ഒരു പെണ്ണിന്റെ പരിശുദ്ധിയുടെ അളവുകോലുകളെ തച്ചുടച്ച സിനിമ

0
313

Vipin Mohan

” ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?
“ഊം …. ഊം…”
“ഊം… അല്ലേൽ വേണ്ട.”
“പറയൂ…”
“പോയി, ബൈബിൾ എടുത്തുവച്ചു നോക്ക്.”
[ബൈബിളിൽ നോക്കി] “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.”…

I Was 8 When One Of The Greatest Directors Of Malayali Cinema Shot In My Neighbourhood | 101india.comഎത്ര മനോഹരമായാണ് സോളമൻ തന്റെ പ്രണയം സോഫിയോട് പറഞ്ഞത്. പക്വതയാർന്ന പ്രണയത്തിന്റെ തീർത്തും സെൻസിറ്റീവായ ഒരു പോർട്രെയൽ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ പറയുന്ന ഒരു കഥയിൽ ഇതിലും മധുരതരമായി എങ്ങനെയാണ് പ്രണയം പറയാനാവുക. സോളമന്റെ ഉത്തമഗീതത്തിൽ നിറഞ്ഞുകവിയുന്ന പ്രണയത്തിന്റെ അതേ തീവ്രത, “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്ന സിനിമയിലും നമുക്ക് അനുഭവിച്ചറിയാനാവുന്നു. തിരക്കഥയിലുടനീളവും, ഗാനങ്ങളിലുമെല്ലാം സോളമന്റെ ഈ മുന്തിരിത്തോപ്പുകൾ തിരിനീട്ടി പടർന്നു നിൽക്കുന്നു. കെ കെ സുധാകരന്റെ “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം” എന്ന നോവലിനെ ആസ്പദമാക്കിയതെങ്കിലും വ്യത്യസ്തമായ രീതിയിലാണ് പത്മരാജൻ ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയത്. അതുതന്നെയാണ് പത്മരാജന്റെ പ്രത്യേകതയും.

Namukku Parkkan... - Namukku Parkkan Munthiri Thoppukal | Facebookനായകപ്രാധാന്യമായതാണോ അതോ നായികപ്രാധാന്യമായതാണോ എന്ന് തിരിച്ചറിയാനാവാത്ത തരം ശക്തമായ കഥാപാത്രങ്ങളാണ് സോളമനും സോഫിയും.ഒരു പെണ്ണ് എങ്ങനെ, എത്രമാത്രം പരിശുദ്ധയാവണം എന്നിങ്ങനെയുള്ള എല്ലാ അളവുകോലുകളെയും തച്ചുടച്ച സിനിമയാണ് “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”.
സോളമന്റെ ഉത്തമഗീതം ഉദ്ധരിച്ചുകൊണ്ട് സോഫിയോട് സോളമൻ തന്റെ പ്രണയം പറയുമ്പോൾ ആ പശ്ചാത്തലത്തിൽ വരുന്ന സംഗീതം നമ്മുടെ ഹൃദയത്തിലും പ്രണയം നിറയ്ക്കുന്നു. ജോൺസൺ മാഷ് ഒരു മായാജാലം പോലെ നമ്മെ മയക്കിയെടുത്ത സംഗീതം. ആ സംഗീതത്തോടൊപ്പം അവരുടെ പ്രണയവും നമുക്കുള്ളിൽ അനശ്വരമായി മാറി.

അവർക്കിടയിലെ ഇഷ്ടം തുറന്നു പറയുന്നതിനും വളരെ മുമ്പ് തന്നെ സോളമനോട്‌ സോഫിക്ക് തന്റെ കുടുംബപശ്ചാത്തലവും രണ്ടാനച്ഛന്റെ കാര്യവും മറ്റും തുറന്നു പറയാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അന്നത്തെ നായികമാരിൽ കണ്ടു വരാത്ത ഒരു പ്രവണത തന്നെയായിരുന്നു അത്. ഉള്ളിലൊരു ഇഷ്ടം ഉണ്ടെന്നിരിക്കെ പോലും തന്റെ അമ്മയ്ക്ക് ഒരു ബന്ധത്തിലുണ്ടായതാണ് താനെന്നും ഇപ്പോൾ താൻ അച്ഛൻ എന്നു വിളിക്കുന്നയാൾ തന്റെ രണ്ടാനച്ഛനാണെന്നും എല്ലാം പറഞ്ഞാൽ ഭാവിയിൽ തന്നെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ തന്നെക്കുറിച്ച് എന്ത് കരുതുമെന്നുള്ള ഒരു വ്യാകുലതയും ഇല്ലാതെയാണ് സോഫി ഇതെല്ലാം പറയുന്നത്.

ആ പറച്ചിൽ പോലെ തന്നെ മനോഹരമാണ് മുൻവിധികൾ ഒന്നുമില്ലാതെ സോഫിയെ കേട്ടിരിക്കുന്ന സോളമന്റെ പ്രതികരണവും. അവൻ അവളെ ബഹുമാനിക്കുന്നു പ്രണയിക്കുന്നു. ഒരു നിബന്ധനകളുമില്ലാതെ. അവർ പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഒരു നേർത്ത കാറ്റിന്റെ അകമ്പടിയോടെ പ്രണയിക്കാൻ തുടങ്ങുന്നു. സിനിമയിലുടനീളം ഈ കാറ്റ് കടന്നുവരുന്നുണ്ട്. തൂവാനത്തുമ്പികളിൽ അത് മഴയായിരുന്നുവെങ്കിൽ ഇതിൽ ആ സ്ഥാനം മൈസൂരിലെ കാറ്റിനാണ്.

സോളമന്റെ മുന്തിരിത്തോപ്പ് മൈസൂരിലല്ല. ഒരിക്കൽ സോഫിയെ അങ്ങോട്ട് കൊണ്ടു പോകും എന്നാണ് സോളമൻ പറഞ്ഞിരിക്കുന്നത്. സമ്പൂർണ സ്വാതന്ത്ര്യത്തോടെ ആ മുന്തിരിത്തോപ്പുകളിൽ ജീവിക്കുന്ന ഒരു കർഷകനാണ് സോളമൻ. അവന്റെ കാഴ്ചപ്പാടുകളും ചിന്താഗതികളും എല്ലാം ടിപ്പിക്കൽ ചെറുപ്പക്കാരെ പോലെയേ അല്ല. എന്നാൽ സോഫിയോ? പത്താം ക്ലാസിനപ്പുറം പഠനം നേടാൻ പോലും സ്വാതന്ത്ര്യമില്ലാത്തവളും. വീടിനു ചുറ്റും കെട്ടിയ വെളുത്ത വേലിക്കെട്ടിനപ്പുറം പോകാൻ പോലുമുള്ള സ്വാതന്ത്ര്യം അവളുടെ രണ്ടാനച്ഛൻ പോൾ പൈലോക്കാരൻ അവൾക്കു കൊടുത്തിട്ടില്ല.

പോൾ പൈലോക്കാരൻ – ഭാര്യക്ക് വിവാഹത്തിന് മുൻപ് ഒരു ബന്ധത്തിൽ ഒരു കുഞ്ഞു ഉണ്ടെന്നറിഞ്ഞും അവളെ വിവാഹം കഴിക്കാൻ തയ്യാറായ “വിശാലമനസ്കൻ” ആയാണ് അയാൾ സ്വയം കരുതുന്നത്. തന്റെ രക്തത്തിൽ പിറന്ന സ്വന്തം മകളോടും സോഫിയോടുമുള്ള പെരുമാറ്റവ്യത്യാസം നമുക്ക് തന്നെ അറപ്പുളവാക്കും. തന്റെ കൂട്ടുകാരനും തികഞ്ഞ മദ്യപാനിയുമായ ഒരാളെ വിവാഹം കഴിക്കാനാണ് സോഫിയെ അയാൾ നിർബന്ധിക്കുന്നത്. സോളമനും സോഫിയും തമ്മിലുള്ള ബന്ധത്തിന് സോഫിയുടെ അമ്മ സമ്മതിക്കുമ്പോഴും അയാളത് എതിർക്കുന്നു.

അത്രയും റിയലായാണ് പത്മരാജൻ ഈ സിനിമ ഒരുക്കിയത്. ആ പേപിടിച്ച വീട്ടിൽ ഒരുപകൽ സോഫിയും പോളും മാത്രമാകുമ്പോൾ പോലും ഇങ്ങനെയൊരു ചെകുത്താനായി പോൾ മാറും എന്ന് നമ്മൾ കരുതുന്നില്ല. ഇനി മാറിയാലും ആരെങ്കിലും വന്ന് സോഫിയെ രക്ഷിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത് റിയലാണ്. ആരും വന്നില്ല, അയാൾ സോഫിയെ റേപ്പ് ചെയ്യുന്നു.

റേപ്പ് ചെയ്യപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ സോളമനെ അമ്മ സമ്മതിക്കുന്നില്ല. എന്നാൽ എൺപതുകളിലെ സിനിമകളിൽ കാണാനാവാത്ത പക്വതയാണ് സോളമൻ കാണിക്കുന്നത്. അമ്മയുടെ വിവാഹപൂർവ്വ ബന്ധത്തിന്റെ ഫലമായി ഉണ്ടായി പോയത്, അവൾക്ക് പത്തിൽ വെച്ച് പഠനം നിർത്തേണ്ടി വന്നത്, ഇങ്ങനെ കള്ളുകുടിയനായ വൃത്തികെട്ട ഒരു രണ്ടാനച്ഛനുണ്ടായിപ്പോയത്, അയാൾ അവളെ റേപ്പ് ചെയ്യുന്നത്, ഇതൊന്നും സോഫിയുടെ തെറ്റല്ല എന്ന് സോളമനറിയാം. അവൻ സ്നേഹിച്ചത് സോഫിയെയാണ്. ഒരു റേപ്പ് കൊണ്ട് അതിൽ മാറ്റമൊന്നും വരുന്നില്ലെന്നും സോളമനറിയാം.

തന്റെ ലോറിയുടെ രണ്ടാമത്തെ ഹോണിന് ഇറങ്ങി വരണമെന്നാണ് അയാൾ സോഫിയോട് പറയുന്നത്. വരാതെയായപ്പോൾ ആ വീട്ടിലേക്ക് ധൈര്യത്തോടെ കയറിച്ചെന്നു രണ്ടാനച്ഛന് വേണ്ടുന്നത്രയും കൊടുത്തിട്ട് അവളെയും കൂട്ടി അയാൾ ലോറിയിലേക്ക് പോകുന്നു. അവളോട് വാക്ക് പറഞ്ഞതുപോലെ അവർ മുന്തിരിത്തോപ്പുകളിൽ രാപ്പാർക്കാനായി പോകുന്നു. അവിടെവെച്ച് അവനവന്റെ പ്രേമം അവൾക്ക് നൽകും. ഇന്നും ആ പ്രണയം വീഞ്ഞ്പോലെ വീര്യം ഏറിവരുന്നു.

മോഹൻലാലും ശാരിയും തിലകനും,

സോളമനും സോഫിയും പോളുമായി മത്സരിച്ച് അഭിനയിച്ചയിടം.വേണുവിന്റെ ക്യാമറക്കണ്ണിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് പകർന്നുതന്ന പ്രണയം. ആ കാഴ്ച്ചകൾക്ക് ദേശീയ അംഗീകാരവും വേണുവിനെ തേടിയെത്തി. ആദ്യസിനിമയിലെ പ്രകടനത്തിന് ശാരിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും.
ഈ സിനിമ പോലെ തന്നെ ഏറെ മനോഹരമാണ് ഒ എൻ വി – ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളും, ജോൺസൺമാഷിന്റെ പശ്ചാത്തല സംഗീതവും.