‘നായര്‍സാന്‍’ – ജപ്പാനിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്പോരാളി

693

Vipin Kumar എഴുതുന്നു 

‘നായര്‍സാന്‍’ – ജപ്പാനിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്പോരാളി

നായര്‍സാനെ ജപ്പാന്‍ ആഘോഷിച്ചതുപോലെ മറ്റൊരു മലയാളിയെയും ഒരു വിദേശരാജ്യം ആഘോഷിച്ചിട്ടുണ്ടാവില്ല. ആധുനിക ജപ്പാന്‍റെ ശില്‌പികളില്‍ ഒരാളെന്ന്‌ പോലും വിശേഷിപ്പിക്കപ്പെടുന്ന മലയാളി ആയിരുന്നു നായര്‍സാന്‍ എന്ന്‌ വിളിപ്പേരുള്ള അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍. ജപ്പാനില്‍ സ്ഥിരതാമസമാക്കിയ എ എം നായരെ അവിടെത്തെ തൊഴിലാളികള്‍ ആദരപൂര്‍വ്വം വിളിച്ചിരുന്ന പേരാണ് ‘നായര്‍സാന്‍’. ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്പോരാളി മുതല്‍ ജാപ്പനീസ് വ്യവസായപ്രമുഖന്‍ വരെയായ ഒരു അസാധാരണ മനുഷ്യന്റെ ഐതിഹാസിക ജീവിതത്തെക്കുറിച്ചൊരു കുറിപ്പ്.


Vipin Kumar

1905ല്‍ പഴയ തിരുവിതാം കൂറില്‍ നെയ്യാറ്റിന്‍ കരയിലെ ഒരു സമ്പന്നകുടുംബത്തില്‍ ലക്ഷ്മിയമ്മയുടെയും അരവുമുദഅയ്യങ്കാറിന്റെയും മകനായി ജനനം. തിരുവനന്തപുരം മോഡല്‍ സ്കൂളിലും പിന്നീട് വഞ്ചിയൂര്‍ ശ്രീമൂലവിലാസം സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. 1920കളില്‍ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് എ എം നായര്‍ ആകര്‍ഷിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്തിയതിനാല്‍ ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയായി. മകനെ പ്രശ്നങ്ങളില്‍നിന്ന് കരകയറ്റാന്‍ നാട്ടില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പിതാവ് തീരുമാനിച്ചു. പിതാവിന്റെ നിര്‍ബന്ധപ്രകാരം സപ്പാരോ സര്‍വകലാശാലയില്‍നിന്ന് ഫിഷറീസ് ബിരുദം പൂര്‍ത്തിയാക്കിയ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് എ എം നായരും ഉപരിപഠനത്തിനായി ജപ്പാനിലേക്ക് കപ്പല്‍ കയറി. ക്യോട്ടോ സര്‍വകലാശാലയില്‍നിന്ന് സിവില്‍ എഞിനീയറിങിലായിരുന്നു എ എം നായരുടെ ബിരുദപഠനം.

ജപ്പാനിലെ പഠനജീവിതത്തിനിടയില്‍ അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിപ്ലവകാരി റാഷ് ബിഹാരി ബോസുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി. 1915ൽ വൈസ്രോയ് ഹാർഡിങ് പ്രഭുവിനെതിരേ നടത്തിയ വധശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് ബോസ് ജപ്പാനിലേക്ക് കടന്നത്. ജപ്പാനിലെ തീവ്രവലതുപക്ഷമായിരുന്ന ബ്ലാക്ക് ഡ്രാഗണ്‍ സൊസൈറ്റിയുടെ നേതാവായിരുന്ന മിത്സുരു തൊയാമയുടെ കൊട്ടാരത്തിലാണ് ബോസിന് അഭയം ലഭിച്ചത്. മിത്സുരു തൊയാമ വഴി ബോസ് പാന്‍-ഏഷ്യാ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന ഐസോ സോമയെ പരിചയപ്പെട്ടു. സോമ സ്ഥാപിച്ച നകാമുറയയിലെ ബേക്കറി ജപ്പാനിലെ രാഷ്ട്രീയപ്രമുഖരുടെ രഹസ്യസംഗമസ്ഥാനമായിരുന്നു. ബോസ് ജപ്പാനീസ് ഭാഷ പഠിക്കുകയും സോമയുടെ മകളെ വിവാഹം ചെയ്യുകയും ചെയ്തു. ബോസിന്റെ ഇന്ത്യന്‍ മസാലകറികള്‍ ജപ്പാനില്‍ തരംഗമായി.

ഇന്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി ജാപ്പനീസ് പിന്തുണ ലഭിക്കുന്നതിനും വേണ്ടി റാഷ് ബിഹാരി ബോസ് രൂപീകരിച്ച സംഘടനയായിരുന്നു ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്. ഈ ഉദ്യമത്തില്‍ റാഷ് ബിഹാരി ബോസിനൊപ്പം പ്രവര്‍ത്തിച്ചത് പ്രധാനമായും രണ്ടു മലയാളികളായിരുന്നു. എ എം നായരും പത്രപ്രവര്‍ത്തകനായിരുന്ന എം ശിവറാമും.

എ എം നായര്‍ താമസിയാതെ ജപ്പാനീസ് ഭാഷാപ്രാവീണ്യം നേടിയെടുത്തു. 1932ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. അതിനുശേഷം ബ്രിട്ടീഷ് വിരുദ്ധപ്രസ്ഥാനത്തില്‍ സജീവമായി. ജപ്പാനിലുടനീളം പര്യടനം നടത്തി പ്രസംഗങ്ങള്‍ നടത്തുകയും പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്തു. ഇക്കാലയളവില്‍ ജപ്പാനീസ് ഉദ്യോഗവൃന്ദത്തിലെയും മിലിട്ടറിയിലെയും അധികാരികളുമായി മികച്ച ബാന്ധവം വളര്‍ത്തിയെടുത്തു.

പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങാന്‍ എ എം നായര്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ അദ്ദേഹം എല്ലായ്പ്പോഴും ബ്രിട്ടീഷ് നിരീക്ഷണത്തിലായിരുന്നു. തിരികെ വന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ഉദ്ദേശ്യമുണ്ടെന്ന് തിരുവിതാംകൂര്‍ ഉദ്യോഗസ്ഥവൃത്തങ്ങളില്‍ നിന്നറിഞ്ഞത് ജപ്പാനില്‍ തുടരാന്‍ പ്രേരിപ്പിച്ചു. സര്‍ സിപിയുടെ ഉപദേശപ്രകാരം നായരുടെ കുടുംബം മരണാനന്തരക്രിയ നടത്തി സ്വത്ത് ഭാഗം വെച്ചു. താത്കാലികമായി അങ്ങനെ ജന്മനാടുമായുള്ള ബന്ധം മുറിഞ്ഞു. ജന്മനാടിന്റെ സ്വാതന്ത്ര്യം മാത്രം മനസ്സില്‍ കരുതിയിരുന്ന എ എം നായര്‍, ലോകത്തിന്റെ ഒരു വിദൂരകോണില്‍നിന്ന് തന്റെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ശക്തമായി തുടരാൻ തീരുമാനിച്ചു.

ധാതുക്കളുടെയും കല്‍ക്കരിയുടെയും ശേഖരംകൊണ്ട് അനുഗ്രഹീതമായിരുന്നു വടക്കുകിഴക്കന്‍ ചൈനയിലെ മഞ്ചൂരിയ. സോയ, ബാര്‍ലി ഉല്പാദനത്തിന് അനുയോജ്യമായ ഭൂമി. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ജപ്പാനെ സംബന്ധിച്ചിടത്തോളം മഞ്ചൂരിയ അസംസ്കൃതവസ്തുക്കളുടെ അവശ്യസ്രോതസ്സായിരുന്നു. സ്വയമൊരു സാമ്രാജ്യശക്തിയാകാന്‍ ശ്രമിച്ചിരുന്ന ജപ്പാന്റെ യുദ്ധാവശ്യങ്ങള്‍ക്ക് അത് ആവശ്യമാണ്. 1931ല്‍ ജപ്പാന്‍ നിയന്ത്രണത്തിലായിരുന്ന തെക്കന്‍ മഞ്ചൂരിയന്‍ റയില്‍ലൈനില്‍ ഒരു സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന്, ചൈനീസ് ഗൂഢാലോചന ആരോപിച്ച് ജപ്പാന്‍ മഞ്ചൂരിയ പിടിച്ചെടുക്കുകയും പാവസര്‍ക്കാര്‍ ആയ മഞ്ചുക്വോയെ ഭരണമേല്പിക്കുകയും ചെയ്തു. മഞ്ചുക്വോ ഭരണകൂടത്തിലെ പ്രധാനിയും സുഹൃത്തുമായ നഗാവോയെ സഹായിക്കാന്‍ ഈ സമയത്താണ് നായർ മഞ്ചൂരിയയിലേക്ക് കടക്കുന്നത്.

മഞ്ചൂരിയയില്‍ ബ്രിട്ടീഷ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ എ എം നായര്‍ തീരുമാനിച്ചു. സിന്ധികളും തമിഴരും ഉള്‍പ്പെടെ 20തോളം ഇന്ത്യൻ കുടുംബങ്ങൾ മാത്രമേ മഞ്ചൂരിയയില് ഉണ്ടായിരുന്നുള്ളൂ . നായർ ഡെയ്‌റനിൽ ഏഷ്യൻ കോൺഫറൻസ് സംഘടിപ്പിക്കുകയും പിന്നീട് ഭരണസിരാകേന്ദ്രമായ സിങ്കിംഗില്‍ തങ്ങുകയും മംഗോളിയൻ ഭാഷ സ്വായത്തമാക്കുകയും ചെയ്തു.

തെക്കന്‍ ടിബറ്റിൽനിന്നും വടക്കുപടിഞ്ഞാറൻ അലാഷാന്‍ മലനിരകളില്‍നിന്നും കമ്പിളി വ്യാപാരത്തിനായി നിരവധി സാര്‍ത്ഥവാഹക സംഘങ്ങള്‍ സില്‍ക് റോഡ് വഴി ടിയാൻസിൻ തുറമുഖത്ത് എത്തിയിരുന്നു. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് കമ്പിളി പിന്നീട് മാഞ്ചസ്റ്ററിലേയും ലങ്കാഷെയറിലേയും മില്ലുകളിലേക്കാണ് പോകുന്നതെന്ന് നായര്‍ മനസ്സിലാക്കി. ഇന്ത്യയിൽ നടന്നിരുന്ന വിദേശവസ്ത്ര ബഹിഷ്കരണ സമരങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ബ്രിട്ടന്റെ കമ്പിളി വ്യാപാരക്കുത്തക കഴിയുന്നിടത്തോളം അട്ടിമറിക്കുക എന്നതായി നായരുടെ അടുത്ത ലക്ഷ്യം.

ഇതിനായി ആദ്യം സുനിത് ആസ്ഥാനമായുള്ള മംഗോളിയന്‍ രാജകുമാരന്‍ തെഹ് വാങുമായി ചങ്ങാത്തം കൂടുകയും അദ്ദേഹത്തെ സാഹചര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ജപ്പാന്‍പക്ഷത്താക്കുകയും ചെയ്തു. തെഹ് വാങില്‍നിന്നു കിട്ടിയ ശുപാര്‍ശക്കത്തുകളുമായി നായര്‍ പടിഞ്ഞാറ് ഉജിനോവിലേക്കും അവിടെനിന്ന് ഗോബിമരുഭൂമിയിലെ അലാഷാന്‍ മലനിരകളിലേക്ക് യാത്രതിരിച്ചു. ഒട്ടകപ്പുറത്ത് ഒരു ടിബറ്റന്‍ ലാമയായി വേഷപ്പകര്‍ച്ച നടത്തിയായിരുന്നു യാത്ര. വഴിമധ്യേ കച്ചവടക്കാരെയും മറ്റും സന്ദര്‍ശിച്ച് കമ്പിളിവ്യാപാരത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിച്ചു.

ഉജിനോവിലേക്ക് മടങ്ങിയ നായര്‍ അവിടെനിന്ന് ഉയ്ഘര്‍ മുസ്ലീം മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിലേക്ക് പുറപ്പെട്ടു. അതിനിടയില്‍ കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ കയ്യിലുണ്ടായിരുന്ന കാശും നഷ്ടപ്പെട്ടു. നാലാഴ്ചത്തേക്ക് പദ്ധതിയിട്ട പര്യടനം ആറുമാസത്തോളം നീണ്ടു. മഞ്ചുക്വോയിലെ ജപ്പാനീസ് സുഹൃത്തുക്കള്‍ അദ്ദേഹം മരിച്ചതാകാമെന്നു കരുതി മരണാനന്തരക്രിയകളും പൂര്‍ത്തിയാക്കി. തിരിച്ചുവന്ന നായര്‍ താടിയും മുടിയും നീണ്ടുവളര്‍ന്ന് രൂപമാകെ മാറിയിരുന്നു. അതു താന്‍ തന്നെയെന്ന് സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ നന്നെ പ്രയാസപ്പെട്ടു. സുരക്ഷിതനായി തിരിച്ചെത്തിയ നായരുടെ പുനര്‍ജന്മം അവര്‍ ആവേശപൂര്‍വം ആഘോഷിച്ചു.

ആ യാത്രയിലാണ് കമ്പിളിക്കച്ചവടം നിയന്ത്രിച്ചിരുന്ന നിരവധി മുസ്ലീം ഗോത്രവ്യാപാരികളുടെ സാന്നിധ്യം നായര്‍ കണ്ടെത്തുന്നത്. അവര്‍ കമ്പിളി സംഭരിക്കുകയും ബാര്‍ട്ടര്‍ വ്യവസ്ഥയില്‍ ധാന്യങ്ങള്‍, പരുത്തിത്തുണി, പുകയില തുടങ്ങിയവയ്ക്കായി മറിച്ചുവില്‍ക്കുകയും ചെയ്യും. നായര്‍ ജപ്പാനീസ് അധികാരികളെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും പദ്ധതിക്ക് എല്ലാവിധ പിന്തുണയും ധനസഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വ്യാപാരസംഘങ്ങള്‍ ഒരുമിക്കുന്ന പാവോ-ടാവോ എന്ന സ്ഥലത്ത് വെച്ച് എല്ലാ കമ്പിളികളും വാങ്ങാന്‍ ജപ്പാനീസ് മില്ലുകളെ ചുമതലപ്പെടുത്തി. എങ്കിലും പുതിയ ഉപഭോക്താക്കള്‍ക്ക് ചരക്ക് വഴിതിരിച്ചുവിടാന്‍ വ്യാപാരികളെ ആദ്യം ബോധ്യപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി മറ്റൊരു ആള്‍മാറാട്ടം നടത്താന്‍ നായര്‍ തീരുമാനിച്ചു.

ഇത്തവണ ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍നിന്നുള്ള മുസ്ലീം പുരോഹിതനായി അദ്ദേഹം വേഷം മാറി. ജപ്പാനീസ് സൈന്യത്തിലെ ഒരു മുസ്ലീം ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഖുറാനിലും ഇസ്ലാമിക ആചാരങ്ങളിലും അവഗാഹം നേടി. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരോഗ്യകാരണങ്ങളാല്‍ വേണ്ടിവന്ന പരിച്ഛേദനയും തുണയായി. പാവോ-ടാവോയിലേക്ക് പുറപ്പെട്ട അദ്ദേഹം മുസ്ലീം കമ്പിളി വ്യാപാരികളുടെ സംഘടന രൂപീകരിക്കാന്‍ പ്രയത്നിക്കുകയും ബ്രിട്ടീഷുകാര്‍ക്ക് പകരം ജപ്പാന്‍ കാര്‍ അതേ വിലയ്ക്ക് കമ്പിളി വാങ്ങാന്‍ തയ്യാറാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. നായരുടെ ഇടപെടലുകള്‍ക്കു ശേഷം മംഗോളിയയില്‍നിന്ന് ടിയാൻസിൻ തുറമുഖത്തേക്കുള്ള കമ്പിളിവരവ് നിലച്ച മട്ടിലായി. 1938ല്‍ സിങ്കിംഗിലേക്ക് മടങ്ങിയ നായര്‍ക്ക് ജാപ്പനീസ് സൈനിക-രഹസ്യാന്വേഷണ വിഭാഗത്തില്‍ ലഫ്. കേണലിനു തുല്യമായ റാങ്ക് നല്‍കി ആദരിച്ചു.

1938ല്‍ നായര്‍ വിവാഹിതനായി. ജാപ്പനീസ് യുവതി ഇകു അസാമി ആയിരുന്നു വധു. പിന്നീട് ജാനകി എന്നു പേരു മാറ്റി. ശേഷം മഞ്ചൂരിയയില്‍ തിരിച്ചെത്തിയ നായര്‍, അവിടെ അഡ്മിനിസ്റ്റ്രേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി നിയമിക്കപ്പെട്ടു. 1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ജപ്പാന്‍ നിയന്ത്രണത്തിലുള്ള മഞ്ചൂരിയയിലും കൊറിയയിലും കാര്യങ്ങള്‍ അത്ര പന്തിയല്ലാതായി. അതിര്‍ത്തികള്‍ സോവിയറ്റ് അക്രമണഭീഷണിയുടെ നിഴലിലായി. ഇതിനെ മറികടക്കുന്നതിനായി, സന്നദ്ധരായ കൊറിയന്‍ യുവാക്കള്‍ക്ക് ബൊര്യാകു എന്ന് വിളിക്കപ്പെട്ട സ്കൂളുകളില്‍ ചാരവൃത്തി പരിശീലനം നല്‍കി. നായര്‍ അതിന്റെ അധ്യാപകരില്‍ ഒരാളായിരുന്നു. ഞ്ചൂരിയയിലെ നായരുടെ അവസാന ദൗത്യം അതിര്‍തിയിലെ റഷ്യന്‍ സമൂഹത്തിനിടയില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു. റഷ്യക്കാരുമായി വോഡ്ക സദസ്സുകള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനെക്കുറിച്ച് വളരെ രസകരമായ ഒറൂ വിവരണം അദ്ദേഹം ആത്മകഥയില്‍ നല്‍കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച് അധികം താമസിയാതെ ജപ്പാന്‍ സിംഗപ്പൂരും മലയയും ബര്‍മയും പിടിച്ചെടുത്തു. ടോക്കിയോവില്‍ മടങ്ങിയെത്തിയ നായര്‍ തന്റെ സ്വാധീനമുപയോഗിച്ച് ജപ്പാന്‍ പിടികൂടിയ ഇന്ത്യന്‍ യുദ്ധത്തടവുകാരെ ക്രൂരമായ ശിക്ഷാമുറകളില്‍നിന്ന് മോചിപ്പിച്ചു. ജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ യുദ്ധത്തടവുകാരെയും സന്നദ്ധരായ പ്രവാസി ഇന്ത്യക്കാരെയും ചേര്‍ത്ത് റാഷ് ബിഹാരി ബോസ് 1942ല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക് രൂപം നല്‍കി. നായര്‍ ഐഎന്‍എയുടെ റേഡിയോ പ്രക്ഷേപണ ചുമതല ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായ റാഷ് ബിഹാരി ബോസ് ജര്‍മനിയില്‍നിന്ന് ജപ്പാനിലെത്തിയ സുഭാഷ് ചന്ദ്ര ബോസിന് ബാറ്റണ്‍ കൈമാറി. സുഭാഷ് ചന്ദ്ര ബോസിന്റെ രംഗപ്രവേശം ഐഎന്‍എ ഭടന്മാരില്‍ ആവേശമുണര്‍ത്തി. നായര്‍ ജപ്പാനിലുടനീളം നേതാജിക്കൊപ്പം ദ്വിഭാഷിയായി സഞ്ചരിച്ചു.

സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഐഎന്‍ എ നടത്തിയ ദില്ലി ചലോ മാര്‍ച്ച് ഇംഫാല്‍-കൊഹിമ അതിര്‍ത്തിയില്‍ വരെ മാത്രം എത്തി പിന്തിരിഞ്ഞു പോകേണ്ടിവന്നു. സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഐഎന്‍ എ നടത്തിയ ദില്ലി ചലോ മാര്‍ച്ച് ഇംഫാല്‍-കൊഹിമ അതിര്‍ത്തിയില്‍ വരെ മാത്രം എത്തി പിന്തിരിഞ്ഞു പോകേണ്ടിവന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ ആറ്റംബോംബ് സ്ഫോടനങ്ങളെത്തുടര്‍ന്ന് ജപ്പാന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയം സമ്മതിച്ചു. 1945 ആഗസ്റ്റ് 18ന് വിമാനാപകടത്തിൽ സുഭാഷ്‌ ചന്ദ്രബോസ്‌ മരിച്ചതായി റേഡിയോ ടോക്കിയോ റിപ്പോര്‍ട്ട് ചെയ്തു.

നായര്‍ തന്റെ ആത്മകഥയില്‍ നേതാജിയോടുള്ള ആദരവിനൊപ്പം തന്നെ വിയോജിപ്പും വിമർശനവും രേഖപ്പെടുത്തുന്നുണ്ട്. നായരുടെ അഭിപ്രായത്തില്‍ ബോസ് ആത്യന്തികമായി ഒരു ഫാസിസ്റ്റ് ആയിരുന്നു. സമാനമായ വിവരണം ശിവറാമിന്റെ ആത്മകഥയിലും കാണാം. ബോസ്‌ ജര്‍മനിയില്‍നിന്നുള്ള അന്തർവാഹിനികപ്പൽ യാത്രയിലാണ്‌ സ്വതന്ത്ര ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്‌. ‘ആസാദ്‌ ഹിന്ദ്‌’ എന്നായിരിക്കണം രാജ്യത്തിന്റെ പേരെന്ന്‌ അദ്ദേഹം തീരുമാനിച്ചിരുന്നു. സല്യൂട്ടേഷന്‌ ‘ജയ്ഹിന്ദ്‌’ എന്ന്‌ മതിയെന്നും ജനങ്ങൾക്കിടയിൽ താൻ ‘നേതാജി’ എന്ന്‌ മാത്രം അറിയപ്പെടണമെന്നും സുഭാഷ്‌ ആഗ്രഹിച്ചു. ദിവസം മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങി ശീലമുള്ള ബോസ്‌ മറ്റു സന്ദർഭങ്ങളിൽ ബ്രട്ടീഷുകാരെ തുരത്താനുള്ള യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി. നിർഭയത്വവും ഏതു പ്രതിസന്ധികളെയും നേരിടാനുള്ള നിറഞ്ഞ ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു രാഷ്ട്രത്തലവന്റെ മട്ടിലും ഭാവത്തിലുമാണ്‌ ബോസ്‌ പെരുമാറിയത്‌. പോകുന്ന സ്ഥലങ്ങളിലെല്ലാം സാധാരണക്കാരെ വശീകരിച്ചു. അവരിൽ ദേശാഭിമാനബോധം അങ്കുരിപ്പിച്ചു. യന്ത്രത്തോക്കുകൾ ഘടിപ്പിച്ച രണ്ട്‌ ജാപ്പനീസ്‌ ട്രക്കുകൾ സുഭാഷ്‌ ബോസിന്റെ യാത്രകൾക്ക്‌ അകമ്പടി സേവിച്ചു. പെഴ്സണൽ സ്റ്റാഫിലെ ഉദ്യോഗസ്ഥർ നിരവധി കാറുകളിൽ അനുഗമിച്ചു. എല്ലാ വാഹനങ്ങൾക്കു മുന്നിലും ത്രിവർണ്ണപതാക പാറി. കരയിൽ ഇങ്ങനെ നീങ്ങിയ നേതാജി വേഗയാത്രയ്ക്ക്‌ ജപ്പാൻ സമ്മാനിച്ച ബോംബർ വിമാനങ്ങൾ ഉപയോഗിച്ചു.

സർക്കാർ എന്നു പേരുള്ള ഒരു ബംഗാളി മജിസ്ട്രേട്ട്‌ ആയിരുന്നു ബോസിന്റെ നിയമോപദേഷ്ടാവ്‌. സ്വതന്ത്ര ഇന്ത്യയുടെ പുനരേകീകരണത്തിനും പുനർനിർമ്മാണത്തിനും പറ്റിയ ആൾ സർക്കാർ ആണെന്ന്‌ ബോസ്‌ തെറ്റായി വിശ്വസിച്ചു. അതിന്‌ ഒരു രൂപരേഖയും അയാൾ നിർമ്മിച്ചു നൽകിയിരുന്നു. ‘രാഷ്ട്രീയമായി ഇന്ത്യ വിശാല വീക്ഷണമുള്ള ഒരു ഏകാധിപതി ഭരിക്കണമെന്ന്‌ ബോസ്‌ നിശ്ചയിച്ചു. വേഷനിയമം, ഭക്ഷ്യ നിയമം, പാർപ്പിടനിയമം എന്നിവ ഉണ്ടാക്കണം. ജോലി സമയത്ത്‌ എല്ലാവർക്കും കാക്കി വേഷമാണ്‌ ഉത്തമം. വിശ്രമവേളയിൽ വെള്ള വസ്ത്രമാകാം. ഫോർക്ക്‌, നൈഫ്‌, സ്പൂൺ എന്നിവ ഉപയോഗിച്ചുവേണം ആഹാരം കഴിക്കാൻ. കൈ ഉപയോഗിക്കേണ്ടിവന്നാൽ മൂന്ന്‌ വിരൽകൊണ്ട്‌ മാത്രമേ ഭക്ഷണ പദാർത്ഥത്തിൽ സ്പർശിക്കാവൂ’. തന്റെ പദ്ധതികളെ ഓരോന്നായി റേഡിയോ ടോക്കിയോ പ്രക്ഷേപണം ചെയ്യണമെന്ന്‌ ബോസിനു നിർബന്ധമായിരുന്നു. ഇന്ത്യന്‍ ജനതയുടെ ഭാഗ്യവശാൽ അവയെല്ലാം വായുവിൽ അനാഥമായി അലഞ്ഞതേയുള്ളൂ.

യുദ്ധാനന്തരം നായര്‍ റാഷ് ബിഹാരി ബോസിന്റെ പാത പിന്തുടര്‍ന്ന് റസ്റ്റൊറന്റ് വ്യവസായത്തിലേക്ക് കടന്നു. 1949ല്‍ ടോക്കിയോവിലെ ഹിഗാഷി ഗിന്‍സയില്‍ ‘നായേഴ്സ് റസ്റ്റൊറന്റ്’ സ്ഥാപിച്ചു. ജപ്പാന്‍ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യക്കാരനും ഈ റസ്റ്റൊറന്റ് ഒഴിവാക്കുമായിരുന്നില്ല. എന്നാല്‍ റസ്റ്റൊറന്റിനേക്കാള്‍ ജപ്പാനില്‍ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ ‘ഇന്ദിരാ കറിപൗഡര്‍’ ആണ്.

1952ല്‍ ജപ്പാനും സ്വതന്ത്ര ഇന്ത്യയും തമ്മിലുള്ള സമാധാന ഉടമ്പടി രൂപീകരിക്കുന്നതിന് നായര്‍ മുഖ്യ പങ്കുവഹിച്ചു. ജപ്പാനിലെ ആദ്യ ഇന്ത്യന്‍ സ്ഥാനപതിയഅയി നിയമിക്കപ്പെടുമെന്ന് നായര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഐഎന്‍ എയുടെയൊക്കെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെട്ട് ധാരാളം പേര്‍ ക്യൂവിലുണ്ടായിരുന്നു. 1962ലെ യുദ്ധശേഷം ചൈനയുമായി മധ്യസ്ഥചര്‍ച്ചയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. എന്നിരിക്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവുമായി സൗഹൃദം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. ഇന്ദിരാഗാന്ധിയോടുള്ള ആഭിമുഖ്യമാണ് കറിപൗഡറിന്റെ പേരിനു കാരണം. ദേശീയദിനങ്ങളില്‍ മുടങ്ങാതെ അദ്ദേഹം ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച് മാതൃരാജ്യത്തിന് അഭിവാദ്യം അര്‍പ്പിച്ചു.

1984ല്‍ ജപ്പാന്റെ സാമ്പത്തിക പുരോഗതിയിക്കും ജപ്പാന്‍-ഇന്ത്യാസൗഹൃദത്തിനും ചെയ്ത സംഭാവനയെ മാനിച്ച് ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ചക്രവര്‍ത്തിയുടെ ഓര്‍ഡര്‍ ഓഫ് ദ് സേക്രഡ് ട്രെഷര്‍ നല്‍കി ജപ്പാന്‍ നായര്‍സാനെ ആദരിച്ചു. പതിവായി അദ്ദേഹം തിരുവനന്തപുരത്തുള്ള കുടുംബവീട് സന്ദര്‍ശിച്ചിരുന്നു. 1990 ൽ അദ്ദേഹം അന്തരിച്ചു. ഇളയ മകന്‍ ഗോപാലന്‍ മാധവന്‍ നായരാണ് പിതാവിന്റെ മരണശേഷം ബിസിനസ് സംരഭങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഇന്നലെകളിൽ സാഹസികമായി ജീവിച്ച് അനശ്വരനായിത്തീർന്ന എ എം നായർ ഏതു മലയാളിയുടെയും അഭിമാനമാണ്.

മോഹന്‍ലാലിനെയും ജാക്കിച്ചാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി, നായര്‍സാന്റെ ജീവിതകഥ പറയുന്ന ഒരു ബഹുഭാഷാസിനിമ 2008ല്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ, ചിത്രീകരണം തുടങ്ങാനിരിക്കെ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം നിര്‍മാണകമ്പനി പിന്മാറിയതിനാല്‍ ചിത്രം യാഥാര്‍ഥ്യമായില്ല.

കൂടുതല്‍ വായനയ്ക്ക്:

1. An Indian freedom fighter in Japan: memoirs – എ എം നായരുടെ ആത്മകഥ. ജപ്പാനിൽ 55 വർഷം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

2. The Road to Delhi – എം ശിവറാമിന്റെ ആത്മകഥ. ‘ദില്ലി ചലോ’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

വിപിൻ കുമാർ