പാറമടകളിൽ കണ്ണങ്കര കോളനിക്കാരുടെ ജീവിതവും പൊട്ടിച്ചിതറുകയാണ്

382
Vineetha Vijayan എഴുതുന്നു
പത്തനംതിട്ട ജില്ലയിലെ അടൂർ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ കുറുമ്പകര , കണ്ണങ്കര പട്ടിക ജാതി കോളനിയിലെ എഴുപതോളം കുടുംബങ്ങൾ പത്തു ദിവസങ്ങളായി ഈ സമരപ്പന്തലിലാണ്. എങ്ങനെ ഇത്തരത്തിലൊരു സമരമുഖത്ത് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇരിക്കേണ്ടി വന്നു എന്നത്, പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്

 Vineetha Vijayan
Vineetha Vijayan

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പാറമടകളുടെ അടിവാരത്താണ് കണ്ണങ്കര കോളനിയുള്ളത്.പാറ പൊട്ടിക്കുന്നതിനു വേണ്ടി നിരന്തരം നടത്തുന്ന സ്ഫോടനങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ട, ഉപയോഗ യോഗ്യമല്ലാതായിത്തീർന്നവയാണ് ഈ കോളനിയിലെ കൂലിപ്പണിക്കാരായ മനുഷ്യർ ആയുസ്സിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ വീടുകളിൽ ഭൂരിഭാഗവും. മുകളിലെ പാറമടയിൽപൊട്ടിച്ചു കൊണ്ടിരിക്കുന്ന പാറച്ചീളുകൾ ഏതു നിമിഷവും വന്നു വീഴുന്ന മേൽക്കൂര, പുറത്തിറങ്ങിയാൽ അവ തലയ്ക്കു മുകളിലാവും വന്നു വീഴുക! പാറച്ചീളു കൊണ്ട് പരിക്കു പറ്റാത്ത ദിവസങ്ങൾ കോളനിക്കാർക്കില്ല..
രാവും പകലുമില്ലാതെ പാറപ്പൊടി നിറഞ്ഞ അന്തരീക്ഷം മൂലം കുഞ്ഞുങ്ങളും വൃദ്ധരും അടക്കമുള്ളവർ ശ്വാസകോശ രോഗങ്ങളാലും ശ്വാസതടസ്സത്താലും യാതന അനുഭവിക്കുന്നു. ഇതു കൂടാതെയാണ് അധികൃതമായതിലും എത്രയോ ഇരട്ടി പാറ പൊട്ടിച്ചു നീക്കിയതിനാൽ അതിരൂക്ഷമാം വിധമനുഭവപ്പെടുന്ന ജലക്ഷാമം. കണ്ണങ്കരയിലെയോ, പരിസരങ്ങളിലെയോ കിണറുകളിൽ തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ്. ഇനി, മഴക്കാലമായാലോ, പാറ പൊട്ടിക്കൽ മൂലം ദുർബലമായ മണ്ണ് കുത്തിയൊലിച്ച് കോളനിക്കു മേൽ ഇടിഞ്ഞു വീഴും… ഈ കോളനിയിലെ മനുഷ്യർ ജീവിക്കുന്നത് യഥാർത്ഥത്തിൽ നരകതുല്യമായ ജീവിതമാണ്, എന്നാൽ അവർക്കീ ഭൂമിയിൽ കണ്ണങ്കര വിട്ടു പോയാൽ കാലുറപ്പിച്ചു നിൽക്കാനൊരു തരിമണ്ണില്ല, ആ നിവൃത്തികേടാണ് പാറമടകളുടെ പ്രവർത്തനം നിർത്തിവച്ച് തങ്ങളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ അതിജീവന സമരത്തിലേക്കെത്തിച്ചത്
കണ്ണങ്കര കോളനിക്കാർ പരാതിയുമായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. പഞ്ചായത്ത് അധികാരികൾക്കും ആർ.ടി.ഒ യ്ക്കും പോലീസ് അധികാരികൾക്കും ഉൾപ്പെടെ എത്രയോ പരാതികൾ… ഓരോ തവണ പരാതിപ്പെടുമ്പോഴും കോടീശ്വരന്മാരായ, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരായ പാറമട മുതലാളിമാരുടെ ഭീഷണിയുണ്ടാവുന്നതല്ലാതെ അവരുടെ ധാർഷ്ട്യത്തിന് വിലങ്ങിടാൻ ചെറുവിരലനക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല, എന്നു മാത്രമല്ല ,പാറമടക്ക് തുടർപ്രവത്തനാനുമതി നൽകിക്കൊണ്ട്അവരുടെ പ്രവർത്തികൾക്ക് ഒത്താശ ചെയ്യുകയുമാണവർ. ഗതികേടിന്റെ നടുവിൽ നിന്ന് അധികാര ധാർഷ്ട്യത്തോടും മുതലാളിത്ത ഹുങ്കിനോടും സമരം ചെയ്യേണ്ടി വന്ന ഈ മനുഷ്യർക്ക് പിന്തുണ നൽകാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്, പൊതു സമൂഹത്തിന്റെ ഇടപെടൽ കൊണ്ടല്ലാതെ ഈ മനുഷ്യരുടെ നരകജീവിതത്തിന് അറുതിയുണ്ടാവില്ല…
ഒപ്പം നിൽക്കുക