Featured
കാലംതെറ്റിയിറങ്ങിയ, പല രംഗങ്ങളിലും ഡയറക്ടേഴ്സ് ബ്രില്ലിയൻസ് ഒളിപ്പിച്ചു വച്ച ഒരു സിനിമയാണ് സിഐഡി നസീർ

Vinod Eraliyoor
തിയറി
എഡിറ്റിംഗ് പഠിക്കണമെന്ന മോഹം എന്നെ കുറച്ചുനാളായി വല്ലാതെ വലയ്ക്കുന്നു..ഒരു മൂവി റിവ്യൂ നടത്തുക എന്നത് ജീവിതാഭിലാഷമാണ്, അതു സാധിക്കണമെങ്കിൽ ഈ കുന്തം പഠിക്കണമല്ലോ.കേമനായ ഒരു ഗുരുവിനെത്തന്നെ കിട്ടി. എഡിറ്റിംഗിന്റെ രാവണൻ. കക്ഷി കസേരയിൽ അമർന്നിരുന്ന് ടാബ് സ്റ്റഡി ടേബിളിൽ ചാരി വച്ച് മനസ്സും ശരീരവും ഏകാഗ്രമാക്കി രണ്ടു കൈകളും ഒരുപോലെ ടാബിൽ അമർത്തി സാധകം ചെയ്യുന്നു. പാറിപ്പറന്ന മുടി, കണ്ണട വച്ച മുഖം, ഏകദേശം 10 വയസ്സിനോടടുത്ത പക്വതയാർന്ന പ്രായം..ഞാൻ ധന്യനായി..മതി ഇതു തന്നെ എന്റെ ഗുരു.ആവശ്യം ഭവ്യതയോടെ ഉണർത്തിച്ചു. സാധകത്തിൽ തടസ്സം നേരിട്ട ഗുരു മുഖമുയർത്തി പുച്ഛത്തോടെ നോക്കി.
‘ഓക്കേ അച്ഛാ..ഐ വിൽ..ബട്ട് ഐ നീഡ് സംതിങ്..’
ഈ സംതിങ് എപ്പോഴും പ്രശ്നാ. ഒടുക്കം സംഗതി സെറ്റിലാക്കി. ഗുരുദക്ഷിണ സമർപ്പിച്ചു. ഒരു സ്നിക്കേർസ് ചോക്ലേറ്റ് ബാർ, പിന്നെ 2 മണിക്കൂർ എക്സ്ട്രാടൈം ടാബിൽ തോണ്ടൽ.
ഗുരു സന്തുഷ്ടനായി.. പുഞ്ചിരിച്ചു..
‘അച്ഛാ, യൂ നോ നാരൂറ്റോ?’
‘നാര്..നാര്…’
‘അച്ഛന് അനിമ എന്താന്നറിയാമോ?’
‘എനിമയാത്രേ..അത് ഈ ടോം ആൻഡ് ജെറി യുടെ അത്രേം വരുമോ..ഒന്നു പോടാർക്കാ..’
‘അച്ഛാ യൂ ആർ സോ ഫണ്ണി’ (പുച്ഛം റീലോഡഡ്..ടോൺ- അച്ഛനാത്രേ അച്ഛൻ!).
ഒടുക്കം പഠനം തുടങ്ങി..ഇടയ്ക്ക് ഗുരു ചോക്ലേറ്റിന്റെ കവർ അഴിച്ചു പതിയെ കടിച്ചു ചവയ്ക്കുന്നു (രാഘവൻ സാർ ക്ലാസ്സിൽ വച്ച് വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് അടയ്ക്കയും കൂട്ടി വായിൽത്തിരുകി പുകയില തള്ളിക്കേറ്റുന്ന കാര്യം ഓർമവന്നു..ഇപ്പഴും വല്ല്യ മാറ്റമൊന്നുമില്ലാല്ലേ..)
കുറേക്കാര്യങ്ങൾ പറഞ്ഞുതന്നപ്പോൾ ഗുരുവിനൊരു കാര്യം മനസ്സിലായി-ശിഷ്യന് ഒന്നും പുടികിട്ടിയില്ലാന്ന്..പഠനത്തിന്റെ ഇടയ്ക്ക് ഊഷ്മളവും ആരോഗ്യകരവുമായ ഗുരു-ശിഷ്യ സംവാദം നടന്നു.
ഗുരു: ‘ഈ അച്ഛന് എത്ര പറഞ്ഞാലും ഒന്നും അണ്ടർസ്റ്റാണ്ട് ആവൂല്ല.’
ശിഷ്യൻ: ‘നീ കൂടുതല് കളിച്ചാലുണ്ടല്ലോ..പൊട്ടിക്കും ഞാൻ.’
(അഹോ കഷ്ടം..പഴയ പാവന ഗുരു-ശിഷ്യ ബന്ധം എവിടെ? ഈ കാലം വളരെ മോശം..ഗുരുവിനെത്തല്ലുന്ന ശിഷ്യൻ..പഴയ നല്ല കാലത്തെയോർത്ത് രണ്ടുതുള്ളി കണ്ണുനീർ ഞാൻ ആരോടും പറയാതെ മനസ്സിൽ പൊഴിച്ചു.)
അങ്ങനെ രണ്ടു മണിക്കൂറത്തെ തിയറിക്ലാസ് വെറും അര മണിക്കൂർ കൊണ്ടു കംപ്ലീറ്റ് ചെയ്തു ഞാൻ പ്രാക്ട്ടിക്കലിന് അർഹനായതായി സ്വയം പ്രഖ്യാപിച്ചു (മറ്റുള്ളവരെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുന്നത് എനിക്കിഷ്ടല്ലാട്ടോ).
പ്രാക്ടിക്കൽ
———————–
പ്രാക്ടിക്കലിന് ഏതു പ്രൊജക്റ്റ് സെലക്ട് ചെയ്യണമെന്നത് ഒരു കടുത്ത വെല്ലുവിളിയായിരുന്നു. ഇന്റർനാഷണൽ ലെവലിലുള്ള പ്രൊജക്ടുകൾ വരെ മനസ്സിൽ വന്നു. ദേശസ്നേഹിയും പഴമയെ നെഞ്ചിലേറ്റുന്നവനുമായ ഞാൻ ഒടുക്കം തിരഞ്ഞെടുത്തത് ഈ പ്രൊജക്റ്റ് ആണ് : ‘സി.ഐ.ഡി. നസീർ’.
അല്ലെങ്കിൽത്തന്നെ സിഐഡി പടങ്ങൾ ഇഷ്ടമാണ്..ഇതാകട്ടെ നിത്യഹരിത നായകൻ സ്വന്തം പേരിന്റെ കൂടെ സിഐഡിയും കൂട്ടിച്ചേർത്ത സിനിമ. 1971ൽ ഇറങ്ങിയ ഒരു ഗംഭീര പടം തന്നെയായിരുന്നു ഇത്. നസീർ,ജയഭാരതി,ഭാസി,ബഹദൂർ,ഉമ്മർ,ജോസ് പ്രകാശ്,ശ്രീലത തുടങ്ങിയ ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.
സ്പോയ്ലർ അലേർട്ട്..അങ്ങിനെ പറഞ്ഞില്ലെങ്കിൽ റിവ്യൂവിന്റെ ഫലം പോകും, അതോണ്ടാ..ഒന്നും തോന്നരുത്.ഒരു സിഐഡി കൊല്ലപ്പെട്ടതിന്റെ അന്വേഷണത്തിന് ഡൽഹിയിൽ നിന്നും എത്തുന്ന മറ്റൊരു സിഐഡി ആണ് നമ്മുടെ സിഐഡി നസീർ, കൂടെ സഹായി ഭാസി. ആൾ താമസിക്കുന്ന ബംഗ്ളാവിന്റെ ഉടമസ്ഥന്റെ മകളാണ് ജയഭാരതി. ഇത്രയും കൂടാതെ ഒരു കൊള്ളസങ്കേതം, ബാർഅറ്റാച്ഡ് ഹോട്ടൽ, കാബറേ, മുഖം കാണിക്കാത്ത വില്ലൻ, കുറച്ചു ഗുണ്ടകൾ ഇവ ചേരുംപടിക്ക് ചേർക്കുന്നു. പിന്നെ ഇടയ്ക്കിടയ്ക്ക് പാട്ടും ഇടിയും തമാശയും വെടിയും കുറേശ്ശേ കുറേശ്ശേ ആഡ് ചെയ്യുന്നു. ഏകദേശം രണ്ടര മണിക്കൂർ ഇതു പോലെയുള്ള ദുരൂഹമായ, ഉദ്വേകജനകമായ, രസകരമായ രംഗങ്ങൾ മാറിമാറി വരുന്നു. ഒടുവിൽ പടം തീരാറായി എന്നു മനസ്സിലാക്കിയ നസീർ സ്വന്തം ബുദ്ധിയും ശക്തിയും ഉപയോഗിച്ച് വില്ലനെ വെടിവെച്ചു തകർക്കുന്നു..എന്നിട്ടും പടം തീർന്നില്ല! പിന്നെ ഒരു ഭയങ്കരട്വിസ്റ്റ്..തട്ടിപ്പോയ വില്ലൻ പണ്ടു മരിച്ചു എന്ന് എല്ലാവരും കരുതിയ ജയഭാരതിയുടെ അച്ഛന്റെ ചേട്ടൻ ആയിരുന്നു..ശുഭം.
ഈ സിനിമയിലെ റൊമാന്റിക് രംഗങ്ങൾ ഒരു രോമാഞ്ചത്തോടെയേ നമുക്കു കണ്ടു തീർക്കാനാവൂ. സംശയമുണ്ടെങ്കിൽ ഒരു ഉദാഹരണം ദാ പിടിച്ചോ:
ശാന്തി (ജയഭാരതി) നസീറിനോട്: ‘അങ്ങയെക്കണ്ട നിമിഷം മുതൽ, ആ ശബ്ദം കേട്ട നിമിഷം മുതൽ എന്റെ മനസ്സു നിറയെ, ഹൃദയം നിറയെ അങ്ങു മാത്രമാണ്. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.’
ശീഐഡി നശീർ തിരിച്ച്: ‘ഹ ഹ, താങ്ക് യൂ വെരി മച്ച്. എനിക്കു പോകാൻ സമയമായി.’
(ഹൌ റൊമാന്റിക്! ഇന്നത്തെ റൊമാന്റിക് ഹീറോകൾ കണ്ടു പഠിക്കട്ടെ.)
ഏട്ടന്റെ കണ്ണുകൊണ്ടുള്ള അഭിനയം ക്ലാസ്സ് ആണെന്നും അതിനെ തോൽപ്പിക്കാൻ ആരുമില്ലെന്നുമൊക്കെയാണ് ഏട്ടൻ പാൻസ് പറയുന്നത്, അതിൽ തർക്കമില്ല. പക്ഷേ, ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് മാത്രം അഭിനയിച്ച് എല്ലാക്കാര്യങ്ങളും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ആദ്യകാല മലയാള നടിമാരുടെ കഴിവിനെ വെല്ലാൻ ആരുമില്ല എന്ന് ഇതിലെ ജയഭാരതിച്ചേച്ചിയെ കാണുമ്പോൾ നമുക്ക് ബോധ്യമാകും. കാപ്പി കുടിക്കാൻ പറയാൻ..പുറത്തുപോവാൻ ആജ്ഞാപിക്കാൻ..എന്തിന്, തമാശ കേട്ട് ചിരിക്കാൻ പോലും വെറും കണ്ണുകൾ മതി എന്ന് നാം മനസ്സിലാക്കും.
നസീറിന്റെയും ഭാസിയുടെയും പ്രച്ഛന്നവേഷങ്ങൾ ഇന്നത്തെ മേക്കപ്പ്മാൻമാർക്കൊരു വെല്ലുവിളി തന്നെയാണെന്ന് നാം തിരിച്ചറിയും. വെറും ഒരു മറുകും, വിഗ്ഗും, നീളം കുറഞ്ഞതും കൂടിയതുമായ മീശകളും കൊണ്ട് എത്രയൊക്കെ ആൾക്കാരായി മാറാമെന്ന് നാം അതിശയിക്കും! ചിലപ്പോൾ നസീറിനുതന്നെ കണ്ണാടിയിൽ നോക്കുമ്പോൾ ആളു മാറിപ്പോകുന്നതു കണ്ട് ആ മറുക് ഒന്നുപറിച്ചെടുക്കാൻ പറയാൻ നാം കൊതിക്കും. അച്ഛനും മകനുമായി അഭിനയിക്കുന്ന ഭാസി താൻ അച്ഛനാണോ മകനാണോ എന്നു തിരിച്ചറിയാൻ പാടുപെടുന്നതു കണ്ട് നാം കോരിത്തരിക്കും!
ഏതാണ്ട് 51 വർഷം മുമ്പിറങ്ങിയ ഈ പടം കാലത്തിനു മുന്നേ സഞ്ചരിച്ച പടമാണെന്നതിനു തർക്കമില്ല. അർദ്ധരാത്രി 12 മണിക്ക് നസീറിന്റെ വീട്ടിൽ ടൈപ്പിസ്റ്റ് ജോലിയുടെ ഇന്റർവ്യൂവിന് ഹാജരാകുന്ന ഉമ്മർ. 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ജോലിയും സ്കൈപ് ഇന്റർവ്യുവും ചെയ്യുന്ന ഇന്നത്തെ ജോലി സംസ്കാരത്തിനും എത്രയോ കാലം മുൻപേ തന്നെ ഈ സിനിമയിൽ അതു നടത്തിയെന്നോർക്കണം! അതുമാത്രമോ, ഉമ്മർ നസീറിന്റെ വീട്ടിലാണ് ടൈപ്പിസ്റ്റ് ജോലി ചെയ്യുന്നത്: വർക്കിംഗ് ഫ്രം ഹോം (മ്യാരകം)! അങ്ങനെ പല രംഗങ്ങളിലും ഡയറക്ടേഴ്സ് ബ്രില്ലിയൻസ് ഒളിപ്പിച്ചു വച്ച ഒരു സിനിമയാണ് ഇതെന്ന് നാം പതിയെ അറിയും.
എന്നും രാവിലെ എണീറ്റാൽ പാട്ടുപാടുകയാണ് നസീറിന്റെ ആദ്യ പണി. ഓരോദിവസവും ഓരോ പാട്ട്..അതിമനോഹരമായ ഗാനങ്ങൾ. പക്ഷേ, ഈ പാട്ടുകൾ കാണിക്കുമ്പോൾ സ്ക്രീനിൽ മറ്റുകാഴ്ചകൾക്കു പകരം പാട്ടിന്റെ ലിറിക്സ് എഴുതിക്കാണിക്കുകയാവും കൂടുതൽ മനോഹരമായ വിഷ്വൽ എഫക്ട് കിട്ടാൻ നല്ലത് എന്നൊരഭിപ്രായം നമുക്കു ചിലപ്പോൾ തോന്നാം. (പക്ഷേ പുറത്തു പറയരുത്. അങ്ങനെയിപ്പോ നമ്മുടെ ഐഡിയ മറ്റുള്ളവർ അറിയണ്ട.)
ഒരു സിഐഡി ഡ്രസ്സ് ഇട്ടില്ലെങ്കിലും കൂളിംഗ് ഗ്ലാസ്സ് വയ്ക്കണമെന്നും അത് ഒരിക്കലും കണ്ണിൽ നിന്ന് മാറ്റരുതെന്നും നസീർ നമുക്കു കാണിച്ചു തരുന്നു. എങ്കിലും, സഹനായികയേയും കൂട്ടുകാരികളെയും കാണാൻ മ്മടെ നശീർ സ്വിമ്മിംഗ് പൂളിന്റെയടുത്ത് വന്ന് വായ്നോക്കുമ്പോളെങ്കിലും ആ കൂളിംഗ് ഗ്ലാസ്സ് മാറ്റി അവിടത്തെ നയനാനന്ദകരമായ കാഴ്ചകൾ നേരെചൊവ്വേ ഒന്നു കാണുമെന്നു നാം വെറുതേ കൊതിക്കും..അതു ചെയ്യാത്തപ്പോൾ ഇയാൾ എന്തൊരു പൊട്ടൻ എന്ന് മനസ്സിൽ പറയും.
സംഘട്ടനം ത്യാഗരാജൻ എന്നു എഴുതി കാണിക്കുമ്പോൾ, ഇത് അനാദിയായ ഒരു പ്രക്രിയയാണെന്നും അന്നു, ഇന്നും, എന്നും അദ്ദേഹം തന്നെ ഇദ്ദേഹം എന്നും വേറൊരു ദേഹവുമില്ലെന്നും, മോണോപൊളി എന്നാൽ ഇതു തന്നെയെന്നും നാം മനസ്സിലാക്കും. സിനിമയിലെ ചില ഹാസ്യരംഗങ്ങൾ കാണുമ്പോൾ ഇൻ ഹരിഹർ നഗറിലെ ജഗദീഷിനെപ്പോലെ നിർത്താതെ കരയാൻ നമുക്കുതോന്നും. പേടിപ്പെടുത്തുന്ന ചില രംഗങ്ങൾ കാണുമ്പോൾ ഫ്രണ്ട്സിലെ ശ്രീനിവാസന്റെ ചിരിപോലെ നിർത്താതൊരുചിരി നമ്മിൽ തിക്കിക്കയറി വരും. (ഈ പടത്തിലെ ഗംഭീരമായ ബിജിഎം കേട്ട് പേടിച്ച് ചിലസമയങ്ങളിൽ ഞാൻ മ്യൂട്ട് ആക്കുകവരെയുണ്ടായി എന്നു പറയാൻ എനിക്കു ലജ്ജ ലവലേശമില്ല.) ഇതിലെ വെടിപെയ്പ്പുരംഗങ്ങൾ കാണുമ്പോൾ കുട്ടിക്കാലത്ത് നമ്മൾ പൊട്ടാസ്സുതോക്ക് വച്ച് വെടിവെക്കുമ്പോൾ കൂട്ടുകാർ കരണംമറിഞ്ഞു വീഴുന്ന കാര്യം നൊഷ്ടൂവോടെ നമ്മുടെ മനസ്സിലെത്തും.
അങ്ങനെ എന്തുകൊണ്ടും വികാരസമ്മിശ്രമായ ഒരു മികച്ച അനുഭവം തന്നെയാണ് ഈ ചലച്ചിത്രകാവ്യം നമുക്കു മുൻപിൽ കാഴ്ചവയ്ക്കുന്നത് എന്ന് നിസ്സംശയം പറയാം. അതേ, ഈ പടം എല്ലാവരും കാണുവിൻ , ആസ്വദിപ്പിൻ.പ്.സ്: ഈ സിനിമ ശരിക്കും തീയേറ്ററിലിരുന്ന് അതിന്റെ എല്ലാവിധ സാങ്കേതികത്തികവോടെയുമായിരുന്നു കാണേണ്ടിയിരുന്നത്. പക്ഷേ, എന്തു ചെയ്യാം, മൊബൈലിൽ കണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതാണ്..അതു മാത്രമാണ് ഒരേയൊരു സങ്കടം.
1,032 total views, 4 views today