വേട്ടക്കാർക്കും ന്യായീകരണക്കാർക്കും ഇടയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ബേസിക്‌ ആയി അറിഞ്ഞിരിക്കേണ്ടത്

0
117

കുട്ടികൾക്കെതിരെയുള്ള രതിവൈകൃതങ്ങൾ കൂടിയിരിക്കുന്ന കാലമാണ്. എന്നാൽ അതിനെ ന്യായീകരിക്കാൻ പോലും ആളുകൾ ഉണ്ട് എന്നതാണ് ദുരന്ത യാഥാർഥ്യം. ഭാര്യാഭർത്താക്കന്മാരുടെ സുഹൃത്തോ അമ്മാവനോ കൊച്ചിച്ഛനോ എന്തിന് സ്വന്തം അച്ഛൻ പോലും മക്കളെ പീഡിപ്പിക്കുന്ന അവസ്ഥയിൽ നിൽക്കുമ്പോൾ, വേട്ടക്കാർക്കും ന്യായീകരണക്കാർക്കും ഇടയില്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ ബേസിക്‌ ആയി ചില കാര്യങ്ങളെങ്ങിലും അറിഞ്ഞിരിക്കുക. വിപിൻ തോമസിന്റെ ഫേസ്ബുക് കുറിപ്പ് (2017 ) വായിക്കാം

Vipin Thomas :

പീഡോഫീലിയ ഭയാനകമായ ഒരു കുറ്റകൃത്യം ആകുന്നത്‌ കുട്ടിയുടെ നിസ്സഹായതയും അറിവില്ലായ്‌മയും ചൂഷണം ചെയ്യപ്പെടുന്നതും അതുണ്ടാക്കിയേക്കാവുന്ന മാനസിക/ സ്വഭാവ വൈകല്യങ്ങളും കൊണ്ടു മാത്രമല്ല, അതിനെ ന്യായീകരിക്കാഌം മഹത്വവല്‍ക്കരിക്കാഌം ആളുള്ളതുകൊണ്ടു കൂടിയാണ്‌. കുട്ടിയുടെ കണ്‍സന്റിനെപ്പറ്റിയും ആസ്വാദനത്തെപ്പറ്റിയും വാദിക്കുന്ന ‘പുരോഗമന’വാദികള്‍ ആണു നമ്മുടെ ശാപം. മൈനർ ആയ ഒരു കുട്ടി ബൗദ്ധികമായോ, മാനസികമായോ, വൈകാരികമായോ മുതിർന്ന ഒരാള്‍ക്കു തുല്യ/തുല്യന്‍ അല്ലെന്നു ആധുനികലോകത്തെ നിയമങ്ങളും നീതിബോധവും പഠിപ്പിക്കുമ്പോള്‍ വേട്ടക്കാരന്റെ ന്യായങ്ങളെപ്പറ്റി പറയുന്നവർ. വേട്ടക്കാർക്കും ന്യായീകരണക്കാർക്കും ഇടയില്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ ബേസിക്‌ ആയി ചില കാര്യങ്ങളെങ്ങിലും അറിഞ്ഞിരിക്കുക;

  1. പകുതിയിലധികം കേസുകളിലും പീഡോഫീലിയ ഒരു opportunistic crime ആണ്‌. അതായത്‌ പീഡോഫീലിയ എന്ന മനോരോഗം ഉള്ളവരെക്കാള്‍ ‘നോർമല്‍’ ആയ എന്നാല്‍ ധാർമികത ഇല്ലാത്ത മുതിർന്നവരുടെ അവസരം മുതലാക്കലത്രെ കൂടുതല്‍. തികച്ചും വിശ്വസിക്കാവുന്നവർക്കൊപ്പം അല്ലാതെ കുട്ടിയെ തനിച്ചാക്കാതിരിക്കുക.
  2. 90% കേസുകളിലും കുട്ടിക്ക്‌ അടുപ്പം ഉള്ളവരാണ്‌ പ്രതികള്‍. ബന്ധു, അയല്‍ക്കാർ, അധ്യാപകർ, ഡ്രൈവർ എന്നിങ്ങനെ. ഒരു വ്യക്‌്‌തിയെപ്പറ്റി പറയുമ്പോഴോ അയാളുടെ അടുത്തു പോവാനോ കുട്ടി ഭയപ്പെടുന്നെങ്കില്‍ കൂടുതല്‍ ചോദിച്ചറിയുക. ഒരാളോട്‌ അസ്വാഭാവികമായ അടുപ്പം കാണിച്ചാലും ശ്രദ്ധവെയ്‌ക്കുക.
  3. പീഢനത്തെക്കുറിച്ചു കുട്ടി പരാതിപ്പെട്ടാല്‍ അവരെ വിശ്വസിക്കുക. 90%-95% പരാതികളും സത്യമായിരിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. അയാള്‍ അങ്ങനെ ചെയ്യുമോ, എത്രനാളായി അറിയുന്ന ആളാണ്‌, കുട്ടിയോടു ഒത്തിരി ഇഷ്ടമാണ്‌ തുടങ്ങിയ ന്യായങ്ങള്‍ ദോഷം ചെയ്‌തേക്കാം.
  4. പലപ്പോഴും piece by piece ആയിട്ടായിരിക്കും കുട്ടി കാര്യം പറയുക. അപ്രതീക്ഷിതമായ സ്വഭാവവ്യതിയാനങ്ങള്‍ ഇതിന്റെ സൂചനയാവാം. നിങ്ങളുടെ വൈകാരികപ്രതികരണം മുഴുവന്‍ പറയുന്നതില്‍നിന്നു കുട്ടിയെ തടഞ്ഞേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളില്‍ വിദദ്ധസഹായം തേടാന്‍ മടിക്കരുത്‌.

  5. NO പറയാന്‍ കുട്ടിയെ പരിശീലിപ്പിക്കുക. ഏതൊക്കെ ശരീരഭാഗങ്ങള്‍ private ആണെന്നും അവിടെ മറ്റുള്ളവരെ തൊടാന്‍ അഌവദിക്കരുതെന്നും ചെറുപ്പത്തിലേ പറഞ്ഞു മനസിലാക്കുക. Private parts ന്റെ പേരുകള്‍ പഠിപ്പിക്കുക. ഇതിനൊക്കെ സഹായിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്‌.

  6. ആക്രമിക്കപ്പെട്ട ഒരു കുട്ടി തികച്ചും സംഭ്രമിച്ച അവസ്ഥയില്‍ ആവാം. ഭയം, കുറ്റബോധം, സ്വന്തം ശരീരത്തോടുള്ള വെറുപ്പ്‌ തുടങ്ങി അച്ഛനേയോ അമ്മയേയോ കൊല്ലുമെന്ന പ്രതിയുടെ ഭീഷണി, അങ്ങനെ പലതും. ചികില്‍സിച്ചില്ലെങ്കില്‍ സ്വഭാവവൈകല്യങ്ങള്‍ തൊട്ട്‌ ഭാവിയില്‍ സ്വയം പീഡോഫീല്‍ ആവാഌള്ള സാധ്യതവരെ ഉണ്ടാവാം.

  7. പെണ്‍കുട്ടികളെ സംരക്ഷിക്കുക. അതോടൊപ്പം ഒരുപക്ഷെ അതിലധികം ആണ്‍കുട്ടികളെ കരുതുക , കാരണം ഇരയാക്കപ്പെടാന്‍ കൂടുതല്‍ എളുപ്പം അവരാണ്‌, മറച്ചുവെയ്‌ക്കാഌള്ള സാധ്യത കൂടുതലും. ചേട്ടന്‍മാരെയും മാമന്‍മാരെയും സുക്ഷിക്കുക, അതുപോലെതന്നെ ചേച്ചിമാരെയും ആന്റിമാരെയും. സ്‌ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ ഒട്ടും കുറവല്ല. അടുത്തു മനസിലാക്കിയവരെ മാത്രം വിശ്വാസത്തിലെടുക്കുക.

  8. കുട്ടികളോട്‌ വൈകാരികമായ അടുപ്പം പുലർത്തുക, അവരുടെ കൂടെ സമയം ചിലവഴിക്കുക. മാതാപിതാക്കളോട്‌ ആത്മബന്ധം പുലർത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാഌള്ള സാധ്യത കുറവാണ്‌. അഥവാ ഉണ്ടായാല്‍ പരിഹരിക്കപ്പെടാന്‍ എളുപ്പവും.

  9. കുട്ടി ആക്രമിക്കപ്പെട്ടാല്‍ പരാതിപ്പെടാന്‍ ഒരിക്കലും മടികാണിക്കരുത്‌. തന്റെ കുട്ടിയോട്‌ ഏറ്റവും ഹീനമായ, അവന്റെ/അവളുടെ ജീവിതം തന്നെ നശിപ്പിച്ചേക്കാവുന്ന കുറ്റമാണ്‌ ചെയ്യപ്പെട്ടത്‌ എന്നു തിരിച്ചറിയുക. Consent, enjoyment, initiative തുടങ്ങി പ്രതി ഇരയ്‌ക്കെതിരെ ഉന്നയിച്ചേക്കാവുന്ന ഒരു വാദവും നിയമത്തിഌമുന്നില്‍ നിലനില്‍ക്കില്ല എന്നറിയുക.

References:
Kelly Richards, 2011; Misperceptions about child sex offenders.
Xanthe Mallett, 2016; Psychology of a paedophile: why are some people attracted to children?