ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ

0
207

Vinod Vinod

ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും “മികച്ച ഫിനിഷർ” (Best Finisher) ആയിട്ടുള്ള ബാറ്റ്സ്മാൻ ആരാണ്??? ക്രിക്കറ്റ്‌ വിദഗ്ധരും, ആരാധകരും തമ്മിൽ നിരവധി വാദപ്രതിപാദങ്ങൾ നടന്നിട്ടുള്ള ഒരു വിഷയമാണ്..അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള രണ്ടു പേരുകളാണ് 1994ൽ കങ്കാരു പടയ്ക്കു വേണ്ടി ക്രിക്കറ്റ്‌ പാഡ് അണിഞ്ഞു തുടങ്ങി 2004 ൽ ക്രിക്കറ്റ്‌ കരിയർ അവസാനിപ്പിച്ച മൈക്കിൾ ബെവന്റെയും, 2004ൽ ക്രിക്കറ്റ്‌ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി Michael Bevan, cricket, salary, net worth, personal life, Career ...അരങ്ങേറ്റം കുറിച്ച്, ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി, ഇതിഹാസ താരം സച്ചിന് ലോക കപ്പിൽ മുത്തം ഇടാൻ അവസരം കൊടുത്ത കരിയറിന്റെ അവസാന നാളുകളിൽ നിൽക്കുന്ന M.S ധോനിയുടെയും പേരുകൾ. ആരാണ് ഈ രണ്ടു കളിക്കാരിൽ ഏറ്റവും “മികച്ച ഫിനിഷർ”? രണ്ടു പേരുടെയും കളികൾ കണ്ട ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്ന നിലയിൽ നിസംശയം പറയാൻ കഴിയും അത് 1970 മെയ് 8നു ഓസ്‌ട്രേലിയിലെ ബെൾക്കോനോനിൽ ജനിച്ച മൈക്കിൾ ഗൈൽ ബെവൻ തന്നെയെന്ന്. വിജയിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മത്സരങ്ങൾ, എതിരാളികൾ മനസ്സിൽ വിജയം ആഘോഷിച്ച മത്സരങ്ങൾ പോലും ബാറ്റിങ്ങിനെ ഒരു കലയാക്കി മാറ്റി പലപ്പോഴും വാലറ്റ നിരയെ കൂട്ടുപിടിച്ചു കൊണ്ട് ക്രിക്കറ്റിന്റെ സൗന്ദര്യം മുഴുവൻ നിലനിർത്തിക്കൊണ്ടു ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ച Best Finisher.

ലോക ക്രിക്കറ്റിന്റെ പരമാധികാര സംഘടനയായ ICC ( International Cricket Council) കാലങ്ങളായി ക്രിക്കറ്റിനെ വാണിജ്യവൽക്കരിക്കാൻ ക്രിക്കറ്റിന്റെ യെതാർത്ഥ സൗന്ദര്യം നശിപ്പിച്ചുകൊണ്ടു, ബൗളർമാരുടെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ട് ബാറ്റ്സ്മാന്മാർക്കു അനുകൂലമായി Power play പോലുള്ള ഒട്ടനവധി നിയമങ്ങൾ കൊണ്ടുവന്നു. ഈ അനുകൂല്യങ്ങളെയും കൂടി മറപറ്റിയാണ് ഇപ്പോഴത്തെ പല ഫിനിഷർമാരും കളി ജയിപ്പിച്ചിട്ടുള്ളത്. ബൗളർമാർ ക്രിക്കറ്റ്‌ ലോകം അടക്കിവാണ കാലഘട്ടത്തിൽ ബാറ്റ്സ്മാന്മാർക്കു ശവപറമ്പ് ആയിരുന്ന പിച്ചുകളിൽ, വലിയ ക്രിക്കറ്റ്‌ ഗ്രൗണ്ടുകളിൽ തകർക്കാൻ പറ്റാത്ത ഉരുക്കു കോട്ടയായി നിന്നുകൊണ്ട് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിലനിർത്തി കൊണ്ട് ബാറ്റിങ്ങിന്റെ എല്ലാത്തരം ഷോട്ടുകളിലൂടെയും കളിച്ചു എതിർ ടീമിന്റെ വിജയസ്വപ്നങ്ങളെ തച്ചുടച്ചവനാണ് ബെവൻ. പണ്ട് വളരെ ദൂരമുള്ള ബൗണ്ടറികൾ ആയിരുന്നു, വിക്കറ്റിന് ഇടയിൽ സിംഗിളുകൾ ഡബിളാക്കി ഓടി എടുത്തും, ഇടയ്ക് ബൗണ്ടറികൾ നേടിയും കളിയുടെ ജീവൻ അവസാനം വരെ നിലനിർത്തുമായിരുന്നു. ബെവന്റെ കാലഘട്ടത്തിൽ ലോക ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാർ ആയ ആംബ്രോസ്, വാൽഷ്, അക്രം, വാഖർ യൂനിസ്, അലൻ ഡൊണാൾഡ്, പൊള്ളോക്ക്, ബോണ്ട്‌, വാസ്, ശ്രീനാഥ്‌ തുടങ്ങിയവരുടെ തീ തുപ്പുന്ന പന്തുകളെയും കുംബ്ലെ, മുരളീധരൻ, വെട്ടോറി, സഖ്‌ലൈൻ, തുടങ്ങിയ ലോകോത്തര സ്പിൻ മന്ത്രികരെ നേരിട്ടുമാണ് ഓരോ വിജയങ്ങളും എതിർ ടീമിൽ നിന്നും നേടിയെടുത്തത്. ഓസ്‌ട്രേലിയുടെ ആറോ ഏഴോ വിക്കറ്റ് 100 റൺസിൽ താഴെ വീണാലും ഞാൻ ഉൾപ്പടെയുള്ള ക്രിക്കറ്റ്‌ ആരാധകർ ബെവന്റെ വിക്കറ്റ് വീഴാതെ എതിർ ടീമിന്റെ വിജയം പ്രവചിക്കുമായിരുന്നില്ല. ബൗളർമാർക്ക് അത്രയും വിഷമം ആയിരുന്നു ബെവന്റെ വിക്കറ്റ് എടുക്കുക്ക എന്നുള്ളത്. ഏകദിന ക്രിക്കറ്റിൽ 50 ഓവറിൽ 250-275 റൺസ് എന്നത് മികച്ച ഒരു ടീം ടോട്ടൽ ആയിരുന്ന കാലഘട്ടത്തിൽ ബെവന്റെ ഇന്നിങ്‌സുകൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഒരു പ്രതേക വിരുന്നും, ക്രിക്കറ്റിനെ പഠിക്കുന്നവർക്കു അതൊരു ബാറ്റിംഗ് കോച്ചിങ്ങുമായിരുന്നു..എങ്ങനെ ഒരു ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകാം, എങ്ങനെ കളി ജയിപ്പിക്കാം എന്നൊക്കെ നമുക്ക് ബെവന്റെ കളിയിൽ നിന്നും പഠിക്കാമായിരുന്നു. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയുടെ ക്യാപ്റ്റന്മാരായിരുന്ന മാർക്ക്‌ ടെയ്‌ലർക്കും, സ്റ്റീവ് വോയ്കും റിക്കി പോണ്ടിങിനും അവരുടെ ടീമിലെ ഏറ്റവും വിശ്വസ്ത ബാറ്റ്സ്മാൻ ആയിരുന്നു വിരമിക്കുന്നവരെയും മൈക്കിൾ ബെവൻ. ഒട്ടനവധി മത്സരങ്ങൾ വിദേശ ഗ്രൗണ്ടുകളിലും ഹോം ഗ്രൗണ്ടുകളിലും ബെവന്റെ ഒറ്റയാൻ പ്രകടനം കൊണ്ട് ഓസിസ് വിജയം ചൂടിയിട്ടുണ്ട്.

ഇടം കയ്യൻ മിഡിൽ ഓർഡർ ബാറ്റ്സ്മാനും ഇടം കയ്യൻ സ്പിന്നറുമായിരുന്നു മൈക്കിൾ ബെവൻ. തന്റെ 24-മാതെ വയസിൽ 1994 ഏപ്രിൽ 14 നു ശ്രീലങ്കക്കെതിരെ ആദ്യമായി ഓസ്‌ട്രേലിയൻ ടീമിന് വേണ്ടി കളത്തിൽ ഇറങ്ങിയത്. 10 വർഷത്തെ അസാമാന്യ പ്രകടനത്തിന് ശേഷം 34 മാതെ വയസിൽ ഏകദിന ക്രിക്കറ്റിനോട് ആ 12ആം നമ്പർ മഞ്ഞ കുപ്പായക്കാരൻ 2004 ഫെബ്രുവരി 29 നു ശ്രീലങ്കക്ക് എതിരെ തന്നെ അവസാന മത്സരം കളിച്ചു പാഡ് അഴിച്ചു വച്ചു. 232 മത്സരങ്ങളിൽ നിന്നും ഏകദിന ക്രിക്കറ്റിലെ ഏതൊരു കളിക്കാരനും സ്വപ്നം മാത്രം കാണാൻ കഴിയുന്ന 53. 58 റൺസ് ശരാശരിയിൽ 6912 റൺസ് ആണ് അടിച്ചു കൂട്ടിയത് അതിൽ 6 സെഞ്ചുറികളും 46 ഫിഫ്‌റ്റികളും ഉൾപ്പെടുന്നു. അവശ്യ സമയങ്ങളിൽ ഒരു സ്പിന്നർ ആയി ഇദ്ദേഹത്തെ ഉപയോഗിച്ചിരുന്നു, 3/36 എന്ന ബെസ്റ്റ് പ്രകടനം ഉൾപ്പെടെ 36 ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ എടുത്തു. 1999-ൽ സ്റ്റീവ് വോ ലോക കിരീടം ഉയർത്തിയപ്പോഴും, 2003-ൽ റിക്കി പോണ്ടിങ് ലോക കിരീടം ഉയർത്തിയപ്പോഴും ടീമിലെ പ്രധാന അംഗമായിരുന്നു മൈക്കിൾ ബെവൻ. 1996-ൽ സിഡ്നി ഗ്രൗണ്ടിൽ വെസ്റ്റ് ഇൻഡീസിന്റെ 173 റൺസ് ടോട്ടലിനെതിരെ ഓസ്ട്രേലിയ 6/38 എന്ന നിലയിൽ പതറി നിൽക്കുമ്പോൾ, പരാജിതനാകാതെ 78 റൺസ് അടിച്ചു അവസാന ബോളിൽ ഫോർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ചത് ക്രിക്കറ്റ്‌ പ്രേമികൾ ഇപ്പോഴും മറക്കാൻ സാധ്യതയില്ല. ഇതുപോലെ ത്രസിപ്പിക്കുന്ന ഒട്ടനവധി ഇന്നിങ്‌സുകൾ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കുകയും, വിജയം പ്രതീക്ഷിച്ചു ഇരിക്കുന്ന എതിർ ടീമിന്റെ ആരാധകരെ കണ്ണീരിൽ ആഴ്തുകയും ചെയ്‌തിട്ടുണ്ട്‌. ക്രിക്കറ്റ്‌ ലോകം ബെവന്റെ ബാറ്റിംഗിലെ കലയിൽ അത്ഭുതപെട്ടുകൊണ്ടു അദ്ദേഹം അറിയപ്പെട്ടിരുന്ന പേരാണ് പൈജാമോ പിക്കാസോ (Pyjamo Picasso)

ഏകദിന ക്രിക്കറ്റിലെ അസാമാന്യ പ്രകടനം ഒരിക്കലും അദ്ദേഹത്തിന് ടെസ്റ്റ്‌ മത്സരങ്ങളിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. വെറും 18 ടെസ്റ്റ്‌ മത്സരങ്ങൾ മാത്രമാണ് ഓസീസിന്റെ Baggy green തൊപ്പിയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞുള്ളു. 1994 സെപ്റ്റംബർ 28 നു ആദ്യമായി ഓസ്‌ട്രേലിയുടെ Baggy Green തൊപ്പിയിൽ ടെസ്റ്റ്‌ അരങ്ങേറ്റം പാകിസ്താനെതിരെ കുറിച്ചു. 4 വർഷം മാത്രം നീണ്ടു നിന്ന ടെസ്റ്റ്‌ കരിയർ 1998 ജനുവരി 2 നു സൗത്ത് ആഫ്രിക്കക്കെതിരെ കളിച്ചു അവസാനിപ്പിക്കേണ്ടി വന്നു. ടെസ്റ്റ്‌ മത്സരങ്ങളിൽ ഷോർട് പിച്ച് പന്തുകൾ ഫലപ്രദമായി നേരിടുന്നതിൽ ബുദ്ധിമുട്ടിയിരുന്നു. തന്റെ 18 ടെസ്റ്റു മത്സരങ്ങളിൽ നിന്നായി വെറും 29. 07 റൺസ് ശെരാശെരിയിൽ 785 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു.. ഒരു സെഞ്ച്വറി പോലും അടിക്കാനും കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും 6/82 എന്ന മികച്ച ബൗളിങ്ങിലൂടെ 29 വിക്കറ്റുകൾ നേടാൻ കഴിഞ്ഞു.
ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങളിലെ മിന്നും താരമായിരുന്നു ബെവൻ. 3 ടീമുകൾക്ക് വേണ്ടി കളിച്ചുവെങ്കിലും പ്രധാനമായും കളിച്ചിരുന്നത് ന്യൂ സൗത്ത് വെയിൽസ്‌ ബ്ലൂസ്നു വേണ്ടിയായിരുന്നു. 237 മാച്ചുകളിൽ നിന്നും 68 സെഞ്ച്വറി ഉൾപ്പെടെ 19147 റൺസും 119 വിക്കറ്റും നേടിയിരുന്നു.

പരിക്കുകൾ അലട്ടിയിരുന്ന അദ്ദേഹം 2007 ജനുവരി 17നു ഫസ്റ്റ് ക്ലാസ്സ്‌ ഉൾപ്പടെ ഉള്ള എല്ലാത്തരം ക്രിക്കറ്റ്‌ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു… ഏകദിന ക്രിക്കറ്റിലെ ആ ബെസ്റ്റ് ഫിനിഷർ ബാറ്റിംഗ് സ്പെഷ്യലിസ്റ് കോച്ച് ആയി പല ക്ലബ്ബുകൾക്കായി പ്രാക്ടീസ് കൊടുക്കുന്നു.