പുലച്ചിക്കല്ലുകള്‍- മഹാശിലായുഗത്തിന്റെ ശേഷിപ്പുകള്‍

318

വിപിൻ കുമാർ എഴുതിയത്,

പുലച്ചിക്കല്ലുകള്‍- മഹാശിലായുഗത്തിന്റെ ശേഷിപ്പുകള്‍

തൃശ്ശൂര്‍ ജില്ലയില്‍ രാമവർമ്മപുരത്തിനും താണിക്കുടത്തിനും ഇടയിൽ വില്ലടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ‘പുലച്ചിക്കല്ല്’ ആണ് ചിത്രത്തില്‍ കാണുന്നത്. മഹാശിലായുഗ സ്മാരകങ്ങളായ Menhir അഥവാ നടുക്കല്ല് കേരളത്തിൽ തന്നെ പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കല്ലുകൾ പലയിടത്തും പ്രാദേശികമായി അറിയപ്പെടുന്നതു് പുല്ലച്ചിക്കല്ല് എന്നാണ്. തമിഴും മലയാളവും വേർപിരിയും മുമ്പ് ‘പുരട്ച്ചിക്കല്ല്’ അഥവാ വീരക്കല്ല് എന്ന പേരിൽ ഗോത്രയുദ്ധങ്ങളില്‍ കൊല്ലപ്പെട്ട വീരന്മാരുടെ ഓർമ്മയ്ക്കായി അവരുടെ ശവകുടീരത്തിൽ കല്ലുകൾ സ്ഥാപിച്ചിരുന്നു. പുരട്ച്ചിക്കല്ല് എന്നത് രൂപാന്തരം പ്രാപിച്ച് പുലച്ചിക്കല്ല് എന്നായി മാറി. മലയാളത്തിന്റെ പ്രഭാവത്തോടെ പുരട്ച്ചി എന്ന തമിഴ് വാക്ക് നമുക്ക് അന്യമായി. അതോടെ പുലച്ചിക്കല്ലിൽ പുലച്ചിക്ക് എന്താണ് കാര്യം എന്ന അന്വേഷണമായി. അതുകാരണം ശാപം കിട്ടി ശിലയായി മാറിയ പുലയ സ്ത്രീകളുടെ ഐതീഹ്യം മിക്കയിടത്തും ഇതിനോടനുബന്ധിച്ച് നിലവിലുണ്ടാകും.

പ്രാചീന കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നവയാണ് മഹാശിലാസ്മാരകങ്ങള്‍. മനുഷ്യനിര്‍മിതമായ കല്‍ഗുഹകള്‍, മുനിയറകള്‍ (dolemenoid cist), കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, നന്നങ്ങാടി, പാണ്ടു കുഴി, നന്നങ്ങാടി (മുതുമക്കത്താഴി) തുടങ്ങിയവയാണ് മറ്റു പ്രധാന മഹാശിലായുഗ അവശേഷിപ്പുകള്‍. ശവസംസ്കാരം നടത്തിയ സ്ഥലത്ത് ഓലക്കുടയുടെ ആകൃതിയില്‍ ഉയര്‍ത്തിവെച്ചിട്ടുള്ള ഒറ്റക്കല്‍ സ്മാരകമാണ് കുടക്കല്ല്. തൊപ്പിയുടെ ആകൃതിയില്‍ കല്ലുകൊണ്ടുതീര്‍ത്ത സ്മാരകങ്ങളാണ് തൊപ്പിക്കല്ലുകള്‍. പാറയുടെ നാലു പാളികള്‍ കുത്തനെ നിര്‍ത്തി അഞ്ചാമത്തെ പാളി മുകളിലിട്ട് മൂടിയുണ്ടാക്കുന്ന സ്മാരകങ്ങളാണ് മുനിയറകള്‍. വീതികൂടിയ ഒറ്റക്കല്‍ സ്തംഭമാണ് പുലച്ചിക്കല്ല് അഥവാ പടക്കല്ല്. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമാണ് നന്നങ്ങാടി. മൃതദേഹങ്ങളുടെ ഒപ്പം ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.

കേരളത്തില്‍ ഇരുമ്പുയുഗസാന്നിധ്യം പലതും അടയാളപ്പെടുത്തിയിട്ടുള്ളത് മഹാശിലാ സ്മാരങ്ങളിലാണ്.
ദേവികുളത്തുള്ള പുലച്ചിക്കല്ലില്‍നിന്നും അസ്ഥികള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഇരുമ്പിന്റെ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

അട്ടപ്പാടി മേഖലയില്‍നിന്നു കണ്ടെത്തിയ പുലച്ചിക്കല്ലുകളില്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യോദ്ധാവ്, അമ്പുംവില്ലും, സൂര്യചന്ദ്രന്‍മാര്‍ എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തവ ഉള്‍പ്പെടുന്നു. സതിയനുഷ്ഠിച്ച സ്ത്രീകളെ ധീരവനിതകളായി ചിത്രീകരിച്ചുള്ള സതിക്കല്ലുകളും ഈ വനമേഖലയില്‍നിന്ന് ലഭിച്ചിട്ടുണ്ട്.

പുലച്ചിക്കല്ലുകള്‍ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ സ്ഥലങ്ങളാണ് താഴെ പട്ടികയില്‍ കൊടുത്തിട്ടുള്ളത്.

തൃശ്ശൂര്‍ ജില്ല:
കുറ്റൂര്‍ – കൃഷ്ണശില (granite)
കോടന്നൂര്‍
കൊറ്റനല്ലൂര്‍
പുഴയ്ക്കല്‍
വെങ്കിടങ്ങ്

കൊല്ലം ജില്ല:
അഞ്ചിരണ്ടില്‍- 3 എണ്ണം
ചിറ്റയം
കടവൂര്‍
പനയം
പവിത്രേശ്വരം
പെരിനാട്

എറണാകുളം ജില്ല:
തൃപ്പൂണിത്തുറ

കോട്ടയം ജില്ല:
തിരുനക്കര – 1 എണ്ണം – ലാറ്ററൈറ്റ്
അതിരമ്പുഴ – 4 എണ്ണം – ഗ്രാനൈറ്റ്

പാലക്കാട് ജില്ല:
കരുളായില്‍ – ഗ്രാനൈറ്റ്
കൂട്ടത്തറ – 40 എണ്ണം
അട്ടപ്പാടി (മുക്കാലി, ചെമ്മണ്ണൂര്‍, പുതൂര്‍, ആനക്കെട്ടി)

ഇടുക്കി ജില്ല:
വെള്ളപ്പാറ
സൂര്യനെല്ലി
ചിന്നക്കനാല്‍ – 18 എണ്ണം
മറയൂര്‍ – 20 എണ്ണം
കാഞ്ചന്‍പാറ – അപൂര്‍ണമായ ലിഖിതത്തോടുകൂടി
മൂക്കന്‍പാറ – 10 എണ്ണം ഒരു നിരയായി
ആലപ്പാറ-
കല്ലിനു താഴെ 5 അടി താഴ്ചയിൽ ഒരു ചെറിയ നന്നങ്ങാടിയും കോണാകൃതിയിലുള്ള പാത്രവും കണ്ടെത്തി. ബൈസണ്‍ വാലി- കല്ലിനു താഴെ 4 അടി താഴ്ചയിൽ ഒരു നന്നങ്ങാടി കണ്ടെത്തി.
പൂപ്പാറ

അവലംബം:
1. Indian Archeology a Review- വിവിധ പതിപ്പുകള്‍
2. The Iron Age in Kerala- T. Sathyamurthy
3. സമ്പത്തും അധികാരവും- തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച- ടി. ആര്‍. വേണുഗോപാലന്‍
4. തിരുനക്കരയിലെ സ്മാരകശില- രാജീവ് പള്ളിക്കോണം

വിപിൻ കുമാർ