വിനോദ് നെല്ലയ്ക്കൽ

തമ്പികണ്ണന്താനം വിടവാങ്ങിയിട്ട് നാല് വർഷം
മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ ചെയ്ത ഒരു അഭിമുഖത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ സിനിമാനുഭവങ്ങൾ
——————————-
‘ആദ്യകാലത്ത് ഞാന്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നസീര്‍ സാറിന്റെ രീതികളൊക്കെ അടുത്തറിഞ്ഞിട്ടുണ്ട്. മിക്കവാറും മദ്രാസില്‍ ആയിരിക്കും ഷൂട്ട്. അപൂര്‍വ്വം അവസരങ്ങളിലേ കേരളത്തില്‍ വരികയുള്ളു. ലൊക്കേഷനില്‍, അല്‍പ്പം ആര്‍ഭാടം തോന്നുന്ന ഒരു ചാരുകസേരയില്‍ നസീര്‍ സാര്‍ ഇരിപ്പുണ്ടാവും. വെയിലത്താണ് ഷൂട്ട് എന്നതിനാല്‍ പിന്നില്‍ ഒരാള്‍ കുടപിടിച്ചു നില്‍പ്പുണ്ടാവും.

അസോസിയേറ്റ് എന്ന നിലയില്‍ എന്തെങ്കിലുമൊക്കെ പറയാന്‍ സാറിന്റെ അടുത്ത് ചെല്ലുമ്പോള്‍ സാര്‍ ഇപ്രകാരം ചോദിക്കും, ‘ആ മാറി നില്‍ക്കുന്നത് നമ്മുടെ നമ്പ്യാരല്ലേ? എന്താണ് അയാള്‍ അവിടെ നില്‍ക്കുന്നത്, ഇങ്ങോട്ട് വരാന്‍ പറയൂ…’ നസീര്‍ സാറിന്റെ കഴിഞ്ഞ പടത്തിന്റെ നിര്‍മ്മാതാവാണ് നമ്പ്യാര്‍. വിവരമറിയിക്കുമ്പോള്‍ നമ്പ്യാര്‍ വന്ന് സാറിന്റെ പിന്നില്‍ നില്‍ക്കും. അപ്പോള്‍ സാര്‍ ചോദിക്കും.

‘എന്താടോ നമ്പ്യാരേ, തന്റെ പടം റിലീസ് ചെയ്തിട്ട് ശരിയായില്ലല്ലേ… സദാനന്ദന്‍ ഒരു കഥ എന്നോട് പറഞ്ഞിരുന്നു. കൊള്ളാം. ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ മതി. ഭാരതിയുടെയടുത്ത് ഞാന്‍ ഡേറ്റ് ആറേഞ്ച് ചെയ്യാന്‍ പറയാം. മുരുകാലയ സ്റ്റുഡിയോയിലെ ത്യാഗരാജനോട് പറ, കഴിഞ്ഞ എന്റെ സിനിമയുടെ സെറ്റ് പൊളിക്കേണ്ടന്ന്…’ ആ വാക്കുകളിലൂടെ ഒരു സിനിമ പിറവിയെടുക്കുകയാണ്. അക്കാലത്ത് മാസങ്ങള്‍കൊണ്ടുമാത്രം മുടക്കിയ പണം തിരിച്ചുകിട്ടുന്ന സാഹചര്യത്തില്‍ നസീര്‍ സാര്‍ ഇപ്രകാരമാണ് ഇടപെട്ടിരുന്നത്. അവിടെ ഒരു പ്രൊഡ്യൂസറും ഒരു കുടുംബവും രക്ഷപെടുകയാണ്. ഇത്തരത്തിലുള്ള നന്മയുള്ള ഹൃദയങ്ങള്‍ കണ്ടു വളര്‍ന്ന് ഭാവിയില്‍ കൂടുതല്‍ സമ്പന്നമായ കലാസൃഷ്ടികള്‍ സ്വപ്നം കണ്ടവരാണ് ഞങ്ങളൊക്കെ. പക്ഷെ, കാലം മാറിയപ്പോള്‍ ആ കണ്ടുശീലിച്ച പശ്ചാത്തലങ്ങളൊക്കെ മാറി. സ്‌നേഹത്തിനും സഹവര്‍ത്തിത്വത്തിനും വലിയ സ്ഥാനമില്ലാതെയായി മാറി. സ്വാര്‍ത്ഥതയോടെ ചിന്തിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഈ മേഖലയിലേയ്ക്ക് കടന്നുകയറിയപ്പോള്‍ രീതികളൊക്കെ മാറി. ഇക്കാലത്തുള്ളവര്‍ നസീര്‍ സാറിനെയും സത്യനെയും പോലുള്ള പ്രതിഭകളെ മാതൃകയാക്കണമെന്നാണ് എന്റെ അഭിപ്രായം.’
********************************************

മുമ്പുണ്ടായിരുന്നവരില്‍ ആരും തന്നെ ഈ തൊഴില്‍കൊണ്ട് ഒന്നും സമ്പാദിച്ചവര്‍ ആയിരുന്നില്ല. ‘പഴയ പല നടന്മാരും ധനികരായി അഭിനയിച്ചെങ്കിലും ധനികരായി ജീവിച്ചിരുന്നില്ല. അവരൊന്നും പണത്തിനു പ്രാധാന്യം കൊടുത്തില്ല. അക്കാലത്ത് ഉദയായിലൊക്കെ പടം തീര്‍ന്ന് പ്രതിഫലം കൈപ്പറ്റി യാത്ര പറയുമ്പോള്‍ നടീനടന്മാര്‍ പലരും സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. അത്രമാത്രം സൗഹൃദവും സ്‌നേഹവും അവര്‍ക്കിടയില്‍ രൂപപ്പെടുമായിരുന്നു. സത്യത്തില്‍, മനുഷ്യരെ സന്തോഷിപ്പിക്കുവാനായി ജീവിതം അവര്‍ സന്തോഷത്തോടെ മാറ്റി വയ്ക്കുകയായിരുന്നു. അവര്‍ക്കൊക്കെ ലഭിച്ചിരുന്ന പ്രധാന പ്രതിഫലം പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചിരുന്ന ബഹുമാനവും അംഗീകാരവുമായിരുന്നു. നാല്‍പ്പത് വര്‍ഷങ്ങള്‍ നീണ്ട സിനിമാ അനുഭവങ്ങള്‍ക്കിടയില്‍ ഞാന്‍ മനസിലാക്കിയ കാര്യമാണ് ഇത്.’
*******************************************
പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ സിനിമ പലപ്പോഴും കച്ചവടം മാത്രമാണെന്ന കാഴ്ച തന്നെ ഏറെ വേദനിപ്പിക്കുന്നു. പലരും മറ്റ് പല ബിസിനസുകള്‍ക്കൊപ്പം സൗകര്യം കിട്ടിയാല്‍ ഒരു സിനിമ എന്ന നിലപാടിലേയ്ക്ക് മാറിയതും, പല തരത്തിലുള്ള കച്ചവട ലക്ഷ്യങ്ങളുടെ കടന്നുകയറ്റവും സിനിമ മേഖലയിലെ നന്മകളെയും, സിനിമാക്കാര്‍ക്കിടയിലെ ബന്ധത്തെയും കുറച്ചിട്ടുണ്ട്. ‘ഈ തലമുറയില്‍ കുറേപ്പേര്‍ ധനസമ്പാദനത്തിന് അമിത പ്രാധാന്യം നല്‍കി. അത്തരത്തില്‍ ചിലര്‍ പിന്നീട് കലാകാരന്‍മാരല്ലതായി മാറി. കുറെയേറെപ്പേര്‍ ചോര നീരാക്കി എഴുതിയ വാക്കുകളാണ് ഞാന്‍ പറഞ്ഞത്, ചിലര്‍ പറഞ്ഞുനിര്‍ത്തിയ ഫ്രെയിമില്‍ നിന്നാണ് ഞാന്‍ അഭിനയിച്ചത്, എന്നൊക്കെയുള്ള തിരിച്ചറിവില്‍നിന്നുള്ള നന്ദി പോലും ഇല്ലാതെപോയ വേറൊരു തലമുറ കടന്നു വന്നപ്പോള്‍, എഴുതിയവനും, എടുത്തവനും, പാടിയവനും പ്രസക്തിയില്ലാത്ത ഒരവസ്ഥ ഒരു പരിധിവരെ സംജാതമായിട്ടുണ്ട്. എല്ലാം തങ്ങളില്‍ ചിലര്‍ തന്നെ എന്ന മിഥ്യാധാരണ ഏതാനും പേര്‍ക്കിടയില്‍ കടന്നുകൂടിയത് ഈ മേഖലയ്ക്ക് വലിയ ദോഷം ചെയ്തു.’
*******************************************

’86ല്‍ ‘രാജാവിന്റെ മകന്‍’ എന്ന എന്റെ സിനിമ പുറത്തിറങ്ങിയപ്പോള്‍ അത് മലയാള സിനിമയില്‍ ഒരു വെല്ലുവിളിയാണെന്ന് പലരും പറഞ്ഞു. അതിനെക്കാള്‍ നല്ല സിനിമ വരാതെ ഇനി കേരളത്തില്‍ ഓടില്ല എന്ന അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായി. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതും വെല്ലുവിളിയായി മാറി. അതിനെക്കാള്‍ നല്ല ഹാസ്യസിനിമ ചെയ്തില്ലെങ്കില്‍ പിടിച്ചുനില്ക്കാന്‍ കഴിയില്ല എന്ന് പലരും കരുതി. അതുപോലെ, ഫാസിലിന്റെ ‘പൂവിനുപുതിയ പൂന്തെന്നല്‍’, സിബിയുടെ ‘ഭാരതം’, ‘കിരീടം’… അങ്ങനെ ഒരു മത്സരസ്വഭാവം അക്കാലത്തുടനീളം ഉണ്ടായിരുന്നു. പക്ഷെ ആ മത്സരങ്ങളുടെ രീതികള്‍ വേറെയായിരുന്നു. അരവിന്ദന്‍, അടൂര്‍, കെജി ജോര്‍ജ്ജ് തുടങ്ങിയവര്‍ വളരെ റിയലിസ്റ്റിക്ക് ആയ സിനിമകള്‍ ചെയ്യുമ്പോള്‍, മോഹനനും, ഭരതനും സര്‍റിയലിസ്റ്റിക് ചിത്രങ്ങളും, ഞാനും ജോഷിയും, പ്രിയദര്‍ശനുമൊക്കെ എന്റര്‍ടെയിന്‍മെന്റ് സിനിമകളുമാണ് ചെയ്തത്. മറ്റ് രണ്ടുതരം ചിത്രങ്ങളോടും ഞങ്ങളുടെ സിനിമകള്‍ കിടപിടിക്കേണ്ടതുണ്ടായിരുന്നു. മറ്റാരുടെയും എന്നതിനേക്കാള്‍, പ്രിയദര്‍ശന്റെ സിനിമകള്‍ എല്ലാം തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല സുഹൃത്തുക്കള്‍ എന്നതുപോലെ തന്നെ, നല്ല മത്സരവും ഞങ്ങളുടെ സിനിമകള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. ‘കാലാപ്പാനി’ എന്ന ചിത്രവുമായി പ്രിയന്‍ വന്ന അതേ സീസണില്‍ ‘മാന്ത്രികം’ എന്ന സിനിമയുമായി ഞാന്‍ നേരിട്ടിരുന്നു. അത്തരത്തില്‍ ഒരു മത്സരം ജയിച്ചാണ് അന്ന് ഞങ്ങളെപ്പോലുള്ളവര്‍ ലൈംലൈറ്റിലേയ്ക്ക് വന്നത്. എല്ലാവര്‍ക്കും തന്നെ ആഴത്തിലുള്ള വായനയും പതിറ്റാണ്ടുകളുടെ സിനിമാ അനുഭവങ്ങളും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുകയും ഗുരുക്കന്മാരായി കാണുകയും ചെയ്തിരുന്നു. അതായിരുന്നു, മദ്രാസ് കേന്ദ്രീകരിച്ചുള്ളമലയാളം സിനിമയ്ക്കുണ്ടായിരുന്ന കെട്ടുറപ്പ്.’
*******************************************
‘എന്റെ ഗുരുസ്ഥാനീയനായ ശശികുമാര്‍ സാര്‍ പറഞ്ഞിട്ടുള്ളത്, സിനിമ ജനങ്ങളെ രസിപ്പിക്കാനുള്ളതാണ് എന്നാണ്. അങ്ങനെ അവര്‍ അത് ആസ്വദിച്ചാല്‍ മാത്രമേ നിര്‍മ്മാതാവിന് ലാഭമുണ്ടാകൂ. പ്രൊഡ്യൂസര്‍ ഉണ്ടെങ്കിലേ സിനിമയുള്ളൂ… ഞാന്‍ നിര്‍മ്മാതാവായപ്പോഴും ടെക്‌നീഷ്യന്‍ മാരോട് പരമാവധി വിശ്വസ്ഥത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതുപോലെതന്നെ, ഞാന്‍ ഏതുതരം സിനിമകള്‍ കാണാന്‍ ആഗ്രഹിച്ചോ, അത്തരം സിനിമകള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മറ്റ് അംഗീകാരങ്ങളോ, സല്‍പ്പേരോ ഒന്നും ലക്ഷ്യം വച്ചിരുന്നില്ല.’
******************************************
മലയാള സിനിമാചരിത്രത്തില്‍ പലപ്പോഴായി പ്രതിഭതെളിയിക്കുകയും, ചലച്ചിത്രമേഖലയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുള്ള അതുല്യ കലാകാരന്മാരിലൊരാളാണ് തമ്പി കണ്ണന്താനം. പതിനഞ്ചിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മക്കളുടെ വിദ്യാഭ്യാസമെല്ലാം ചെന്നൈയില്‍ പൂര്‍ത്തിയാക്കിയ ശേഷം, 2012ഓടുകൂടിയാണ് കുടുംബം പൂര്‍ണ്ണമായി കേരളത്തിലേയ്ക്ക് താമസമാക്കുന്നത്.

Leave a Reply
You May Also Like

“ഇതുപോലൊരു പടം സമ്മാനിച്ച നെൽസണ് വായുവിൽ നൃത്തമാടേണ്ട അവസ്ഥ വരാതിരിക്കട്ടെ”

ബീസ്റ്റ് മൂവി – സ്പോയ്‌ലർ അലെർട്. എഴുതിയത് : ബേസിൽ ജെയിംസ് ജെയിംസ് ബോണ്ടിന്റെ കരിസ്മ,…

ഓപ്പൺഹൈമറിൽ അണുബോംബ് പൊട്ടുന്നത് കാണാൻ നോക്കി ഇരുന്നത് പോലെ ഒരു ഇരുപ്പാണ് കാണികൾക്ക് ഇതിലും വിധിച്ചത്

വെട്ടുക്കിളി ഒരു പ്രമുഖ “നാടക” നടന്റെ പ്രത്യേക കോമഡി ഏക്ഷൻ പോലെ മുഖത്തിന്റെ ഷേപ്പ് ഇരുന്നതൊഴികെ…

‘അടിപിടി ജോസും ഇന്ദുലേഖയും’, പ്രേക്ഷകരിൽ ആവേശമുണർത്തി മമ്മൂട്ടി- നയൻ‌താര ടീം വീണ്ടും

വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അടിപിടി ജോസ്’. മമ്മൂട്ടിയാണ് അടിപിടി ജോസെന്ന…

ആ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് നായകനായി വന്ന രമേശ്‌ പിഷാരടി തന്നെയായിരുന്നു

Ashish J “ഈ പറക്കും തളിക” എന്ന നോൺ സ്റ്റോപ്പ്‌ കോമഡി എന്റെർറ്റൈനെർ ഒരുക്കിയ സംവിധായകൻ…