വിനോദിനി – മലയാളം കദനകഥ

293

ശ്രീയേട്ടാ ഒന്നു പതുക്കെ പറയൂ…. ആ വിനോദിനി ചേച്ചി കേള്‍ക്കും!

ഹ…ഹ എന്റെ കാന്താരീ ഞാന്‍ പറയുന്നത് അവളെങ്ങനെ കേള്‍ക്കാന്‍, നമ്മള്‍ സംസാരിക്കുന്നത് ടെലിഫോണിലൂടെയല്ലെ?

സുമ ചൂളി…. എങ്കിലും വിട്ടു കൊടുത്തില്ല.

അല്ല ശ്രീയേട്ടാ ഇതൊക്കെ പറയുമ്പോള്‍ എന്റെ മുഖത്ത് വരുന്ന ഭാവമാറ്റം എങ്ങനെ മറയ്ക്കാന്‍ കഴിയും?!

ഹ…ഹ….ശരി…ശരി ചമ്മിയതാരും കാണണ്ട, പെട്ടെന്നു പോയി മുഖം കഴുകിക്കോളൂ…. ഞാന്‍ പിന്നെ വിളിക്കാം….

ശ്രീകുമാര്‍ ഫോണ്‍ താഴെ വച്ച് തന്റെ പതിവ് ജോലികളില്‍ മുഴുകി.

നിരാശ തോന്നാതിരുന്നില്ല…..

വിവാഹാലോചന കഴിഞ്ഞ് വിവാഹം കാത്തിരിക്കുന്ന ‘യുവമിഥുനന്‍‘ അല്‍പ്പം കൊച്ചുവര്‍ത്തമാനം പറയാന്‍ ഭാവി വാമഭാഗത്തെ വിളിക്കുമ്പോള്‍ ശകുനം മുടക്കികളായി ഇത്തരം വിനോദിനിമാര്‍ കടന്നു വന്നാല്‍ ആര്‍ക്കും നിരാശ തോന്നാം.

ഹോ…. നാട്ടില്‍ ചെന്നു പെണ്ണ് കണ്ട് വിവാഹം കഴിക്കുന്നതായിരുന്നു ഭേദം! അതിനെവിടെ സമയം അറബി എണ്ണി ചുട്ടപ്പം പോലെ വര്‍ഷത്തില്‍ അനുവദിക്കുന്ന ഇരുപത് ദിവസം നാടന്‍ ഭക്ഷണം പോലും കഴിക്കാന്‍ തികയില്ല! പിന്നെയാ പെണ്ണുകാണല്‍!!

വിവാഹം കഴിക്കുന്നതിന് അമ്മ നിര്‍ബന്ധിച്ചപ്പോള്‍ “നിങ്ങള്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി ഉറപ്പിച്ചോളൂ” എന്ന പതിവു പല്ലവി ‍ആവര്‍ത്തിച്ചു.

ഒരു രക്ഷപെടീല്‍ തന്ത്രം എന്നതിലുപരി മറ്റൊന്നും ചിന്തിച്ചില്ല.

പക്ഷെ പിറ്റേ ആഴ്ച അമ്മയുടെ കത്തിനൊപ്പം മുഖശ്രീയുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രവും കൂടി കണ്ടപ്പോളാണ് കളി കാര്യമായെന്ന തിരിച്ചറിവ് ഉണ്ടായത്.

മോനെ കണ്ടിട്ട് നല്ല കുട്ടിയാണെന്നു തോന്നുന്നു, അത്യാവശ്യം വിദ്യാഭ്യാസവും, കല്യാണ ശേഷം നീ കൊണ്ട് പോകുമെന്നു കൂടി പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ താല്‍പര്യവും.

അമ്മയുടെ കത്തില്‍ പെണ്‍കുട്ടിയെ കുറിച്ച് ചെറു വിവരണവും കൂടി ആയപ്പോള്‍ പച്ചക്കൊടി കാട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.

ഡിസംബര്‍ ഒന്‍പത്. വിവാഹ നിശ്ചയ ദിവസം. അന്നാണ് സുമയോട് ആദ്യമായി സംസാരിച്ചത്.

“ഇന്നു ശ്രീയേട്ടന്‍ ഇവിടെയുണ്ടായിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചു പോയി… ഇനി നീണ്ട ഏഴു മാസങ്ങള്‍ കാത്തിരിക്കേണ്ടെ?” അവളുടെ ആ വാക്കുകള്‍ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.

കത്തുകള്‍, മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ വിളികള്‍! വിവാഹത്തിനും വളരെ മുന്‍പെ ഭാര്യാഭര്‍ത്താക്കന്മാരായ പോലെ!

കണ്‍ചിമ്മി തുറന്നതു പോലെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഭൂമിയില്‍ ഗണനാത്മകമാല്ലാത്ത ഒന്ന് സമയം മാത്രമല്ലെ!!

നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അടുത്താഴ്ച്ച നാട്ടിലേക്ക്!!! സുമയെ കാണുമ്പോള്‍?!

ശ്രീകുമാര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.

വല്ലാത്ത ഒരു പിരി മുറുക്കം…..

ശ്രീകുമാര്‍ വീണ്ടും മൊബൈലിലെ കറുത്ത അക്കങ്ങളില്‍ തന്റെ വിരലുകള്‍ ഓടിച്ചു.

അങ്ങേതലക്കല്‍ പരുപരുത്ത ശബ്ദം. സുമയുടെ അച്ഛന്‍!!

ഭാവി മരുമകന്റെ പഞ്ചാരയടി അറിയണ്ട! ഒന്നും പറയാതെ ചുവപ്പില്‍ ഞെക്കി ഫോണ്‍ പോക്കറ്റില്‍ നിക്ഷേപിച്ചു.

വിനോദിനിയോട് ദേഷ്യം തോന്നി! ഫോണ്‍ വിളിയുടെ ആദ്യ നാള്‍ മുതല്‍ സ്ഥിരം കേള്‍ക്കുന്ന നാമം. എന്നും ശകുനം മുടക്കിയേ പോലെ!

അടുത്ത ദിവസത്തെ സംഭാഷണ മദ്ധ്യേ സുമയോട് തന്റെ നീരസം അറിയിക്കാനും ശ്രീകുമാര്‍ മറന്നില്ല.

‘ഹേയ് അങ്ങനെ പറയല്ലെ….. വിനോദിനി ചേച്ചിയെ കുറിച്ച് ശ്രീയേട്ടന്‍ അറിയുമ്പോള്‍ ഈ പറഞ്ഞതിന് പശ്ചാത്തപിക്കും‘.

ഹ…ഹ ഞാനങ്ങനെയൊന്നും പശ്ചാത്തപിക്കുന്നവനല്ല മോളെ….. നീ ആ വിനോദിനി അവിടെയെങ്ങാനും ഉണ്ടോ എന്നു നോക്കിയേ?

‘എന്തിനാ? ഹും അതങ്ങ് മനസില്‍ വച്ചാല്‍ മതി… ചേച്ചി ദേ ഇവിടെ നില്‍പ്പുണ്ട്‘…. സുമ ഒരു ചിരിയോടെ ഫോണ്‍ വച്ചു.

വെറും ഒരു ശബ്ദം പുറപ്പെടുവിക്കല്‍ ആണെങ്കിലും ഫോണിലൂടെ വരുന്ന ആ ചുംബനത്തിന്റെ ആ മാസ്മരികത!

പക്ഷെ വിനോദിനി എന്ന സത്വം അതിനും വിലങ്ങുതടിയായി.

വൈകുന്നേരം ക്യാമ്പില്‍ എത്തിയപ്പോള്‍ ശ്രീകുമാറിനെ എതിരേറ്റത് സഹമുറിയന്‍ രമേശിന്റെ പരിഹാസച്ചിരി ആയിരുന്നു.

എടാ…. ആ പൊട്ടിപ്പെണ്ണിന് ഒരു പണിയുമില്ലെ… കുത്തിയിരുന്ന് ഇതെല്ലാം വലിച്ചു വാരിയെഴുതാന്‍… അല്ലെങ്കില്‍ തന്നെ ഫോണ്‍ വിളിച്ച് ഇവിടെയുള്ളവരുടെ സ്വസ്ഥത നശിപ്പിച്ചു കൊണ്ടിരിക്കുവാ…. അതിനിടയിലാ അവടെ ഒരു നീണ്ട കഥ… ഇതിനെല്ലാം കൂടി ഒരു ഇടിവെട്ടു പണി ഞാന്‍ കണ്ടു വച്ചിട്ടുണ്ട്… നിന്റെ കല്യാണം ഒന്നു കഴിഞ്ഞോട്ടെ!

അവന്‍ ഒരു കത്ത് എടുത്തു നീട്ടി..

ശ്രീകുമാറിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി. ഫ്രെം അഡ്രസ്സില്‍… ലൌവിങ്ങ് സുമ

ഹും..ഹും…. എലി പുന്നെല്ലു കണ്ട പോലെ ചെറുക്കന്റെ മുഖം മാറിയതു കണ്ടില്ലെ!!!എടാ ഇത് കുറഞ്ഞത് അന്‍പത് പേജ് കാണും നീ പകുതി തന്നിട്ടു പോയാല്‍ ഞാന്‍ വായിച്ച് അര്‍ത്ഥം പറഞ്ഞു തരാം! ഭഗവത് ഗീതയല്ലെ…. നീ പയ്യനാ…. സംസ്കൃതം വായിച്ചു മനസിലാക്കുക പ്രയാസമാവും.

രമേശിന്റെ തമാശ ആസ്വദിക്കാനുള്ള മനസായിരുന്നില്ല…. ശ്രീകുമാര്‍ കത്തുമായി ടെറസിന്റെ മുകളിലേക്ക് നടന്നു.

സുമയുടെ പതിവു ശൈലിയിലുള്ള ഒരു കത്ത്… കല്യാണ നിശ്ചയം കഴിഞ്ഞ അന്നു മുതല്‍ എഴുതി എഴുതി ഇപ്പോള്‍ പെണ്ണിന് എന്തും എഴുതാമെന്ന നിലയിലായിരിക്കുന്നു.

താനും ഒട്ടും മോശമല്ലല്ലോ… ശ്രീകുമാര്‍ പരിസരം മറന്ന് ഉച്ചത്തില്‍ ചിരിച്ചു.

പൊടുന്നനവെ കണ്ണുകള്‍ കത്തിലെ ചില വരികളില്‍ ഉടക്കി.

ശ്രീയേട്ടാ… ഇനി വിനോദിനി ചേച്ചിയെ കുറിച്ച് പറയാം…. ഇതുവരെ നമ്മുടെ സന്തൊഷകരമായ നിമിഷങ്ങളിലേക്ക് അന്യരേ വലിച്ചിഴച്ച് നമ്മുടെ സന്തോഷം കളയണ്ടാ എന്നു വിചാരത്തില്‍ മാത്രമാണ് എഴുതാതിരുന്നത്.

ശ്രീയേട്ടന്‍ കൂടെ കൂടെ വിനോദിനി ചേച്ചിയെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ മനസു വേദനിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ എഴുതാമെന്നു വിചാരിച്ചത്. വിനോദിനി ചേച്ചി അടുത്തു നില്‍ക്കുമ്പോള്‍ ഫോണില്‍ കൂടെ ഒന്നും പറയാനും കഴിയാത്തതുകൊണ്ട് ഞാന്‍ ആകെ അസ്വസ്തയായിരുന്നു ശ്രീയേട്ടാ. നമ്മുടെ തൊട്ടടുത്ത് ഒഴുകുന്ന മണിമലയാറിനു കുറുകെ ഒരു പാലം പണിയുന്ന കാര്യം ഞാന്‍ ശ്രീയേട്ടനൊട് പറഞ്ഞിരുന്നല്ലോ. വിനോദിനി ചേച്ചി അതിനു മേല്‍നോട്ടം വഹിക്കുന്ന സൈറ്റ് ഓവര്‍സിയറാണന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ.

സ്വദേശം അമ്പലപ്പുഴ. പോയി വരാന്‍ സൌകര്യം ഇല്ലാത്തതിനാല്‍ പപ്പ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചു. പാവമാണ് ശ്രീയേട്ടാ അവര്‍… ശ്രീയേട്ടന്‍ അവരെ കുറ്റപ്പെടുത്തുമ്പോള്‍ എനിക്ക് ദേഷ്യമാ വരാറ്. അമ്മയും അച്ഛനുമില്ലാത്ത അനാഥ… വളരെ ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട വിനോദിനി ചേച്ചി നാട്ടുകാരുടെ കടാക്ഷത്താലാണ് സിവില്‍ ഡിപ്ലോമാ പാസ്സായത്… 30 വയസ്സിനിടെ അനുഭവിച്ച ദുരിതങ്ങള്‍, കല്യാണം പോലും കഴിച്ചിട്ടില്ലാത്ത അവരാണ് ഇളയ രണ്ട് പെണ്‍കുട്ടികള്‍ക്ക് അത്താണി. ഇളയ കുട്ടികളെ വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നു. അവരെ ഹോസ്റ്റലിലാക്കി, സങ്കടത്തോടെ എന്നാല്‍ സന്തോഷം അഭിനയിച്ച് കഴിയുകയാണ് ചേച്ചി… അതിലൊക്കെ ഉപരി ചേച്ചിക്ക് എന്തോ കാര്യമായ അസുഖം ഉണ്ട്, അതിലും അവര്‍ വളരെ അസ്വസ്തയാണ് ശ്രീയേട്ടാ…. ഇനിയെങ്കിലും ശ്രീയേട്ടന്‍ അവരെ ഒന്നും പറയരുതെ… എനിക്ക് സഹിക്കില്ല.

ശ്രീയേട്ടാ ഇനി ഞാന്‍ കത്തെഴുതുന്നില്ല… എന്റെ ശ്രീയേട്ടനെ നേരിട്ടു കാണാന്‍ പോകുവല്ലെ…. മാസങ്ങള്‍ വളരെ വേഗം നീക്കി തന്ന ദൈവത്തോട് ഒരാഴ്ച്ച വേഗം കടന്നു പോകണെ എന്നു അപേക്ഷിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. സ്നേഹപൂര്‍വ്വം ശ്രീയേട്ടന്റെ സുമ.

ശ്രീകുമാര്‍ നെടുവീര്‍പ്പോടെ കത്തു മടക്കി. സുഖവും സന്തോഷവും മാത്രം ആഗ്രഹിക്കുന്നിടത്തേക്ക് കയറി വരുന്ന എല്ലാത്തിനേയും അപശകുനങ്ങളായി കാണുന്നവരുടെ കൂട്ടത്തിലായല്ലോ ഞാനും.

എതോ വലിയ വീട്ടിലെ പെണ്‍കുട്ടി… സമയം കളയാന്‍ കണ്ടു പിടിച്ച ഒരു ജോലി… അങ്ങനെയൊക്കെയായിരുന്നു വിനോദിനി തന്റെ മനസ്സില്‍… ശ്ശെ മോശമായി പോയി…. തന്റെ കുറ്റപ്പെടുത്തലുകള്‍ അവര്‍ എന്നെകിലും കേട്ടിരിക്കുമോ?

അറിയാതെ കണ്ണു നിറഞ്ഞുവോ? എന്തിനു വേണ്ടി… ഒരിക്കലും പശ്ചാത്തപിക്കില്ല എന്നു പറഞ്ഞ തനിക്കെന്തു പറ്റി.

എന്താടാ അണ്ടി കളഞ്ഞ അണ്ണാനെ പോലെ… അവളു എന്തെങ്കിലും കടുപ്പിച്ചെഴുതിയോ?

രമേശ് അതിനോടൊപ്പം കൂട്ടി ചേര്‍ത്തു പറഞ്ഞ പച്ച തെറി കേട്ടില്ലെന്നു നടിച്ച് ശ്രീകുമാര്‍ ഇറങ്ങി നടന്നു.

അടുത്തുള്ള മലയാളി ബൂഫിയയില്‍ നിന്ന് ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴും ശ്രീകുമാര്‍ അസ്വസ്ഥനായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ സുമയെ വിളിക്കുമ്പോള്‍ പതിവില്ലാത്ത സ്വരം പതറിയിരുന്നു.

എന്താ ശ്രീയേട്ടാ… വല്ലാതെ പനിയോ, ജലദോഷമോ വല്ലതും പിടിച്ചോ?

വിനോദിനി ചേച്ചി അടുത്തുണ്ടോ?

ഇതെന്താ ശ്രീയേട്ടാ പതിവില്ലാതെ വിനോദിനി ചേച്ചി എന്നു വിളിച്ചത്….ഇല്ല വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞോളൂ.

അല്ല…. ചേച്ചിയെ ഒന്നു വിളിക്കൂ… എനിക്കൊന്നു സംസാരിക്കണം.

അതു ശരി… ഇതുവരെ വിനോദിനി ചേച്ചിയെ ഇഷ്ടമല്ല എന്നു പറഞ്ഞ ആള്‍ക്ക് എന്തു പറ്റി… എന്റെ കത്തു കിട്ടി അല്ലെ? സന്തോഷം… ഞാന്‍ പറഞ്ഞില്ലെ ശ്രീയേട്ടാ അറിയുമ്പോള്‍ വിഷമിക്കും എന്ന്.

ചേച്ചി അപ്പുറത്ത് എവിടെയോ ആണ്… ഞാന്‍ വിളിക്കട്ടെ ഒരു നിമിഷം ഹോള്‍ഡ് ചെയ്യണെ…

വിനോദിനി ചേച്ചി…. ഇതു ശ്രീകുമാര്‍… ചേച്ചി എന്നോട് ക്ഷമിക്കുമോ, ഇതു വരെ സംസാരിക്കാന്‍ ശ്രമിക്കാതിരുന്നതിന്. ശ്രീകുമാറിന്റെ ശബ്ദം വല്ലാതെ ആര്‍ദ്രമായിരുന്നു.

ഹേയ് അതിനെന്താ… വരുമ്പോള്‍ നമ്മള്‍ കാണുകയല്ലെ. എന്റെ സുമക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ഞാന്‍. ശ്രീകുമാറിനെ പോലെ സ്നേഹമുള്ള ഒരുവനെ കിട്ടിയ അവള്‍ ഭാഗ്യവതിയാണ്. ആ ഭാഗ്യം എന്നും നിലനിര്‍ത്താന്‍ ശ്രീകുമാറിനും കഴിയട്ടെ… അതിലുപരി എനിക്ക് ഒരു കൂടപ്പിറപ്പിനെ കിട്ടുകയല്ലെ… സുമ എന്നോട് പറയാറുണ്ട്… ശ്രീ എന്റെ മനസിലും ഒരു വലിയ സ്ഥാനം നേടി കഴിഞ്ഞു… ഞാനും കാണാന്‍ കാത്തിരിക്കുകയാണ്.

നീണ്ട നെടുവീര്‍പ്പു മാത്രമായിരുന്നു ശ്രീകുമാറിനു മറുപടിയായി നല്‍കാന്‍ കഴിഞ്ഞത്…

ശ്രീ…. എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട്… സുമയോടും അച്ഛനോടും പറഞ്ഞ് അനുവാദം വാങ്ങി കഴിഞ്ഞു ഇനി ശ്രീയുടെ അനുവാദം വേണം…..

പറയൂ ചേച്ചി…..

ശ്രീ സുമയുടെ കഴുത്തില്‍ ചര്‍ത്തുന്ന താലി പിന്നില്‍ നിന്ന് കെട്ടി ഉറപ്പിക്കാന്‍… ശ്രീയുടെ സഹോദരിയുടെ സ്ഥാനത്ത്…. എന്നെ….. എനിക്കറിയാം ശ്രീക്ക് കൂടപ്പിറപ്പുകള്‍ ഇല്ലെന്ന്…. അനുവദിക്കുമൊ?

എന്തിനെന്നറിയാതെ ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു…. ഗദ്ഗദം കൊണ്ട് മുഴുപ്പിക്കാന്‍ കഴിയാതെ ഒരു മൂളലില്‍ ഒതുക്കി അവന്‍…..

നെടുമ്പാശേരിയില്‍ ഫ്ലൈറ്റിറങ്ങുമ്പോള്‍ ശ്രീകുമാറിനെ സ്വീകരിക്കാന്‍ അച്ഛനും അമ്മക്കും ഒപ്പം സുമയുടെ അച്ഛനും ഉണ്ടായിരുന്നു.

സുമയുടെ അച്ഛന്‍ വിഷാദവാനായി കാണപ്പെട്ടു….. ആദ്യമായി കാണുന്നതിന്റെ ആകാംഷയോ, സന്തോഷമൊ പങ്കിടാതെ “നമ്മുക്കൊരിടം വരെ കയറണം” എന്ന് അവ്യക്തമായി പിറുപിറുത്തു കൊണ്ട് അദ്ദേഹം കാറിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു.

അസ്വസ്ഥമായ മനസ്സിന്റെ ആകാംഷ അവസാനിപ്പിച്ച് കാര്‍ ചെന്നു നിന്നത് ഊര്‍ന്നു വീഴാറായ ഒരു കുടിലിനു മുന്നില്‍…. പുരുഷാരം…. പൊട്ടിക്കരച്ചില്‍…..

ഒന്നും മനസ്സിലാകാതെ ശ്രീകുമാര്‍ കുടിലിനകത്തേക്ക് പ്രവേശിച്ചു… അവിടെ ചാണകം മെഴുകിയ തറയില്‍ വെള്ളയില്‍ പൊതിഞ്ഞ ഒരു സ്ത്രീ രൂപം….

കണ്ണു തുറക്കൂ ചേച്ചീ…. ദേ ശ്രിയേട്ടന്‍ വന്നിരിക്കുന്നു…. കാണണണ്ടേ??!!! … അതു തന്റെ സുമയുടെ ശബ്ദമല്ലെ….. ശ്രീകുമാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു…..

ശ്രീയേട്ടാ….. വിനോദിനി ചേച്ചിയെ വിളിക്കൂ… ശ്രീയേട്ടനെ കാണാന്‍ കൊതിയോടെ കാത്തിരിക്കുവാരുന്നു…. സുമയുടെ നിലവിളി അവിടെ പ്രകമ്പനം കൊണ്ടു….

ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു… പാവം ആരോടും പറഞ്ഞില്ല…. സുമയുടെ അച്ഛന്‍ ഗദ്ഗദത്തോടെ പറഞ്ഞു…..

പ്രിയ സഹോദരി…. നിനക്കു മുന്നില്‍ എന്റെ അശ്രുപൂക്കള്‍…..

ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…. എന്തിനെന്നറിയാതെ….