ഏതായാലും ഈ സ്ത്രീ പൊങ്കാലയിടൽ നിർത്തി, അവർ ഒരു പാഠം പഠിച്ചത്രേ !

123

Vinod Anand എഴുതുന്നു

ഞാൻ ഒരിയ്ക്കൽ തിരുവനന്തപുരം സ്വദേശിനിയായ ഒരു വീട്ടമ്മയെ പരിചയപ്പെട്ടു. അവർ കുടുംബമായി ചെന്നൈയിലാണ് താമസം. അവരുടെ അച്ഛൻ കേരള സർക്കാർ സർവ്വീസിൽ നല്ല ഉദ്യോഗം ആയിരുന്നു. നല്ലവണ്ണം കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഒരുപാട് സമ്പത്തുമുണ്ട്. ഇപ്പോൾ വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. അദ്ദേഹം ആഴ്ചയിൽ ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ മൂന്ന് – നാല് ക്ഷേത്രങ്ങളിൽ ‘ദർശനപരമ്പര’ നടത്തുന്ന വിശ്വാസിയുമാണ്.

സാമാന്യം സുന്ദരിയായ ആ സ്ത്രീയുടെ കീഴ്ത്താടിയിൽ നിന്ന് തുടങ്ങി കഴുത്തിലൂടെ പുറമേ എനിയ്ക്ക് കാണാൻ പറ്റുന്ന ഭാഗത്തെല്ലാം പൊള്ളലേറ്റതു പോലെ നല്ല പാട്. ഞാൻ ചോദിച്ചപ്പോൾ അവർ ആറ്റുകാൽ പൊങ്കാലയിട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന് തീ പിടിച്ച് ശരീരത്തിന്റെ മുൻഭാഗം മുഴുവൻ പൊള്ളിയതാണത്രേ. അതിന് ശേഷം ചുരിദാർ മാത്രമേ ധരിയ്ക്കൂ. പൊള്ളിയ ഭാഗങ്ങൾ മുഴുവൻ മറയ്ക്കാൻ എളുപ്പമാണ്.അവരുടെ നെഞ്ച് പരന്നതാണെന്ന് എനിയ്ക്ക് തോന്നി. സ്തനങ്ങൾ രണ്ടും കരിഞ്ഞു പോയിരിയ്ക്കാം. അതിനെപ്പറ്റി അധികം അടുപ്പമില്ലാത്ത സ്ത്രീയോട് ഞാൻ ചോദിച്ചില്ല. മുൻഭാഗം താഴേയ്ക്ക് ധാരാളം പൊള്ളിയിട്ടുണ്ടാവും. എന്റെ ചോദ്യം ഇതാണ്, സ്വന്തം ഭക്തയുടെ ശരീരം പോലും സംരക്ഷിയ്ക്കാൻ കഴിയാത്ത ഈ ആറ്റുകാൽ അമ്മച്ചി എന്ന സങ്കൽപ ജീവിയ്ക്കു വേണ്ടി എന്തിനാണ് സ്ത്രീകൾ ഈ പൊരിവെയിലത്ത് തീ കത്തിച്ച് അതിൽ നിന്ന് പൊള്ളുന്നത്?

ഈ പരിപാടി ചെയ്യുന്ന എല്ലാവരുടെയും ജീവിതം അടുത്ത പൊങ്കാല വരെയെങ്കിലും ഭദ്രമാണോ? പലരുടെയും താലിമാല വരെ പൊങ്കാല സമയത്ത് തന്നെ നഷ്ടപ്പെടുന്നു. ആറ്റുകാൽ അമ്മച്ചിയല്ല അതിനി വേളാങ്കണ്ണി മാതാവാണെങ്കിലും ഖദീജ ബീവിയാണെങ്കിലും എല്ലാം വെറും വിശ്വാസം മാത്രമല്ലേ? പ്രയോജനമില്ലാത്ത വിശ്വാസം? ഏതായാലും ഈ സ്ത്രീ പൊങ്കാലയിടൽ നിർത്തി. അവർ ഒരു പാഠം പഠിച്ചത്രേ. അവരുടെ അച്ഛനെ നാട്ടുകാർ അഴിമതിക്കാരൻ എന്ന അവമതിപ്പോടെ കാണുന്നതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം മൂന്ന് – നാല് ക്ഷേത്രങ്ങളിൽ വരെ ദർശനം നടത്തുന്നതെന്ന് അവർ സൂചിപ്പിയ്ക്കകയും ചെയ്തു.