നമുക്ക് കഥയിലേക്ക് വരാം. കഥയല്ല; ചരിത്രമാണ്

0
320

Vipin Wilfred

കൂടോത്രത്തെക്കുറിച്ച് ആദ്യം കേൾക്കുന്നത് ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ്. അന്ന് അടുത്ത സൗഹൃദമുള്ള ഒരു മുതിർന്ന ചേട്ടനുണ്ടായിരുന്നു. തന്നെ സ്ഥിരമായി ബുദ്ധിമുട്ടിക്കുന്ന നടുവേദനയും മറ്റുചില ആരോഗ്യ പ്രശ്നങ്ങളും അടുത്ത വീട്ടിലെ സ്ത്രീ തനിക്കെതിരെ നടത്തിയ ചില ‘പ്രയോഗ’ങ്ങളുടെ ഫലമാണെന്നായിരുന്നു പുള്ളിയുടെ ഭാഷ്യം. ഈ വിഷയത്തിൽ വിദഗ്ധയായ, തമിഴ്നാട്ടിലെ ഏതോ സ്ത്രീയെക്കണ്ട് പരിഹാര ക്രിയകളെപ്പറ്റി ആരാഞ്ഞതിന്റെയും അവർ കണ്ണടച്ച് ധ്യാനിച്ച് കൂടോത്രക്കാരിയുടെ വീടിന്റെ ലാൻഡ് മാർക്കൊക്കെ വിശദീകരിച്ചതിന്റെയുമൊക്കെ കഥ കട്ട സീരിയസായി പുള്ളി പറഞ്ഞത് ഇന്നുമോർക്കുന്നു.

തിരുവിതാംകൂർ ചരിത്രത്തിലെ രസകരമായ ഒരു കൂടോത്രക്കഥ അടുത്തിടെ വായിച്ചപ്പോഴാണ് ഈ പഴയ സംഭവം ഓർമ്മ വന്നത്. പലകാലങ്ങളിൽ ലോകത്ത് മറ്റെവിടെയുമെന്നപോലെ തിരുവിതാംകൂറിലും ആഭിചാരക്രിയകൾ വ്യാപകമായിരുന്നു. ശത്രുതയുള്ള വ്യക്തിക്ക് മുട്ടൻ പണി കൊടുക്കാൻ ആഭിചാരമൂർത്തികളെ ആശ്രയിക്കുന്നതിനെപ്പറ്റി നിരവധി രേഖകൾ ഈ നാടിന്റെ ചരിത്രത്താളുകളിലുണ്ട്.

തിരുവിതാംകൂറിൽ പ്രചാരത്തിലുണ്ടായിരുന്ന ക്ഷുദ്രപ്രയോഗത്തെപ്പറ്റി 1906ലെ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ ഇങ്ങനെ വായിക്കാം. “പകയുള്ള ആളുടെ വീട്ടുമുറ്റത്ത് ഒരു മൺകുടം കുഴിച്ചിടലാണ് ക്ഷുദ്ര പ്രയോഗത്തിന്റെ ജനപ്രിയ രീതി. കുടത്തിനുള്ളിൽ തലമുടി, പൂക്കൾ, കരിക്കട്ട, എല്ല് തുടങ്ങിയവ നിറച്ചിരിക്കും. ഇവയ്ക്കൊപ്പം ചില വിചിത്ര രൂപങ്ങൾ പതിപ്പിച്ച വെള്ളിയിലോ ചെമ്പിലോ പിച്ചളയിലോ തീർത്ത ഒരു തകിടും ദീർഘമായ പൂജകൾ ചെയ്ത് അടക്കം ചെയ്തിട്ടുണ്ടാവും. പലപ്പോഴും ശത്രുവിന്റെ രൂപം തന്നെയായിരിക്കും തകിടിൽ ആലേഖനം ചെയ്തിരിക്കുക. മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന ഈ കുടത്തെ ശത്രു പലതവണ തലങ്ങും വിലങ്ങും മുറിച്ചുകടക്കുന്നതോടെ അയാൾ ഒന്നുകിൽ മരണപ്പെടുകയോ അല്ലെങ്കിൽ പക്ഷാഘാതമുണ്ടാവുകയോ അതുമല്ലെങ്കിൽ മാറാവ്യാധി പിടിപെട്ട് നരകിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം.”

നമുക്ക് കഥയിലേക്ക് വരാം. കഥയല്ല; ചരിത്രമാണ്.

1929 ൽ തിരുവിതാംകൂറിലെ റീജന്റ് മഹാറാണിയായിരുന്ന സേതു ലക്ഷ്മി ഭായിയെ വീഴ്ത്താൻ ജൂനിയർ റാണി നടത്തിയ കൂടോത്രത്തിന്റെ കഥയാണിത്. ജൂനിയർ റാണിയായ സേതു പാർവ്വതി ഭായിയുടെ മകനും യുവരാജാവുമായ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് അധികാരമേറ്റെടുക്കാനുള്ള പ്രായമാകും മുമ്പ് മഹാരാജാവായ മൂലം തിരുനാൾ മരണമടഞ്ഞതിനെത്തുടർന്നാണ് സീനിയർ റാണിയായ സേതു ലക്ഷ്മി ഭായി റീജന്റ് മഹാറാണിയായി സ്ഥാനമേൽക്കുന്നത്. ചിത്തിര തിരുനാളിന് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് റീജന്റ് മഹാറാണി സ്ഥാനമൊഴിയും എന്നാണ് വ്യവസ്ഥ.

വിശാലമായ വായനയും പുരോഗമന ചിന്താഗതിയുമൊക്കെയുള്ള റീജന്റ് മഹാറാണിയുടെ ഭരണം പൊതുവെ മികച്ചതായിരുന്നു. രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് സർക്കാരിന് അവരെ വളരെ മതിപ്പുമായിരുന്നു. ഇങ്ങനെ പോയാൽ തന്റെ മകന് രാജാധികാരം കിട്ടുന്നത് വൈകിയേക്കുമോ എന്ന ആശങ്കയും റീജന്റ് റാണിക്ക് ജനങ്ങളിൽ നിന്നും ഇന്ത്യാ ഗവണ്മെന്റിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന പ്രീതിയോടുള്ള അസൂയയും സഹിയാതെ അവർക്കെതിരെ കൊടിയ മാരണം പ്രയോഗിക്കാൻ ജൂനിയർ റാണി തീരുമാനിച്ചുവത്രേ.

ആഭിചാരക്രിയകൾക്കുള്ള ചെലവിലേക്കായി തന്റെ സഹോദരന് 2000 രൂപ അവർ അയച്ചുകൊടുത്തു. ജൂനിയർ റാണിയുടെ അമ്മയായ കൊച്ചുകുഞ്ഞിയാണ് മലബാറിൽ നിന്ന് ആഭിചാരത്തിൽ വിദഗ്ധരായ ചില കർമ്മികളെ കണ്ടെത്തിയത്.പന്ത്രണ്ടോളം ബ്രാഹ്മണ പുരോഹിതർ നടത്തിയ പന്ത്രണ്ട് ദിവസം നീളുന്ന ആഭിചാര കർമ്മങ്ങൾക്കായിരുന്നു കവടിയാർ കൊട്ടാരം വേദിയായത്. മുഖ്യ പുരോഹിതന് 2000 രൂപ നൽകി. കർമ്മത്തിന് ‘ഫലസിദ്ധി’യുണ്ടായാൽ അതായത് റീജന്റ് റാണി മരണമടയുകയോ മാനസിക വിഭ്രാന്തിയുണ്ടാവുകയോ ചെയ്താൽ 50,000 രൂപ നൽകാമെന്നും മഹാരാജാവ് പുരോഹിതന്റെ വീട്ടിലേക്ക് എഴുന്നള്ളുമെന്നുമായിരുന്നു വാഗ്ദാനം.

കവടിയാർ കൊട്ടാരത്തിന്റെ കരിങ്കൽത്തറയുടെ ഒരു ഭാഗം ഇളക്കിമാറ്റി ഒരു ചതുരക്കുഴിയാക്കിയായിരുന്നു ഹോമം. കൊട്ടാരം ഡോക്ടറായിരുന്ന കൃഷ്ണപിള്ളയോട് ഒരു വേലക്കാരി പറഞ്ഞതു പ്രകാരം പ്രതിദിനം 20-25 എലികളെ അവർ പൂജയുടെ ആവശ്യത്തിനായി പിടിച്ചു നൽകിയത്രേ. വേണ്ട ഏർപ്പാടുകളൊക്കെ ചെയ്തത് യുവരാജാവിന്റെ അമ്മാവന്മാരായിരുന്നു.

ഇതിനൊക്കെയപ്പുറം ആഭിചാരത്തിടെ കലാശക്കൊട്ട് എന്ന നിലയിൽ നരബലി നടത്താൻ പോലും തയ്യാറായിരുന്നു എന്ന ഞെട്ടിക്കുന്ന കഥയും പ്രചരിച്ചിരുന്നു. കൊട്ടാരത്തിൽ പൂജയുടെ ഭാഗമായി ഒരു കുട്ടിയെ ബലി കൊടുത്തേക്കും എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചതായി അന്നത്തെ ദിവാൻ മി. വാട്ട്സ് റസിഡന്റിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനപ്പുറം ഒരു കുട്ടിയെ കാണ്മാനില്ല എന്ന ഒരു പരാതി വന്നതായും തിരച്ചിലിനൊടുവിൽ കവടിയാർ കൊട്ടാരത്തിലേക്കുള്ള പാതയിൽ മൂന്ന് അപരിചിതർക്കൊപ്പം ആ കുട്ടിയെ കണ്ടെത്തിയതായും റസിഡന്റ് ഇന്ത്യാ ഗവണ്മെന്റിന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ വായിക്കാം. കുട്ടിയെ മിഠായി നല്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുവന്നവർ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. എന്തായാലും ക്ഷുദ്ര പ്രയോഗം കൊണ്ട് ‘ഗുണ’മൊന്നുമുണ്ടായില്ല. സേതു ലക്ഷ്മി ഭായി റീജന്റായി പിന്നെയും രണ്ടുകൊല്ലം കൂടി ഭരിച്ചു.

(മനു എസ്. പിള്ളയുടെ ‘Ivory Throne’ എന്ന പുസ്തകത്തിലെ ‘Black Magic’ എന്ന അധ്യായത്തിൽ ചരിത്ര രേഖകളിലേക്കുള്ള കൃത്യമായ സൂചികകൾക്കൊപ്പം ഈ കഥ കൂടുതൽ വിശദമായി വായിക്കാം)