ശങ്കരൻ കുട്ടിയെന്ന ഗുണ്ടയും മൊട്ടമ്മൽ കറുവനെന്ന കമ്മ്യൂണിസ്റ്റും ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളുടെ കൂട്ടിക്കൊടുപ്പ് ജീർണ്ണലിസവും

47

Vinod Krishnan

എൻ്റെ അമ്മയുടെ ഒരു ഫസ്റ്റ് കസിൻ ഉണ്ടായിരുന്നു . ശങ്കരൻകുട്ടിയേട്ടൻ . ഇന്നത്തെ നിലയിൽ ഗുണ്ട എന്ന് പറയാം . അന്ന് ദാദ . ബന്ധുക്കളൊക്കെ കോൺഗ്രസ്സാണെങ്കിലും അദ്ദേഹം ഒരു സോഷ്യലിസ്റ്റ് ആണ് . വലിയ ആദർശം കൊണ്ടൊന്നുമല്ല . അന്ന് ആ താലൂക്കിലെ മറ്റൊരു അറിയപ്പെടുന്ന ദാദയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ .കുറുപ്പുമായുള്ള സൗഹൃദം കൊണ്ട് .
മാത്രവുമല്ല കോൺഗ്രസ്സ് അനുഭാവികളായ സ്വന്തം അമ്മാവൻമാരുമായിട്ട് ഉടക്കിലായിരുന്നു എന്നും ശങ്കരൻകുട്ടിയേട്ടൻ . വകയിൽ ഒരമ്മാവനാണ് കുറുപ്പും .

കാര്യമായ പണിയൊന്നുമില്ല . തട്ടിപ്പും പറ്റിപ്പും ആണ് പ്രധാനം . പിന്നെ ഞങ്ങളുടേത് അടക്കമുള്ള ബന്ധുക്കളുടെ പറമ്പിൽ നിന്ന് തോങ്ങാ മോഷണം . കുറികൾ പലതും നടത്തി പൊട്ടി . പിന്നെ കുറേക്കാലം കൊയമ്പത്തൂർ ചിറ്റ് ഫണ്ട്സിൻ്റെ മാനേജരായി ശങ്കരൻകുട്ടിയേട്ടൻ . കൂടെ എൻ്റെ അമ്മാവൻ പ്രഭാകരൻ നമ്പ്യാരും .ശങ്കരൻകുട്ടിയേട്ടൻ ഭാര്യ ശാരദയുമൊത്ത് നമ്മൾ ഒരുപാട് പേരുടെ കുടുംബ വീട്ടിലായിരുന്നു ആദ്യ കാലങ്ങളിൽ താമസം . നന്നേ കുഞ്ഞായിരുന്നപ്പോൾ ഞാനടക്കം എല്ലാവരുടേയും കൗതുകമായിരുന്നു , ആ പൊട്ടിപ്പൊളിഞ്ഞ വലിയ വീട് . പഴയ പ്രതാപം വിളിച്ചറിയിക്കുന്ന മനോഹരമായി ചെത്തു കല്ലുകൾ കൊണ്ടുള്ള രണ്ടു നില കെട്ടിടം . നിരവധി റൂമുകൾ . ഞാൻ കാണുമ്പോൾ പകുതിയിലധികം റൂമുകളുടേയും മേൽക്കൂര തകർന്നിരുന്നു . തറവാട്ടിൽ അവകാശമുള്ള ഞങ്ങളടക്കമുള്ള ഭൂരിഭാഗം കുടുംബങ്ങളും മാറി പ്രത്യേകം വീടും പറമ്പും താമസവുമായി ക്കഴിഞ്ഞിരുന്നു . സാമ്പത്തികമായി വിഷമമനുഭവിക്കുന്ന 3 കുടുംബങ്ങൾ ഞാൻ കുഞ്ഞുകുട്ടിയായിരുന്നപ്പോൾ അവിടെയുണ്ട് .

ഒരു ദിവസം ശങ്കരൻകുട്ടിയേട്ടൻ സൈക്കിളിൽ മൊട്ടക്കു നിന്ന് ( നാടിൻ്റെ ടൗൺഷിപ്പ് ) ചാത്തോത്ത് മുക്കിലേക്ക് വരുകയായിരുന്നു .നമ്മുടെ തറവാട് വീടാണ് , ചാത്തോത്ത് . തൊട്ടടുത്ത് തറവാട്ടു വക വലിയ കുളമാണ് . തറവാടിനോടനുബന്ധിച്ച് പലർക്കും അവകാശമുള്ളത് കൊണ്ട് പണിയൊന്നും നടക്കാതെ കിടക്കുന്ന തെങ്ങിൻ പറമ്പുകളും തൊട്ടപ്പുറത്ത് നിന്ന വയലുകളുമെല്ലാം കൂടി ചാത്തോത്തെ മുക്ക് ഒരു ശീട്ടുകളി കേന്ദ്രമായി മാറിയിരുന്നു .2 കി. മീ . നീളമുള്ള ചെമ്മൺ പാതയാണ് ബസ്സുകളെല്ലാം പോകുന്ന റോഡിലെ ഒരു പ്രധാന സ്റ്റോപ്പായ കാപ്പാട് ടൗണിൽ നിന്ന് നമ്മുടെ ഗ്രാമകേന്ദ്രമായ ചാത്തോത്തെ മുക്കിലേക്ക് . ആ ടൗൺഷിപ്പിനെയാണ് വീട്ടിൽ മുക്ക് എന്ന് പറയുന്നത് . എൻ്റെ ഓർമ്മകൾ 70 പതികളുടെ അദ്യ പകുതിയാണ് . പക്ഷേ അമ്മ പറഞ്ഞെനിക്കറിയുന്ന ഈ കഥ 60 പത്കളുെ അവസാനമാണ് .

റോഡിലൂടെ സൈക്കിളിൽ പാട്ടും പാടി സിനിമാ സ്റ്റെലിൽ വരുന്ന ശങ്കരൻ കുടിച്ചേട്ടൻ എതിരെ വരുന്ന ‘ മൊട്ടമ്മൽ കറുവനെ ‘ക്കണ്ട് സെക്കിൾ നിർത്തി ഇറങ്ങി . കൈയ്യിൽ കാശെന്തെങ്കിലുമുണ്ടെങ്കിൽ കടം വേണമെന്നു പറഞ്ഞു . ഈ മൊട്ടമ്മൽ കറുവൻ ചേട്ടൻ്റെ പഴയ കൂട്ടുകാരനാണ് . മുൻപ് നെയ്ത്ത് പണിക്കു പോയിരുന്നപ്പോൾ . അന്ന് കമ്യൂണിസ്റ്റുമായിരുന്നു , ശങ്കരൻ കുട്ടിച്ചേട്ടൻ .ചേട്ടൻ്റെ സ്വഭാവമറിയുന്നത് കൊണ്ട് കൊടുത്തില്ല . കൊടുത്താൽ തിരിച്ചു കിട്ടില്ല . കുറുവൻ്റെ മടിക്കുത്തിൽ പിടിച്ചു പണം വാങ്ങാനുള്ള ശ്രമമായി .

” നാണമില്ലെ ശങ്കരൻ കുട്ടി ..എരന്ന് തിന്നാൻ .. നിനക്ക് പണിയെടുത്തു ജീവിച്ചു കൂടെ ?”

പറഞ്ഞതും അടി തുടങ്ങി . അടിച്ച് കൊല്ലാനാക്കി , കരുവനെ . വശത്തുള്ള വയലിലെ ചെളിയിൽ ചവിട്ടിക്കൂട്ടി .പിടിച്ചു മാറ്റാൻ ചെന്ന എൻ്റെ അമ്മാവനെയും കൂട്ടി ശങ്കരൻകുട്ടിയേട്ടൻ നേരെ കണ്ണൂർ ഗവൺമെൻ്റ് ആശുപത്രിയിൽ അഡ്മിറ്റായി . നാട്ടുകാർ ചേർന്ന് കരുവനെ എരിവേരി ( ചക്കരക്കല്ല് ) സർക്കാർ ആശുപത്രിയിലെത്തിച്ചു .അന്നു വൈകുന്നേരം തന്നെ ‘ സുദിനം ‘ എന്ന സായാഹ്ന പത്രത്തിൽ ശങ്കരൻകുട്ടി അതിദാരുണമായി ആക്രമിക്കപ്പെട്ട വലിയ വാർത്ത വന്നു . കോൺഗ്രസ്സാകാർ നടത്തുന്ന സായാഹ്ന പത്രമായിരുന്നു സുദിനം . കണ്ണൂരിൻ്റെ പ്രാന്ത്ര പ്രദേശങ്ങളിൽ വരെ സർക്കുലേഷനുണ്ടായിരുന്നു .പിറ്റേന്ന് രാവിലെ വന്ന മാതൃഭൂമിയിൽ രണ്ടാം ( പ്രാദേശിക ) പേജിലെ മെയിൻ ഹെഡിംഗ് . ” സോഷ്യലിസ്റ്റ് നേതാവ് ശ്രീ ശങ്കരൻ കുട്ടിയെ കമ്യൂണിസ്റ്റുകാർ ആക്രമിച്ചു .” ശങ്കരൻ കുട്ടിച്ചേട്ടനും എൻ്റെ അമ്മാവനും സംഭവം കഴിഞ്ഞ് നേരെ പോയത് സുദിനം ഓഫീസിലായിരുന്നു . പിന്നെ മാതൃഭൂമി ആഫീസിലും . എൻ്റെ അമാവനും കോൺഗ്രസ് പ്രവർത്തകനുമായ പ്രഭാകരൻ നമ്പ്യാരായിരുന്നു , മാതൃഭൂമിയുടെ ആ നാട്ടിലെ സ്വലേ .

പാവം കരുവൻ . രാഷ്ട്രീയ പ്രവർത്തനമൊന്നുമില്ല . നെയ്ത്തു തൊഴിലാളിയായിരുന്നതുകൊണ്ട് ചിലപ്പോൾ കമ്യൂണിസ്റ്റുകാരോട് ചെറിയ ഒരു ചായ് വ് ഉണ്ടായിരുന്നിരിക്കണം .അടികൊണ്ട കരുവൻ ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു . പിന്നീട് 4-5 കൊല്ലത്തിനിടക്ക് മരിക്കുകയും ചെയ്തു . 6 മാസം ശങ്കരൻകുട്ടിയെന്നയാളെ കൊല്ലാൻ ശ്രമിച്ചതിന് മൊട്ടമ്മൽ കരുവൻ ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? പക്ഷേ സത്യമാണ് . തെളിവുണ്ട് .സൈബർ ഇടങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെടുന്ന മനോരമ / മാതൃഭൂമി / … മാധ്യമ പ്രവർത്തകരെക്കുറിച്ചുള്ള സംവാദങ്ങൾ കേട്ടപ്പോൾ അമ്മയുടെ മച്ചുനൻ , ശങ്കരൻ കുടിയേട്ടനെ ഓർമ്മ വന്നു .