വിജയിക്കേണ്ടത് വിചാരധാരയല്ല, ഇന്ത്യൻ ഭരണഘടനയാണ്

252

Vineetha Vijayan

പൗരത്വ ഭേദഗതി ബിൽ എതിർക്കപ്പെടേണ്ടത് എന്തുകൊണ്ടാണ്? നിർദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിൽ രാജ്യത്തെ മുസ്‌ലിം ജനത ഇത്രമേൽ ആശങ്കപ്പെടേണ്ട വിധം ഗുരുതരമായ എന്താണുള്ളത്? ദേശീയ തലത്തിൽ ബിജെപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) യുമായി പൗരത്വ ഭേദഗതി ബിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാമെന്ന വാഗ്ദാനമാണ് സി‌എബിയെ എതിർക്കപ്പെടേണ്ടതാക്കുന്ന പ്രധാന വ്യവസ്ഥ. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളാൽ പലായനം ചെയ്യുന്ന ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകാർ, ക്രിസ്ത്യാനികൾ, ജൈനന്മാർ, പാർസികൾ എന്നിവർക്ക് 2014 ഡിസംബർ 31 നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ചിരുന്നെന്നതിനുള്ള രേഖകൾ ഹാജരാക്കാനായെങ്കിൽ അവർക്ക് മാത്രം പൗരത്വം നൽകാനാണ് നിർദ്ദിഷ്ട സിഎബി ശ്രമിക്കുന്നത്, ഈ രാജ്യങ്ങളിൽ നിന്നുമതേ കാലയളവിലോ, അതിനു മുൻപോ ഇന്ത്യയിൽ പ്രവേശിച്ച് ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിം കുടിയേറ്റക്കാർക്ക് സമാനമായ മതപരമായ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽപ്പോലും ഇന്ത്യൻ പൗരത്വം നേടുന്നതിൽ നിന്ന് CABഅവരെ വ്യക്തമായി ഒഴിവാക്കുന്നു. എന്തുകൊണ്ടാണ് സി.എബി മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നത് എന്നതിന് ബി.ജെ.പി സർക്കാർ വ്യക്തമായ ഉത്തരം നൽകുന്നില്ല.

CAB യുടെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ മനസിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആസാമിൽ അടുത്തിടെ സമാപിച്ച നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ(എൻ‌ആർ‌സി) പശ്ചാത്തലത്തിലാണ് അതിനെ വിലയിരുത്തേണ്ടത്.ആസാം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽനിന്ന് മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കേണ്ടി വന്നത്19 ലക്ഷം പേരെയാണ്, അതിൽഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു . എൻ‌ആർ‌സിയുടെ അന്തിമ പട്ടികയിൽ അസ്വസ്ഥനായ ബിജെപിയുടെ അസം യൂണിറ്റ് അത് റദ്ദുചെയ്യാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു. എൻ ആർ.സി നടപ്പിലാക്കാൻ മുൻകൈയ്യെടുത്ത നേതാവും ആസാമിന്റെ ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ തന്നെ അത് റദ്ദുചെയ്യാനുള്ള കാരണം വിശദീകരിച്ചത് ഇങ്ങനെയാണ് “ഒരു കാരണവശാലും പൗരത്വംനിഷേധിക്കാൻ പാടില്ലാത്തവരെയും യഥാർത്ഥ ഇന്ത്യൻ പൗരന്മാരായവരെയും ഒഴിവാക്കിയതിനാലാണ് എൻആർസി റദ്ദുചെയ്യപ്പെടേണ്ടത്”. അവരുടെ മാനദണ്ഡങ്ങളിൽ പൗരത്വത്തിന്റെ അടിസ്ഥാന യോഗ്യത ഹിന്ദുത്വം മാത്രമാണ് എന്നതിന് ഇതിൽ പരം എന്തു തെളിവാണ് വേണ്ടത്?

1971 ലെ യുദ്ധത്തിനുശേഷം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിപ്പാർത്തത് പത്തുലക്ഷം മുസ്ലീങ്ങളാണ് എന്ന് ബിജെപി നിരന്തരമായി നടത്തിക്കൊണ്ടിരുന്ന വ്യാജ പ്രചാരണത്തിന്റെ പൊള്ളത്തരത്തെയാണ് നടത്തിയ അസം എൻആർസി തുറന്നുകാട്ടിയത്. ബിജെപി അന്നുവരെ വാദിച്ചിരുന്നത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ആസാമിന്റെ ജനസംഖ്യാശാസ്‌ത്രത്തെ മാറ്റിമറിച്ചതും അവിടത്തെ തദ്ദേശീയ ജനതയായ ഹിന്ദുക്കൾക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങളെയും വിഭവ ലഭ്യതയെയും ഇല്ലാതാക്കിയതും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളുടെ കൂട്ടായ കുടിയേറ്റമാണ് എന്നായിരുന്നു.2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ഒരു വാചകം കൂടി ഈ സന്ദർഭത്തിൽ ഓർക്കുക ” ബംഗ്ലാദേശിൽ നിന്ന് ആസാമിലേക്ക് കുടിയേറിയ ലക്ഷക്കണക്കായ അനധികൃത മുസ്ലീംകുടിയേറ്റക്കാരാണ് ആസാമിലെ ദരിദ്രർക്ക് ലഭിക്കേണ്ട ധാന്യം ഭക്ഷിക്കുന്നത്. അവർക്ക് ലഭിക്കേണ്ട തൊഴിലുകൾ ഏറ്റെടുക്കുകയും ചെയ്യുന്നത്. അവർ രാജ്യത്തെ കാർന്നുതിന്നുന്ന ചിതലുകളാണ് [‘ടെർമൈറ്റുകൾ’ ]. അതിനാൽ ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും ഒഴികെയുള്ള ഓരോ നുഴഞ്ഞുകയറ്റക്കാരെയും ഈ രാജ്യത്തു നിന്നു നീക്കം ചെയ്യുക തന്നെ ചെയ്യും” ആ ഉറപ്പുപാലിച്ചത് പക്ഷേ സ്വയംകൃതാനർത്ഥമായി മാറുകയായിരുന്നു പാർട്ടിക്ക്. അസംമേഖലയിൽ രാഷ്ട്രീയാധികാരം നേടാൻ അത്ബിജെപിയെ സഹായിച്ചിട്ടുണ്ടെങ്കിലും അസം എൻ‌ആർ‌സി പാർട്ടിയെ വല്ലാതെ നിരാശപ്പെടുത്തി.അനധികൃത മുസ്ലീം നുഴഞ്ഞുകയറ്റം എന്ന കള്ളം അമ്പേ തകരുകയും സ്വന്തം ജനം / യഥാർത്ഥ ഇന്ത്യൻ എന്നൊക്കെ അവർ പറയുന്ന 19 ലക്ഷം പേരെ സംസ്ഥാനരഹിതരാക്കുകയുമാണ്എൻ.ആർ.സി.ചെയ്തത്

ആസാമിലെ സംഭവവികാസങ്ങളിൽ അസ്വസ്ഥനായ ബിജെപി ഇപ്പോൾ ആ രാഷ്ട്രീയ വിഡ്ഢിത്തം തിരുത്താനാണ് CAB വഴി ശ്രമിക്കുന്നത്. ആസാമിന്റെ അന്തിമ എൻ‌ആർ‌സി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻഹിന്ദു അനധികൃത കുടിയേറ്റക്കാർക്കും പൗരത്വം നൽകാനാണ് CAB വഴി ബിജെപി ആഗ്രഹിക്കുന്നത്. അതേസമയം, മുസ്‌ലിങ്ങളെ അതിൽ നിന്ന് എളുപ്പത്തിൽ ഒഴിവാക്കാനും കഴിയണം. രാജ്യത്ത് മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഹിന്ദുക്കൾക്കു മേൽ കരുതലുള്ള പാർട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രതിച്ഛായ ഉയർത്താൻ ഇത് സഹായിക്കും. അമിത് ഷായുടെ പ്രസ്താവനയിൽ അതെല്ലാം വ്യക്തമാണ് .ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിത്തന്നെ നൽകിയ അമിത് ഷായുടെ പ്രസ്താവനയിൽ പറയുന്നുണ്ട് “ഹിന്ദു, ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങളിൽ പെടുന്ന ഒരഭയാർഥികൾക്കും അവർ രാജ്യം വിടേണ്ടി വരില്ല, അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നും ഒരു ഇന്ത്യൻ പൗരന്റെ എല്ലാ അവകാശങ്ങളും ലഭിക്കുമെന്നും ഞാൻ ഉറപ്പ് നൽകുന്നു.” CAB ക്കെതിരായും ,ശേഷം രാജ്യവ്യാപകമായി എൻ‌ആർ‌സി നടത്താനുള്ള സർക്കാർ നിർദ്ദേശത്തിനോടും രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നതോടെ സിഎബി മുസ്ലീങ്ങളെ മാത്രം മതപരമായി അരിച്ചു മാറ്റിരാജ്യത്തു നിന്നു പുറന്തള്ളുക എന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടിയ ഭരണഘടനാ വിരുദ്ധമായ നിയമമാണെന്ന ബോധ്യം രാജ്യത്തിന് ഉണ്ടാവുകയും ചെയ്തു.

രാജ്യത്തെ സംബന്ധിച്ച ഏറ്റവും ഗുരുതരമായ ദോഷകരമായ ഒരു നിയമത്തെ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ ” മുസ്ലീങ്ങൾക്ക് അഭയം തേടാൻ ധാരാളം രാജ്യങ്ങളുണ്ടെങ്കിലും ഇന്ത്യയല്ലാതെ മറ്റൊരു സ്ഥലവും ഹിന്ദുക്കൾക്കില്ല; എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലെ പ്രകൃതി ദത്തപൗരന്മാരായി കണക്കാക്കണം ” തുടങ്ങിയ ,ഹിന്ദുത്വ പ്രീണനന്യായങ്ങളാലാണ് ബി.ജെപി പ്രതിരോധിക്കുന്നത്
ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും പാർസികളെയും ഉൾപ്പെടുത്തുന്നതിനോട് ഇവർ പറയുന്ന യുക്തി യോജിക്കുന്നുണ്ടോ? മുസ്ലീങ്ങൾക്ക് അഭയം തേടാൻ നിരവധി ബദൽ സ്ഥലങ്ങളുണ്ട് എന്ന ബി.ജെപി ന്യായീകരണത്തിന്റെ യുക്തി നാളെ ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും പാർസികളെയും ഉൾപ്പെടുത്തുന്നതിനോടും ഇവർക്ക്പറയാമല്ലോ, ലോകത്തു ഇസ്ലാം ഭൂരിപക്ഷ രാഷ്ട്രങ്ങൾ മാത്രമല്ലല്ലോ, ക്രിസ്ത്യൻ, ബുദ്ധ, പാർസി ഭൂരിപക്ഷ രാഷ്ട്രങ്ങളും ഉണ്ടല്ലോ?

ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള അടിക്കല്ലുകളാണ് സി എ ബി യും എൻആർസിയും എന്നതിൽ ഇനിയും സംശയത്തിനിടയില്ലാ, രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും ഭരണഘടനയും മാത്രമല്ല, രാജ്യം തന്നെയാണ് തകർക്കപ്പെടുന്നത്… അസ്വസ്ഥരാവുക… അശാന്തരാവുക… ഇന്ത്യ നില നിൽക്കേണ്ടതുണ്ട്; ഇന്ത്യയായിത്തന്നെ!

#RejectNRC
#BoycottcAB
വിജയിക്കേണ്ടത് വിചാരധാരയല്ല, ഇന്ത്യൻ ഭരണഘടനയാണ്