ഗൃഹപീഡന പാഠം
ഏതാനും വര്‍ഷം മുന്‍പ്, നമ്മുടെ നാട്ടുകാര്‍ മൊബൈലുമായി നടക്കാത്ത നല്ല കാലം.
144 total views

ഏതാനും വര്‍ഷം മുന്‍പ്, നമ്മുടെ നാട്ടുകാര്‍ മൊബൈലുമായി നടക്കാത്ത നല്ല കാലം.
സ്ക്കൂള് അദ്ധ്യയനവര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞു. ക്ലാസ്ടീച്ചറായ ഞാന്‍ ഫസ്റ്റ് പിരീഡില്‍ എന്റെ സ്വന്തമായ എട്ടാംക്ലാസ്സില്‍ ബയോളജി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷം,,,, പെണ്‍കുട്ടികളുടെ ഭാഗത്ത് പിന്ബെഞ്ചില് ആകെ ഒരു ബഹളത്തെ തുടര്‍ന്ന് ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു,
‘ടീച്ചറെ ഇവള്‍ക്ക് വയറുവേദന, കിടന്നു കരയുകയാണ്’
ക്ലാസ്സില്‍ വളരെ സയലന്റ് ആയ, ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത, കൂട്ടത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടി ഡസ്ക്കില്‍ തലചായ്ച്ച് കിടന്ന് കരയുകയാണ്. ആളെ മനസ്സിലായപ്പോള്‍ ഒരു നിമിഷം എന്റെ ചിന്തകള്‍ പിറകോട്ട് പോയി. രണ്ട് തവണ അസുഖം വന്നപ്പോള്‍, ഇതേ പെണ്‍കുട്ടിയെ ഓട്ടോപിടിച്ച് വീട്ടിലെത്തിച്ചത് ഞാന്‍ തന്നെയായിരുന്നു; ആദ്യം വയറുവേദന, പിന്നെ തലവേദന,,,
പെണ്കുട്ടികളായാല് എന്തൊക്കെ വേദനകളാണ് അവളെ കാത്തിരിക്കുന്നത്?
ഇതിപ്പോള്‍ മൂന്നാം തവണ,,, എന്നാല്‍ ഈ കുട്ടി,,, എനിക്കാകെ സംശയം,,
ഞാന്‍ അടുത്തുപോയി അവളോട് ചോദിച്ചു,
‘നിനക്കെന്താ പറ്റിയത്? വീട്ടില്‍ പോകണോ?’
എന്റെ ചോദ്യം കെട്ടപ്പോള്‍ അവള് തലയുയര്‍ത്തി വേണമെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
‘വീട്ടില്‍ ആരാ ഉള്ളത്?’
ചോദിക്കാന്‍ കാരണം,,, മിക്കവാറും സാധാരണക്കാരായ കുട്ടികളുടെ വീടിന്റെ വാതില്‍ പകല്‍നേരത്ത് അടഞ്ഞിരിക്കും; വീട്ടിലെ മുതിര്‍ന്നവര്‍ കൂലിപ്പണിക്ക് പോകുന്നതാണ് കാരണം.
‘വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്’
‘അപ്പോള്‍ അമ്മ ജോലിക്ക് പോയിട്ടില്ലെ?’
‘ഇല്ല’
അവള് പറഞ്ഞ മറുപടി ഞാന്‍ വിശ്വസിച്ചില്ല, രണ്ട് തവണ എന്റെ മുഖത്ത്നോക്കി കള്ളം പറഞ്ഞ കുട്ടിയാണ്. ‘പിള്ളമനസ്സില്‍ കള്ളം ഇല്ല’ എന്ന പഴമൊഴി ഉണ്ടെങ്കിലും നമ്മുടെ പിള്ളമാഷ് മാത്രമല്ല, പിള്ളേരും പച്ചക്കള്ളം പറയാറുണ്ടെന്ന മുന്നറിവ് എനിക്കുണ്ട്. ആവശ്യം വന്നാല്‍ അവസരത്തിനൊത്ത് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ കളവ് പറയുകയും കള്ളം ഒളിപ്പിക്കുകയും ചെയ്യും എന്നാണ് എന്റെ അനുഭവപാഠം.
ഫ്ലാഷ് ബാക്ക്,,,
സ്ക്കൂള് തുറന്ന് ഒരുമാസം കഴിഞ്ഞപ്പോഴാണ് പുതിയതായി എട്ടാംതരത്തില്‍ ചേര്‍ന്ന പെണ്‍കുട്ടിക്ക് വയറുവേദന വന്നത്. ഞാന്‍ അടുത്തുപോയി ആശ്വസിപ്പിച്ച് കാരണം തിരക്കിയപ്പോള്‍ അവള് പറഞ്ഞത്, ‘എല്ലാമാസവും ഇതുപോലെ വയറുവേദന ഉണ്ടാവാറുണ്ട്’ എന്നായിരുന്നു. ‘നല്ല കട്ടന്‍ചായ എത്തിക്കാം, അത്കുടിച്ച് അല്പസമയം കിടക്കാന്‍ സൌകര്യം ചെയ്യാമെന്ന്’ പറഞ്ഞപ്പോള്‍ അവളുടെ കരച്ചിലിന്റെ തീവ്രത കൂടി. വീട്ടുകാരെപറ്റി തിരക്കിയപ്പോള്‍ അവള് പറഞ്ഞു,
‘ടീച്ചറെ അച്ഛന് വീട്ടിലുണ്ട്’
‘അപ്പോള്‍ അമ്മയോ? അച്ഛന് ജോലിക്ക് പോകണ്ടെ?’
‘അച്ഛന് കോയമ്പത്തൂരാണ് ജോലി, ഇപ്പോള്‍ വീട്ടില്‍ വന്നിട്ടുണ്ട്’
‘അമ്മയോ? വയറുവേദനയുമായി നീ കിടക്കുമ്പോള്‍ അമ്മ വീട്ടിലില്ലാതെ എങ്ങനെയാ?’
‘അമ്മ അടുത്ത വീട്ടിലാണ് ജോലിക്ക് പോയത്; ഉച്ചയായാല്‍ പണികഴിഞ്ഞ് വീട്ടില്‍ വരും’
‘ഓട്ടോ പോകുന്ന സ്ഥലമാണോ?’
‘വേണ്ട, ഞാന്‍ നടന്ന് പോകും’
‘അത് പറ്റില്ല, ഓട്ടോ വിളിക്കാം’
അവളുടെ പുറം തടവിക്കൊണ്ടിരിക്കെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ആ പെണ്‍കുട്ടി ഉത്തരം പറഞ്ഞു. പ്രായപൂര്‍ത്തിയായാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ഓരോന്നായി ഞാന്‍ ഓര്‍ത്തു. അതിനിടയില്‍ ഓട്ടോ വന്നപ്പോള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചശേഷം അവളുടെ വീട്ടിലേക്ക് യാത്രയായി. അസുഖമുള്ള കുട്ടികളെ വീട്ടിലെത്തിക്കുന്ന അവസരങ്ങളില്‍ അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ മാത്രമേ ഞാന്‍ മറ്റ് അദ്ധ്യാപകരുടെ സഹായം അഭ്യര്ത്ഥിക്കാറുള്ളൂ.
ആ കുട്ടിയുടെ വീട് പട്ടണത്തിലെ തെരുവില്‍ ജീവിച്ചവരുടെ പുനരധിവാസ കോളനിയാണ്; നീല ഷീറ്റുകളും, തകരവും കൊണ്ട് പൊതിഞ്ഞ കൂരകള്‍ നിറഞ്ഞ ഇടം. നമ്മുടെ ശിഷ്യസമ്പത്ത് ഇവിടെയുള്ളതിനാല്‍ എത്രയോ തവണ ഇവിടെ വന്നതാണ്. വീട്ടിനു സമീപത്തെ റോഡില്‍ ഓട്ടോ നിര്‍ത്തിയപ്പോള്‍ അവള് എന്നെ നിര്‍ബ്ബന്ധിച്ചു,
‘ടീച്ചര്‍ വരേണ്ട, ഞാന്‍ ഒറ്റക്ക് പോയ്ക്കോളും’
പാവപ്പെട്ട ആ പെണ്‍കുട്ടി, അവളുടെവീട് കണ്ട്, ദയനീയസ്ഥിതി ടീച്ചര്‍ അറിയാതിരിക്കാന്‍ പറയുന്നതായിരിക്കാം. എന്നാല്‍ അവളുടെ വാക്ക് അവഗണിച്ച്, അവളുടെ പുസ്തകസഞ്ചിയും എടുത്ത്, അവളെ മുന്നില്‍ നടത്തി ഞാന്‍ പിന്നില്‍ നടന്നു. നീലപ്ലാസ്റ്റിക്ക് ഷീറ്റ്കൊണ്ട് മറച്ച കുടിലിന്റെ മുന്നിലെത്തിയപ്പോള്‍ അവള് ‘അച്ഛാ’ എന്ന് വിളിച്ചു. ആ വിളി കേള്ക്കേണ്ടതാമസം ഒരാള്‍ വാതില്‍ തുറന്ന് പുറത്ത് വന്നു. മകളെ കണ്ടതോടെ ആ അച്ഛന് ഓടിവന്ന് കെട്ടിപ്പിടിച്ചു,,, പരിസരം മറന്ന ഒരു ആലിംഗനം. ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ‘പിതൃസ്നേഹത്തിന്റെ ആഴം അളന്നുകൊണ്ടിരുന്ന’ എന്നെ ചൂണ്ടി മകള്‍ പറഞ്ഞു, ‘അച്ഛാ, ഇതെന്റെ ടീച്ചറാ’
പെട്ടെന്ന് ആ മനുഷ്യന് പറഞ്ഞു, ‘അമ്മാ ഇവിടെയിരുക്ക്, നാന് ഇവളുടെ അച്ചന്’
‘മകള്‍ക്ക് വയറുവേദനയെന്ന് പറഞ്ഞാ ഇങ്ങോട്ട് വന്നത്, അമ്മ എവിടെ?’
‘അവള്ടെ അമ്മാ റാവിലെ വേലക്ക് പോയി’
‘അമ്മയെ വിളിക്ക്, ഇവിടെ അടുത്തല്ലെ ജോലി’
‘ഇവള്ടെ അമ്മ ദൂരെ പോയിരിക്കാ, വറാന് രാത്തിരിയാകും’
‘എന്നാല്‍ അവള്‍ക്ക് നല്ല കട്ടന്‍കാപ്പിയിട്ട് കൊടുക്ക്, വയറുവേദന മാറും,’ പിന്നെ എന്റെ ശിഷ്യയെനോക്കി പറഞ്ഞു, ‘അകത്ത് കിടന്ന് വിശ്രമിച്ചാല്‍ വേദന മാറും’
തിരികെ ഓട്ടോയില്‍ കയറി സ്ക്കൂളിലേക്ക് വന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പലതും ചിന്തിക്കാന്‍ തുടങ്ങി; ‘എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്ക്’, എന്നാലും; അമ്മയില്ലെങ്കിലും വീട്ടില്‍ സ്വന്തം പിതാവ് തന്നെയുള്ളത് ആ കുട്ടിക്ക് ആശ്വാസമേകിയിരിക്കണം. അച്ഛനെ കണ്ടപ്പോള്‍തന്നെ അവളുടെ രോഗം മാറിയത് ഞാന്‍ ശ്രദ്ധിച്ചു.
പിറ്റേദിവസം അവളെകുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്ത് ദയനീയമായ കഥകളായിരുന്നു. റോഡ് നിര്‍മ്മാണത്തിന് തമിഴ്നാട്ടില്‍ നിന്നും വന്നതാണ് അവളുടെ അച്ഛന്. അയാള്‍ക്ക് കോയമ്പത്തൂരില്‍ ഭാര്യയും മക്കളും ഉണ്ട്. നല്ല കുടുംബത്തില്‍പ്പെട്ട അവളുടെ അമ്മ, അയാളുടെ കൂടെ ഒളിച്ചോടിയപ്പോള്‍ വീട്ടുകാര്‍ ഒഴിവാക്കി. അവള്‍ക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു അനുജനുണ്ട്. ഒരു ജോലിയും ചെയ്യാത്ത അച്ഛന്, എന്നും രാത്രിയില്‍ മദ്യപിച്ച് വന്നാല്‍ അമ്മയെ അടിച്ച് പുറത്താക്കും. ഇങ്ങനെയുള്ള ഒരു വീട്ടിലെ കുട്ടിക്ക് എങ്ങനെ പഠിക്കാന്‍ കഴിയും?
,,, ഏതാണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് വീണ്ടും അസുഖം വന്നു, ‘ഇത്തവണ തലവേദന’. തലയുയര്‍ത്താതെ കരയുന്ന അവളെ വീട്ടുകാരില്ലാതെ എങ്ങനെ ഡോക്റ്ററെ കാണിക്കും? അന്നും ഓട്ടോ വിളിച്ച് ആ കുട്ടിയോടൊപ്പം ഞാനും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു; ‘ഇടയ്ക്കിടെ അസുഖം വരുന്ന കുട്ടിയെ ഡോക്റ്ററെ കാണിക്കണമെന്ന്’ രക്ഷിതാക്കളോട് പറയാനും കൂടിയാണ് അന്ന് പോയത്. എന്നാല്‍ അന്നും അവള് എന്നെ ആശ്ചര്യപ്പെടുത്തി.
വീട്ടിലെത്തി സ്വന്തം പിതാവിനെ കണ്ടതോടെ മകളുടെ രോഗമെല്ലാം പമ്പകടന്നപ്പോള്‍ എന്നില്‍ സംശയരോഗം കടന്നുവന്നു. ഏത് കാര്യത്തിലും സംശയം തോന്നുന്ന എനിക്ക് ചിന്തിക്കാന്‍ ഒന്ന്കൂടി.
എന്റെ ചിന്തകള്‍ കാട്കയറാന്‍ മാത്രം ഒരു സംഭവം ഒരാഴ്ച മുന്‍പ് ഉണ്ടായി, പി.ടി.എ. മീറ്റിംഗ്. പതിവുപോലെ അച്ഛന്മാരുടെ എണ്ണത്തെക്കാള്‍ ഇരട്ടി അമ്മമാരാണ്. നമ്മുടെ വയറുവേദനക്കാരിയുടെ അമ്മയെ കണ്ടെത്തി മകളുടെ രോഗവിവരം പറഞ്ഞപ്പോള്‍, ആ സ്ത്രീ ആശ്ചര്യപ്പെട്ടപ്പെട്ടു; അതോടെ ഞാനൊന്ന് ഞെട്ടി. ‘മകള്‍ക്ക് വയറുവേദനയും തലവേദനയും വന്ന്, ഉച്ചയ്ക്ക്മുന്‍പ് വീട്ടില്‍ വന്ന കാര്യം അമ്മ അറിഞ്ഞിട്ടില്ല’. കാരമെല്ലാം അറിഞ്ഞപ്പോള്‍ ആ അമ്മ പറഞ്ഞു,
‘ടീച്ചറേ, എന്ത്വന്നാലും എന്റെ മകളെ നേരത്തേ വീട്ടിലേക്ക് വിടരുത്. പകല്‍ എല്ലാരും പണിക്ക് പോകുന്ന നേരമാ, അന്ന് വീട്ടില്‍ അച്ഛനുള്ളത് എന്റെ മോള്‍ടെ ഭാഗ്യം’
അപ്പോള്‍ ആ വേദനകള്‍ക്ക് പിന്നില്‍ ആ വിദ്യാര്‍ത്ഥിനി എന്തോ ഒളിക്കുന്നുണ്ട്, ആകെ ഒരു ദുരൂഹത.
അതേ പെണ്‍കുട്ടിക്ക് ഇന്ന് വയറുവേദന വന്നിരിക്കുന്നു.
ഇനി,,,,,,
അവളെത്ര കരഞ്ഞാലും വീട്ടിലേക്ക് വിടുന്ന പ്രശ്നമില്ല; നേരെ ആശുപത്രിയിലേക്ക് പോകാം. ഞാന്‍ സ്ക്കൂളിലെ കായിക ആദ്ധ്യാപികയെ സമീപിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ കൂടിയതോതിലും അദ്ധ്യാപകര്‍ വലിയതോതിലും ഹെഡ്മാസ്റ്റര് ചെറിയതോതിലും ഭയപ്പെടുന്നത് നമ്മുടെ ഫിസിക്കല്‍ എഡുക്കേഷന്‍(പി.ഇ.ടി.) ടീച്ചറെയാണ്. ഇത്തരം കാര്യങ്ങള്‍ നേരെയാക്കാനുള്ള സാമര്‍ത്ഥ്യം അവരുടെ സവിശേഷതയാണ്.
ടിച്ചര്‍ ക്ലാസ്സില്വന്ന് വേദനയുള്ള പെണ്‍കുട്ടിയെ വിളിച്ച് ലബോററ്ററിയുടെ നാല് ചുമരുകള്‍ക്കിടയിലെ ഏകാന്തതയില്‍ ഇരുത്തി, അവളെ കൌണ്സിലിംഗ് നടത്തി.
രണ്ട് മണിക്കൂറിനുശേഷം നമ്മുടെ പി.ഇ.ടി. എന്നോട് പറഞ്ഞത് കേട്ട് ഞാനാകെ ഞെട്ടിത്തരിച്ചു,
‘ടീച്ചറെ ഇങ്ങനെ പോയാല്‍ പത്താംതരം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ആ പെണ്‍കുട്ടി ചിലപ്പോള്‍ ‘മെറ്റേണിറ്റി ലീവ്’ എടുക്കാനിടയുണ്ട്’
‘അത്?’
‘സ്വന്തം അച്ഛന് മകളെ പീഡിപ്പിക്കുന്നു; പല കാരണങ്ങള്‍ പറഞ്ഞ് ആ കുട്ടി വീട്ടില്‍പോകുന്നത് അവളുടെ അച്ഛനുമായി ബന്ധപ്പെടാനാണ്’
‘അത്, അവളുടെ അമ്മ,,,’
‘അവളുടെ അച്ഛന് കോയമ്പത്തൂരില്‍ ഭാര്യയും മക്കളും ഉണ്ട്, ഇവിടേയും. ഇവിടെ വന്നാല്‍ അമ്മയില്ലാത്ത നേരത്ത് സ്വന്തം അച്ഛന്വേണ്ടി അമ്മ ചെയ്യുന്നപണി മകളും ചെയ്യുന്നു. ഈ പീഡനം ഏഴാം ക്ലാസ് മുതല്‍ തുടങ്ങിയതാ’
‘അത് കുഴപ്പമല്ലെ, അവളതിന് സമ്മതിക്കാമോ?’
‘അവള് അതൊരു തെറ്റായി കാണുന്നില്ല, അച്ഛന് മാത്രം വീട്ടിലുണ്ടെങ്കില്‍ സ്ക്കൂളില്‍നിന്ന് എന്തെങ്കിലും തട്ടിപ്പ് പറഞ്ഞ് ആ പെണ്‍കുട്ടി വീട്ടിലെത്തും. അമ്മയില്‍നിന്ന് ഇക്കാര്യം ഒളിച്ചു വെച്ചിരിക്കയാണ്’
‘അപ്പോള്‍ നമ്മളെന്ത് ചെയ്യും? ഒരു കുട്ടിയുടെ അമ്മയോട് ഇക്കാര്യം പറയാന്‍ പറ്റുമോ?’
‘പറഞ്ഞാല്‍ ഒരമ്മയും വിശ്വസിക്കില്ല, അവളോട് കുറേ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. നമ്മള് ചെയ്യേണ്ടത്, അസുഖമുണ്ടെന്ന് പറഞ്ഞാല്‍ ആ കുട്ടിയെ വീട്ടിലേക്ക് വിടരുത്, പിന്നെ ഈ വക കാര്യങ്ങള്‍ മറ്റാരെയും അറിയിക്കില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ അവളെ ചോദ്യം ചെയ്യാന്‍ പോവണ്ട,,’
അപ്പോള്‍ അതാണ് കാര്യം,,,
അച്ഛനും മകളും ചേര്‍ന്നുള്ള ഒളിച്ചുകളി,,,
പുറത്ത് അറിഞ്ഞാല്‍ പത്രത്തില്‍ വരുന്ന പീഡനക്കളി
പിന്നീട്,,,
അദ്ധ്യാപകരുടെ ശ്രദ്ധയും ഒപ്പം ഭീഷണിയും ഉണ്ടായപ്പോള്‍ തലവേദനയോ വയറ്റില്‍ വേദനയോ കൂടാതെ നാല് മാസത്തോളം അവള് കൃത്യമായി സ്ക്കൂളില്‍ വന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം മുതല്‍ അവള് വരാതായപ്പോള്‍ ഞങ്ങള്‍ക്ക് ആകെ സംശയം. എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷയോടെ കായികഅദ്ധ്യാപികയും ഞാനും അവളുടെ വീട്ടില്‍പോയി അമ്മയെ കണ്ടു,,,
അമ്മക്ക് വളരെ സന്തോഷം!!! അവര്‍ പറഞ്ഞു,
‘ടീച്ചറെ എന്റെ മോള് ഇനി പഠിക്കുന്നില്ല; അവള് അച്ഛന്റെ കൂടെ കോയമ്പത്തൂരില്‍ പോയി. അവിടെ ഒരു ഏതോ ഒരു സിനിമാനടിയുടെ വീട്ടില്‍ ജോലിക്ക് ആളെ വേണംപോലും; നല്ല പണം കിട്ടും, പിന്നെ എന്റെ മോള് പഠിച്ചിട്ടെന്താവാനാ,,,ടിച്ചറ് പറ,,,’
സമൂഹത്തിന്റെ പുറംപോക്കില്‍ ജീവിക്കുന്ന ആ അമ്മക്ക് ഞങ്ങള്‍ എന്ത് ഉത്തരമാണ് നല്‍കേണ്ടത്?
145 total views, 1 views today
