സേവനം എന്നത് പ്രഹസനമല്ലെന്നും ജീവിതത്തിന്റെ ഭാഗമെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്നുമുണ്ട് ഈ നടി

0
50

Vipindas G

സ്വാഭാവികതയോടെ അഭിനയിക്കുന്ന സ്വഭാവനടിയെന്ന് നിസംശയം വിളിക്കാവുന്ന പ്രതിഭയുള്ള അഭിനേത്രിയാണ് സീമ ജി നായർ. വെള്ളിത്തിരയുടെ തിളക്കമില്ലാത്ത പിന്നാമ്പുറ ജീവിതങ്ങളുണ്ട്. താര രാജാക്കന്മാർക്കും താര രാജ്ഞിമാർക്കും മാത്രം സിംഹാസനം ഒഴിച്ചിടുന്ന സിനിമ മേഖലയിലേ സഹതാരങ്ങളുടെ ജീവിതകാഴ്ചകൾ പലപ്പോഴും സഹൃദയങ്ങളെ കണ്ണീരിൽ നനയ്ക്കും വിധമാണ്. ലോകം മുഴുവൻ സ്തംഭിച്ചു നിന്ന കൊറോണകാലത്ത് അരി അരച്ചു കൊടുത്തും മറ്റും ഒരു സാമ്പത്തിക പ്രതിസന്ധി ഘടത്തെ പതർച്ചയില്ലാതെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് സെലിബ്രെറ്റി ചമയങ്ങളില്ലാതെ പ്രവർത്തിച്ചുകാണിച്ചുകൊണ്ട് സീമ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൊറോണയെ ആത്മവിശ്വാസത്തോടെ നേരിട്ട അവരുടെ അനുഭവം അവർ ലോകത്തോട് പങ്കുവച്ചിരുന്നു.

80’കളിൽ പത്മരാജൻ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ മുഖം കാണിച്ചുകൊണ്ട് തുടങ്ങിയ അഭിനയ ജീവിതം,90’കളോടെ സീരിയൽ രംഗത്തേക്ക് സീമയ്ക്കുള്ള ചവിട്ടുപടിയായി. പിന്നെയും എത്രയോ വർഷങ്ങൾ ഇടയിൽ കൊഴിഞ്ഞു വീണശേഷമാണ് സിനിമയിൽ സീമക്ക് സ്വന്തം കയ്യൊപ്പ് ചാർത്താൻ സാധിച്ചത്. സീമ എന്ന അഭിനേത്രിയെ അടയാളപ്പെടുത്തുന്നതിൽ അവരുടെ വേറിട്ട സ്വരത്തിന് ഒരുപാട് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഡയലോഗ് ഡെലിവറികളിൽ അല്പം പതിഞ്ഞതെങ്കിലും ശക്തമായ ആ ശബ്ദം തന്റെ വ്യക്തമായ സ്വാധീനം അറിയിക്കാറുണ്ട്.

Seema keeps shining stillഅഭിനയം വള്ളിത്തിരയിൽ മാത്രം ഒതുക്കി ചമയങ്ങളില്ലാതെ പലപ്പോഴും സഹജീവികൾക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്ന സീമയെ കണ്ടിട്ടുണ്ട്. സേവനം എന്നത് പ്രഹസനമല്ലെന്നും ജീവിതത്തിന്റെ ഭാഗമെന്നും ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്നുമുണ്ട്. ജീവിതത്തിൽ താൻ അനുഭവിച്ച ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമെല്ലാം അവർക്ക് സഹജീവികളെ ചേർത്തു പിടിക്കാനും അവർക്ക് വേണ്ടി ചെയ്തു തീർക്കാനുള്ളതുമായ കർമ്മങ്ങൾക്കുള്ള ഊർജമായി. പലതവണ വ്യാധികൾ വേട്ടയാടിയ സിനിമ-സീരിയൽ താരം ശരണ്യയ്ക്കൊപ്പം അതിഭയാനകമായ ആ അസുഖകാലത്ത് ആത്മവിശ്വാസം നിറച്ചു കൂടെയുണ്ടായിരുന്ന സീമയെ കണ്ടിട്ടുണ്ട്. ഇന്ന് ശരണ്യ ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും, ശരണ്യക്കും അമ്മയ്ക്കും ഒരു വീടൊരുക്കവുമായി സീമ തിരക്കിലാണ്. സേവനം എന്നത് സ്വയം സേവ ആകുന്ന കാലത്ത് സഹജീവികളുടെ ശബ്ദമായും താങ്ങയും സീമ നിലകൊള്ളുന്നു.

ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി സ്വഭാവ നടിയുടെ തലത്തിലേക്ക് സ്വയം ഉയർന്നു വന്ന സീമ ജി നായർക്ക് സിനിമയിൽ ഗോഡ്ഫാദർ എന്നുപറയാൻ ആരുമില്ല. കഴിവും അതിലുള്ള ആത്മവിശ്വാസവുമായി സീമ മുന്നോട്ടു നടക്കുന്നു. സേവനസന്നദ്ധരേ ആഘോഷിക്കുന്ന പുതിയ ലോകത്ത് നന്മയുടെ ചെറിയ വലിയ ചില വെളിച്ചങ്ങൾക്കുമാത്രം ആരാധനയില്ലാതെ പോകാറുണ്ട്. എത്ര ആഘോഷിച്ചില്ലെങ്കിലും, ആരാധിച്ചില്ലെങ്കിലും ചില കൈത്തിരികളുണ്ട്, ഏതു കാറ്റിലും പേമാരിയിലും കേടാത്ത ആത്മവിശ്വാസത്തോടെ കൂടെയുള്ള മനുഷ്യർക്കുമുന്നിൽ വഴി കാട്ടുന്ന വെളിച്ചമായിങ്ങനെ…


അനുബന്ധം (Sunil Waynz)

മലയാളത്തിൽ ഇന്നുള്ള അഭിനേത്രികളിൽ കഴിവ് കൊണ്ട് മികച്ചു നിൽക്കുന്നതിൽ ഒരാൾ..പക്ഷേ വേണ്ടവിധം ഇൻഡസ്ട്രിയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയം.
ക്രോണിക്ക് ബാച്ച്ലർ എന്ന സിനിമയിൽ സത്യപ്രതാപന്റെ ചെറുപ്പകാലം അവതരിപ്പിച്ച ബിയോണിന്റെ കഥാപാത്രം,സീമ.ജി.നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വീട്ടിലേക്ക് തിരികെ വിളിക്കാൻ ചെല്ലുമ്പോൾ തൊണ്ടയിടറി ഇവരുടെ ഒരു ഡയലോഗ് ഉണ്ട്
“നിന്റെ അച്ഛൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കേണ്ടത് എന്നോടല്ല..എന്റെ മകൻ ശേഖരൻകുട്ടിയോടാണ്..ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനായിരുന്നു എന്റെ മകൻ..ആ അവനാ ഇന്ന് കാശിന് വേണ്ടി ആളെക്കൊല്ലാൻ നടക്കുന്നത്..പറ്റ്വോ..അവനെ എനിക്ക് പഴയത് പോലെ തിരിച്ചു തരാൻ പറ്റ്വോ നിനക്ക്”???
അസാധ്യ പെർഫോമൻസ് ആയിരുന്നു ആ സീനിൽ ഇവരുടേത്..Sound Variation കൊണ്ടാകണം,ഇപ്പോൾ കാണുമ്പോഴടക്കം ഭയങ്കര ഒറിജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഈ ഡയലോഗിന്.
സീമ.ജി.നായരുടെ സിനിമാലിസ്റ്റിൽ എവിടെയും പരാമർശിച്ചിട്ടില്ലാത്ത ഒരു സിനിമയാണ് 1985ൽ ശശികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘മകൻ എന്റെ മകൻ’ എന്ന സിനിമ..ആ സിനിമയിൽ കേവലം മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഒരു ചെറിയ സീനിൽ സീമ പ്രത്യക്ഷപ്പെടുന്നുണ്ട്.അന്നവർക്ക് കഷ്ടി 20 വയസ്സ് പ്രായം കാണും(കമന്റിനൊപ്പമുള്ള ചിത്രം)അവരുടെ Filmographyയുടെ കൂട്ടത്തിൽ എവിടെയും ഈ സിനിമ രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ കൗതുകം!!