വിനോദ് പാലീക്കര

നൈജീരിയ – അന്നും ഇന്നും

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായെത്തിയ ഒരു കാളിലാണ് ഇൻറർവ്യൂവിന് പോയതും നൈജീരിയയിൽ എത്തിയതും. ലാഗോസിൽ വന്നിറങ്ങുമ്പോൾ വേഗം തിരിച്ചു പോകാനുള്ള ചിന്ത മാത്രമായിരുന്നു മനസ്സിൽ. അപരിചിതരായ മനുഷ്യർ, വ്യത്യസ്തമായ സംസ്കാരം, ഭക്ഷണ രീതി, ഇവയെല്ലാമായി ഒത്തു പോകാനുള്ള ബുദ്ധിമുട്ടുകൾ അങ്ങനെ പലതും.

ഇന്ന് ഈ നാടുമായി ഒരു പാട് അടുത്തിരിക്കുന്നു. ഇവിടെ വന്നതിനു ശേഷം മാത്രം അടച്ചു തീർത്ത ക്രെഡിറ്റ് കാർഡ് ലോണുകളും, ഇവിടെ നിന്നും നേടിയ സാമ്പത്തിക സ്വാതന്ത്ര്യവും, ഇവിടത്തെ നല്ലവരായ നാട്ടുകാരും കൂട്ടുകാരും എന്നു വേണ്ട ഒരു പാട് നല്ല കാര്യങ്ങൾ ഈ രാജ്യം ഞങ്ങൾക്കു തന്നിട്ടുണ്ട്.
തിരിച്ചു പോകാനുള്ള ആഗ്രഹമുണ്ടെങ്കിലും പോകാനൊരു മടി. ഇന്നത്തെ ഭാരതത്തെക്കാൾ സന്തോഷകരമായ ജീവിതം ഇവിടെയാണെന്നൊരു തോന്നൽ.
ഭാരതത്തിൽ എല്ലാരും ഒരുപാട് മാറിയിരിക്കുന്നു. സ്നേഹം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇന്നും നമ്മെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന പലരേയും കാണാൻ കഴിയും.
ഇവിടം മതിയാക്കി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി എന്നറിമ്പോഴേക്കും കരയാൻ തുടങ്ങുന്ന ഇന്നാട്ടുകാരെപ്പോലെ സ്നേഹ സമ്പന്നരായ സഹപ്രവർത്തകരെ മറ്റെവിടെ കാണാൻ കഴിയും?

ഈ വർഷങ്ങൾക്കിടയൽ ഇവിടെ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ഗുൾഡറും, സ്റ്റാർ ബിയറും കുപ്പികളിൽ നിന്നു മാറി കാനുകളിലായെന്നതാണ്.
ജോണിവാക്കറും ഷിവാസും അടക്കി ഭരിച്ച മദ്യ വ്യാപാര മേഖല ഇന്ന് ഇന്ത്യൻ ബ്രാൻറുകൾ ഉൾപ്പെടുന്ന ഒരു മൾട്ടി ബ്രാന്റഡ് മാർക്കറ്റ് ആയി മാറിയിരിക്കുന്നു

എല്ലാ വീക്കെന്റിലും പാർക്ക് അൻ ഷോപ്പിലും കാഷ് അൻഡ് കാരിയിലും മാത്രം പോയിരുന്ന നമ്മൾ വലിയ മാളുകളിലും ഷോപ്പ്റൈറ്റിലും പോകാൻ തുടങ്ങി.
ബോളിവുഡ് സിനിമകളുടെ റിലീസിങ്ങ് തീയേറ്ററുകളാവാൻ ഇന്നിവിടെ മൾട്ടിപ്ലക്സുകൾ മൽസരിക്കുന്നു.

മീറ്റ് പൈയും സ്കോച്ച് എഗ്ഗും സാൻവിച്ചും വിറ്റിരുന്ന മിസ്റ്റർ ബിഗ്സും, ബേക്കേഴ്സ് ഡിലൈറ്റും അടിമുടി മാറി. ഇന്ന് അവർ KFCയോടും ഡൊമിനോസിനോടും മറ്റു പല പുതിയ കളിക്കാരോടും മൽസരിച്ച് വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.

ഇവിടത്തുകാർ പിജോ, പിജോട്ട് എന്നൊക്കെ പറയുന്ന പ്യൂഷോ 504, 505 കാറുകൾ കൂടുതൽ കണ്ടിരുന്ന വീഥികളിൽ മറ്റു ബ്രാന്റുകൾ കൂടുതൽ കാണാൻ തുടങ്ങി. 504 ഉം 505 ഉം ഇന്ന് ഇവിടെ ഇല്ലെന്നു തന്നെ പറയാം. ഗവർൺമെന്റ് ഡിപ്പാർട്ടുമെൻറുകൾ മാത്രം ഇന്ന് പ്യൂഷോയുടെ പുതിയ മോഡലുകൾ ഉപയോഗിക്കുന്നു.

രാവിലെ VI ലേക്കും വൈകീട്ട് ഇക്കേജയിലേക്കും നല്ല ട്രാഫിക്ക്/ ഗോസ്ലോ ഉള്ളതിനാൽ 3rd മെയിൻ ലാൻറ് ബ്രിഡ്ജ് അന്നത്തെപ്പോലെ ഇന്നും തിരക്കിന്റെ പ്രതീകമായി നിലകൊള്ളുന്നു.

അന്നത്തെ ഒക്കാട എന്നറിയപ്പെടുന്ന ബൈക്ക് ടാക്സി ഒ റൈഡ് എന്ന പേരിൽ ഓൺലൈൻ ആയി. ഉബറും, ടാക്സിഫൈയും പോലെ. ഓണലൈൻ അല്ലാത്തവ അന്നത്തെപ്പോലെ ഇന്നും നടുറോഡിൽ നിർത്തി യാത്രക്കാരെ മാടി വിളിക്കുന്നു.

ലാഗോസിലെ മഞ്ഞ ബസ്സുകൾ ഇന്നും അവർക്ക് തോന്നുന്ന സ്ഥലങ്ങളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മാത്രം ഇവിടെ അവതരിച്ച ഓട്ടോറിക്ഷകൾ മഞ്ഞ ബസ്സുകളെക്കാൾ വയലന്റായി തെക്കും വടക്കും ഓടി നടക്കുന്നു.

TBSലും, മൂസോൺ സെന്ററിലും അന്നത്തെപ്പോലെ ഇന്നും ഇന്ത്യൻ പാട്ടുകാർ ഗാനമേളകൾ അവതരിപ്പിക്കുന്നു. ദീപാവലിക്കും, നവരാത്രിക്കും എല്ലാം വലിയ സംഗീതജ്ഞർ എത്താറുണ്ട്. ഇത്തവണ ദീപാവലി മേളക്ക് ശങ്കർ -ഇഷാൻ -ലോയ് & ടീമിന്റെ ഗാനമേളയാണ്.

പല ദൈവങ്ങളുള്ള ഒരു ചെറിയ അമ്പലത്തിൽ നിന്നും ശനീശ്വരൻമാരും അയ്യപ്പനും മുരുകനും ശിവനും ഗണപതിക്കും ബാലാജിക്കും ജഗന്നാഥ് ജിക്കും ഒക്കെ അമ്പലങ്ങളുള്ള വലിയ ഒരു ക്ഷേത്ര സമുച്ചയമായിരിക്കുന്നു ഇന്നത്തെ ഗീതാ മന്ദിർ.

ലാഗോസ് ഇബാഡൻ റോഡ് പഴയതിലും മോശമായി. കാനോ മെഡുഗുരി റോഡിലും സൊക്കോട്ടോ റോഡിലും ബെനിൻ റോഡിലും ഇന്നും ആയുധധാരികളായ കള്ളൻമാർ അതേപോലെ വിലസുന്നു.
എല്ലാ തിരക്കേറിയ സ്ഥലങ്ങളിലും ഏരിയ ബോയ്സ് എന്നു വിളിപ്പേരുള്ള ഗുണ്ടകൾ പിടിച്ചുപറിയും പിരിവും തുടരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ അന്നത്തെ പോലെ ഇന്നും കൈക്കൂലി വാങ്ങുന്നു. തുകയുടെ വലിപ്പം കൂടിയതുമാത്രമാണ് അക്കാര്യത്തിൽ വ്യത്യാസം.

വിദേശികളെ കണ്ടാൽ സന്തോഷത്തോടെ വിളിക്കുന്ന ബട്ടൂരേ, ഒയിബോ ഓഗാ വിളികൾ വല്ലാതെ കുറഞ്ഞു. മുൻപ് ആസ്വദിച്ചിരുന്ന വിദേശിയെന്ന ബഹുമാനത്തിന്റെ തോതും കുറഞ്ഞു.

ഇവിടെയുള്ളവരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടി. എല്ലാ ഉന്നതതലങ്ങളിലും ഇവിടത്തുകാർ നല്ല പ്രകടനം കാഴ്ചവച്ചു തുടങ്ങി.

ലാഗോസ് വളർന്ന് ലേക്കിയും എപ്പേയും കടന്നു പോയി. ഓട്ടയും അഗ്ബാറയും റോഡുകൾ മോശമാണെങ്കിലും വ്യാവസായികമായി ഒരുപാട് പുരോഗമിച്ചു.

അപ്പാപ്പ പോർട്ടിലേക്കുള്ള റോഡ് പഴയതിലും വളരെ മോശമായി തുടരുന്നു.

ആകാശം ഭരിച്ചിരുന്ന കാബോയും ഒക്കാട എയറും, എഡിസിയും, ബെൽവ്യൂവും നൈജീരിയ എയർവേയ്സും ചെചാങ്കിയും ഒക്കെ അരിക്ക് എയറിനും എയർ പീസിനും മെഡ് വ്യൂവിനും മാക്സ് എയറിനും, ദാന എയറിനും, ആസ്മാനും വഴിമാറിക്കൊടുത്തു. പുതിയ എയർ പോർട്ടുകളും ടെർമിനലുകളും വന്നു.

ഡൊമസ്റ്റിക്ക് എയർ ടിക്കറ്റിനായി മോഹൻലാലിന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് കാണാറുള്ള അടിയും തിരക്കും ഇന്നില്ല. എല്ലാം ഓൺലൈനായി. പെട്ടി തുറന്നു കാണിക്കുന്ന അഭ്യാസവും ഒഴിവായി. എന്നാലും എല്ലായിടത്തും പൈസ കൊടുക്കണം. അന്നത്തെ ഇരുപതും അമ്പതും നോട്ടുകൾക്കു പകരം ഇന്നത്തെ അഞ്ഞൂറും ആയിരവും ആയി മാറി.

എമിറേറ്റ്സും എത്തിഹാദും ഖത്തറും കിണഞ്ഞു പരിശ്രമിച്ചിട്ടും കെനിയയും എത്തിയോപ്പിയനും ഇന്നും പിടിച്ചു നിൽക്കുന്നു.

ഫോൺ വിളിക്കാൻ ഉത്തമേട്ടന്റെ വീട്ടിലേക്കും ഞായറാഴ്ച ഓഫീസിലേക്കും പോയിരുന്ന ഞങ്ങൾക്കിന്ന് കൈകളിൽത്തന്നെ ഫോണുകളുണ്ട്.

കോറലും മുത്തുകളും കരകൗശല വസ്തുക്കളും വാങ്ങാൻ അന്നത്തെപ്പോലെ ഇന്നും ലേക്കി ബീച്ചിൽ പോകാറുണ്ട്.

നഗരങ്ങളിൽ തിരക്കുകൂടി. ഭാരതീയർ ഒരു പാട് കൂടി. എണ്ണത്തിൽ ചൈനക്കാർ ഇന്ന് നമ്മോട് മത്സരിക്കാൻ തുടങ്ങി.

ഇത്രയൊക്കെയാണ് അന്നും ഇന്നും ഇവിടെയിരിക്കാൻ ഭാഗ്യം ലഭിച്ച എന്റെ നിരീക്ഷണങ്ങൾ.

പക്ഷെ ഒന്നു മാത്രം പറയാം, അന്നായിരുന്നു നല്ലത്

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.