നിക്കറിനകത്തേക്കും പെറ്റിക്കോട്ടിനകത്തേക്കും കയറുന്ന പരുപരുത്ത കൈകൾ ഒന്നാണ്

90

✒️Vipindas G (വിപിൻദാസ് ജി)

1905-ൽ സ്മാർത്ത വിചാരാനന്തരം കുറിയേടത്ത് താത്രി ഭ്രഷ്ടയാകുമ്പോൾ കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് തികഞ്ഞിരുന്നില്ല പോലും. എന്നാൽ, കുറിയേടത്ത് താത്രി എന്ന വിവാദനായിക ജനിക്കുന്നത് അവർക്ക് തന്നെ കേവലം ഒമ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ്. സമൂഹത്തിൽ നിലയും വിലയും പാരമ്പര്യവും ആവോളമുള്ള ഒരു ആഢ്യൻ തിരുമേനിയിൽ നിന്ന് അവർക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗികചൂഷണത്തിൽ നിന്നാണ് കേരളക്കരയേ ഒന്നാകെ പിടിച്ചുലച്ച ഭ്രഷ്ടിലേക്ക് അത് വളരുന്നത്. യഥാസ്ഥിതികമായ ആ കാലഘട്ടത്തിൽ ഒരിക്കലെങ്കിലും ആ ബാലിക തനിക്ക് എന്തുസംഭവിച്ചു എന്ന് ആരോടെങ്കിലും വെളിപ്പെടുത്തിയിരിക്കുമോ? അഥവാ, വെളിപ്പെടുത്തിയെങ്കിൽ കൂടി എന്ത്‌ പ്രതികരണമായിരിക്കും ഉണ്ടായിരിക്കുക എന്ന് ഇന്നും ഇതിനെയൊക്കെ ഗോപ്യമാക്കാൻ, ന്യായീകരിക്കാൻശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ നിന്ന് ആലോചിക്കുമ്പോൾ ഏകദേശരൂപം കിട്ടേണ്ടതാണ്.തലനിവർത്തി നിന്ന് ഭ്രഷ്ട് ഏറ്റുവാങ്ങി കടന്നുപോകുന്ന വേളയിലും താത്രി പറഞ്ഞു-

“അന്ന് എനിക്ക് ഒരുപാട് വേദനിച്ചു.ഞാൻ ഒരുപാട് ഭയന്നു. ഇന്നും എനിക്ക് ആ അദ്ദ്യേത്തേ പേട്യാണ്” എന്ന് പറഞ്ഞതായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഉണങ്ങാത്ത വ്രണമെന്നോ, ഉറങ്ങാൻ അനുവദിക്കാത്ത ദുസ്വപ്നമെന്നോ അതിനെ വിളിക്കേണ്ടിയിരുന്നത്?

പറഞ്ഞുവന്നത് എല്ലാ കാലങ്ങളിലും സമൂഹത്തിൽ സ്ത്രീകളോടെന്നപോലെ, അല്ല, അതിലും പതിന്മടങ്ങായി കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കുപ്പെട്ടിട്ടുണ്ട്. ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ട്. ലിംഗ സമത്വം എന്ന ആശയം എവിടെയില്ലെങ്കിലും പീഡോകൾക്കിടയിൽ പീഡിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന ഇരകളിൽ ഉണ്ട്. പെൺകുട്ടികൾ എന്ന പോലെ ആൺകുട്ടികളും ഇതേ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു. ഒരു വ്യക്തിയുടെ നാളെകൾ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ബാല്യത്തിന്റെ സഹജമായ സന്തോഷങ്ങളെ മുഴുവൻ ഇല്ലാതാക്കാൻ ആ ഒരു അനുഭവം മാത്രം മതി. പട്ടി കടിച്ച അനുഭവത്തോട് ഇതിനെ ഉപമിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചാലും വ്യക്തിയുടെ ആത്മവിശ്വാസത്തെ നിർണ്ണായകമായ ഏതൊക്കെയോ നിമിഷങ്ങളിൽ അത് ചോർത്തി കളഞ്ഞ് നിസ്വരാക്കി നിർത്തും. ബാല്യത്തിലെ ലൈംഗിക അതിക്രമങ്ങളെ അതിജീവിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്.

പീഡോകളുടെ പീഡനത്തിന് സത്യത്തിൽ മതം, ജാതി, സൗന്ദര്യം, ഇരയുടെ ലിംഗവത്യാസം, സ്ഥലകാലം ഒന്നും ഒരു പ്രശ്നമല്ല. വേട്ടക്കാരനും അവൻ തിരഞ്ഞെടുക്കുന്ന ഇരകളും ഇതിനൊക്കെ പുറത്ത് നിൽക്കുന്നവരാണ്. ഓത്തുപള്ളിയിലോ അമ്പലത്തിലെ വെളിച്ചം എത്തിനോക്കാത്ത പത്തായപ്പുരയിലോ പള്ളിമേടയുടെ മുകളിലോ വച്ച് പീഡിപ്പിക്കുമ്പോൾ മാത്രമേ സത്യത്തിൽ ഇവിടെ വേട്ടക്കാരന്റെയും ഇരയുടെയും മതം കടന്നുവരുന്നുള്ളു. മറ്റു സാഹചര്യങ്ങളിൽ ഇരകൾ മുന്നിൽ പെടുമ്പോൾ ഇതെല്ലാം മാറി മറിയും. വീട്ടിലെ ഏറ്റവും വേണ്ടപ്പെട്ട ബന്ധു മടിയിൽ പിടിച്ചിരുത്തി ലാളിക്കുമ്പോൾ, കൈക്രിയകൾ പരിധി വിടുമ്പോൾ ശ്രദ്ധ എത്താറുണ്ടോ? ബന്ധുത്വം പറഞ്ഞ്, കുടുംബ സുഹൃത്ത് ചമഞ്ഞ്, വീട്ടുജോലിക്കാരുടെ രൂപത്തിൽ, അയൽക്കാരന്റ രൂപത്തിൽ എല്ലാത്തിന്റെയും മറുപുറത്ത് മുഖംമൂടിക്കുള്ളിൽ ഒരു പീഡോ കാണാം.

രക്ഷിതാക്കളുടെ വിശ്വാസത്തെ മുതലെടുത്ത് വിലസുന്ന ചില സാമൂഹിക ക്ഷുദ്രജീവികൾ.
നിക്കറിനകത്തേക്കും പെറ്റിക്കോട്ടിനകത്തേക്കും കയറുന്ന പരുപരുത്ത കൈകൾ ഒന്നാണ്. നിങ്ങളുടെ കുട്ടികളുടെ ബാല്യം ഇല്ലാതാക്കാൻ കഴിയുന്ന രേഖ ഉള്ളം കയ്യിൽ കൊണ്ടുനടക്കുന്നവർ. ആയതിനാൽ സ്പർശം എന്ന അതിന്റെ പ്രാഥമിക ചുവടിനെ നല്ല സ്പർശമെന്നും ചീത്ത സ്പർശമെന്നും ധാരണ കുട്ടികളിൽ ഉണ്ടാക്കും വിധം വിശദമായി വിവരിച്ചു കൊടുക്കുക. എന്തെന്നാൽ അരുതുകൾക്ക് കൃത്യമായ അതിരുകളുണ്ട്. കുട്ടികളെ കേൾക്കാൻ സന്നദ്ധരാവുക എന്നതാണ് ദ്വിതീയ പ്രധാനമായ കാര്യം. പലരക്ഷിതാക്കളും ഇന്നും അതിന് തയ്യാറല്ലെന്ന് വാർത്തകൾ പറയുന്നു. എല്ലാറ്റിലും ഒടുവിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന, അല്ലെങ്കിൽ ചെയ്യേണ്ടുന്ന കാര്യം കുട്ടികളോടൊപ്പം നിലകൊള്ളുക എന്നതാണ്. ശകാരവർഷങ്ങൾ ഇല്ലാതെ, കുറ്റപ്പെടുത്തലുകൾ ഇല്ലാതെ അവരെ വീണുപോകാതെ ഒപ്പം നിർത്തുക.

ഇന്ന് ഞാൻ ഉൾപ്പെടെയുള്ളവർക്ക് ബാല്യ-കൗമാരങ്ങളിൽ തട്ടിമാറ്റിയ കൈകളെ കുറിച്ച്, ഉടലിലെ സ്വകാര്യപാർശ്വങ്ങളിൽ ഞെക്കിയും കടിച്ചും നുള്ളിയും കടന്നുപോയ കടുംകൈകളുടെ മനസ്സിൽ മുറിപ്പെടുത്തിയ ഒരു ഓർമ്മയെകുറിച്ചെങ്കിലും പറയാൻ ബാക്കിയുണ്ടാവും. ആയതിനാൽ തന്നെ ഞാൻ എന്റെ ഭാഗിനേയരെ കാണുമ്പോൾ കളിയും കാര്യവുമായി ഇതിനെ കുറിച്ച് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തും. ഇത് നാം ഉൾപ്പെടുന്ന തലമുറയോടുകൂടി തീരട്ടെ. പീഡോകൾക്ക് ചികിത്സയും ശിക്ഷയും നൽകാൻ പുറപ്പെടും മുമ്പ് ഇരയാകാൻ ഒരു കുഞ്ഞിനേയും വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതയാണ് നാം എടുക്കേണ്ടത്. അതായിരിക്കും ഈ വിഷയത്തിൽ ഏറ്റവും വലിയ ഫലവത്തായ പ്രതിരോധവും.