Vipin Mohan

തീവ്രമായ കാര്യങ്ങൾ നിശബ്ദമായി പ്രകടിപ്പിക്കാനും അത് നമുക്ക് മനസ്സിലാക്കാനുമാവുമെന്നതിന് ഒരുത്തമ ഉദാഹരണമാണ് മിസ്റ്റർ ആൻഡ് മിസിസ് അയ്യർ. കലാപത്തിനും അക്രമങ്ങൾക്കുമിടയിൽ പറയുന്ന ഒരു പ്രണയ കഥയാണ് ഈ സിനിമ എന്ന് ഒറ്റ വാക്കിൽ ഒതുക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഈ സിനിമ പറഞ്ഞുവയ്ക്കുന്നത് അതിനേക്കാളേറെയാണ്. വളരെ സൂക്ഷ്മമായി ചിത്രീകരിച്ച ബ്ലെൻഡഡ് ഇമോഷൻസിനോടൊപ്പം തന്നെ മനുഷ്യത്വം എന്ന കുറേക്കൂടി വിശാലമായ ഒരു ഇമോഷനെയാണ് ഈ സിനിമയിലുടനീളം അപർണ സെൻ എന്ന സംവിധായിക വരച്ചു കാണിക്കുന്നത്.

ഓപ്പണിങ് റീലിൽ വരുന്ന 9/11 ആക്രമണത്തിന്റെയും പാലസ്തീൻ കലാപത്തിന്റെയും ഗുജറാത്ത് കലാപത്തിന്റെയുമെല്ലാം ന്യൂസ് റിപ്പോർട്ട് ഫ്ലിക്കറുകൾ തൊട്ട് സിനിമയിലുടനീളം മനുഷ്യനിൽനിന്ന് മതത്തിന്റെ പേരിൽ അന്യംനിന്നുപോകുന്ന മനുഷ്യത്വം എന്ന വികാരത്തെയാണ് അപർണ തന്റെ സിനിമയിൽ ഫോക്കസ് ചെയ്തത്.

ഒരു ബസ് ടെർമിനലിൽ വെച്ച് കോമൺ ഫാമിലി ഫ്രണ്ട് മുഖാന്തരം പരിചയപ്പെടുന്ന മീനാക്ഷി അയ്യരും,രാജയും ഒരുമിച്ച് റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് യാത്ര തുടങ്ങുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന മീനാക്ഷിയേയും കുഞ്ഞിനെയും ശ്രദ്ധിക്കണമെന്ന മീനാക്ഷിയുടെ രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച്, കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാനെന്നോണം ബസിൽ വച്ച് പരസ്പരം സഹായിക്കാൻ ഇരുവരും നിർബന്ധിതരാകുന്നു.

ബസ് യാത്രികർ ഇന്ത്യയിലെ നാനാ ജാതിയിൽപ്പെട്ട പലഭാഷകൾ സംസാരിക്കുന്നവരാണ്. വൃദ്ധരായ ഒരു മുസ്ലിം ദമ്പതികൾ,ബുദ്ധിമാന്ദ്യം സംഭവിച്ച കൗമാരക്കാരനായ മകനോടൊപ്പം യാത്ര ചെയ്യുന്ന ഒരമ്മ, മധുവിധു ആഘോഷിച്ചു തീരാത്ത യുവമിഥുനങ്ങൾ, ജീവിതം ആസ്വദിക്കാൻ ഇറങ്ങിയ യുവാക്കൾ, പഞ്ചാബികൾ, കള്ളുകുടിയന്മാരായ ചീട്ടുകളിക്കാർ അങ്ങനെ പലരും..

യാത്രാമധ്യേ ബസ് ഒരു സ്ഥലത്ത് വെച്ച് മുന്നോട്ടുപോകാനാവാതെ കുടുങ്ങുന്നു. അന്വേഷിച്ചപ്പോൾ കുറച്ചകലെ ഒരു ഹിന്ദു മുസ്ലിം കലാപം പൊട്ടിപ്പുറപ്പെട്ടെന്നറിയുന്നു. ഇതിനിടെ കാര്യം അന്വേഷിക്കാനായി പുറത്തിറങ്ങിയ രാജയുടെ അടുത്തേക്ക് കുഞ്ഞുമായി മീനാക്ഷി വരുമ്പോൾ തന്നെ രാജക്ക് മീനാക്ഷിയുടെ ആവശ്യം മനസ്സിലാകുന്നുണ്ട്. കുഞ്ഞിനെ കയ്യിൽ വാങ്ങി അല്പം അകലെ കാണുന്ന ആ തൂണിന്റെ മറവിലേക്ക് ഇരുന്നോളൂ എന്നു മീനാക്ഷിയോട് രാജ പറയുമ്പോൾ ഒരു മനുഷ്യന് മറ്റൊരാളെ മനസ്സിലാക്കാൻ വാക്കുകളുടെ പോലും ആവശ്യമില്ലെന്ന് നമുക്ക് മനസ്സിലാക്കിതരുന്നു.

Mr. & Mrs. Iyer (2002) Photo Gallery: Posters & Movie Stills, Event Images  | Cinestaanഈ സമയത്ത് പോലീസ് വന്ന് കർഫ്യൂ ആണെന്നും എല്ലാവരും ബസിനുള്ളിൽ കയറി ഇരിക്കണം എന്നും ആവശ്യപ്പെടുന്നു. മീനാക്ഷി തിരികെ വരുമ്പോൾ രാജ താൻ ഒരു മുസ്ലിം ആണെന്നും വണ്ടിയിൽ ഇരുന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകും എന്നു പറയുമ്പോൾ മീനാക്ഷി ചിന്തിക്കുന്നത് നേരത്തെ ഇയാൾ കുടിച്ച വെള്ളം ആണല്ലോ ഞാൻ കുടിച്ചതെന്നും ഇനി എന്നെ തൊടരുതെന്നും ഒക്കെയാണ്. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു മനുഷ്യന്റെ ഉള്ളിൽ താഴ്ന്നുപോയ മത-ജാതി വെറിയും മറ്റുള്ളവരോടുള്ള വെറുപ്പും മീനാക്ഷി നമുക്ക് കാണിച്ചു തരുന്നു. പക്ഷേ പോകാനൊരുങ്ങിയ രാജയെ പോലീസ് കാര്യമറിയാതെ നിർബന്ധിച്ച് ബസ്സിനുള്ളിലാക്കുന്നു.

അൽപ്പസമയത്തിനകം ബസ്സിനുള്ളിൽ ഇരച്ചുകയറിയ മതതീവ്രവാദികൾ, ഓരോരുത്തരെയായി പാന്റ് പോലും അഴിപ്പിച്ച് പരിശോധന തുടരുന്നതിനിടയിൽ, സുന്നത്ത് കർമ്മം ചെയ്ത ജൂതനായ ഒരുവൻ ആ വൃദ്ധ മുസ്ലിം ദമ്പതികൾ ഒഴികെ ബാക്കി എല്ലാവരും ഹിന്ദുക്കളാണ് എന്ന് പറയുന്നു. വൃദ്ധദമ്പതികളെ മതഭ്രാന്തന്മാർ കൊണ്ടു പോകുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയെ അവർ അടിച്ചു താഴെ ഇടുന്നത് കാണുന്ന രാജ പ്രതികരിക്കാനായി എഴുന്നേൽക്കുമ്പോൾ തന്റെ കുഞ്ഞിനെ രാജയുടെ കയ്യിൽ വെച്ചുകൊടുത്തുകൊണ്ട്, ഞങ്ങൾ മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, ദിസ്‌ ഈസ് മൈ ഹസ്ബൻഡ് സുബ്രഹ്മണ്യം അയ്യർ എന്ന് മീനാക്ഷി പറയുന്നു.

ആ രാത്രി ബസ്സിൽ കഴിഞ്ഞുകൂടിയ അവരിൽ ചിലർ പിറ്റേദിവസം കാലത്ത് തന്നെ അടുത്തുള്ള ചെറുപട്ടണത്തിൽ പോയി താമസിക്കാനും കഴിക്കാനും എല്ലാം ഉള്ള സൗകര്യങ്ങൾ തേടുന്നു. തലേദിവസം വന്ന അതേ പോലീസുകാരൻ മീനാക്ഷിയേയും രാജയെയും അയാളുടെ ജീപ്പിൽ കയറ്റി ഫോറസ്റ്റ് ബംഗ്ളാവിൽ കൊണ്ടുചെന്നാക്കുന്നു. അവിടെ ഒരു മുറി മാത്രമേയുള്ളൂവെന്ന് കാണുന്ന മീനാക്ഷിക്ക് ദേഷ്യവും സങ്കടവും വരുന്നു. അന്യമതക്കാരനോടൊപ്പം മുറി പങ്കിടാനുള്ള തന്റെ എതിർപ്പ് പ്രകടിപ്പിക്കുന്ന മീനാക്ഷിയുടെ ചിന്തകളോടുള്ള വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ട് രാജ മുറി ഒഴിഞ്ഞുകൊടുക്കുന്നു.

ഒന്ന് ഉറങ്ങിയെണീറ്റ മീനാക്ഷി രാജയെ കാണാനില്ലെന്ന് മനസ്സിലാക്കി ആ ബംഗ്ലാവിലെ കാവൽക്കാരനോട് ചോദിക്കുന്നു. ബാഗുമെടുത്ത് പോയെന്ന കാവൽക്കാരന്റെ മറുപടി കേൾക്കുമ്പോൾ മീനാക്ഷി ഇനി താൻ ഈ കുഞ്ഞിനെയുംകൊണ്ട് എന്ത് ചെയ്യുമെന്നും, അന്യമതക്കാരനായ ഒരപരിചിതനോടൊപ്പം താനിറങ്ങിത്തിരിക്കാനേ പാടില്ലായിരുന്നുവെന്നും ചിന്തിച്ച് മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന അവളുടെ മുഖം തെളിയുന്നത് കാണുമ്പോൾ നമുക്കും ആശ്വാസമാകുന്നു. കുഞ്ഞിനെയുമെടുത്ത് അവൾ ഓടി ആ കാടിന് നടുവിലായി മഞ്ഞുകാല വെയിലേറ്റ് കിടക്കുന്ന രാജയുടെ അടുത്തെത്തുന്നു.

കാവൽക്കാരൻ നീ പോയെന്ന് പറഞ്ഞു എന്ന മീനാക്ഷിയുടെ പരാതിയ്ക്ക് അത് നീ വിശ്വസിച്ചോ എന്ന് മാത്രമാണ് രാജ തിരികെ ചോദിച്ചത്. കാരണം അധികമായില്ലെങ്കിലും അവർ അത്രകണ്ട് മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. പൂർണ്ണമായും പ്രകടിപ്പിക്കാനാവാത്ത പ്രണയരംഗങ്ങളാണ് ഓരോ നോട്ടം കൊണ്ടും ചിരികൊണ്ടു രാജയും മീനാക്ഷിയും നമുക്ക് കാണിച്ചുതരുന്നത്.

കൽക്കട്ടയിലേക്ക് പോകാനുള്ള ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷനിലെത്താൻ എന്തെങ്കിലും മാർഗം ഉണ്ടോയെന്നറിയാനായി വീണ്ടും ആ കൊച്ചു കവലയിലേക്കെത്തുന്ന അവർക്ക് പിന്നെയും തുണയാവുന്നത് ആ പോലീസുകാരനാണ്. പുലർച്ചെ പോകുന്ന ആർമി ട്രക്കിൽ കയറ്റി വിടാമെന്ന് അയാൾ അവർക്ക് ഉറപ്പു കൊടുക്കുന്നു. അവിടെവെച്ച് ബസിലുണ്ടായിരുന്ന യുവാക്കളെ അവർ കണ്ടുമുട്ടുന്നു.

രാജയുടെയും മീനാക്ഷിയുടെയും പ്രണയം കേൾക്കാൻ താല്പര്യം പ്രകടിപ്പിച്ച അവർക്കായി രാജയും മീനാക്ഷിയും അത്യന്തം സുന്ദരമായ ഒരു കഥ പറയുന്നു. ആദ്യമായി ഞങ്ങൾ കണ്ടത് ഒരു ബസ് യാത്രയിലാണെന്നും, വണ്ടി ഒരിടത്തു നിർത്തിയപ്പോൾ, താഴെ വെച്ചിരുന്ന തന്റെ ക്യാമറയിലൂടെ അവൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ പ്രണയം തോന്നിയെന്നുമെല്ലാം പറയുമ്പോൾ അത് സത്യമാണെന്ന് നമുക്ക് മനസ്സിലാകുന്നു. അവരുടെ മധുവിധുയാത്രയെക്കുറിച്ച് രാജ പറയുന്ന നിമിഷം, കേരളത്തിലെ ആ കാടും, അവരുടെ ഏറുമാടവും, മഴയും, രാത്രിയിലെ നിലാവും, പുഴയും ആനകളുമെല്ലാം സത്യമായിരുന്നെങ്കിലെന്ന് മീനാക്ഷിയോടൊപ്പം നമ്മളും ചിന്തിച്ചു പോകുന്നു.

അന്ന് രാത്രി ബംഗ്ലാവിനു പുറത്ത് ഒരു കൊലപാതകം അവർ കാണുന്നു. ഒരു മനുഷ്യനെ കൊല്ലുന്നത് ഇത്രയും എളുപ്പമാണോ എന്ന് ചോദിച്ചു പേടിച്ചുവിറച്ച മീനാക്ഷിക്ക് അവൻ കാവലിരിക്കുന്നു. മാംസബദ്ധമല്ലാതെ, അധികം സംസാരിക്കാതെ, രണ്ടു വ്യക്തികൾ സ്നേഹിക്കുന്നതിന്റെ മനോഹാരിത ആ സീനിൽ നമുക്ക് കാണാനാകും.

ആർമി ട്രക്കുകളിൽ ഒന്നിൽ കയറി ട്രെയിനിൽ കയറിയ മീനാക്ഷി യാത്രമദ്ധ്യേ രാജ കുടിച്ച വെള്ളം വാങ്ങി കുടിക്കുമ്പോൾ അവളുടെ മനസ്സിലെ ചിന്തകൾക്ക് വന്ന മാറ്റം ഒരു വാക്കു കൊണ്ടുപോലും വിശദീകരിക്കാതെ നമുക്ക് മനസ്സിലാവുന്നു.

ഇനി അടുത്ത യാത്രയെങ്ങോട്ടാണെന്നും ഒറ്റയ്ക്കാണോ പോകുന്നതെന്നും ചോദിക്കുന്ന മീനാക്ഷിയോട്, അതേ, നീ ഒപ്പം വരുന്നില്ലെങ്കിൽ മാത്രം എന്ന് രാജ മറുപടി പറയുന്നു. പരസ്പരം ചുംബിച്ചേക്കുമെന്ന തോന്നലുണ്ടാക്കുന്ന ആ നിമിഷത്തിൽ അവരുടെ സ്വകാര്യതയെ ഒരു സ്ട്രെയിഞ്ചർ ഇല്ലാതാക്കുന്നു. റെയിൽവേ സ്റ്റേഷനിൽ മീനാക്ഷിയുടെ റിയൽ ഹസ്ബൻഡായ സുബ്രഹ്മണ്യം അയ്യരോട്, ഇത് ജഹാംഗീർ ചൗധരി, മുസ്ലിമാണ്, ഇവനാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് മീനാക്ഷി പറയുന്നു.

ഒരു നല്ല യാത്രയുടെ ഓർമ്മക്കായി തന്റെ ക്യാമറാറീൽ അവൾക്കായി സമ്മാനിച്ച് അവൻ നടന്നകന്നു. ഇതിൽ പ്രണയമുണ്ട്, ഇന്ത്യയെന്ന രാജ്യത്തിലെ മതഭ്രാന്തുണ്ട്, മനുഷ്യത്വം വറ്റാത്ത മനുഷ്യരുണ്ട്. കഥ തിരക്കഥ എഴുതി സംവിധാനം ചെയ്ത അപർണ സെന്നിനും, പ്രകൃതിയുടെ മനോഹരദൃശ്യങ്ങൾ അങ്ങനെതന്നെ പ്രേക്ഷകരിലേക്കെത്തിച്ച പ്രമുഖ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ഗൗതം ഘോഷിനും, പ്രകൃതിയോടും പ്രണയത്തിനോടും അത്രയുമിണങ്ങിയ സംഗീതം നമുക്കായി നൽകിയ സാക്ഷാൽ ഉസ്താദ് സക്കീർ ഹുസൈനോടും, സർവോപരി, മീനാക്ഷിയായ കൊങ്കണ സെന്നിനോടും, രാജയായ രാഹുൽ ബോസിനോടും ഒരുപാട് സ്നേഹം മാത്രം.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ നിരവധി ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ,2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.

You May Also Like

ഇന്നാണ് കാവിലെ മത്സരം

ഇന്നാണ് ആറ്റിന്‍കര കാവില്‍ കൊടിയേറുന്നത്. ആറ്റിന്‍കര ദേശത്തെ കക്കുന്ന, വിളിച്ചാല്‍ വേലിപ്പുറത്തുള്ള മൂദേവിയാണ് കാവിലെ പ്രതിഷ്ട. ഇക്കണ്ട ജനങ്ങളുടെ മുഴുവന്‍ സംരക്ഷണവും, മൂദേവിയെ ഒറ്റക്ക് ഏല്‍പ്പിക്കുന്നത് മനുഷ്യത്വമല്ലല്ലോ. അത് കൊണ്ട് മൂദേവിക്കൊരു കൈ-താങ്ങായി ദേവസ്വം രൂപികരിച്ചു. മൂദേവി അരുളും ദേവസ്വം അനുസരിക്കും, അതാണ്‌ സങ്കല്‍പം.

ബോണ്ട കൊണ്ടൊരു ബൗണ്‍സര്‍ (ഇതും ഒരു ലവ് സ്റ്റോറി തന്നെ).

അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ്‌…

സോനാനായരുടെ രാച്ചിയമ്മ തന്നെ സൂപ്പർ, കാണാം ആ ദൂരദർശൻ കാലത്തെ ടെലിഫിലിം

നനഞ്ഞ ഭിത്തിയിലെ ഈറൻഗന്ധംപൊലെ ചില ഇഴയടുപ്പങ്ങളുണ്ട്. പുസ്തകത്താളിലൊളിപ്പിച്ച ഉണങ്ങിയ ചെമ്പകപ്പൂവ് വാസനിക്കുമ്പോൾ തോന്നുന്ന

അവിസ്മരണീയംസ്..!!

പൊതുവേ എനിക്ക് ദൈവവിശ്വാസം തീരെയില്ല. എന്നാല്‍ ഈ കതക് തുറക്കാന്‍ പ്രിയപ്പെട്ട ഒരു ഹിന്ദു റിസേര്‍വ്വ്ഡ് ദൈവത്തെ വിളിച്ച് രണ്ടും കല്‍പ്പിച്ച് ഹാന്‍ഡിലില്‍ പിടിച്ച് വലിച്ചു. നോ രക്ഷ. പല പല ദൈവങ്ങളെ പരീക്ഷിച്ചു. അതിലാരും കനിഞ്ഞില്ല.