എല്ലാ നായരും ഏതെങ്കിലും നായര് പറയണത് കേക്കണോരല്ല

283


Vinodh Venugopal

സുന്ദരേട്ടൻ പുലരിച്ചെത്ത് കഴിഞ്ഞ് ചേറ്റുകത്തി കുത്തിച്ചാരി , കള്ളുകുടം കൌഞ്ചിക്കോലില് തൂക്കി , അന്തിച്ചെത്തിനുള്ള നൂറ് തേച്ച് , കരിമ്പനയെ കണാരേട്ടന്റടുത്തേൽപ്പിച്ച് പാലക്കാട് കെ എസ് ആർ ടി സി ബസ്റ്റാന്റിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെടേക്കൂടെ കൂറ തിരിയണപോലെ തിരിയുമ്പോഴാണ് കരുമാനാംകുറുശ്ശിക്കാരൻ കുമാരൻനായര് സ്റ്റാന്റിലെ കുഴികളെണ്ണി കണ്ണ് കടഞ്ഞ് സുന്ദരേട്ടന്റെ അടുത്തെത്തണത് .

അല്ല സുന്ദരാ …. എവിടേക്കാണാവോ …. ?

കോയമ്പത്തൂർ – കൊട്ടാരക്കര സൂപ്പർ ഫാസ്റ്റിന് കാത്ത് നിക്കാണ് കുമാരേട്ടാ ….

കൊട്ടാരക്കരക്കാണോ സുന്ദരാ …. ?

അല്ല ചങ്ങനാശ്ശേരിക്കാണ് നായരേ ….

അവിടെ എന്താണാവോ … ?

പെരുന്നവരെ ഒന്ന് പോണം ….

പെരുപ്പിക്കാനാണോ സുന്ദരാ … ?

അല്ല …. പെരുച്ചാഴ്യേ കണ്ടൊന്ന് കൊഴുപ്പിക്കാനാണ് നായരേ ….

നീയിതെന്ത് ഭാവിച്ചാണ് സുന്ദരാ …. ? അല്ലെങ്കിലേ മലബാര്‍ നായന്മാർക്ക് പണ്ടത്തെ പട്ടും വളയും വാങ്ങിച്ച പാരമ്പര്യം മാത്രേ ള്ളൂ …

നായരേ …. നമുക്ക് ചായേം പഴംപൊരീം കിട്ടണില്ലേ … ? പത്താം ക്ലാസ്സ് പാസ്സായോർക്ക് നിലവിളക്ക് കിട്ടണില്ലേ … ? ണ്ടല്ലോ അല്ലേ … ? കരയുണോരുടെ യോഗമാണ് നായരേ കരയോഗം .

അതെന്തോ ആവട്ടെ …. സുന്ദരനെന്തിനാ പ്പൊ പെരുന്നക്ക് പോണത് … ?

അല്ല അവിടെപ്പോയി ആ സൌകുമാര്യനോട് ഒരു കാര്യം പറയാനുണ്ടാർന്നു ….

അതെന്ത് കാര്യം സുന്ദരാ … ?

മാറി മാറി വരണ ജനറല്‍ സെക്രട്ടറിമാര് പറയണതെന്തും തൊണ്ട തൊടാതെ വിഴുങ്ങാൻ തിരുവിതാംകൂര്‍ നായന്മാരെ നിങ്ങക്ക് കിട്ടീലല്ലോ ന്ന് മുഖത്തുനോക്കി പറയാതെ ഒരു സമാധാനവുമില്ല നായരേ … വട്ടിയൂർക്കാവില് നായര് വട്ടം ചാടിയപ്പൊത്തന്നെ ചിത്രം വ്യക്തമായില്ലേ നായരേ ….. ?

അല്ല സുന്ദരാ … അപ്പൊ ചത്താ പൊതക്കണ മഞ്ഞപ്പട്ട് നിനക്ക് വേണ്ടേ സുന്ദരാ …. ?

ജനിക്കുമ്പൊ ഉടുതുണിയില്ലാതെ വന്ന സുന്ദരന് ചാവുമ്പൊ പുതപ്പില്ലെങ്കിലും കൊഴപ്പൂല്യ എന്ന് പറയലും കോയമ്പത്തൂര് – കൊട്ടാരക്കര സൂപ്പർ ഫാസ്റ്റ് വരലും ഒരുമിച്ചായിരുന്നു …. ! സമദൂരത്തിന് കാക്കാതെ സുന്ദരേട്ടൻ ശരിദൂരത്തില് ബസ്സിന്റുള്ളിലേക്ക് തള്ളിക്കയറി സൈഡ് സീറ്റ് പിടിച്ച് ടിക്കറ്റെടുത്തു …. പെരുന്നേലേക്ക് … !

NB : – എല്ലാ നായരും ഏതെങ്കിലും നായര് പറയണത് കേക്കണോരല്ല .