ഈ പടം കൊണ്ടുണ്ടായ ഗുണം സ്ലീവാച്ചൻ പ്രേമികളായ സമൂഹത്തിലെ ബലാത്‌സംഗികളെ വെളിച്ചത്തു കൊണ്ടു വന്നു എന്നുള്ളതാണ്

0
151

വിപിൻ ചന്ദ്രൻ

കെട്ട്യോളാണ് എന്റെ മാലാഖ ഇറങ്ങിയിട്ടു ഒരു വർഷമാകുന്നു. അദ്‌ഭുതം!! എത്ര പെട്ടെന്നാണ് ദിവസങ്ങൾ കൊഴിയുന്നത്.ഒരു പടത്തിന്റെയും റിലീസ് ദിനത്തിന്റെ വാർഷികദിനം അങ്ങനെ പോസ്റ്റുകൾ ഇടുകയോ അതിന് അത്ര പ്രാധാന്യം നൽകുകയോ ചെയ്തിട്ടില്ല. ഇതും അങ്ങനെ തന്നെ പക്ഷേ ഈ പോസ്റ്റിന് പിന്നിൽ ഒരു ചേതോവികാരം ഉണ്ട്….

പോയവർഷം ഏറ്റവുമധികം കുരിശ്ശിലേറ്റപ്പെട്ട കഥാപാത്രവും സിനിമയുമാണ് സ്ലീവാച്ചനും കെട്ട്യോളാണ് എന്റെ മാലാഖയും. മരൈറ്റൽ റേപ്പിനെ നോർമലൈസ് ചെയ്തു എന്ന വാദമാണ് പല വിമർശകരും പറഞ്ഞുകേട്ടത്. ഇതുവരെയും സിനിമയിലെ ഗ്ലോറിഫിക്കേഷൻ എന്താണ് എന്ന് പൂർണ്ണമായും മനസ്സിലാകാത്ത ഒരു സമൂഹത്തിനു മുന്നിലേക്കാണ്‌ ഇവർ സ്ലീവാച്ചന്റെ മരൈറ്റൽ റേപ്പിനെ ഭംഗിയായി കുരിശ്ശിൽ ആണിയടിച്ചു കൊണ്ടുവെയ്ക്കുന്നത്.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്നുകേട്ടാൽ കണ്ണടച്ചു വെടിവെയ്ക്കുന്നവരാണ് ഭൂരിഭാഗവും. അതിനൊപ്പം നിൽക്കുന്നവർ പറയുന്നതിലെ കാര്യമോ കാരണമോ തിരക്കാതെ അവർ അടിമുടി കേറി കമന്റിട്ടുകളയും. സിനിമയെ സിനിമയായി കണ്ടാൽപ്പോരെ എന്ന വാദഗതിയാണ് ഏറ്റവും ഉയർന്നു കേൾക്കാറും. പാവം നിഷ്കളങ്കർ. യഥാർത്ഥത്തിൽ അവർ നിഷ്കളങ്കർ അല്ല, ഇരകളാണ്. നിരവധി അന്യായങ്ങളും അസമത്വങ്ങളും പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ സെറ്റപ്പുകളും കൊണ്ടു പടുത്തുയർത്തിയ ഒരു സമൂഹത്തിന്റെ ഇരകൾ.

ഇവിടെ ഞാൻ പറയാൻ പോവുന്നത് അവരെപ്പറ്റിയല്ല. ഞാനടങ്ങുന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സുകളെ പിന്താങ്ങുന്ന ഒരു സമൂഹത്തിനെ പറ്റിയാണ്. പോയവർഷത്തെ ഫേസ്‌ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഇത്തരം ആൾക്കാരിലെ ഒരു വിഭാഗത്തിന്റെ വിമർശനം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ള കഥാപാത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനും ടി സിനിമയും അതിന്റെ സംവിധായകനും. മുൻപ് പറഞ്ഞതുപോലെ, ഉയർന്നു കേട്ടത് മരൈറ്റൽ റേപ്പിനെ നോർമലൈസ് ചെയ്തു എന്ന വാദഗതിയാണ്. അതിന്റെ ചുവടുപിടിച്ചു പല കാര്യങ്ങളും ചിന്തകളും പോസ്റ്റായി വരികയും ഒട്ടും താരതമ്യപ്പെടുത്താൻ സാധിക്കാത്ത കഥാസന്ദർഭങ്ങൾ ഉള്ള മറ്റു ചലച്ചിത്രങ്ങളുമായി ടി ചിത്രത്തെ ഉപമിച്ചതായും കാണുകയുണ്ടായി. അത്തരമൊരു ലേഖനം വായിച്ചു അതിലെ വിരോധഭാസകരമായ സ്റ്റേറ്റ്മെന്റ്സ് മനസ്സിൽ ദഹിക്കാതെ കിടന്നത്തിൻ പിന്നോടിയാണ് ഈ പോസ്റ്റ് എഴുതുന്നതും.

ഒരുപാടൊന്നും കണ്ടില്ലെങ്കിലും ഒരുപിടി ചിത്രങ്ങൾ കണ്ടതിന്റെ അനുഭവത്തിൽ പറയട്ടെ കെട്ട്യോളാണ് എന്റെ മാലാഖയിൽ ഒരിടത്തും മരൈറ്റൽ റേപ്പ് എന്ന ക്രൂരകൃത്യത്തെ ന്യായീകരിച്ചോ നോർമലൈസ് ചെയ്തോ ഞാൻ കണ്ടില്ല. മരൈറ്റൽ റേപ്പിനെ എങ്ങനെ കാണണമോ അങ്ങനെ തന്നെയാണ് ചിത്രം കാണിച്ചിരിക്കുന്നതും. സ്ലീവാച്ചൻ റിൻസിയെ ബലാൽസംഗം ചെയ്യുന്നത് ചിത്രത്തിന്റെ മുഴുവൻ ഡ്യൂറേഷൻ ആയ രണ്ടുമണിക്കൂർ ഇരുപത് മിനിറ്റിൽ എവിടെയും സംവിധായകൻ ഗ്ലോറിഫൈ ചെയ്തു ഞാൻ കണ്ടില്ല. ഒരു ഭർത്താവിന് വേണേൽ ഭാര്യയെ റേപ്പ് ചെയ്തുകളയാം എന്നതരത്തിൽ ഒരു സന്ദേശം കൊടുത്തതായും ഞാൻ കണ്ടില്ല.

പിന്നെ ഞാൻ കണ്ടത് സ്ലീവാച്ചനോട് അയാൾ ചെയ്ത തെറ്റിന്റെ വലിപ്പം അയാൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന അമ്മച്ചിയേയും അയൽക്കാരനേയും സമൂഹത്തെയുമാണ്(അയാൾക്ക് ചുറ്റുമുള്ള സമൂഹം). ഭയാനകമായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇനിയും തന്നോടൊന്നു തുറന്നു സംസാരിക്കാത്ത സ്ലീവച്ചന്റെയൊപ്പം ഒരു ജീവിതം വേണ്ട എന്നു തീരുമാനിക്കുന്ന റിൻസിയുടെ മനംമാറ്റത്തിനു കാരണം പല വിമർശകരും പറഞ്ഞു കേട്ടതുപോലെ അയാളിലെ ഗവേഷക കർഷകന്റെ രാജ്യമംഗീകരിച്ച നേട്ടമായി, അതിലൂടെ പണത്തിനും പ്രശസ്തിക്കും പിന്നാലെ പോകുന്ന ഒരു ടിപ്പിക്കൽ പെണ്ണായി റിൻസിയെ ചിത്രീകരിച്ചതായും എനിക്ക് തോന്നിയില്ല. മറിച്ച് അതെല്ലാം ഓരോ സന്ദർഭങ്ങൾ ആയാണ് ഞാൻ മനസ്സിലാക്കിയത്.

അമ്മക്ക് വേണ്ടി റിൻസിയെ കെട്ടിക്കൊണ്ടു വരുമ്പോൾ മുതൽ പ്രണയമെന്തെന്നോ ലൈംഗിക ജീവിതം എന്തെന്നോ മനസ്സിലാക്കാൻ അവസരം ലഭിക്കാത്ത ഒരു തനി ഗ്രാമീണനിൽ നിന്നും അമ്മയും തന്റെ കാർഷിക ജീവിതവും മാത്രമായി സമൂഹത്തിനൊപ്പം മുന്നോട്ടുപോവുന്ന ഒരു സാധാരണ മനുഷ്യനിൽ നിന്നും സ്ലീവാച്ചന്റെ മാറ്റത്തെ റിൻസി ഉൾക്കൊള്ളുന്നത് ഇത്തരം സന്ദർഭങ്ങളിലൂടെയാണ്. ഇതിനിടയിൽ ഒരു വേർപെടൽ ആവശ്യപ്പെട്ട റിൻസിയോട് സ്ലീവാച്ചൻ താൻ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചു സംസാരിക്കുന്നുമുണ്ട്. അതിന്റെ കാരണങ്ങൾ അതീവ ദുഃഖത്തോടെ ഏറ്റുപറയുന്നുണ്ട്. തനിക്ക് റിൻസിയോടുള്ള ഇഷ്ടത്തിന്റെയും തന്റെ അറിവില്ലായ്മയുടെയും ആഴം വെളിപ്പെടുത്തുന്നുണ്ട്.

ആ ക്ഷമപറച്ചിലിൽ സ്ലീവാച്ചന് മാപ്പ് നൽകാം എന്നുതന്നെയാണ് ഞാൻ കരുതുന്നത്. റിൻസിയും സംവിധായകൻ/തിരക്കഥാകൃത്തും അതുതന്നെയാണ് ചെയ്തത്. കാരണം സ്ലീവ ഒരു സെക്ഷുവൽ പ്രഡേറ്ററോ ബലാത്സംഗത്തിൽ ലൈംഗിക സംതൃപ്തി നേടുന്ന (ഒറ്റമുറി വെളിച്ചത്തിലെ ഭർത്താവിനെപ്പോലെ) മനുഷ്യനോ സാഡിസ്റ്റോ ഒന്നുമല്ല. അയാളും ഒരു ഇരയാണ്. ലൈംഗിതയെപ്പറ്റി തുറന്നു സംസാരിക്കാത്ത പ്രണയത്തെ തെറ്റായിക്കാണുന്ന എല്ലാം അടക്കിപ്പിടിച്ചു കപട സദാചാരം വിളമ്പുന്ന വികലമായ ഒരു സോഷ്യൽ സെറ്റപ്പിന്റെ ഇര. കൃത്യമായ സമയത്തു കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സ്ലീവാക്ക് ലഭിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ അങ്ങനെയൊരു സമൂഹമായിരുന്നു നമ്മുടെയെങ്കിൽ ഇങ്ങനെയൊരു കഥാസന്ദർഭം പോലും ഉണ്ടാവുമായിരുന്നില്ല.

ചുരുക്കത്തിൽ,തിരുത്തുവാൻ സാധ്യതയും ന്യായവും ഉള്ളതിനെ അപ്പാടെ ഉപേക്ഷിക്കാതെ ഒന്നു തിരുത്തുന്നതിൽ തെറ്റില്ല എന്നു ഞാൻ കരുതുന്നു. പലപ്പോഴും വെട്ടൊന്ന് മുറിരണ്ട് എന്നരീതിയിലുള്ള സമീപനത്തേക്കാളും ഉചിതം വീണ്ടുവിചാരവും ഒരു തിരുത്തലിന് ടിയാൻ അർഹനാണെങ്കിൽ അത് നല്കുകയുമാണ് വേണ്ടത് എന്ന് ഞാൻ കരുതുന്നു, മേൽ വിവരിച്ചതുപോലെ മറുപക്ഷം സ്ലീവയെപ്പോലുള്ള ഒരാളാണ് എങ്കിൽ മാത്രം.

പിൻകുറിപ്പ്: ചിത്രത്തിൽ പറയുന്നത് പോലെ എല്ലാവരുടെയുള്ളിലും പ്രണയമുണ്ട് അതൊക്കെ ഒന്ന് പുറത്തെടുത്താൽ മതി എന്ന് വരും തലമുറയെ എങ്കിലും അതിന്റെ സമയത്തു പഠിപ്പിച്ചാൽ ഒരുപാട് റിൻസിമാരെയും സ്ലീവാച്ചൻമാരേയും നമുക്ക് രക്ഷപെടുത്താം.

**

Arv Anchal

റിൻസി പഴയ റിൻസിയല്ല സർ, കെട്ട്യോൾമാരെ മാലാഖയാക്കുന്ന ആ പരിപാടി ഇനി എട്ടായി മടക്കി പോക്കറ്റിൽ വെച്ചോളൂ

ഒരു മൃഗം തന്റെ ഇരയെ കീഴ്പെടുത്തും പോലെ സ്ലീവാച്ചൻ തന്നെ ആക്രമിച്ചയാ രാത്രിക്ക് ശേഷം റിൻസി പിന്നീട് നാളുകളോളം ഉറങ്ങിയിട്ടില്ല. ശരീരവും മനസ്സും ഒരുപോലെ മരവിച്ച് ദിവസങ്ങളോളം അവളിരുന്നു,ശരീരത്തിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയപ്പോഴും അവളുടെ മനസ്സിനേറ്റ മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടേയിരുന്നു, അസഹനീയമായ വേദനയിൽ അവൾ പല രാത്രികളിലും ഞെട്ടി എഴുന്നേറ്റു…പിന്നീട് ഓരോ തവണ സ്ലീവാച്ചനെ കാണുമ്പോഴും പന്ത്രണ്ടാം വയസ്സിൽ തന്നെ ഭിത്തിയോട് ചേർത്ത് നിർത്തി ഉടുമുണ്ടഴിച്ചു ഉദ്ധരിച്ച ലിംഗം ശരീരത്തോട് ചേർത്തുവെച്ച ഒരുവനെയും, സ്കൂളിൽ നിന്ന് മടങ്ങിവരുന്ന ഇടവഴിയിൽ വെച്ച് തന്നെ നോക്കി സ്വയംഭോഗം ചെയ്ത ഒരുവനെയുമൊക്കെ അവൾക്ക് ഓർമ്മ വന്നു.

ഇനിയുമെത്ര തവണ ശബ്ദമടക്കിപിടിച്ചും കണ്ടില്ലെന്ന് നടിച്ചും, എല്ലാം സഹിച്ചും, ജീവിക്കേണ്ടി വരുമെന്നോർത്ത് അവൾ നീറിപുകഞ്ഞു,പുകച്ചിലുകൾക്കൊടുവിൽ അവളുടെ മനസ്സിന്റെയുറപ്പ് കൂടി കൂടി വന്നു.പിറ്റേന്നാൾ പോലീസ് സ്റ്റേഷനിൽ സ്ലീവാച്ചനെതിരെ കേസ് ഫയൽ ചെയ്യപ്പെട്ടു, പരാതിക്കാരിയുടെ പേര് റിൻസി..!!പീഡനക്കേസിൽ സ്ലീവാച്ചനും,റേപ്പ് മറച്ചു വെക്കാൻ ശ്രമിച്ച കുറ്റത്തിന് ആ ഡോക്ടറും, പള്ളീലച്ചനും പ്രതിചേർക്കപ്പെട്ടു..

വിവരമറിഞെത്തിയ ബന്ധുക്കളും നാട്ടുകാരും ആ റേപ്പിസ്റ്റിന് വേണ്ടി റിൻസിയോട് തർക്കിച്ചു കൊണ്ടിരുന്നു, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങ് എന്ന തുറുപ്പ് ചീട്ട് പുറത്തെടുത്ത് ബന്ധുക്കൾ കളം നിറഞ്ഞാടി.പക്ഷേ അതിലൊന്നും വീണുപോവാത്തത്ര കരുത്ത് അപ്പോഴേക്കും റിൻസി നേടിയിരുന്നു.നിരന്തരം വേട്ടയാടപെട്ട ഒരുവളുടെ കണ്ണിൽ, ഇനി ഒരിക്കലും തോറ്റുകൊടുക്കില്ല എന്നൊരു നിശ്ചയദാർഢ്യം കാണപ്പെട്ടു, ഒരു കനലെരിയുന്ന മൗനം അവളപ്പോഴും പാലിച്ചു.സ്റ്റേഷനിൽ മൊഴി കൊടുത്ത് പുറത്തേക്ക് വന്ന അവളോട് ഒരു സമൂഹമൊന്നാകെ ചോദിച്ചു, “അതൊരു അറിവില്ലായ്മയായി കണ്ടുകൂടെ? ” എന്ന്…!!അതിന് മറുപടിയായി,

“അയാളുടെ അറിവില്ലായ്മ തീർക്കാനുള്ള ഉപകരണമാണോ എന്റെ ശരീരമെന്നും, ആ അറിവില്ലായ്മക്കിടയിൽ എന്റെ അരക്കെട്ട് തകർന്നോ ശ്വാസം മുട്ടിയോ എന്റെ ജീവൻ തന്നെ ഇല്ലാതായിരുന്നെങ്കിലോ? “എന്ന റിൻസിയുടെ ചോദ്യത്തിന് പക്ഷേ അവർക്ക് മറുപടിയില്ലായിരുന്നു..
ഉച്ചത്തിൽ മുഴങ്ങി കേട്ട,”സ്ലീവാച്ചൻ പാവാട ” വാഴ്ത്തുപാട്ടുകൾക്കിടയിൽ കൂടിയും തനിക്ക് നേരെ നീണ്ടു വരുന്ന കുറ്റപ്പെടുത്തലുകൾക്കിടയിൽ കൂടിയും റിൻസി തലയുയർത്തി തന്നെ നടന്നു നീങ്ങി.. ഇനി തനിക്കെതിരെ ഉയരുന്ന വാക്കുകൾക്ക് നേരെ കാണിക്കാൻ ഒരു നടുവിരലവൾ അപ്പോഴേക്കുമവൾ കരുതി വെച്ചിരുന്നു..റിൻസി പഴയ റിൻസിയല്ല സർ, കെട്ട്യോൾമാരെ മാലാഖയാക്കുന്ന ആ പരിപാടി ഇനി എട്ടായി മടക്കി പോക്കറ്റിൽ വെച്ചോളൂ..