സംഘപരിവാർ സെറ്റ് ചെയ്യുന്ന അജണ്ടയിലേക്ക് നടന്നടുക്കുന്ന ഇടതുപക്ഷം

126

വിനോ ബാസ്റ്റ്യൻ

സംഘപരിവാർ സെറ്റ് ചെയ്യുന്ന അജണ്ടയിലേക്ക് നടന്നടുക്കുന്ന ഇടതുപക്ഷം..

സംഘപരിവാർ ഇന്നുവരെ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങളാക്കുകയോ, നാടിന്റെ അടിസ്ഥാനവികസന വിഷയങ്ങളെ രാഷ്ട്രീയ ചർച്ചകളിലേക്ക് കൊണ്ടുവരികയോ, രാജ്യത്തെ ജനതയുടെ നീറുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇത്തരം വിഷയങ്ങളിൽ ബഹുദൂരം മുന്നിലുള്ള ഇടതുപക്ഷം പോലും ഇത്തരം വിഷയ ചർച്ചകളിൽ നിന്ന് മാറി സംഘപരിവാരത്തിന്റെ അജണ്ട ചർച്ചക്കെടുക്കയും സംഘപരിവാരം പറയേണ്ട വേർഷനുകൾ ശക്തമായി ആവർത്തിക്കുകയും ചെയ്യുകയാണ്.

Image result for women in sabarimalaബിന്ദു അമ്മിണി ആയാലും രഹന ഫാത്തിമ ആയാലും സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാനായി നടക്കുന്നവരാണ് സംഘപരിവാരത്തിന്. എന്നാൽ അതേ വേർഷൻ കുറച്ചുകൂടി ശക്തമായി ആവർത്തിക്കുന്നത് ഇടതുപക്ഷമാണ് എന്നത് പകൽപോലെ വ്യക്തം. ബിന്ദുഅമ്മിണിയേയും രഹന ഫാത്തിമയേയും ഒക്കെ ആക്രമിച്ചവർ സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്നവരല്ല, മറിച്ച് ആക്രമണം ഏറ്റവരാണ് സമൂഹത്തിലെ കുഴപ്പക്കാർ എന്ന ഇടതുവേർഷൻ വല്ലാത്ത അപകടം തന്നെയാണ്.

പോലീസ് സംരക്ഷണവും ഗൺമാൻ പ്രൊട്ടക്ഷനും വരെ കോടതിയിൽ നിന്ന് അനുവദിച്ചുകിട്ടിയിട്ടുള്ള ബിന്ദു അമ്മിണിക്ക് സംസ്ഥാനത്തെ പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന്റെ കോംപൌണ്ടിനുള്ളിൽ വെച്ച് പോലീസ് നോക്കി നിൽക്കുമ്പോൾ ആക്രമണം നേരിട്ടത് ഇടതുപക്ഷത്തിനോ ഇടതുസർക്കാരിനോ വിഷയമാകുന്നില്ല എന്നതും, മറിച്ച് ബിന്ദുഅമ്മിണി കമ്മീഷണറെ കാണാനായി പോയതുകൊണ്ടാണല്ലോ ആക്രമണമേറ്റത് എന്നും, അവർ കാരണമല്ലേ കുഴപ്പങ്ങളുണ്ടായത് എന്നുമുള്ള ഇടതുവേർഷൻ, ഇടതുവേർഷനിൽ നിന്നുകൊണ്ടുള്ളതല്ല, മറിച്ച് സംഘപരിവാർ അജണ്ടയെ ശിരസ്സാവഹിച്ച വേർഷൻ ഇടതുനാവുകളിൽ നിന്നും വരുന്നത് തന്നെയാണ്.

നെയ്ത്തേങ്ങ തലയിലടിച്ചാലുള്ള അപകടവും, പെപ്പർ സ്പ്രേയുടെ തീവ്രതയും, വിശ്വാസത്തിന്റെ തീവ്രതയും അളന്നിരുന്നത് സംഘപരിവാരം ആയിരുന്നു എങ്കിൽ, ഇന്ന് ആ ജോലി ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നു. പെപ്പർ സ്പ്രേ ആയാലും കെമിക്കൽ സ്പ്രേയായാലും പച്ചവെള്ളമോ പുണ്യാഹമോ ആയാലും അതുവെച്ച് ഒരു സ്ത്രീയെ ആക്രമിക്കുന്നത് പകൽ വെളിച്ചത്തിൽ കണ്ടിട്ടും അതിനെ അപലപിക്കാതെ ഒത്തുകളിയും നാടകവുമായി ഇടതുപക്ഷം വിലയിരുത്തുമ്പോൾ, ആ വിലയിരുത്തൽ സംഘപരിവാർ അജണ്ടയിൽ നിന്നുകൊണ്ട് തന്നെയാണ് എന്നത് തുറന്നുപറയാതെ തരമില്ല.

തൃപ്തി ദേശായി പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത് സംസ്ഥാന പോലീസും ഇന്റലിജൻസും സംസ്ഥാന സർക്കാരും അറിഞ്ഞില്ല അതിനും മുമ്പ് ജനം ടിവി അറിഞ്ഞു എങ്കിൽ അത് ജനം ടിവിയുടെ മിടുക്കല്ല, മറിച്ച് സംഘപരിവാരത്തിന്റെ മിടുക്ക് തന്നെയാണ്, അതോടൊപ്പം ഇടതു സർക്കാരിന് കീഴിലുള്ള സംവിധാനങ്ങളുടെ പരാജയവും. സംസ്ഥാനത്തെ ഒരു വിമാനത്താവളത്തിൽ തൃപ്തി ദേശായി വന്നിറങ്ങിയ വിവരം ജനം ടിവിയിലൂടെ കണ്ട് മനസ്സിലാക്കേണ്ടി വരുന്ന സംസ്ഥാനത്തെ സംവിധാനങ്ങളുടെ അവസ്ഥ എത്ര ദയനീയമാണ്. ഇത് മറച്ചുവെച്ചുകൊണ്ട് ഇടതുനാവുകൾ ജനം ടിവിക്ക് ഈ വാർത്ത എങ്ങനെ കിട്ടി എന്നു ചോദിക്കുന്നത് തികഞ്ഞ അശ്ലീലം തന്നെയാണ്.

ബിന്ദു അമ്മിണി പോലീസിൽ നിന്നും സുരക്ഷ ആവശ്യപ്പെടാനാണ് എറണാകുളം കമ്മീഷണറെ പോയി കണ്ടത്. അത് തികച്ചും ന്യായവും നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കുന്ന സംഗതിയും, അതിനുമപ്പുറം അത് അവരുടെ അവകാശവും തന്നെയാണ്. എന്നാൽ പോലീസ് അവരുടെ അപേക്ഷക്ക് മറുപടി നൽകാത്തത് തികച്ചും നിയമവിരുദ്ധം തന്നെയാണ്. ശബരിമല ദർശനത്തിനായി പോലീസിന് സുരക്ഷ നൽകാൻ കഴിയാത്ത സാഹചര്യം പോലീസ് വ്യക്തമാക്കേണ്ടതുണ്ട്. പകരം പോലീസ് സുരക്ഷ ആവശ്യപ്പെടുന്നവർ സമൂഹത്തിലെ കുഴപ്പക്കാരെന്ന ഇടതുചിന്ത, ഇടതുചിന്തയല്ല മറിച്ച സംഘപരിവാര അജണ്ട നെഞ്ചേറ്റിയ ചിന്തതന്നെയാണ്.

ബിന്ദു അമ്മിണിയെ നേരിട്ടു കണ്ടിരുന്നു എങ്കിൽ എത്ര അപകടമായേനെ എന്ന് സംസ്ഥാനത്തെ മന്ത്രി തന്നെ പറയുമ്പോൾ, ഇതേ ബിന്ദു അമ്മിണി സംസ്ഥാനത്തെ സർക്കാർ ലോ കോളേജിൽ അദ്ധ്യാപകയാണ് എന്നത് ആ മന്ത്രിക്ക് അറിയില്ലേ? “എന്തുകൊണ്ട് അപകടകാരിയായ ഒരു സ്ത്രീയെ നിയമം പഠിപ്പിക്കുക എന്ന ജോലിയിൽ തുടരാനായി സർക്കാർ അനുവദിക്കുന്നു” എന്ന ചോദ്യം ഇടതു നാവുകളിൽ നിന്നും ഉയരുന്നില്ല?

“ഒരു അമ്പലം തകർന്നാൽ അത്രയും അന്ധവിശ്വാസങ്ങൾ കുറയും” എന്നു പറഞ്ഞ സാക്ഷാൽ സി.കേശവനും, “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽ പെറുക്കി നായർ അവന്റെ പുറത്തടിക്കും” എന്നു പറഞ്ഞ പി കൃഷ്ണപിള്ളയും, വില്ലുവണ്ടി സമരം നടത്തിയ അയ്യങ്കാളിയും ഒക്കെ സമൂഹത്തിൽ പ്രശ്നമുണ്ടാക്കിയവരാണെന്ന് ഇന്നലെകളുടെ ഇന്ത്യൻ ചരിത്രത്തിന് സംഘപരിവാരം രചിക്കാനിരിക്കുന്ന പുതുചരിത്ര രചനയുടെ കേരള ഏടുകളിൽ രേഖപ്പെടുത്താനായി കമ്മട്ടം നിരത്തപ്പെടുമ്പോൾ, ആ കമ്മട്ടത്തിലെ മൊഴിമുത്തുകളാകാൻ ഇടതുനാവുകളിൽ നിന്നും കൊഴിയുന്ന വാക്കുകൾ സംഘപരിവാരത്തിന് സഹായകമാകാതിരിക്കട്ടെ..

സംഘപരിവാര ശബ്ദതാരാവലിയിലേക്ക് വാക്കുകൾ സംഭാവന ചെയ്യുന്ന നാവുകളായി ഇടതുനാവുകൾ തരം താഴാതിരിക്കട്ടെ. അയ്യങ്കാളിയുടെ നാളുകളുടെ സാംസ്കാരിക ഉന്നതിയിലേക്ക് നാടിനെ തിരികെയെത്തിക്കാനായില്ലേലും, പി കൃഷ്ണപിള്ളയുടെ നാളുകളുടെ സാംസ്കാരിക ഔന്നത്യം നാടിനും ജനതക്കും കൈമോശം വരാതെ നോക്കാനുള്ള മിനിമം ഉത്തരവാദിത്തം ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും ഉണ്ട്. അതേ ഉത്തരവാദിത്തം സിപിഎം മന്ത്രിമാർക്കും ഉണ്ടാകണം.

വിനോ ബാസ്റ്റ്യൻ

നബി – ഇടതും വലതും പക്ഷങ്ങളുണ്ടായത് തന്നെ വ്യക്തമായ രാഷ്ട്രീയമാണ്, ആ രാഷ്ട്രീയ ലൈനിലെ വേർതിരിവ് ഇല്ലാതായാൽ പിന്നെ എല്ലാപക്ഷവും ഒന്നു തന്നെ..