Vinod Nellackal post

കോൾഡ് കേസ് സിനിമയിലെ പോലീസ് യൂണിഫോമുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇവിടെ എഴുതിയ ഒരു കുറിപ്പ് (കുറിപ്പ് വായിക്കാൻ click > post )പിന്നീട് പലരീതിയിൽ പലയിടങ്ങളിലും കണ്ടു. മുഖ്യമായും ചില ഓൺലൈൻ പോർട്ടലുകളും, യൂട്യൂബ് ചാനലുകളും “കോൾഡ് കേസ് സിനിമയിൽ സംഭവിച്ച വമ്പൻ അബദ്ധം” എന്ന പേരിൽ എന്റെ പേരുവച്ചും വയ്ക്കാതെയും ആ ആശയം പുനരവതരിപ്പിച്ചതായാണ് കണ്ടത്. പെട്ടെന്ന് തോന്നിയ ഒരുകാര്യം മോശമല്ലാത്ത ഒരു ചർച്ചയ്ക്ക് വഴിവച്ചതിൽ പെരുത്ത് സന്തോഷം.

ഇപ്പോൾ രണ്ടാമതായി ഒരു കുറിപ്പുകൂടി എഴുതണമെന്ന് തോന്നാൻ പ്രത്യേകിച്ച് ചില കാരണങ്ങളുണ്ട്. കോൾഡ് കേസ് സിനിമയിൽ യൂണിഫോം വിഷയത്തിൽ സംഭവിച്ചത് എന്താണെന്നുള്ളതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതാണ് ഒരു കാര്യം. വാസ്തവത്തിൽ എന്തുകൊണ്ടാണ് മലയാളം സിനിമയിൽ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതിൽ അന്ന് എനിക്കും വ്യക്തതയുണ്ടായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽനിന്ന് ചില കാര്യങ്ങൾക്കൂടി മനസിലാക്കാനായി. അതുകൂടി കൂട്ടിച്ചേർത്താൽ ഇക്കാര്യത്തിൽ എല്ലാവർക്കും ക്ലാരിറ്റി ലഭിച്ചേക്കും. ഇനിയുള്ള കാലത്ത് മലയാള സിനിമയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാനും ഈ കുറിപ്പ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പോലീസ്, ആർമി, മറ്റു സേനകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചിത്രീകരണങ്ങളിൽ യഥാർത്ഥ അടയാളങ്ങളും വേഷവിധാനങ്ങളും തന്നെ ഉപയോഗിക്കാനാണ് അതാത് സേനകൾ നിഷ്കർഷിക്കുന്നത് എന്നകാര്യം ആമുഖമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ശരിയായ രീതിയിൽ അവ സ്‌ക്രീനിൽ കാണിക്കാൻ പാടില്ല എന്ന നിയമം നിലവിലില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ, യൂണിഫോമിന്റെ കളർ കോഡ് ആദ്യം ഉപേക്ഷിക്കേണ്ടതായി വരുമായിരുന്നു.

പോലീസ് യൂണിഫോം, അധികാര ചിഹ്നങ്ങൾ, സ്ഥാനപ്പേരുകൾ തുടങ്ങിയ കാര്യങ്ങളിൽ വിവിധ സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത രീതികൾ ഉണ്ട് എന്നുള്ളതാണ് ആദ്യമായി നാം മനസിലാക്കേണ്ട കാര്യം. ഇക്കാര്യത്തിലാണ് പലപ്പോഴും ചലച്ചിത്ര പ്രവർത്തകർക്ക് ആശയക്കുഴപ്പമുണ്ടാവുകയും അബദ്ധം പറ്റുകയും ചെയ്യുന്നത്.

കേരളത്തെയും മഹാരാഷ്ട്രയേയും താരതമ്യം ചെയ്താൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ അജഗജാന്തരമുണ്ട്. കേരളത്തിലെ പോലീസ് റാങ്കുകൾ നമുക്ക് അറിയാവുന്നതുപോലെ, സിവിൽ പോലീസ് ഓഫീസർ > ഇൻസ്‌പെക്ടർ > സൂപ്രണ്ട് ഓഫ് പോലീസ് > ഇൻസ്‌പെക്ടർ ജനറൽ > ഡയറക്ടർ ജനറൽ എന്നിങ്ങനെയാണ്. കമ്മീഷണർ എന്ന പേരിലുള്ളത് സിറ്റി പോലീസ് കമ്മീഷണർ മാത്രമാണ്. എന്നാൽ, മഹാരാഷ്ട്രയിൽ അത് ഇപ്രകാരമാണ്: പോലീസ് കോൺസ്റ്റബിൾ > ഇൻസ്‌പെക്ടർ > കമ്മീഷണർ. പോലീസ് മേലുദ്യോഗസ്ഥരെല്ലാം പലവിധ കമ്മീഷണർമാരാണ് അവിടെ. കമ്മീഷണർ റാങ്കിന് മുംബൈ പോലീസിൽ അഞ്ച് വകഭേദങ്ങളുണ്ട്.

അതിനാലാണ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന എല്ലാവരും എല്ലായ്പ്പോഴും ഹിന്ദി സിനിമകളിൽ എസിപി അഥവാ ഡിസിപി ആയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കേരളത്തിൽ പ്രമുഖ കേസുകളിൽ അന്വേഷണത്തിന് നിയോഗിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും ഡിവൈഎസ്പി, എഎസ്പി, എസ്പി റാങ്കുകളിൽ ഉള്ളവരായിരിക്കും.

കേരളാപോലീസിലെ ഡിവൈഎസ്പി/ അസിസ്റ്റന്റ് എസ്പി റാങ്കിന് തുല്യമാണ് മുംബൈ പൊലീസിലെ എസിപി അഥവാ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്. ഇവിടെയുള്ള എസ്പി റാങ്കിന് തുല്യമാണ് അവിടെ ഡെപ്യൂട്ടി കമ്മീഷണർ റാങ്ക്. കേരളത്തിലെ ഡിഐജി മുംബൈയിൽ അഡീഷണൽ കമ്മീഷണറും, ഐജി ജോയിന്റ് കമ്മീഷണറും, ഡിജിപി കമ്മീഷണർ ഓഫ് പോലീസുമാണ്. മലയാളികൾക്ക് കണ്ടുപരിചയമുള്ള കമ്മീഷണർ സിറ്റി പോലീസ് കമ്മീഷണർ ആണെങ്കിൽ മഹാരാഷ്ട്രയിൽ പോലീസ് ചീഫ് ആണ് കമ്മീഷണർ. കേരളത്തിലെ പോലീസ് കമ്മീഷണർ എസ്പിക്ക് ഏതാണ്ട് തുല്യമായ റാങ്കുള്ള ഓഫീസറും സിറ്റിയുടെ ലോ ആൻഡ് ഓർഡറിന്റെ പ്രത്യേക ഉത്തരവാദിത്തമുള്ളയാളുമാണ്.

ഹിന്ദി സിനിമകളിലും മറ്റും കണ്ടു ശീലിച്ചതുകൊണ്ടോ, അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുകൊണ്ടോ ആയിരിക്കണം മലയാളം സിനിമയിൽ ഇത്തരം ചില തെറ്റുകൾ കടന്നുകൂടുന്നത്. വാസ്തവത്തിൽ എസിപി, ഡിസിപി റാങ്കുകൾ മലയാള സിനിമകളിലെ പോലീസ് സ്റ്റോറികളിൽ അവതരിപ്പിക്കേണ്ട കാര്യമില്ല. റാങ്കുകൾ രണ്ടുവിധത്തിലായതിനാൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനേ അത് ഉപകരിക്കൂ. ഷാജി കൈലാസിന്റെ വിഖ്യാതമായ “കമ്മീഷണർ” സിനിമയിൽ നായകൻ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു.

ഇവിടെ, കോൾഡ് കേസ് എന്ന സിനിമയിൽ പിന്നണി പ്രവർത്തകർക്ക് ഒന്നുകിൽ അബദ്ധം സംഭവിക്കുകയോ അല്ലെങ്കിൽ, റാങ്കിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്. മുംബൈ പോലീസിൽ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ തോളിലെ ചിഹ്നം മൂന്ന് സ്റ്റാർ ആണ്. ഏറെ സീനിയർ ആയി എസ്‌പിക്ക് തുല്യമായ ഡിസിപി റാങ്കിലേയ്ക്ക് എത്തുമ്പോൾ മാത്രമാണ് അശോകസ്തംഭത്തിനൊപ്പം ഒരു സ്റ്റാർ കൂടി യൂണിഫോമിൽ കാണുക. പ്രൊബേഷനിലുള്ള ഒരു ഓഫീസർക്ക് ഒരിക്കലും അപ്രകാരമുള്ള ചിഹ്നങ്ങൾ ധരിക്കാനാവില്ല. അതുകൊണ്ടുതന്നെ, കോൾഡ് കേസിൽ തെറ്റായാണ് പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥയ്ക്ക് ചിഹ്നങ്ങൾ നൽകിയിരിക്കുന്നത് എന്ന് ഉറപ്പാണ്.

ഇനിയുള്ള കാലത്ത് മലയാളം സിനിമകളിൽ ഇത്തരം തെറ്റുകൾ കടന്നുകൂടില്ല എന്ന് കരുതുന്നു. അപ്രകാരമൊരു തിരുത്തലിന് ഈ ഗ്രൂപ്പ് കാരണമാകുന്നെങ്കിൽ അതിൽ തീർച്ചയായും അഭിമാനിക്കാം.

 

You May Also Like

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

GOKUL KRISHNA KARTHIKEYAN സംവിധാനം ചെയ്ത ഹാസ്യ ഷോർട്ട് മൂവിയാണ് ‘സൺഡേ ഫൺഡേ’. ഒരുകൂട്ടം സുഹൃത്തുക്കളുടെ…

കുഞ്ഞുവാവയുടെ “മിമിക്രി” വൈറലാകുന്നു.!

പട്ടി, പൂച്ച, എരുമ, പന്നി, തുടങ്ങി സകല മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്ന കുഞ്ഞുവാവ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഇനി ഒരു ദൃശ്യം സംഭവിക്കാതിരിക്കാൻ

ജോർജ് കുട്ടിയും കുടുംബവും ഇനിയെങ്കിലും വരുൺ കൊലക്കേസിന്റെ പേരിൽ “ഭയപ്പാട്” ഇല്ലാതെ ജീവിക്കണം. അങ്ങനെ സംഭവിക്കണമെങ്കിൽ വരുണിന്റെ മാതാപിതാക്കൾ

അഹല്യ

“ആ ആ…………………..” ഒരു മൂളിപാട്ടിന്‍റെ അകമ്പടിയോടു കൂടിയാണ് അന്നത്തെ പ്രഭാതം വിടര്‍ന്നത്.എവിടെ നിന്നാണ്  ഈ  ഗാനം?അതും ഇത്രയും  മധുരമായ…