പാത്തുവിനു വേണ്ടി പ്രാര്‍ത്ഥനയോടെ എം 80 മൂസ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

തന്റെ സ്വന്തം മൂസക്കയെ കാണുവാന്‍ വേദനക്കിടക്കയിലും പാത്തു കൊതിച്ചതോടെ മൂസക്ക ഓടിയെത്തി. ഇന്നലെ കോഴിക്കോട് പെയിൻ ആൻറ് പാലിയേറ്റിവ് ക്ലിനിക്കിലാണ് ആരുടേയും കണ്ണ് നനയിപ്പിക്കുന്ന സംഭവം നടന്നത്. ബാക്കി സംഭവം എം 80 മൂസയില്‍ നായക കഥാപാത്രം അവതരിപ്പിക്കുന്ന വിനോട് കോവൂര്‍ തന്നെ നിങ്ങളോട് പറയട്ടെ.

വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

ഇന്നലെ കോഴിക്കോട്പെയിൻ ആൻറ് പാലിയേറ്റിവ് ലെ അൻവർ ഡോക്ടർ വിളിച്ചു പറഞ്ഞു വിനോദിനെ കാണാൻ കാത്ത് ഒരു കൊച്ചുമോൾ ഇവിടെയുണ്ട് ഒന്ന് വരണം ന്ന്. ഇന്ന് ഞാൻ ചെന്ന് പാത്തു എന്ന ഓമനപേരുള്ള മോളെ കണ്ടു. അസുഖം മൂലം വേദനയാൽ കഴിയുന്ന പാത്തു എന്നെ കണ്ടപ്പോൾ കണ്ണ് വിടർത്തി ഒന്ന് ചിരിച്ചു.

M 80 മൂസ കാണല് തന്യാണ് ഓളെ പണിയെന്ന് ഉമ്മയും ഉപ്പയും പറഞ്ഞപ്പോൾ എന്നെ നോക്കി നാണിച്ച് ഒരു ചിരി ചിരിച്ചു. ഒരു വർഷം മുമ്പ് വരെ കളിയും ചിരിയുമായ് സ്കൂളിൽ പോയിരുന്ന പാത്തു ഇപ്പോൾ ഒരു വർഷമായി രോഗവും വേദനയുമായി മല്ലിടുകയാണ്. വേദനയുടെ കഥ അവൾതന്നെ എന്നോട് പറഞ്ഞപ്പോൾ. ദൈവമേ എന്തിനാണ് ഈ ചെറുപ്രായത്തിൽ പാത്തൂന് ഇത്രയും വിഷമവും വേദനയും സമ്മാനിച്ചത് പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട പെൺകുട്ടിയല്ലേ അവൾ എന്ന് ചിന്തിച്ചു.

മൂസയുടെ തമാശകളും ഞാൻ പാടിയ പാട്ടുമെല്ലാം പാത്തുവിന് മൊബൈലിൽ കാണിച്ച് കൊടുത്ത് ഇത്തിരി നേരം അവളെ വേദനയിൽ നിന്നും മുക്തയാക്കാൻ സാധിച്ചു. മാർച്ച് 31ന് പാത്തുവിന്റെ പിറന്നാളാണ് അന്ന് കേക്കുമായി വരാം എന്ന് പറഞ്ഞ് യാത്രയാകുമ്പോഴും മേലാസകലമുള്ള വേദന അവളുടെ കണ്ണിൽ എനിക്ക് കാണാൻ സാധിച്ചു. അവളുടെ അടുത്ത് നിന്ന് പോന്നിട്ട് മണിക്കൂറുകളായെങ്കിലും പാത്തുവിന്റെ നിഷ്കളങ്കമായ ആ മുഖത്തുള്ള ചിരിയും വേദനയും കണ്ണിൽ നിന്ന് മായുന്നില്ല.

പടച്ചോനെ പാത്തൂന് കൂടുതൽ വേദന സമ്മാനിക്കരുതേ അവളെ ചിരിയും കളിയും കുസൃതിയുമായി നടന്ന ആ പഴയ പാത്തുവാക്കണേ എന്ന് മന: മുരുകി പ്രാർത്ഥിക്കുന്നു. എന്റെ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും പാത്തുമോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു.