എന്നിട്ടും എന്തുകൊണ്ട് കെ.പി. ഉമ്മറിന്റെ കണ്ണുകളിൽ മിന്നിയ വിടത്വത്തെ മാത്രം മലയാള സിനിമ വിടാതെ ഉപയോഗിച്ചു?

0
55

✒️Vipindas G(വിപിൻദാസ് ജി)

‘ഉപഗുപ്ത’ന്റെ കണ്ണുകളിൽ സദാ ‘കരുണ’യായിരുന്നു. ‘അനീഴം തിരുനാൾ മാർത്താണ്ഡവർമ്മ’യുടെ (പഞ്ചവൻ കാട്) കണ്ണുകളിൽ തികഞ്ഞ ക്രൗര്യവും. എന്നിട്ടും എന്തുകൊണ്ട് കെ.പി. ഉമ്മറിന്റെ കണ്ണുകളിൽ മിന്നിയ വിടത്വത്തെ മാത്രം മലയാള സിനിമ വിടാതെ ഉപയോഗിച്ചു? ടൈപ്പ് കാസ്റ്റിംഗിൽ കുരുങ്ങിപ്പോയ കരിയർ കൊണ്ട് അർഹിക്കുന്ന ഉയരങ്ങളിൽ എത്താൻ കഴിയാതെ പോയ പ്രതിഭാധനരായ അഭിനേതാക്കളിൽ പ്രഥമനാണ് കെ.പി.ഉമ്മർ. അഭിനയശേഷിയും സൗന്ദര്യവും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് വില്ലനും പൂവാലനും മാത്രമായി മലയാളസിനിമയിൽ ഉമ്മറിനെ അടയാളപ്പെടുത്തി എന്ന ചോദ്യം അദേഹത്തിന്റെ സിനിമകൾ കാണുമ്പോഴൊക്കെ സ്വയം ചോദിച്ചിട്ടുണ്ട്.

NAKARAJAN: K.P.UMMER , THE LEGEND OF MALAYALAM CINEMA ACTED NEARLY 300  FILMS BORN 1930 OCTOBER 11തികഞ്ഞ റിബലിസ്റ്റിന്റെ ശരീര-അഭിനയ ഭാഷയുള്ള കെ.പി ഉമ്മറിനെ കാണുമ്പോൾ ഏതാണ്ട് അതോട് ചേർന്നു പോകുന്ന സത്യൻ മാഷേ ഓർമ്മവരും. തീർച്ചയായും ഇതൊരു താരതമ്യമല്ല, ചില സാമ്യങ്ങളെ കണ്ടെത്തിയതാണ്. എന്നിട്ടും മലയാള സിനിമയിൽ സത്യൻ മാഷോടൊപ്പം ഇരിക്കാൻ സദാ അർഹനായ ഉമ്മർ തീർത്തും അപ്രസക്തമായ, നെഗറ്റീവ് ഷെയ്ഡ് വേഷങ്ങൾക്കുവേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ടതിലെ വൈരുധ്യമാണ് കെ.പി.ഉമ്മർ എന്ന നടനെ ഓർമ്മിക്കുമ്പോഴൊക്കെയും മനസിൽ ആദ്യം കടന്നു വരിക. എങ്കിൽ കൂടിയും കയ്യിലെത്തിച്ചേർന്ന ഏതൊരു കഥാപാത്രത്തേയും എക്കാലവും ഓർമ്മിപ്പിക്കുമാറ് അഭിനയിച്ചു പ്രതിഫലിപ്പിച്ചുകൊണ്ട് കെ.പി.ഉമ്മർ കടന്നുപോയിരിക്കുന്നു. ഈ കാലമത്രയും അദ്ദേഹത്തേ അനുകരിക്കാൻ അനുകരണകലാകാരന്മാർ എടുത്തുപയോഗിച്ച് ചിരപരിചിതമാക്കിയ ‘മൂലധന’ത്തിലെ ‘വികാരജീവി’ പ്രകടന രംഗം ഏറെക്കുറെ തമാശിക്കാനുള്ള ഒന്നായി പ്രയോഗിക്കുന്ന സോഷ്യൽ മീഡിയ യുഗത്തിൽ കൂടിയും മൃദുല വികാരത്തെ പങ്കുവയ്ക്കാൻ സങ്കോചമില്ലാതെ നായികയെ സമീപിക്കുന്ന പ്രതിനായകന്റെ അഭിനയ ഭാഷയിൽ കടന്നുകൂടിയ ആ റിബലിസം ഏറെ ആകർഷകമായി തോന്നിയിട്ടുണ്ട്.

ലക്ഷണയുക്തനായ പ്രതിനായകന്റെ വേഷങ്ങളിൽ നിന്ന് പിന്നീട് കാരണവ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉമ്മർ എന്ന നടന്റെ അഭിനയ സാധ്യതകളെ മലയാള സിനിമ വേണ്ടുംവണ്ണം പ്രയോജനപ്പെടുത്തിയില്ല. അർഹതകൾക്ക് എന്തായിരുന്നു വിലങ്ങുതടി? വിധിയോ, മനുഷ്യനോ? കല ഒരു തൊഴിലിടമായി കൂടി മാറുമ്പോൾ കടന്നുവരുന്ന അമാനുഷികമായ ഭാഗ്യ-ദൗർഭാഗ്യങ്ങളോ, അതോ മാനുഷികമായ വിലങ്ങുതടികളോ? ആർക്കറിയാം? കെ.പി.ഉമ്മർ എന്ന നടൻ വിടപറഞ്ഞിട്ട് 19 വർഷം തികയുകയാണ്. അർഹിക്കുന്ന അംഗീകാരങ്ങൾ വിദൂരതയിൽ നിന്നു നോവിക്കുന്ന പ്രതിഭകൾ അതിനുമുമ്പും പിമ്പും ഏതു മേഖലയിലുമുണ്ടായിരിക്കും എന്നത് സത്യം. എങ്കിലും ചില ഓർമ്മകൾ ഈ വിധം ഇരുത്തി ചിന്തിപ്പിക്കും. അപ്രസക്തമെന്ന് തോന്നുമെങ്കിലും പ്രസക്തമക്കുന്ന ചിന്തകൾ പങ്കുവയ്ക്കും.
ഓർമ്മപ്പൂക്കൾ 🌹🌹🌹