തൊഴിലാളി ദിനമാണ്, ആദ്യം ചെയ്ത തൊഴിലേതാണ് ? എന്നോർക്കുകയാണ്

0
64

Vineetha Vijayan (ദളിത് ആക്ടിവിസ്റ്റ്, ഗവേഷക, എഴുത്തുകാരി)

തൊഴിലാളി ദിനമാണ്..ആദ്യം ചെയ്ത തൊഴിലേതാണ് ? എന്നോർക്കുകയാണ്.എഴുതാം..

മഹാരാജാസിലെ ഡിഗ്രി ഒന്നാം വർഷം, കേരളപാണിനീയം വാങ്ങണം…ധനലക്ഷ്മി മിസ്സ് തീർത്തു പറഞ്ഞിട്ടാണ് പോയത്.ക്ലാസിൽ എല്ലാവരും വാങ്ങി, നൂറ്റിയെഴുപത് രൂപയാണ് വില.കയ്യിലാകെ മുപ്പതു രൂപ.നിരാശയുടെ അങ്ങേയറ്റത്താണ് അക്കാലത്തെ നിൽപ്പ്, നടപ്പ്.. എല്ലാം.മാറിയിടാൻ ഉടുപ്പു തരുന്നത് ഹോസ്റ്റലിൽ ഒപ്പമുള്ളവർ.. എനിക്ക് സ്വന്തമായുള്ളത് അമ്മയുടെ പഴയ മൂന്നു സാരിയും ബ്ലൗസും.. അതു മാത്രം ഉണ്ടായിരുന്നത് കൊണ്ടാവും അന്നുമിന്നും സാരി എൻ്റെ ഇഷ്ട വസ്ത്രമാണ്.. ഭക്ഷണം അവിടെ നിന്ന് കിട്ടുന്നതു കൊണ്ട് കഴിഞ്ഞു പോകും.

കോളേജിൽ നിന്നിറങ്ങി ആ മുപ്പതു രൂപയും കൈയ്യിൽ പിടിച്ച് ഒരു നടപ്പ് നടക്കാനാണ് തോന്നിയത്… വലിയ സങ്കടങ്ങൾ അങ്ങനെ വെറുതേ ഒരിടത്തേക്കുമല്ലാതെ ഒറ്റനടപ്പ് നടന്നാൽ തീരുമെന്ന് എന്നെ ഞാനെങ്ങനെയോ വിശ്വസിപ്പിച്ചിരുന്നു.. പ്ലസ് ടു പഠന കാലത്തെപ്പോഴും, സ്കൂളുവിട്ടു വരുമ്പോൾ ഇറങ്ങാനുള്ള സ്റ്റോപ്പീന്ന് രണ്ടു സ്റ്റോപ്പ് മുന്നേയിറങ്ങി ഒറ്റക്ക് നടന്നു തീർത്തതത്രേം സങ്കടപ്പെരുക്കങ്ങളായിരുന്നു, ആ ഓർമ്മയാണ് നടത്തിച്ചത്.. എം ജി റോഡും വളഞ്ഞമ്പലോം കഴിഞ്ഞ് നടന്നനടപ്പ് സൗത്ത് ഓവർ ബ്രിഡ്ജിലെത്തി… താഴേക്ക് നോക്കുന്നിടത്ത് ഒരു ഹോൾസെയിൽ ആക്രിക്കട.. നഗരത്തിലെ ഉപയോഗശൂന്യമായ സകല സാധനങ്ങളും കൊണ്ട് എവിടുന്നെല്ലാമോ മനുഷ്യർകൈവണ്ടിയും തലച്ചുമടുമായി വരുന്നു, പോകുന്നു..സാധനങ്ങൾ അട്ടിയിടുന്നു.. കുറേ നേരം കണ്ടു നിന്നപ്പോൾ അങ്ങോട്ട് പോകാൻ തോന്നി… മനോരമ വഴി ചുറ്റി താഴെയിറങ്ങി, അവിടെ ചെന്നു.. നടക്കുന്നതെല്ലാം നോക്കി നിന്നു.. കുറച്ചു നേരം അവിടെത്തന്നെ നിന്നപ്പോൾ ,

അവിടെ സാധനങ്ങൾ തൂക്കിക്കൊണ്ടിരുന്ന ചേട്ടൻ ”എന്താ മോളേ വേണ്ടേ? ” എന്നു ചോദിച്ച്.. എനിക്കെന്താ പറയേണ്ടത് എന്നറിയില്ല, ഞാൻ അങ്ങോട്ട് ചെന്ന്.. എനിക്ക് വെറുതേ കരച്ചില് വന്ന്, കണ്ണ് നിറഞ്ഞൊഴുകി.. കൊച്ചെന്തിനാ കരയുന്നത് എന്ന് ആ മനുഷ്യൻ അടുത്തു വന്ന് ചോദിച്ചു, ഞാൻ കയ്യിലുണ്ടായിരുന്ന മുപ്പത് രൂപ അയാൾക്കു നീട്ടി, ഈ പൈസക്ക് എനിക്ക് വിൽക്കാൻ പറ്റുന്ന എന്തേലും സാധനം തരാമോ? പുസ്തകം വാങ്ങാനാണ്, എന്ന് പറഞ്ഞു… പറഞ്ഞു തീർന്നതും കരച്ചില് അണ പൊട്ടി… അപ്പോഴേക്ക് അടുത്ത കൈവണ്ടിയുമായി ആളെത്തി.എന്നോട് ആ കടയുടെ മൂലയ്ക്കുള്ള ഒരു കസേരയിൽ ഇരിക്കാൻ കൈ കൊണ്ട് കാണിച്ചിട്ട് ആ ചേട്ടൻ അങ്ങോട്ടു പോയി.. ഞാൻ ഇരുന്നു.. തിരക്കൊഴിഞ്ഞ് അയാൾ വരുന്നതുവരെ. തിരിച്ചു വന്നപ്പോൾ അയാളുടെ കൈയ്യിൽ ഒരു കെട്ട് ചിത്രകഥാപുസ്തകങ്ങൾ ഉണ്ടായിരുന്നു, ബാലരമയും ബാലമംഗളവും ഒക്കെ…അടുത്തുവന്നു പറഞ്ഞു,

” നോക്ക് കടകളീന്ന് ഡേറ്റ് കഴിഞ്ഞ് വിൽക്കാതെ കൊണ്ടരണതാണ്, നിനക്കിത് കൊണ്ടോയി വിൽക്കാമോ, നാല് കിലോ തൂക്കംഉണ്ട്, ഏഴു രൂപ കിലോക്കാവും.. ഈ കാശ്മതിയാവും…”

എവിടെ, ആർക്കു കൊടുക്കും എങ്ങനെ വിൽക്കും എന്നൊന്നും ഒരു നിശ്ചയവും ഇല്ലാതെ തന്നെ ആകെട്ട് വാങ്ങി, അവിടെ നിന്നിറങ്ങി.. തിരികെ നടന്നു.. നേരേ നടന്നത് ജനറലാശുപത്രിയിലേക്കായിരുന്നു, ചിത്രകഥാപുസ്തങ്ങൾ ആർക്കാവും വേണ്ടത്? കുഞ്ഞുങ്ങൾക്ക്.. കുട്ടികളുടെ വാർഡിലേക്കുള്ള പടികൾ കയറും മുൻപ് വരാന്തയിലിരുന്ന് കഥാ പുസ്തകങ്ങൾ എണ്ണി നോക്കി അൻപതിലധികം ഉണ്ടായിരുന്നു… അത് രണ്ടു കെട്ടാക്കി, ഒന്നു കയ്യിൽ പിടിച്ച്, മറ്റേത് നെഞ്ചിൽ ചേർത്തു പിടിച്ച് ഓരോ കട്ടിലരികിലും ചെന്നു, ”ഓ… പഴേതാ ല്ലേ.. ” എന്ന് ചോദിച്ചപ്പോൾ മൂന്നെണ്ണം പത്തു രൂപയേ ഉള്ളൂ എന്നപ്പോൾ തോന്നിയ മറുപടി പറഞ്ഞു.. അങ്ങനെ ഓരോ കട്ടിലും.. ഒരു മണിക്കൂറാവും മുൻപ് അത്രയും തീർന്നു.. പക്ഷേ നൂറ്റി നാൽപ്പത് രൂപയേ ആയിട്ടുള്ളൂ ,അപ്പോഴും പുസ്തകത്തിന് തികയില്ല.. ആ പൈസയും കൊണ്ട് പിറ്റേന്നും പോയി, അവിടെത്തന്നെ വന്നു.പുസ്തകം വാങ്ങാൻ കാശു തികഞ്ഞു.. പിന്നെ ക്ലാസ് വിട്ടാൽ ഞാൻ നേരേ സൗത്തിലേക്ക് പോവും, അവർ എനിക്കുള്ളത്എടുത്ത് മാറ്റി വക്കും.

കുട്ടികളുടെ വാർഡിലെ ഒരേ കട്ടിലുകാർക്ക് എന്നും പുസ്തകം വാങ്ങാൻ കഴിയില്ലല്ലോ, മിക്കവാറും ഒരാഴ്ചയെടുക്കും ഒരാൾ പോയി അടുത്ത ആൾ വരാൻ.. അപ്പോൾ പിന്നെന്താ വഴി, മറ്റു വാർഡുകളിൽ ചിത്രകഥാപുസ്തകങ്ങളും കൊണ്ടു പോയിട്ട് കാര്യമില്ല. അങ്ങനെ സായാഹ്ന പത്രങ്ങൾ, ഒപ്പം ലോട്ടറി ടിക്കറ്റ്, അതിനു ശേഷം എച്ച്.ആൻസിയുടെ പത്തു രൂപാ പുസ്തകങ്ങൾ… അങ്ങനെ അഞ്ചു വർഷം കൊണ്ട് ഐ.സി.യു. ഒഴിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ സകല വാർഡുകളിലും ഞാനുണ്ടായിരുന്നു.
മറൈൻ ഡ്രൈവ് ,സുഭാഷ് പാർക്ക്, മേനക, മാർക്കറ്റ് ബോട്ടുജെട്ടി…കൊച്ചിയുടെ നടവഴികള് എനിക്ക് കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമായി, തെരുവിലെ ഓരോ കച്ചവടക്കാർക്കും ഞാൻ പ്രിയപ്പെട്ടവളായി.. അവരെനിക്കും.. അതിനിടയിൽ മൂന്നു രൂപയുടെ അന്തിപ്പത്രം വച്ചുനീട്ടി പകരം കാശിന് കൈ നീട്ടുമ്പോൾ കൂടെക്കിടക്കാൻ വിളിച്ച എത്രയോ അവമ്മാരെ മുഖം പൊത്തി അടിക്കേണ്ടി വന്നു.. പച്ചത്തെറി വിളിക്കേണ്ടി വന്നു,.. അങ്ങനെ തെരുവു തന്ന ധൈര്യവും തെറിപ്പും ഒക്കെക്കൂടിയാണ് ഞാനായത്.

പഠന കാലം കൊണ്ടും തീർന്നില്ല… തെരുവും ഞാനുമായുള്ള ബന്ധം.. ജീവിതം വഴിയടഞ്ഞപ്പോൾ ആ തെരുവിലേക്ക് ഒരുന്തു വണ്ടിയും തള്ളിയിറങ്ങി, ഒപ്പം ലോട്ടറിത്തട്ട്.. ആശുപത്രിയിലെ പേവാർഡ് കക്കൂസ് കഴുകൽ, അവിടത്തെ കരാർ തൊഴിലാളിയായി ആശുപത്രി മാലിന്യം നീക്കൽ… അപ്പോഴെല്ലാം അക്ഷരങ്ങളെ വിടാതെ ചേർത്തുവെച്ചു… ഒപ്പം തൊഴിലെടുത്ത ഓരോ മനുഷ്യരുടെയും വിയർപ്പിറ്റുന്ന സ്നേഹം ഹൃദയത്തിലേറ്റുവാങ്ങി.അദ്ധ്വാനത്തിൻ്റെ ഉപ്പില്ലാത്തൊരു വറ്റും എനിക്കിറങ്ങില്ല.. ആ മഹത്വത്തിനോളം വലുതായൊന്നുമില്ല… കടന്നു പോന്ന ഇടങ്ങളിൽ ചെയ്ത ഓരോ തൊഴിലുകളും, ഓർമ്മയിൽ ചേർക്കുന്നു. ഒപ്പമുണ്ടായിരുന്ന ഓരോ മനുഷ്യരെയും ഹൃദയത്തോടും.എല്ലാ സഹോദരങ്ങൾക്കും തൊഴിലാളി ദിനാശംസകൾ.അക്കാലത്തെതെന്നും, പഴയ കാലത്തേതെന്നും എൻ്റെ കയ്യില് എൻ്റെതായുള്ള ഏക ചിത്രം ചേർക്കുന്നു.