ഇന്ദ്രജിത് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു . എങ്കിലും വളരെ നാളുകൾക്കു ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഈപ്പന് പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞു. സന്തോഷ് ശിവന് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന സിനിമയിലെ വട്ടു ജയൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ ഇന്ദ്രജിത്തിന്റെ റേഞ്ച് വെളിപ്പെടുത്തിയ സിനിമയായിരുന്നു. മികച്ചൊരു ഗായകന്‍കൂടിയാണ് ഇന്ദ്രജിത്ത്. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിൽ ആണ് ആദ്യം പാടിയത്. ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിലെ മഞ്ഞക്കിളിക്കൂട് ഒരു കുഞ്ഞിക്കിളിക്കൂട് എന്ന ഗാനവും ആലപിച്ചു. സഹോദരൻ പൃഥ്വിരാജ് സുകുമാരനും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും ആണ്.
ഇപ്പോൾ ശ്രദ്ധേയമാകുന്നൊരു കുറിപ്പ്, ഇന്ദ്രജിത് എന്തുകൊണ്ട് മലയാള സിനിമയിൽ സജീവമാകുന്നില്ല എന്ന് ചോദിച്ചുകൊണ്ടാണ്. പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും താരതമ്യം ചെയ്തുകൊണ്ടാണ് ചോദ്യകർത്താവ് അത്തരമൊരു ചോദ്യം ചോദിക്കുന്നത്. അഭിനയത്തിൽ ഇന്ദ്രജിത്തിനാണ് കഴിവെങ്കിലും ബിസിനസിലും മാർക്കറ്റിങ്ങിലും ഉള്ള കഴിവാണ് പൃഥ്വിരാജിന് മലയാളത്തിൽ ഒരു അനിഷേധ്യ സ്ഥാനം ഉണ്ടാക്കിയതെന്ന് Vipin David കുറിപ്പിൽ പറയുന്നുണ്ട്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
എന്താ ഭായ് ഇങ്ങള് ഇങ്ങനെ ?
Vipin David
ഇന്ദ്രജിത്തിന് കുറച്ചു വര്‍ഷങ്ങളായി മികച്ച സിനിമയും, കഥാപാത്രങ്ങളും ഇല്ലാതെ പോകുന്നത് കഷ്ടം തന്നെയാണ് .നിലവിൽ ഉള്ള ആളുകളിൽ മികച്ച കാലിബർ ഉള്ള നടൻ എന്നിട്ടും അവസരമില്ല. അല്ലെങ്കിൽ അതിന് അയാൾ ആരുടെയും മുന്നിൽ അവസരം ചോദിച്ചു പോകുന്നില്ല,അങ്ങനെ വേണം കരുതാൻ.
അനിയൻ ആണെങ്കിൽ ബീലോ ആവറേജ് നടൻ ആയിട്ട് പോലും (അമേചർ നാടകം ആണ് മിക്കവാറും, നാടകത്തെ കുറച്ചു കാണുന്നത് അല്ല, സിനിമ നടനം രണ്ടു പേജ് ഡയലോഗ് കാണാപാഠം പഠിച്ചു, ഒരു ഭാവവുമില്ലാതെ ചുമ്മാ വള വള അവതരിപ്പിക്കുന്നത് അല്ലല്ലോ )സ്വയം തള്ളി മറിച്ചും, എടുത്ത പൊങ്ങാത്ത റോളും ചെയ്തു പൂണ്ടു വിളയുന്നു. നല്ല ബിസിനസ് മൈൻഡ്, ബുദ്ധിയും അതാണ് അനിയന്റെ പുളപ്പിന് കാരണം.മലയാള സിനിമയിൽ അയാൾ അനിഷേധ്യ സ്ഥാനവും ഉണ്ടാക്കി കഴിഞ്ഞു.
വാസ്തവം തന്നെ.അതിൽ തർക്കമില്ല. തർക്കം ഇത്രയും വർഷങ്ങൾക്കു സിനിമകൾ കഴിഞ്ഞിട്ടും സ്വന്തം നടനം മെച്ചപ്പെടുത്തി എടുക്കാനുള്ള ആഗ്രഹം ഇല്ലല്ലോ എന്ന് ഓർത്ത് പറഞ്ഞു പോകുന്നത് ആണ്. രാജുവിന്റെ കൂടെ വന്ന, ചക്കോച്ചനും, ജയനും, എല്ലാം എത്ര മാത്രം തങ്ങളുടെ നടനത്തെ കൊണ്ട് ഇപ്പോൾ നിർത്തിയെന്ന് ഓർക്കുമ്പോൾ പറഞ്ഞു പോകുന്നത് ആണ്. ഇതു ഇങ്ങൾക്ക് പറ്റിയ പരിപാടിയല്ലെന്ന് തോന്നി പോകുന്നു.
ഇന്ദ്രൻ സിനിമകൾ തുടർച്ചയായി ചെയ്യണം എന്നാണ് അയാളിലെ നടനെ ഒരുപാട് ഇഷ്ടമുള്ളത് ഒരാൾ എന്ന നിലയിൽ പറയാനുള്ളത്. ഇയാള്‍ കേറി വായോ..നിങ്ങളുടെ ഉശിരുള്ള നടനം കാണാൻ ഇവിടെ ആളുകൾ ഉണ്ട്. എല്ലാത്തിലും നായകൻ പരിപാടി മാത്രം ചെയ്യുന്ന് വല്ല വാശി ഉണ്ടെങ്കിൽ ഒന്നും പറയാൻ ഇല്ല.
വട്ട് ജയനും, ഇപ്പൻ പാപ്പച്ചിയും, ബാലു ദാമോദറും, കൊമ്പൻ കുമാരനും, പയസും, ടോമിച്ചനും, അൻവറും, വിഷ്ണുവും,സ്വർണവേലും,ഫാദർ വിൻസെന്റ് വട്ടോളിയും, ഒന്നും അനിയൻ വിചാരിച്ചാൽ, അല്ലെങ്കിൽ മുക്കിയാൽ ഒക്കില്ല, അത് ഇന്ദ്രന്റെ റേഞ്ച് ആണ്.. മികച്ച കഥാപാത്രങ്ങളുമായി തിരിച്ചു വരണം മിസ്റ്റർ ഇന്ദ്രൻ.. ഓവർ കോൺഫിഡൻസ്, നടനം ബോധമില്ലായിമയും കൊണ്ട് തന്നെ ചിലർ ഇവിടെ പുളയുന്നത് കാണുന്നില്ലെ. തിരിച്ചു വരണം.
**
മേല്പറഞ്ഞ പോസ്റ്റിനു Sunil Waynz എന്ന സിനിമാ നിരൂപകൻ നൽകിയ മറുപടിയും പ്രസക്തമാണ്
ഇന്ദ്രജിത്ത് നല്ല നടൻ തന്നെയാണ്.പൃഥ്വിയെ അപേക്ഷിച്ച് കോമഡി ഉൾപ്പെടെയുള്ള Areaയിൽ വ്യക്തമായ മേൽക്കോയ്മ അവകാശപ്പെടാനുമുണ്ട്..പക്ഷേ സോളോ ഹീറോ ആയി അഭിനയിച്ച് ഒറ്റക്കൊരു സിനിമ വിജയിക്കാനുള്ള പൊട്ടൻഷ്യൽ ആൾക്ക് അന്നുമില്ല,ഇന്നുമില്ല..ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതും സാമ്പത്തികപരാജയങ്ങളായവയോ ശ്രദ്ധിക്കപ്പെടാതെ പോയവയോ ആണ്..സൂര്യകിരീടം,ഹാർട്ട്ബീറ്റ്സ്,കാഞ്ചി,നായകൻ,മുല്ലമൊട്ടും മുന്തിരിച്ചാറും,മസാല റിപ്ലബ്ലിക്,നാക്കുപെന്റ നാക്കുടാക്ക,നായകൻ,ഒരുവൻ,കോളേജ് ഡേയ്സ്,മലബാർ വെഡ്ഡിങ്,എയ്ഞ്ചൽസ് തൊട്ട് ഏറ്റവുമൊടുവിൽ വന്ന താക്കോലും ആഹായും വരെ ഉദാഹരണങ്ങൾ.പുള്ളിയുടെ ഹിറ്റുകൾ എന്ന് പറയുന്നത് മിക്കതും മൾട്ടിസ്റ്റാർ സിനിമകൾ ആണെന്നതും കാണാം..ക്ലാസ്മേറ്റ്സ്,എൽസമ്മ,അമർ അക്ബർ,ഹാപ്പി ഹസ്ബൻഡ്സ്..ഇങ്ങനെ കുറേ സിനിമകൾ
അതായത് നായകനേക്കാൾ സൈഡ് റോളിൽ പോകുന്നത് പുള്ളിയെ സംബന്ധിച്ച് ഏറ്റവും Safeഉം Comfortഉം..പ്രേക്ഷകർക്കും അത് തന്നെയാണ് ഇഷ്ടമെന്നും തോന്നുന്നു..സോളോ ഹീറോ ആയി അഭിനയിച്ച് ഹിറ്റുകൾ അധികമില്ല,അതേ സമയം സൈഡ് റോളിൽ അഭിനയിച്ചപ്പോഴും ഒന്നിൽ കൂടുതൽ നായകന്മാരുള്ള സിനിമകളിൽ അഭിനയിച്ചപ്പോൾ ഹിറ്റുകൾ ഉണ്ട് താനും
പിന്നെ പോസ്റ്റ് വായിച്ചപ്പോൾ ഫീൽ ചെയ്യുന്ന പ്രധാനകാര്യം പൃഥ്വിയോടുള്ള താങ്കളുടെ അന്ധമായ നീരസമാണ്.(എഴുത്തിൽ അങ്ങനെ മനപ്പൂർവ്വം താങ്കൾ ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല,പക്ഷേ അങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തത്) ഇന്ദ്രജിത്തിനെ അപേക്ഷിച്ച് പൃഥ്വിരാജിന്റെ കരിയർ വെൽ പ്ലാൻഡ് ആണ്,പക്കാ പ്രൊഫഷണൽ ആണ്..ഇന്ദ്രജിത്തിന്റെ കരിയർ പക്ഷേ അങ്ങനെയല്ല.നായകനായി ലഭിച്ച സിനിമകളിൽ മിക്കതിന്റെയും തിരക്കഥ ദുർബലമായിരുന്നു,അത് കൊണ്ട് തന്നെ നായകനിരയിൽ ശോഭിക്കാൻ സാധിച്ചില്ല..അപൂർവം നല്ല സിനിമകൾ ലഭിച്ചെങ്കിലും അവയൊന്നും Commercialy Successfulഉം ആയില്ല..പൃഥ്വിരാജ് ഇന്നെത്തി നിൽക്കുന്ന പൊസിഷൻ,ടാലൻ്റിനെക്കാൾ ഹാർഡ് വർക്ക് കൊണ്ട് അയാൾ നേടി എടുത്തതാണ് എന്നാണ് എന്റെ നിഗമനം..ഏത് ഇൻഡസ്ട്രിയും ആയിക്കോട്ടെ,നല്ലൊരു നടൻ എപ്പോഴും നല്ലൊരു താരം ആകണം എന്നില്ലല്ലോ..ഇന്ദ്രജിത്തിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്/സംഭവിച്ചു കൊണ്ടിരിക്കുന്നത്
പിന്നെ ഇന്ദ്രജിത്തിന് അവസരങ്ങൾക്ക് അങ്ങനെ ക്ഷാമം ഉണ്ടെന്നൊന്നും തോന്നുന്നില്ല..സൈഡ് റോൾ ആണേലും മൂപ്പർക്ക് അത്യാവശ്യം സിനിമകളൊക്കെ ഇപ്പോഴും കയ്യിലുണ്ട്..റാം,തുറമുഖം,,വേട്ടക്കൊരു മകൻ,അനുരാധ Crime നമ്പർ 69,എമ്പുരാൻ,ഇതിഹാസ 2,കുഞ്ഞമണീസ് ഹോസ്പിറ്റൽ,മോഹൻദാസ്,നെറ്റ്ഫ്ലിക്സ് അന്തോളജി ഫിലിം,നരകാസുരൻ,..ഇങ്ങനെ ഏതാണ്ട് 10ഓളം സിനിമകൾ പുള്ളിയുടേതായി വരാനിരിക്കുന്നുണ്ട്..ഇന്ദ്രജിത്തിന്റെ സമകാലികരായി വന്ന പലരും കളം വിട്ടു,പലരും ഇൻഡസ്ട്രിയിൽ നിന്ന് തന്നെ നിഷ്കാസിതരായി..അങ്ങനെ നോക്കുമ്പോൾ സിനിമയിൽ അരങ്ങേറി 2 പതിറ്റാണ്ടിന് ഇപ്പുറവും ഇൻഡ്രസ്ട്രിയിൽ അത്യാവശ്യം സിനിമകളുമായി ആക്റ്റീവ് ആയി നിലനിൽക്കുന്നത് തന്നെ പുള്ളിയെ സംബന്ധിച്ച് വലിയ കാര്യമല്ലേ
One Response
‘നായകൻ’ ഒന്ന് കണ്ടു നോക്ക്..