അവരുടെ ആത്മവിശ്വാസത്തിനും അഭിമാനബോധത്തിനും അശേഷം പൊള്ളലേൽപ്പിക്കാൻ ഒരു സംഘ പരിവാറുകാരനും ആവില്ല

261

Vineetha Vijayan

പതിനാറു വർഷങ്ങൾക്കു മുൻപാണ് ഞാൻ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്, സെക്രട്ടറിയേറ്റിൽ വരുന്നത്, അത് ബിന്ദു അമ്മിണി എന്ന് നിങ്ങളിന്നറിയുന്ന ബിന്ദുചേച്ചിയോടൊപ്പമായിരുന്നു.
എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു അന്നു ഞാനും ചേച്ചിയും. ചേച്ചി എൽ.എൽബി, ഞാൻ ഡിഗ്രി വിദ്യാർത്ഥിനി. അന്ന്, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളിൽ നിരന്തരമായി ഭക്ഷ്യവിഷബാധകളുണ്ടാകുന്ന വാർത്തകൾ പത്രങ്ങളിൽ കാണുന്നു. ഒരു മാസം പട്ടിക വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥിക്ക് ഭക്ഷണച്ചിലവിനനുവദിച്ചിട്ടുള്ളതുക മുന്നൂറോ മുന്നൂറ്റമ്പതോ രൂപയാണ്. ഫണ്ട് അപര്യാപ്തത മൂലം ഭക്ഷണ സാധനങ്ങൾക്കുണ്ടാവുന്ന ഗുണമേന്മക്കുറവ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഹാരം തേടി ഞങ്ങൾ വകുപ്പിലും ഡയറക്ടറേറ്റിലും കയറിയിറങ്ങി. നിങ്ങൾ വകുപ്പു മന്ത്രിയെ കാണൂ, അല്ലാതെ രക്ഷയില്ല എന്ന് അവിടങ്ങളിലെ ഉദ്യോഗസ്ഥർ.

ചേച്ചിയോ ഞാനോ മാത്രമായിപ്പോയിട്ടെന്ത് ചെയ്യാനാണ്, ചേച്ചി ഒരാശയം പറഞ്ഞു, നമുക്ക് എല്ലാ പോസ്റ്റ് മെട്രിക്ക് പ്രീമെട്രിക്ക് ഹോസ്റ്റലിലും ബന്ധപ്പെടാം, അവരോടും കൂടെ വിഷയം സംസാരിക്കാം. രണ്ടു പേരെ വച്ച് പ്രതിനിധികളായി എല്ലാ സ്ഥാപനങ്ങളിൽ നിന്നും അയക്കാൻ പറയാം, ആൺകുട്ടികൾ തിരുവനന്തപുരത്ത് പോസ്റ്റ് മെട്രിക്മെൻസ് ഹോസ്റ്റലിലും പെൺകുട്ടികൾ വിമൻസിലും തലേന്ന് വന്നുചേർന്ന് പിറ്റേന്ന് രാവിലെ ഒരുമിച്ച് സെക്രട്ടറിയേറ്റിൽ പോയി മന്ത്രിയെക്കാണാം. അങ്ങനെ പദ്ധതി രൂപരേഖയായി! ചേച്ചി പട്ടികജാതി വികസന വകുപ്പിന്റെ ഡയറക്ടറിയിൽ തപ്പി എല്ലാ ഹോസ്റ്റലുകളുടെയും നമ്പർ കണ്ടു പിടിച്ചു, കോയിൻ ഫോണുണ്ട് അന്ന് ഹോസ്റ്റലിൽ,കുത്തിയിരുന്ന് വിളിയോടു വിളി… എന്തായാലും ഒരാഴ്ചക്കുള്ളിൽ പ്ലാൻ വർക്കൗട്ടായി.

അങ്ങനെ അന്തേവാസികൾ ആളൊന്നുക്ക് പത്തു രൂപ വച്ചു പിരിച്ചെടുത്ത വണ്ടിക്കാശുമായി, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഞങ്ങൾ ട്രെയിൻ കയറി. ഞാൻ ആദ്യമായിട്ടാണ് ട്രെയിൻ യാത്ര, അത്ര ദൂരത്തേക്ക് യാത്ര.. ചേച്ചിയായിരുന്നു ബലം.

പ്ലാൻ ചെയ്തതുപോലെ ഞങ്ങൾ സെക്രട്ടറിയേറ്റിലെത്തി.അന്ന് എം.എ കുട്ടപ്പൻ സാറായിരുന്നു വകുപ്പു മന്ത്രി, ഞങ്ങളുടെ കോഡിനേഷനും ആവശ്യവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി, വന്ന മുഴുവൻ വിദ്യാർത്ഥികളെയും കോൺഫറൻസ് ഹാളിൽ അദ്ദേഹം വിളിച്ചിരുത്തി, ഒന്നര മണിക്കൂറോളം ഒപ്പമിരുന്ന് ഞങ്ങളെ കേട്ടു, അന്ന് 300/350 രൂപയായിരുന്ന അലവൻസ് തുക 1100 രൂപയാക്കി ഉയർത്താം എന്നുറപ്പു തന്നാണ് വിട്ടത്, ഒട്ടും വൈകാതെ അദ്ദേഹമതു നടപ്പിലാക്കിയും തന്നു. ജീവിതത്തിലാദ്യം ചെയ്ത അവകാശസമരം ഒരു പക്ഷേ അതായിരിക്കാം.

അന്നു മുതൽ ഇന്നോളവും എനിക്കവരെ അത്രമേൽ വിശ്വാസമുണ്ട്. ബിന്ദുച്ചേച്ചിയെ, മലയ്ക്കു പോകാൻ ഇറങ്ങി പത്തനംതിട്ടയിൽ നിന്ന് ചേച്ചിയെന്നെ വിളിക്കുമ്പോളെന്നോടു ചോദിച്ചു ഒപ്പംവരുന്നുണ്ടോ എന്ന് , “ചേച്ചി പോയി വരൂ, ചേച്ചിക്കേ ആവൂ, മനസ്സുകൊണ്ട് ഒപ്പമുണ്ട് “എന്നു പറഞ്ഞു. ഒരു കാര്യം ചെയ്യണമെന്നുറച്ചാൽ അതു ചെയ്തേമടങ്ങൂ അവർ എന്ന് അത്ര ഉറപ്പു തന്നെയാണ് എനിക്ക്.. അപ്പോഴും ഇപ്പോഴും !

അവരുടെ ആത്മവിശ്വാസത്തിനും അഭിമാനബോധത്തിനും അശേഷം പൊള്ളലേൽപ്പിക്കാൻ ഒരു സംഘ പരിവാറുകാരനും ആവില്ല… അത്രമേൽ കരുത്തുള്ള പെണ്ണാണവർ. പെണ്ണുങ്ങളേ, നിങ്ങൾ അവർക്കൊപ്പം നിന്നാലും ഇല്ലെങ്കിലും അവർ ഈ മണ്ണിലെ ഓരോ പെണ്ണിനും തലയുയർത്തി നിൽക്കാൻവേണ്ടിയാണ് ആ പൊള്ളലേറ്റു വാങ്ങിയത്. അതിന്റെ നീറ്റൽ എന്നെയുംപൊള്ളിക്കുന്നതു കൊണ്ടു മാത്രം എഴുതിയത്.