാൻ പിടിച്ചതു ചെങ്കൊടി ”

എന്ന് സൗമ്യമായി തന്റെ പക്ഷം പറഞ്ഞു വക്കുകയാണ് ആറ്റൂർ ചെയ്തത്. പക്ഷവാദിയായ രാഷ്ട്രീയാനുയായിട്ടായിരുന്നില്ല, സത്യസന്ധനായ കവിയായിത്തന്നെയാണ് അദ്ദേഹം കവിതയിലെ രാഷ്ട്രീയത്തെ സമീപിച്ചത്.

‘എല്ലുകൂട് ‘എന്നു പേരായ കവിത പണമുള്ളവരുടെ മക്കൾ പഠിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അസ്ഥികൂടങ്ങൾക്ക് ക്ഷാമം വന്നപ്പോൾ അതു തിരഞ്ഞു പോയ കരാറുകാർ നേരിട്ട ‘പ്രതിസന്ധി ‘യെപ്പറ്റിയാണ് ‘പ്രത്യക്ഷ’ത്തിൽ പറയുന്നത്, എല്ലുകൂടുകൾ

“കണ്ണൂർ, തലശ്ശേരി ഭാഗത്ത്
ധാരാളമുണ്ട്
വഴിയോരങ്ങളിൽ തന്നെ!
എന്നാൽ പലപ്പോഴും
അവയ്ക്ക് കൈയ്യോ കാലോ
എല്ലാമുണ്ടാകില്ല
മാറാടു കടപ്പുറത്തു കിട്ടും
എന്നാൽ മണ്ടകളെല്ലാം
പൊളിഞ്ഞ കൂടുകൾ “… ഇനി പോലീസു ലോക്കപ്പുകളെ ആശ്രയിക്കാമെന്നു വെച്ചാലോ കിട്ടുന്നവയുടെ എല്ലുകളെല്ലാം പൊടിഞ്ഞിരിക്കും! കഴുത്തു പിരിഞ്ഞോ മുറിച്ചു മാറ്റിയോ കത്തിക്കരിച്ചോ ഒക്കെ കൊല്ലുമ്പോൾ എല്ലിൻ കൂടിനെങ്കിലും വില കിട്ടത്തക്കവിധം ചെയ്യുന്ന വിധമില്ല ആർക്കും ! ഇതിലപ്പുറം എന്താണ് കവിതയ്ക്ക് പറയാനും പറയിക്കാനുമാവുക?

‘അകാലാവസ്ഥ ‘എന്ന കവിതയിൽ, പണ്ടെന്റെ നാടിന്റെ വേനൽക്കാലങ്ങളിലതിനെ വെയിലും മഴക്കാലത്ത് ചാറ്റലും തണുപ്പുകാലത്ത് മഞ്ഞും നനച്ചിരുന്നെന്നും
” എന്നാൽ പണ്ടില്ലാത്ത വിധം
ഊരിനെയാകെ
ചോര നനയ്ക്കുന്നു ഇപ്പോൾ ” എന്നെഴുതുന്നു!.ഏതു വാക്കു തൊട്ടാലും മുറിയും ,ചോര പൊടിയും,നീറും ! അത്രമേൽ സത്യസന്ധതയുണ്ടാറ്റൂരിന്റെ വരികൾക്ക്!

ആറ്റൂരിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ കവിതയാണ് ക്യാൻസർ. അക്രമരാഷ്ട്രീയത്തോടും
” വംശനാശത്തിനിടയാക്കും വിധം മാരകമായി പരന്നു കഴിഞ്ഞ ” അതിന്റെ രോഗലക്ഷണങ്ങളോടും ഉള്ള തന്റെ വിയോജിപ്പുകളാണ് അതിലദ്ദേഹം തുറന്നെഴുതിയത്.

‘പന്തങ്ങൾ ‘ക്ക് അതേ പേരിൽ ഒരു പ്രതി കവിത എഴുതിയിട്ടുണ്ട് അറ്റൂർ.ആർക്കും വേണ്ടപ്പെട്ടവരും തനിക്കൊന്നും വേണ്ടാത്തവരുമായി കല്യാണത്തിനും കലഹത്തിനും ഇടനിലക്കാരും ,മരിച്ചെന്നു കേട്ടാൽ ആരായാലും എപ്പോളായാലും കോണി കെട്ടിയും കൊമ്പു വെട്ടിയും ശവം കുളിപ്പിച്ചും ഒക്കെ നാടാകെ നടന്നവൻ മരിച്ചു പോയിരിക്കുന്നു, അവൻ മരിച്ചപ്പോളതു പോലെ ആളില്ലായ്കയാൽ

” ചെറുപ്പക്കാർ കൂലിക്കു ചെയ്തു
ഒരു വിധം
ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീപ്പന്തങ്ങൾ ”
എന്നാണ് കവിത അവസാനിക്കുന്നത്. താൻ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിലുള്ളവരും നാടിനെന്തായിരുന്നെന്നും ഇന്നെന്താണെന്നും ഉള്ള വെറുംപറച്ചിലുകളല്ല നാളെയെന്താവണമെന്നും എങ്ങനെയാവണമെന്നുഉള്ള പ്രത്യാശയുടേതാണ് ആറ്റൂർ കവിതയാൽ തെളിച്ച ‘പന്തങ്ങൾ ‘.
നിലപാടെന്നാൽ നിർഭയത മാത്രമല്ല നീതിയെക്കുറിച്ചുള്ള സ്വപ്നം കൂടിയാകയാൽ അതു വിളിച്ചു പറയുന്നതാവണം രാഷ്ട്രീയം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത ; കവിതയിലായാലും ജീവിതത്തിലായാലും ആറ്റൂരിന്റെ വഴിയും അതു തന്നെയായിരുന്നു
മതത്തിന്റെയും വിശ്വാസത്തിന്റെയും ദൈവങ്ങളുടെയും കാര്യം വരുമ്പോൾ നിശ്ശബ്ദമാകുന്നതായിരുന്നില്ല അറ്റൂർക്കവിതയുടെ പുരോഗമന പക്ഷം.കൃഷ്ണാ നീയെന്നെയറിയില്ലയെന്നും അറിയുന്നൂ ഗോപികേ നിന്നെ ഞാനെന്നും മലയാള കവിത കൃഷ്ണ പ്രണയത്തിൽ ആറാടിയും നീരാടിയും നിന്ന അതേ കാലഘട്ടത്തിലാണ് ആറ്റൂർ ‘ഉദാത്തം ‘എന്ന കവിതയിൽ കൃഷ്ണക്ഷേത്രത്തിലെ ഇഷ്ടനൈവേദ്യമായ പാൽപ്പായസത്തെ

“ഗോപിമാരുടെ ചേലയഴിക്കും
ലോക കാമുകനുടെ ശുക്ളം ”
എന്നെഴുതിയത്. അതിലൊരു തുള്ളിയാണ് പൂന്താനത്തെയും മേൽപ്പത്തൂരിനെയും ഭക്തിയാൽ തുള്ളിച്ചതെന്നും, പിന്നീട്

” നായന്മാർ തൻ പന്തിയിൽ
വള്ളത്തോൾക്കും കുഞ്ഞിരാമനും ഗോവിന്ദനും
വിളമ്പീയതിൻ ബാക്കി ”

എന്ന് മലയാള കവിതയുടെ വരേണ്യതയെയും ഹൈന്ദവതയെയും കണക്കിന്പരിഹസിക്കുകയായിരുന്നു ഉദാത്തം.

‘നേർ കാണൽ ‘എന്ന കവിതയിൽ ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയായ ‘ഭഗവാൻ കൃഷ്ണനെ ‘യാണ്

” പാഞ്ചജന്യവും ചമ്മട്ടിയും
കയ്യിലില്ലായിരുന്നെങ്കിൽ,
ചക്രവും കരുക്കൾ നീക്കാനുള്ള
കള്ളക്കണ്ണുമില്ലാതിരുന്നെങ്കിൽ
നീ വെറും കുഴലൂത്തുകാരനും കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും രസിപ്പിക്കുന്നവനും മാത്രമായി ഒടുങ്ങിപ്പോയേനേയെന്നും, ഇപ്പോഴിവിടെ നടക്കും പോലെ നിന്റെ പേരിൽ മന്ത്രിമാർ തിങ്കൾ തൊഴുകയോ, നിമിഷ നേരം കൊണ്ട് ഹുണ്ടിക നിറയുകയോ, ആ പേരു കുട്ടികൾക്കും കടകൾക്കും ബാങ്കുകൾക്കും ഇടുകയോ ചെങ്കല്ലിലും കരിങ്കല്ലിലും കളിമണ്ണിലും പിച്ചളയിലും പ്ലാസ്റ്റിക്കിലും നീ വീണ്ടും വീണ്ടുംപിറവിയെടുക്കില്ലായിരുന്നൂ കണ്ണാ കരിങ്കണ്ണാ ” എന്ന് ആറ്റൂർ വിളിച്ചത്

അറുപതാണ്ടോളം മലയാള കവിതയിലുണ്ടായിരുന്ന ആറ്റൂരാണ്, ഇനിയിവിടെ ഇല്ലെന്നങ്ങനെ മറഞ്ഞു പോയത്.ആറു പതിറ്റാണ്ടു കൊണ്ട് നൂറ്റിനാൽപ്പതിൽ താഴെ മാത്രം കവിതകളാണ് നമുക്കദ്ദേഹത്തിന്റെതായിക്കിട്ടിയത്, വെറും എഴുത്തായിരുന്നില്ല അദ്ദേഹത്തിന് കവിത. കവിതയിലല്ലാതെ പറയാൻ കഴിയാതെ പോയവ മാത്രമാണ് അദ്ദേഹം കവിതയെന്നെഴുതിയതെന്നതിനാലാണ് സത്യസന്ധവും സൗന്ദര്യാത്മകമായ അക്ഷരങ്ങളുടെ സത്തു മാത്രമായ ആറ്റൂർക്കവിതകൾക്ക് എണ്ണം കുറഞ്ഞു പോയത്.നിരന്തര പരിണാമിയായ കാലം ഇനിയുമേതെല്ലാം രീതിയിൽ, മട്ടിൽ, പാകങ്ങളിൽ മലയാള ഭാഷയെയും കവിതയെയും മാറ്റിത്തീർത്താലും ആറ്റിക്കുറുക്കിയ ഇതിഹാസമായി [Epitomised Epic] ആറ്റൂർ കവിതകൾ നിലനിൽക്കുക തന്നെ ചെയ്യും.നിറവെന്ന കവിതയിൽ ആറ്റൂരെഴുതിയതുപോലെ
“വേനലിലാണ്
മഴക്കാലത്തിന്നോർമ്മ
പെയ്യുമ്പോളല്ല……”