പെണ്ണ് ആണിനെ ബലാൽസംഘം ചെയ്‌താൽ അത് അയാൾക്ക് ആസ്വദിക്കാനാവും എന്ന ചിന്താഗതിയിലേക്ക് സമൂഹം എത്തിച്ചേരാൻ ഉണ്ടായ കാരണമെന്താണ്?

0
1306

VipIn ChanDran

പതിനേഴ് തികയാത്ത പാൽക്കാരൻ പയ്യനെ അഞ്ചു പെൺകുട്ടികൾ ചേർന്ന് കൂട്ടബലാൽസംഘം(rape) ചെയ്തുകൊന്ന കഥ വളരെ പ്രശസ്തമാണ്. ചോക്കലേറ്റ് സിനിമയിലൂടെ നമ്മുടെ യുവാക്കൾക്കിടയിൽ ഹിറ്റായ ഈ ഡയലോഗ് സിനിമയിൽ അനൂപ് ചന്ദ്രന്റെ കഥാപാത്രം തന്റെ കൂട്ടുകാരോട് പറയുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പുള്ളീടെ ഈ കഥ കേട്ട് അദ്‌ഭുതപ്പെട്ട് അസൂയപ്പെട്ട് കൂട്ടുകാരനായ സലിം കുമാറിന്റെ കഥാപാത്രം പറയുകയാണ്, “ആണ്ടവാ… അതാണ് മരണം. നമ്മളും മരിക്കും വല്ല ചൊറിയോ ചിരങ്ങോ ഒക്കെ പിടിച്ചു.. അവന്റെ ആത്മാവിപ്പം സ്വർഗ്ഗത്തിൽക്കിടന്നു അറുമാദിക്കുവാരിക്കും” അന്ന് ഈ ഡയലോഗ് ഞാനടക്കമുള്ള യുവാക്കൾ കയ്യടിയോടെയും എവിടുന്നോ തിളച്ചുപൊന്തിയ സന്തോഷത്തോടെയും ആണ് സ്വീകരിച്ചത്. പരമാനന്തമായ സുഖത്തോടെ മരിച്ച ആ പാൽക്കാരൻ പയ്യനെ അങ്ങനെയൊരു സംഭവമുണ്ടെങ്കിൽ എങ്ങനെയിരിക്കും എന്ന് സ്വന്തം ഭാവനയിൽ കണ്ടവരുമുണ്ടാവും. ഇന്നും സോഷ്യൽ മീഡിയയിൽ പലയിടത്തായി പല ഫോർമാറ്റിൽ ഈ ഡയലോഗ് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. എന്തിന് ഈ പോസ്റ്റ് എഴുതാൻ പ്രചോദനമായത് പോലും അത്തരമൊരു മീം ആണ്.

മീം കണ്ടെന്റ്:
ബാഹുബലി: ധീരരേ എന്താണ് മരണം?
പാൽക്കാരൻ പയ്യൻ: ഞാൻ explain ചെയ്യണോ…
പിന്നീടങ്ങോട്ട് ചറപറാ ഹഹ റിയാക്ഷൻ ആണ്. ഒരുനിമിഷം എന്റെ കയ്യും ഒന്നാഞ്ഞു, ഒരു ഹഹ ഇടാൻ…. അപ്പോഴാണ് ഈ പോസ്റ്റിന്റെ ത്രെഡ് strike ചെയ്യുന്നത്.

ഇത്തരമൊരു മീമിനു താഴെ ഇക്കാലത്തുമിങ്ങനെ കുന്നുകൂടുന്ന ഹഹ റിയാക്ഷൻസിൽ നിന്നും ഈ ഡയലോഗിന്റെ ഇമ്പാക്റ്റ് ഇന്നും നമ്മുടെ സമൂഹത്തിൽ യുവാക്കൾക്കിടയിൽ എത്രത്തോളം ഉണ്ട് എന്നത് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു സംഗതിയാണ്. കേവലം നിർദ്ദോഷപരമായ ഒരു തമാശക്കപ്പുറം ഇതിൽ ഒളിഞ്ഞുകിടക്കുന്ന ഒരു സന്ദേശം ഏറെ ഭയപ്പെടുത്തുന്നതാണ്, ബലാൽസംഘം ആസ്വദിക്കപ്പെടേണ്ട ഒന്നാണ് എന്ന്. കൂടുതൽ ആഴത്തിൽ അളന്നാൽ ചെയ്യുന്നവർ സ്ത്രീകളും ചെയ്യപ്പെടുന്നവർ പുരുഷനുമാണേൽ എന്തുകൊണ്ട് അവൻ ആസ്വദിച്ചിരിക്കില്ല എന്നാണ് നമ്മുടെ യുവാക്കളുടെ കാഴ്ചപ്പാട്. പതിനേഴ് തികയാത്ത പാൽക്കാരൻ പയ്യന്റെ കഥയിൽ നിന്നും അവർ പഠിക്കുന്നതും അല്ലെങ്കിൽ ധരിച്ചുവെച്ചിരിക്കുന്നതും അതാണ്. ഒരു പ്രായം വരെയെങ്കിലും ഞാനും അങ്ങനെ ധരിച്ചിരുന്നുവെന്നത് അത്യന്തം ഖേദത്തോടെ അംഗീകരിക്കുന്നു.

പെണ്ണ് ആണിനെ ബലാൽസംഘം ചെയ്‌താൽ അത് അയാൾക്ക് ആസ്വദിക്കാനാവും എന്ന ചിന്താഗതിയിലേക്ക് അവരെത്തിച്ചേരാൻ ഉണ്ടായ കാരണമെന്താണ്?
ഒരു പരിധിവരെ നമ്മുടെ സമൂഹത്തിലെ ലൈംഗിക ദാരിദ്ര്യമാണ് അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിനുള്ള കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു. അൽപ്പം വിശദീകരിച്ചാൽ ഒരു ബലാൽസംഘം വഴിയെങ്കിലും തന്റെ ലൈംഗിക ദാരിദ്ര്യത്തിന് ഒരറുതിയുണ്ടാവാൻ അവർ ഉൾമനസ്സാലെ ആഗ്രഹിക്കുന്നു. ഇതിൽ എല്ലാ സൗഭാഗ്യങ്ങൾക്കിടയിലും വൈൽഡ് ഫാന്റസിയുമായി ജീവിക്കുന്ന മാനസിക രോഗികൾക്ക് എക്സെപ്ഷൻ. തടയാൻ ആയില്ലെങ്കിൽ ആസ്വദിക്കാൻ അടുത്തിടെ വിദ്യാസമ്പന്നയായ ഒരു പ്രമുഖ പറഞ്ഞതും ആണല്ലോ… അപ്പോപ്പിന്നെ നമ്മുടെ യുവാക്കളുടെ അവസ്ഥയെപ്പറ്റി പ്രത്യേകം പറയേണ്ടതുമില്ല.

സംസ്കാരത്തിന്റെ കാണ്ടാൻ മൃഗ തോലിനുള്ളിൽ വീർപ്പുമുട്ടുന്ന മാനുഷിക വികാരങ്ങളുമായി ജനിച്ചു ജീവിച്ചു മരിച്ച ഉയിരുകളുടെ രക്തസാക്ഷിമണ്ഡപമായ നമ്മുടെ നാട്ടിൽ ഇതൊക്കെ സർവ്വസാധാരണമായ വിഷയം. കാലങ്ങൾ എടുക്കുമായിരിക്കും ഒരുപക്ഷേ ഈ അവസ്ഥക്ക് മാറ്റങ്ങൾ ഉണ്ടാകുവാൻ. കാലങ്ങൾ എടുത്താലും മാറ്റങ്ങൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ… ഇപ്പോൾ ഈ നിമിഷം നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ആ പതിനേഴ് തികയാത്ത പാൽക്കാരൻ പയ്യന്റെ മരണം നിങ്ങളുടെ ഫാന്റസിയിലേത് പോലെ ഒട്ടും സുഖകരവും ആസ്വാദ്യപരവും ആയിരുന്നിരിക്കില്ല. കാരണം നിങ്ങളിപ്പോഴും ഒരു ഫാന്റസി വേൾഡിലാണ് ജീവിക്കുന്നത്, റിയാലിറ്റിയിലല്ല. അവിടെ സുഖത്തേക്കാളും കൂടുതൽ ദുഖവും വേദനയുമാണ്….

© വിപിൻ ചന്ദ്രൻ