സരിതക്കേസിൻ്റെ പത ഉള്ളിൽ ഇപ്പോഴും പുളിച്ചു തികട്ടുന്ന പ്രതിപക്ഷത്തിന് സപ്ന എന്ന പെണ്ണും അവളുമായുള്ള ശിവശങ്കരൻ്റെ സൗഹൃദവും ഗ്രഹണി പിടിച്ച ചെക്കന് കിട്ടിയ ചക്കക്കറി തന്നെ

84

Vinod Krishnan

നിരവധി നിരപരാധികളെ അയാൾ കൊന്നു . പലരേയും തട്ടിക്കൊണ്ട് പോയി സ്വത്തുക്കൾ തട്ടിയെടുത്തു . സ്വർണ്ണം മാത്രമല്ല കടത്താവുന്നത് മുഴുവൻ കടത്തി . അവസാനം തൻ്റെ മതത്തോട് ചെയ്തതിന് പകരം എന്ന നിലയിൽ , ലക്ഷക്കണക്കിന് ജനങ്ങളെ ഒറ്റയടിക്ക് കൊല്ലാൻ പദ്ധതിയിട്ടു . ആയിരങ്ങളെ ബോംബ് വച്ച് കൊന്നു .എന്നിട്ടും അയാൾ ഒരു രോമത്തിന് പോലും ക്ഷതം തട്ടാതെ ഈ രാജ്യം വിട്ടു പോയി . തൻ്റെ കുടുംബത്തേയും രക്ഷപ്പെടുത്തി .ഈ രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും അയാളുടെ മുന്നിൽ ഇന്നും ഒരു വൻ പരാജയം . സമ്മതിച്ചു , രാഷ്ട്രീയ നേതൃത്വമല്ല , പ്രധാനമായും നമ്മുടെ ഉദ്യോഗസ്ഥ വൃന്ദമാണ് അയാളെ എന്നും സഹായിച്ചത് . കസ്റ്റംസും സെൻട്രൽ എക്സൈസും പോലീസും ഇൻ്റെലിജൻസും .

പക്ഷേ ഒരു ദിവസമെങ്കിലും ഇന്ന് ശിവശങ്കരൻ്റെ ഫ്ലാറ്റിലേക്ക് ഇരമ്പിയാർത്ത , ഇന്നലെ സന്ദീപ് നായരുടെ സ്ഥാപനത്തിലേക്ക് കുതിക്കാൻ വെമ്പിയ പ്രസ്ഥാനങ്ങളുടെ മഹാരാഷ്ട്രയിലേയും വൻ നഗരങ്ങളിലേയും തോഴൻമാർ ദാവൂദ് ഇബ്രാഹിമിൻ്റെ വീട്ടിലേക്ക് അയാളുടെ ആശ്രിതവൽസല്യം നുകർന്ന ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് , അയാളുടെ രാഷ്ട്രീയ ദോസ്തുമാരുടെ കൊട്ടാരങ്ങളിലേക്ക് പ്രതിഷേധിച്ച് പ്രകടനമെങ്കിലും നടത്തിയിട്ടുണ്ടോ ?ആരുടേയും വീട്ടിലേക്കും ഓഫീസിലേക്കുമൊന്നും അക്രമം അഴിച്ചുവിടാൻ പാടില്ല ഒരു രാഷ്ട്രീയ പാർട്ടിയും . എന്നാലും .അല്ലെങ്കിലും നമ്മളുണ്ടാക്കുന്ന കാക്കത്തൊള്ളായിരം നിയമങ്ങൾ അവ നിർമ്മിച്ച ഉദ്ദേശമല്ല നടപ്പിലാക്കുക . നടപ്പിലാക്കാൻ വേണ്ടി നിയമിക്കുന്ന ധീര ദേശാഭിമാനികളായ , ഉന്നത കഴിവുകളുള്ള ഉദ്യോഗസ്ഥകോവിദൻമാർക്ക് കൈക്കൂലി ലഭിക്കാനാണ് ഉപകരിക്കുക .ജോലി ചെയ്യാതിരിക്കുക . ശമ്പളം വാങ്ങുക .ജോലി ചെയ്യാതിരിക്കാൻ കൈക്കൂലി വാങ്ങിക്കുക . വനം സംരക്ഷിക്കാൻ നിയമമുണ്ടാക്കും . നിയമം നടപ്പിലാക്കാൻ ഉദ്യോഗസ്ഥരേയും . അവർ വനനശീകരണം ത്വരിതപ്പെടുത്തും . കൈക്കൂലി വാങ്ങാൻ .പൊല്യൂഷൻ കംട്രോൾ ചെയ്യാൻ ,ഫുഡ് സേഫ്റ്റി ഉറപ്പിക്കാൻ ,വിൽപ്പന നികുതി ഉപ്പു വരുത്താൻ ,ഭൂ: ഖനനം നിയന്ത്രിക്കാൻ…നാം നിയമമുണ്ടാക്കും . എന്നിട്ട് ?

വിദേശ രാജ്യത്തേക്ക് നമ്മുടെ സമ്പത്ത് ചോർന്നു പോകാതിരിക്കാൻ നാം ചുങ്കം ഏർപ്പെടുത്തും . ഈ ചുങ്കം വെട്ടിച്ച് കള്ളത്തരത്തിൽ ആഢംബര സാധനങ്ങൾ കൊണ്ടുവരുന്നത് തടയാൻ കസ്റ്റംസ് … സെൻട്രൽ എക്സൈസ് .എന്നിട്ടോ ? ഈ ഉദ്യോഗസ്ഥർ തന്നെ കള്ളക്കടത്തിന് നേതൃത്വം കൊടുക്കും . ഇവർ വരുമാനത്തിൻ്റെ 1000 ഇരട്ടി സമ്പാദിക്കും . ദാവൂദ് ഇബ്രാഹിമുമാരെ കടത്താൻ സഹായിക്കും .ഇവരുടെ , നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഈ ഉദ്യോഗസ്ഥരുടെ സഹായമോ ആശീർവ്വാദമോ ഇല്ലാതെ , 200ളം 300 ഉം ടൺ സ്വർണ്ണ മൊക്കെ രാജ്യത്തേക്ക് കടത്താൻ പറ്റുമോ ? ഇനി സഹായം ചെയ്തിട്ടില്ലെങ്കിലും ഇവരുടെ കർത്തവ്യവിലോപമല്ലേ ഇത് കാണിക്കുന്നത് ?

ഇത്തരം ഉദ്യോഗസ്ഥ വൃന്ദങ്ങളെയൊക്കെ പിരിച്ചുവിട്ട് , ഒരു കേന്ദ്രീകൃത ഫോഴ്സിനെ (പോലീസ് ) മാത്രം നിലനിർത്തി , മറ്റു ജോലികൾ കോൺട്രാക്ട് കൊടുക്കുന്നതല്ലേ നല്ലത് ?പറഞ്ഞു വന്നത് അതല്ല . ഉന്നതരിലേക്ക് നീളും നീളും കേന്ദ്ര ഏജൻസി ( NIA ) വന്നാൽ എന്ന് മാധ്യമങ്ങൾ പറയുന്നത് ശിവശങ്കരനെ ഉദ്ദേശിച്ചാകാം . അത് നടക്കട്ടെ .പക്ഷേ ഇപ്പോഴുള്ളവരും റിട്ടയർ ചെയ്തവരുമായ ഉദ്യോഗസ്ഥരെ , സ്വർണ്ണം കള്ളക്കടത്തു പോലുള്ളവ നിയന്ത്രിക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൂലങ്കഷമായി പരിശോധിക്കുക തന്നെ വേണം .ബി . ജെ . പി . വന്ന് വന്ന് രാഷ്ട്രീയ പാർട്ടി മാറി മാഫിയയായി പ്രവർത്തിക്കുന്ന പോലെ തോന്നുന്നു . ഇന്ന് ശിവശങ്കരൻ്റെ ഫ്ലാറ്റിലേക്ക് ഇരമ്പിച്ചെന്ന് ആക്രമിച്ചവരെപ്പറ്റി മറ്റെന്ത് പറയാനാണ് ?

ഒരാളുടെ വാസസ്ഥലത്ത് , അയാളുടെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ജീവനക്കാരുമൊക്കെ ഉണ്ടാകാനിടയുള്ള സ്ഥലത്തേക്ക് ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയ പ്രവർത്തനമായി കണക്കാക്കാൻ പറ്റുമോ ?പിണറായി മുഖ്യമന്ത്രിയായ അന്ന് തുടങ്ങിയതാണ് കെ. സുധാകരൻ്റെ കണ്ണുകടി . മുഖ്യമന്ത്രി ആസ്ഥാന മാധ്യമ ശത്രുവാണല്ലോ . അതു മാറുന്നോ എന്നു കൂടി സംശയം തോന്നുമ്പോൾ ആ മനുഷ്യന് ഭ്രാന്ത് പിടിച്ച മാതിരിയാണ് കാണുന്നത് .അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഇന്നലത്തെ പിണറായിയുടെ വീട്ടിലേക്കുള്ള മാർച്ചിനെ എങ്ങിനെയാണ് കാണേണ്ടത് ?എന്തിനാണ് കോൺഗ്രസ്സ് പിണറായിയുടെ വീടാക്രമിക്കുന്നത് ?ശിവശങ്കരൻ എന്ന സർക്കാരുദ്യോഗസ്ഥൻ ഒരു സത്രീയുമായി സൗഹൃദത്തിലായതിനോ ?
കഷ്ടം .

സരിതക്കേസിൻ്റെ പത ഉള്ളിൽ ഇപ്പോഴും പുളിച്ചു തികട്ടുന്ന പ്രതിപക്ഷത്തിന് സപ്ന എന്ന പെണ്ണും അവളുമായുള്ള ശിവശങ്കരൻ്റെ സൗഹൃദവും ഗ്രഹണി പിടിച്ച ചെക്കന് കിട്ടിയ ചക്കക്കറി തന്നെ .കഞ്ഞി വെള്ളം ( അവിടവിടായി വറ്റും) മാത്രം കിട്ടി വളർന്ന പയ്യന് മീൻ കറിയോ അവിയലോ ഇറച്ചിക്കറിയോ ഒന്നും വേണ്ട . പഞ്ഞകാലത്തെ ചക്കക്കൂട്ടാൻ ( കറി ) മതി , ആഘോഷത്തിമർപ്പിന് .
പക്ഷേ , ചക്കക്ക് ഒരു കുഴപ്പമുണ്ട് . വെറി കൊണ്ട് കുറച്ചധികം കഴിച്ചാൽ വയറിളക്കം ഉറപ്പ് .