സിപ്പറിന്റെ കഥ

0
382

വിപിൻ വിൽഫ്രഡ്

സിപ്പറിന്റെ കഥ

അമേരിക്കയിലെ മസാച്ചുസെറ്റില്‍ ജീവിച്ചിരുന്ന ഒരു മെഷീനിസ്റ്റായിരുന്നു എലിയാസ് ഹോവ് (Elias Howe). അദ്ദേഹം കണ്ടുപിടിച്ച തുന്നല്‍യന്ത്രം വിപണി കീഴടക്കിത്തുടങ്ങിയ കാലമായിരുന്നു അത്. ആയിടക്ക് ഒരു കൊച്ചുയന്ത്രസംവിധാനത്തിനുകൂടി അദ്ദേഹം രൂപം കൊടുത്തു. ഇന്നു നാമുപയോഗിക്കുന്ന സിപ്പിന്റെ ആദ്യരൂപമായ, അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ഒരു സംവിധാനം. അദ്ദേഹം അതിനൊരു പേരും നല്‍കി- ഓട്ടോമാറ്റിക് കണ്ടിന്വസ് ക്ലോത്തിംഗ് ക്ലോഷര്‍ (Automatic Continuous Clothing Closure). 1851 ല്‍ തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റു നേടുകയും ചെയ്തു. പക്ഷേ തുന്നല്‍യന്ത്രത്തിന്റെ വിജയലഹരിയില്‍ മതിമറന്നിരുന്ന എലിയാസ് ഹോവിന് ഈ ‘ചെറിയ’ കണ്ടുപിടിത്തം അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. അതിനാല്‍ തുടര്‍ഗവേഷണങ്ങളിലൂടെ തന്റെ കണ്ടുപിടിത്തത്തെ മെച്ചപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം തുനിഞ്ഞതുമില്ല. നമ്മുടെ ബാഗിലും ഉടുപ്പിലുമൊക്കെ എന്നും കാണുകയും നാം പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമായ ‘സിപ്പി’ന്റെ ആദ്യരൂപമായിരുന്നു അത്.

ഏതാണ്ട് നാല്പതു കൊല്ലങ്ങള്‍ക്കു ശേഷം വിറ്റ്‌കോം ജഡ്‌സണ്‍ (Witcomb Judson) എന്ന മറ്റൊരു അമേരിക്കക്കാരന്‍ കൊളുത്തും ദ്വാരവുമടങ്ങുന്ന ഒരു പുതുസംവിധാനത്തിനു രൂപം നല്കി. കഠിനമായ നടുവേദനകാരണം കുനിഞ്ഞ് തന്റെ ഷൂസിന്റെ നാടകെട്ടുവാന്‍ നിവൃത്തിയില്ലാതെ ക്ലേശിക്കുന്ന ഒരു കൂട്ടുകാരനെ സഹായിക്കുകയായിരുന്നു ജഡ്‌സന്റെ ലക്ഷ്യം. കൂട്ടുകാരന്റെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞപ്പോള്‍ ഈ പുതിയ സംവിധാനം വന്‍തോതില്‍ ഉല്പാദിപ്പിച്ച് വിപണിയിലെത്തിച്ചാലോ എന്നതായി അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ തന്റെ മറ്റൊരു കൂട്ടുകാരനായ കേണല്‍ ലൂയിസ് വാക്കറുമൊത്ത് യൂണിവേഴ്‌സല്‍ ഫാസ്റ്റ്‌നര്‍ കമ്പനി എന്ന വ്യവസായശാലയ്ക്ക് വിറ്റ്‌കോം ജഡ്‌സണ്‍ രൂപം നല്‍കി. ആദ്യകാലത്ത് കുറെയൊക്കെ വിറ്റു പോയെങ്കിലും സ്വയം വിട്ടു പോകുന്ന പ്രശ്‌നമുള്ളതിനാല്‍ ഈ പുതിയ ഉല്പന്നത്തിന് വിപണിയില്‍ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. എങ്കിലും “സിപ്പറിന്റെ പിതാവ്’ എന്ന പദവിക്ക് വിറ്റ്‌കോം ജഡ്‌സണ്‍ തന്നെ അവകാശിയായിത്തീര്‍ന്നു.

Zipper Repair For a Zipper That Won't Stay Upഅക്കാലത്താണ് സ്വീഡനില്‍ ജനിച്ച് പിന്നീട് കാനഡയിലേക്ക് ചേക്കേറിയ ഗിഡിയന്‍ സണ്‍ബാക് (Gideon Sundback) എന്ന ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ യൂണിവേഴ്‌സല്‍ ഫാസ്റ്റ്‌നര്‍ കമ്പനിയില്‍ ഡിസൈന്‍ വിഭാഗം തലവനായി നിയമിതനാകുന്നത്. കൊളുത്തും ദ്വാരവുമടങ്ങിയ ജഡ്‌സന്റെ സംവിധാനത്തെ അദ്ദേഹം അടിമുടി പരിഷ്‌കരിച്ചെടുത്തു. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പല്ലുകളുടെ ശൈലിയിലേക്കായിരുന്നു പരിഷ്കാരം. അതിന് ഹുക്ക്‌ലസ് ഫാസ്റ്റ്‌നര്‍ (Hookless fastner)എന്ന പേരുമിട്ടു. രണ്ടു നിരയിലായി മുഖാമുഖം വരുന്നതരത്തിലുള്ള പല്ലുകളുടെ നീണ്ട നിരയും അവയെ ബന്ധിപ്പിക്കുവാനും വിടുവിക്കാനും സഹായിക്കുന്ന ഒരു സ്ലൈഡറുമടങ്ങുന്ന ഈ നവീനസംവിധാനത്തിന് 1913ല്‍ ഗിഡിയന്‍ സണ്‍ബാക് പേറ്റന്റും നേടി. പക്ഷേ സണ്‍ബാക്കിന് തൃപ്തിയായില്ല. 1917ല്‍ തന്റെ കണ്ടുപിടിത്തത്തെ അദ്ദേഹം വീണ്ടും പരിഷ്‌ക്കരിച്ചു. ‘സെപ്പറബിള്‍ ഫാസ്റ്റ്‌നര്‍’ (Seperable Fastner) എന്നായിരുന്നു തന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹം നല്കിയ പുതിയ പേര്. സണ്‍ബാക്ക് അവിടം കൊണ്ടും നിര്‍ത്തിയില്ല. നൂറുകണക്കിന് അടി നീളത്തില്‍ ഇത്തരം സെപ്പറബിള്‍ ഫാസ്റ്റ്‌നര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു യന്ത്രം കൂടി അദ്ദേഹം നിര്‍മ്മിച്ചു.

പക്ഷേ സിപ്പര്‍ എന്ന പേര് അപ്പോഴും ആരും ഉപയോഗിച്ചിരുന്നില്ല. തന്റെ ഫാക്ടറിയില്‍ ഉല്പ്പാദിപ്പിക്കപ്പെടുന്ന ഷൂസുകളില്‍ ഘടിപ്പിക്കാനായി ഈ പുതിയ സംവിധാനത്തെ ഉപയോഗിച്ച ബി എഫ് ഗുഡ്‌റിച്ച് (B.F. Goodrich) എന്ന വ്യവസായിയാണ് ഈ പുതുസംവിധാനത്തിന് ‘സിപ്പര്‍’ എന്നു പേരിട്ടത്.
ആദ്യമൊക്കെ ഷൂസും പുകയിലസഞ്ചിയുമൊക്കെ അടയ്ക്കാനും തുറക്കാനുമായിരുന്നു സിപ്പര്‍ ഉപയോഗിക്കപ്പെട്ടത്. വസ്ത്രങ്ങളില്‍ സിപ്പര്‍ പ്രത്യക്ഷപ്പെടാന്‍ പിന്നെയും ഇരുപതോളം കൊല്ലങ്ങളെടുത്തു. പില്ക്കാലത്ത് ‘സിപ്പര്‍’ ഫാഷന്‍ വസ്ത്രവ്യവസായത്തിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ഇത്ര ലളിതവും ചെലവുകുറഞ്ഞതുമായ കൂട്ടിയോജിപ്പിക്കല്‍ മാര്‍ഗ്ഗം മറ്റൊന്നില്ലെന്നു തന്നെ പറയാം.