റാണാ ദഗ്ഗുബട്ടിയും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ വിരാടപർവം എന്ന തെലുങ്ക് ചിത്രം പ്രധാനമായും നക്സലിസം പ്രമേയമായ മൂവിയാണ്. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രം വെണ്ണെലയ്ക്ക് പ്രചോദനമായ വ്യക്തി നക്സലൈറ്റ് നേതാവായിരുന്ന സരളയാണ് . 1990-കളിൽ ആന്ധ്രപ്രദേശ് നക്സൽ പ്രസ്ഥാനങ്ങളുടെ വിളഭൂമിയായിരുന്നു.പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന നക്സൽ തീവ്രവാദ പ്രസ്ഥാനം ആന്ധ്ര സർക്കാരിനുണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. ആന്ധ്രയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു സരള. സരളയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് വിരാടപർവത്തിന്റെ അടിസ്ഥാനം. ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത് വെണ്ണെലയുടേയും സഖാവ് രാവണ്ണയുടേയും പ്രണയത്തെ മുൻനിർത്തിയാണ് . രാവണ്ണയെ അവതരിപ്പിക്കുന്നത് റാണയാണ്. പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു, രാഹുൽ രാമകൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഉഡുഗുല വേണുവാണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രത്തിന്റെ ഒരു ട്രോൾ റിവ്യൂ വായിക്കാം .
Movie : Virata Parvam
എഴുതിയത് : Na Vas
1973-ലെ ഒരു കൂരാകൂരിട്ടുള്ള രാത്രിയിൽ പൂർണ്ണ ഗർഭിണിയായ ഊഷ്മളവല്ലിയെയും കൊണ്ട് പോകുകയായിരുന്ന ലേണിങ് ടെസ്റ്റ് മാത്രം പാസ്സായിട്ടുള്ള ലോനപ്പൻ തന്റെ മൂടിക്കെട്ടിയ ട്രാക്ടർ പോലീസും നക്സലെറ്റുകളും തമ്മിലുള്ള ഷൂട്ട്‌ഔട്ടിന്റെ ഇടയ്ക്ക് കൊണ്ടുപോയി സ്ലോ&സ്റ്റോപ്പ് ഹാൻഡ് സിഗ്നലിട്ട് നിർത്തിയ ശേഷം ‘നാമിനി എന്തുചെയ്യും മല്ലയ്യ’ എന്ന് ഊഷ്‌മളവല്ലിയുടെ ഭർത്താവിനോട് വളരെ നിഷ്‌ക്കളങ്കമായി ചോദിച്ചു. ഗുണ്ടകൃതി രാഗത്തിൽ അല്പം പുന്നാഗവരാളി മിക്സ് ചെയ്തുകൊണ്ടായിരുന്നു ഇട്ടിക്കണ്ടപ്പനായ ഡിണ്ടിക്കൽ മല്ലയ്യയുടെ മറുപടി. അത് കോപ്പി – പേസ്റ്റാക്കി ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്ത ലോനപ്പന് കിട്ടിയ റിസൾട്ട് ഒരു ആപ്പിനും പുറത്തുപറയാൻ കൊള്ളാത്തതായിരുന്നു.
ട്രാക്ടറിൽ ഒരു പൂർണ്ണ ഗർഭിണിയുണ്ടെന്ന വിവരം നിഴൽ വഴി തിരിച്ചറിഞ്ഞ നക്സൽ ഗ്രൂപ്പിലെ ഡോക്ടർ അരിവാൾ മേരി തൽക്കാലം വെടിനിർത്തി ഊഷ്മളവല്ലിയുടെ പ്രസവം എടുക്കാനായി വണ്ടിയിലേക്ക് വലിഞ്ഞു കയറി. വേദനകൊണ്ട് പുളയുകയായിരുന്ന ഊഷ്‌മളവല്ലിയെ ഉച്ചത്തിൽ വിപ്ലവഗാനം കേൾപ്പിച്ച് മോട്ടിവേഷൻ നൽകി പുഷ് ചെയ്യിപ്പിച്ചു പുഷ്പം പോലെ പ്രസവിപ്പിച്ചെടുത്ത ഡോക്ടർ അരിവാൾ മേരി ഗാനത്തിന്റെ ‘അയ്‌ന് ചലോ ചലോ മാളോരെ’ക്ക് ഒടുവിൽ തന്റെ കയ്യിലെ ‘റ’ കത്തിയെടുത്ത് ഊഷ്മളവല്ലിയുടെ പാവാടവള്ളി അറുത്തെടുത്തു. അങ്ങനെ തോന്നിയെങ്കിലും അത് മറ്റേ പൊക്കിൾകൊടി സംഭവം ആയിരുന്നു. തന്റെ പെൺകുഞ്ഞിന് നല്ലൊരു പേരിടാൻ അഭ്യർത്ഥിച്ച മല്ലയ്യയുടെ ആഗ്രഹം പോലെ തന്നെ മേരി കുട്ടിക്ക് പേരിട്ടു; ജലജ. തിരിച്ചിട്ടാലും മറിച്ചിട്ടാലും ജലജ. മല്ലയ്യയും ഊഷ്‌മളവല്ലിയും മേരിയെ വണങ്ങി. ആവേശം അതിർത്തി കടന്ന നിമിഷത്തിൽ എണീറ്റുനിന്ന് ജലജക്ക് റെഡ് സല്യൂട്ട് നൽകി വിപ്ലവഗാനത്തിലെ ചരണം ആലപിക്കാൻ തുടങ്ങിയ അരിവാൾ മേരി പോലീസിന്റെ ഹെഡ്ഷോട്ടിൽ ചരമം പ്രാപിച്ചു.
വർഷങ്ങൾ കഴിഞ്ഞു. ജലജ വളർന്നു പ്രായപൂർത്തി ആയ ദിവസം അവളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു പൊട്ടിച്ചിരിക്കാൻ വേണ്ടി മാത്രം അവളുടെ സാവിത്രി അമ്മായി ചടങ്ങിൽ വന്നുപോയി. ജലജ പിന്നെയും വളർന്നു. ഒരു ദിവസം തന്റെ കൂട്ടുകാരി വഴി ലഭിച്ച പുസ്തകങ്ങൾ വായിച്ചു പ്രചോദിപ്പിക്കപ്പെട്ട ജലജക്ക് അവയുടെ എഴുത്തുകാരനോട് ആരാധനയായി, പിന്നീട് പ്രണയമായി. ഒരു വട്ടമെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ അവൾ ആഗ്രഹിച്ചു. പക്ഷെ അയാളെ അങ്ങനെ എളുപ്പത്തിൽ കാണാൻ ഒക്കില്ല. കാരണം പോലീസും പട്ടാളവും, വീട്ടുനികുതി അടക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയും തിരയുന്ന, തലക്ക് ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള നക്സൽ നേതാവ് എല്ലൂർ രവിയണ്ണനായിരുന്നു ആ എഴുത്തുകാരൻ. തൽകാലം കെലിപ്പന്റെ കാന്താരികൾ പ്ലീസ് സ്റ്റെപ് ബാക്ക്. നക്സലിന്റെ ശിങ്കാരി വാഴും കാലമിത്!
ജലജയുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ഫ്രീ ടൈമിൽ തേക്കിന്റെ ഇലയിൽ തുളകളിട്ട് അരിവാൾ ചുറ്റിക ഉണ്ടാക്കി സൂര്യന് നേർക്ക് നീട്ടിപ്പിടിച്ചു നോക്കുന്നത് അവൾ പതിവാക്കി. നാട്ടിലെ സകല ചുമരുകളിലും അവൾ ജലജ ലവ്സ് രവിയണ്ണൻ എന്നെഴുതി. ലവ്വിന്റെ ഉള്ളിൽ അരിവാൾ ചുറ്റികയും വരച്ചു. ദൂരെ എങ്ങോനിന്ന് ഒരു കർഷകൻ അവൾക്ക് വേണ്ടി തന്താരാരോ എന്നു തുടങ്ങുന്ന വിരഹഗാനം നീട്ടി പാടി. വീട്ടിൽ ഇരുന്ന് ആന്ധ്രാചില്ലി ചമ്മന്തിയിൽ കപ്പയുടെ അറ്റം മുക്കി കഴിച്ചിരുന്ന അവളുടെ അച്ഛൻ പലവട്ടം തുമ്മി.
കൃഷ്ണന് വേണ്ടി ഭക്തമീര വീട് വിട്ടിറങ്ങിയതിൽ തെറ്റൊന്നുമില്ലെന്ന അച്ഛൻ മല്ലയ്യയുടെ സ്റ്റേറ്റ്മെന്റിൽ പ്രോത്സാഹനം നേടിയ ജലജ അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും 2000 രൂപയും താങ്ങി ഒരു കത്തും എഴുതിവെച്ച് സ്ഥലം കാലിയാക്കി. ശ്രീബുദ്ധൻ മനുഷ്യനന്മക്ക് വേണ്ടി വീടുപേക്ഷിച്ചു പോയതു പോലെയാണ് താൻ പോകുന്നതെന്നും തന്നെ തിരഞ്ഞു വരരുതെന്നും അച്ഛനോട് അവൾ ആ കത്തിലൂടെ അപേക്ഷിച്ചു. തന്റെ മുല്ലച്ചെടിക്ക് മറക്കാതെ വെള്ളം ഒഴിച്ചു കൊടുക്കണമെന്ന് പെറ്റമ്മയോടും പറഞ്ഞു. ആ മാതൃഹൃദയം സ്നേഹവാത്സല്യത്താൽ ഒന്നര മിനുറ്റ് തേങ്ങിയ ശേഷം ‘ജലജേ; നീ ഒരു കാലത്തും ഗുണം പിടിക്കില്ല’ എന്ന് പ്രാകി.
രവി അണ്ണനെ തിരഞ്ഞു നടന്ന ജലജ സെക്രട്ടേറിയേറ്റിൽ ധർണ്ണ നടത്തുന്നവരിൽ നിന്നും ഒരു വിദ്യാധരൻ മാഷിനെ കുറിച്ച് അറിയുന്നു. അയാളുടെ വീട്ടിൽ ചെന്ന് നക്സൽ രവിയണ്ണനെ താൻ പ്രേമിക്കുന്നുണ്ടെന്നും ജന്മനാ നക്സൽ ബന്ധമുള്ള തനിക്ക് അയാളില്ലാത്ത ജീവിതം നയിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ അഡ്രസ്സ് വേണമെന്നും ആവിശ്യപ്പെട്ടു. എന്നാൽ മാഷ് ജലജയെ നിരുത്സാഹപ്പെടുത്തുന്നു. ദേഷ്യം വന്ന ജലജ വിദ്യാധരൻ മാഷിന്റെ പുതുതായി പുട്ടിയിട്ട് പെയിന്റടിച്ച വീടിന്റെ ചുമരിൽ
“പ്രണയത്തിന്റെ അർത്ഥം മനസ്സിലാക്കാത്തവർ ജീവിച്ചിരുന്നാലും മരിച്ചാലും തുല്യമാണ്. അതുകൊണ്ട് താങ്കൾ ജീവിച്ചിരിപ്പുണ്ട് എങ്കിലും മരിച്ചത് പോലെയാണ് മാഷേ”
എന്ന് കരിക്കട്ടകൊണ്ട് എഴുതിവെച്ച് പോകുന്നു. അറം പറ്റിയ വാക്കുകൾ! അന്നേ രാത്രിയിൽ ഒംനി വാനിലെത്തിയ അജ്ഞാതനായ മധുപാലും സംഘവും വിദ്യാധരൻ മാഷിനെ തട്ടിക്കൊണ്ടു പോയി ചവിട്ടിക്കൂട്ടി. ചുരുണ്ടുകൂടി കിടന്ന് വിദ്യാധരൻ പാടി “എന്തൊരു വിധിയിത്..”
ഏറെനാളത്തെ അന്വേഷണത്തിന് ഒടുവിൽ രവിയുടെ വീട് ജലജ കണ്ടെത്തി. അരഗ്ലാസ് അരി കൊണ്ട് ദിവസം മൂന്നുനേരം കഴിക്കാമായിരുന്നിട്ടും വർഷങ്ങളായി മകൻ രവിക്കും ചേർത്തു ഒന്നരഗ്ലാസ് അരി പുഴുങ്ങി ഭക്ഷണം വേസ്റ്റാക്കി കളഞ്ഞിരുന്ന രവിയുടെ പുഴുങ്ങിയ തള്ളയെ അവൾ അവിടെ കണ്ടു. അരിമണിയും എണ്ണിപ്പെറുക്കിക്കൊണ്ട് അമ്മച്ചി ഫ്ലാഷ്ബാക്ക് പറയാൻ തുടങ്ങി. ഹൊ എജ്ജാതി വെറുപ്പീര് കഥ!
തന്റെ ഭാവി അമ്മായിഅമ്മയെ സോപ്പിട്ടു മയക്കാൻ അവൾ വീടെല്ലാം അടിച്ചു തുടച്ച് വൃത്തിയാക്കി. തൊഴുത്ത് കഴുകി പെയിന്റ് അടിച്ചു. ശൗചാലയത്തിൽ വെള്ളമൊഴിച്ചു. കോഴിയെ ഓടിച്ചിട്ട് പിടിച്ചു. അതിനെ നിർബന്ധിച്ചും ഞെക്കിയും മുട്ടയിടീപ്പിച്ചു. മാറാല തട്ടുന്നതിനിടെ മൂന്നാല് വട്ടം തുമ്മി അവൾ ക്യൂട്ട്നെസ് ചിതറിച്ചു. ഇതെല്ലാം കണ്ടുനിന്ന അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കഴുത്തിൽ കിടന്നിരുന്ന തന്റെ മുക്കുമാലയെടുത്തു ജലജക്ക് നൽകിയ ശേഷം ആ അമ്മ ചോദിച്ചു.
“Btw നീ ഏതാ കൊച്ചേ?”
ജലജ പറഞ്ഞു,
“ഞാൻ നിങ്ങളുടെ മരുമകളാണ് അമ്മേ. ഈ വിവരം പക്ഷെ അമ്മയുടെ മകന് അറിയില്ല. അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ!”
അമ്മച്ചി പല്ല് കടിച്ചുകൊണ്ട് ചിരിച്ചു കാണിച്ചു.
ഇതേ സമയം പണ്ടാരോ കൊടുങ്കാട്ടിൽ ഉപേക്ഷിച്ചു പോയ ഫർണ്ണീച്ചർ ഷോപ്പിലെ നീൽകമൽ സെറ്റിയിൽ ചാരിയിരുന്നൊരു വൃദ്ധന്റെ പരാതി കേൾക്കുകയായിരുന്നു രവി. ഉഗ്രകോപത്താൽ അയാളുടെ 27 ഇഞ്ച് ബെൽബോട്ടം ഒന്ന് ചലിച്ചു. തറയിൽ നിന്നും പൊടിപാറി. പശ്ചാത്തല സംഗീതം മുറുകി. ഒപ്പം രവിയുടെ രണ്ട് കണ്ണുകൾ കുറുകി. ചിന്താവിഷ്ടനായി അയാൾ സ്ലോമോഷനിൽ നടന്നു. സംഘത്തിലെ പ്രധാനിയും ഫോറെവർ സിംഗിളുമായ കയനിക്കര ജോമോൻ ഒരു പെട്ടി പൊട്ടിച്ചു മൂന്നാല് തോക്കുകൾ രവിയണ്ണന്റെ മുന്നിൽ കൊണ്ടുവന്നു വെച്ചു.
രവിയുടെ കണ്ണുകൾ ഒന്നൂടെ കുറുകി..
____________________
സിനിമയുടെ ആദ്യ മുപ്പത്തഞ്ച് മിനുറ്റ് കഴിഞ്ഞു. ഇതുവരെ ഫസ്റ്റ് ഗിയറിൽ ആയിരുന്നെങ്കിൽ പിന്നീട് അങ്ങോട്ടുള്ള രണ്ട് മണിക്കൂർ ഗിയർ നാലിൽ പിടിച്ചുള്ള രവിയണ്ണന്റെയും കൂട്ടാളികളുടെയും ആയുധം വെച്ചുള്ള കളികളാണ്. ബോണസായി ജലജയുടെ ട്രാൻസ്ഫർമേഷൻ, ബോംബ് വെപ്പ്, ഗ്രനേഡ് തിരിച്ചെറിച്ചിൽ, അവളുടെ മറിച്ചു ചാട്ടം, പിന്നെ 80 km വേഗത്തിലുള്ള ഓട്ടം എന്നീ ഐറ്റംസ് ഒക്കെയുണ്ട്. ഇത്തരം ചോരക്കളികൾക്ക് മുന്നിൽ മനസ്സ് പതറാത്തവർ ആണെങ്കിൽ മാത്രം സിനിമ കാണാൻ ശ്രമിക്കുക..!!