മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നാണ് വൈറസ്

3754

Sethu Rajan എഴുതുന്നു

ചരിത്രം ചലച്ചിത്രമായപ്പോൾ ചലച്ചിത്ര ചരിത്രത്തിൽ അതൊരു നാഴികകല്ലായി മാറുകയാണ്. പ്രഖ്യാപിച്ചത്‌ മുതൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരിന്നു വൈറസിന് വേണ്ടി. കാരണം അത് അവരുടെ സ്വന്തം കഥയായിരുന്നു. കൃത്യം ഒരു വർഷം മുൻപ് കേരളത്തിനെ ഞെട്ടിച്ച ഒരപൂർവ രോഗബാധയെ ഒറ്റക്കെട്ടായി നിന്ന് നേരിട്ട് തോൽപിച്ച സംഭവ കഥയെ ആഷിക് അബു ചലച്ചിത്രമായി അവതരിപ്പിച്ചപ്പോൾ, സംഭവ കഥകളുടെ യാഥാർഥ്യങ്ങളെ വളച്ചൊടിക്കാതെ, എന്നാൽ അതിനെ മികച്ചൊരു സിനിമാറ്റിക് അനുഭവമാക്കുന്നതിൽ പൂർണമായും വിജയിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കം

Sethu Rajan

മുതൽ നമ്മളെ ഒരു യാത്രയിലേക്കു കൂട്ടിക്കൊണ്ടു പോകുകയാണ് വൈറസ്. ഭീതിപ്പെടുത്തുന്ന യാഥാർഥ്യങ്ങളുടെ അനുഭാവക്കാഴ്ചകളിലൂടെ തുടങ്ങി പോരാട്ടത്തിന്റെ വിയർപ്പിനെ തൊട്ടറിഞ്ഞു കൊണ്ട് അതിജീവനത്തിന്റെ നെടുവീർപ്പനുഭവിച് ആ ചലച്ചിത്ര യാത്ര കഴിഞ്ഞ് തിയറ്റർ വിട്ടിറങ്ങുമ്പോൾ ആകെ മൊത്തം ഒരു മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. പേരാമ്പ്രക്കപ്പുറമുള്ള ജനത അത്ര കണ്ട് അനുഭവിച്ചിട്ടില്ലാത്ത ആ ഭീകരാന്തരീക്ഷത്തെ വെള്ളിത്തിരയിൽ കണ്ടതിന്റെ, ഒരു ജനതയുടെ ജീവന് വേണ്ടി സ്വന്തം ജീവിതം നൽകിയ ലിനി സിസ്റ്ററിനെ പോലുള്ള രക്തസാക്ഷികളുടെ വേർപാടിന്റെ നൊമ്പരം നേരിട്ടറിഞ്ഞതിന്റെ, ജീവനും ജീവിതവും പണയം വച്ച് നമുക്ക് വേണ്ടി പ്രവർത്തിച്ച കുറച്ച് വ്യക്തികളുടെ ത്യാഗം നേരിട്ടറിഞ്ഞതിന്റെ മരവിപ്പ്.

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ, ട്രീറ്റ്മെന്റ് പ്രോട്ടോക്കോളും വാക്‌സിനേഷനും ലഭ്യമല്ലാത്ത ‘നിപ്പ’ എന്ന രോഗത്തിന്റെ ഭീകരതയും ആ സമയത്ത് പേരാമ്പ്രയും കോഴിക്കോടും അനുഭവിച്ച വേദനകളുടെയും ഒറ്റപ്പെടലിന്റെയും ദുഖവും എല്ലാം പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിലും വിജയിച്ച തിരക്കഥയും അതോടൊപ്പം തന്നെ എടുത്ത് പറയേണ്ട വളരെ മികച്ച മെയ്‌ക്കിങ്ങും വൈറസിനെ മലയാളത്തിലെ എക്കാലത്തെയും തന്നെ മികച്ചൊരു സിനിമാറ്റിക് അനുഭവമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ് – രാജീവ്‌ രവി കൂട്ടുകെട്ടും, ബാക്ക് ഗ്രൗണ്ട് മ്യൂസികിലൂടെ ഭീതിയുടെ നിഴലുകൾക്ക്‌ ഭീകരത വർധിപ്പിച്ച സുഷിൻ ശ്യാമും യാഥാർഥ്യത്തെ ചലച്ചിത്രവത്കരിക്കുമ്പോൾ അതിന്റെ പൂർണത നഷ്ടപ്പെടാതിരിക്കാൻ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തിയ കലാ സംവിധാന വിഭാഗവും പ്രത്യേകം Image result for virus malayalam movieഅഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഓരോ ഡയലോഗിലും, ഓരോ രംഗങ്ങളിലും നിപ്പ ആക്രമിച്ച പേരാമ്പ്രയെയും പരിസര പ്രദേശങ്ങളെയും പുനരാവിഷ്കരിക്കാൻ സിനിമയ്ക്ക് സാധിച്ചത് പിന്നണി പ്രവർത്തകരുടെ സൂക്ഷ്മതയുടെ മികവാണ്. നമ്മൾ കാണാതെ പോയ, അറിയാതെ പോയ നിപ്പയുടെ അവസ്ഥാന്തരങ്ങളെ വ്യക്തമായി വരച്ചു കാട്ടിയ ആദ്യ പകുതിയും നിപ്പയെ പ്രതിരോധിക്കാൻ നമ്മൾ നടത്തിയ കഠിന ശ്രമങ്ങളെ യാഥാർഥ്യ ബോധത്തോടെ അവതരിപ്പിച്ച രണ്ടാം പകുതിയും സിനിമാറ്റിക് അനുഭവത്തിലുപരി വൈകാരികതയുടെ ആസ്വാദന പരിസരങ്ങളും സമ്മാനിക്കുന്നുണ്ട്.

ഇനി പറയേണ്ടത് ഒരുപറ്റം അഭിനേതാക്കളെ പറ്റി ആണ്. മലയാള സിനിമയിൽ ഇന്ന് നിലവിലുള്ള മികച്ച “അഭിനേതാക്കളിൽ” മിക്കവരും തന്നെ വൈറസിന്റെ കാസ്റ്റിൽ ഉണ്ടായിരുന്നു. അത് തന്നെ ആയിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. കഥാപാത്രങ്ങളെ അവർ അർഹിക്കുന്ന പൂർണതയോടെ എല്ലാവരും മികച്ചതാക്കിയപ്പോൾ എടുത്ത് പറയേണ്ടുന്ന കുറച്ച് എക്സ്ട്രാ ഓർഡിനറി പ്രകടനങ്ങൾ ഉണ്ടായിരുന്നു. നിപ്പയെ അതിജീവിച്ചപ്പോൾ കേരളത്തിന്റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററിനെ വെള്ളിത്തിരയിൽ സിസ്റ്റർ അഖില ആയി അവതരിപ്പിച്ച റിമ കല്ലിങ്ങൽ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വച്ചപ്പോൾ കേരളത്തിന്റെ ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചറിന്റെ വേഷം കൈകാര്യം ചെയ്ത രേവതി, കുഞ്ചാക്കോ ബോബൻ, പാർവതി, ഹോസ്പിറ്റൽ വർക്കറായി വേഷമിട്ട Image result for virus malayalam movieജോജു ജോർജ്, സൗബിൻ ഷാഹിർ, മെഡിക്കൽ ഓഫീസർ ആയി എത്തിയ ഇന്ദ്രജിത് (എവിടെയോ ആ പഴയ വട്ടു ജയന്റെ സാമ്യം തോന്നി), കോഴിക്കോട് ജില്ലാ കളക്ക്ടർ ആയി വന്ന ടോവിനോ തോമസ് എന്നിവർ അക്ഷരാർത്ഥത്തിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. പി ജി വിദ്യാർത്ഥിയായ ഡോക്ടർ ആയി വന്ന ശ്രീനാഥ്‌ ഭാസി, ഭാര്യക്കൊപ്പം നിപ്പയുടെ ഭീകരത അനുഭവിക്കാൻ തയ്യാറായ വിഷ്ണുവിനെ അവതരിപ്പിച്ച ആസിഫ് അലി എന്നിവരുടെ പ്രകടനം ഒരുപക്ഷെ ഇന്നുവരെ അവരിൽ നിന്ന് ലഭിച്ച മികച്ച ഔട്ട് പുട്ട് ആയിരിക്കും.

എടുത്ത് പറയേണ്ടുന്ന പ്രത്യേകത, സിനിമ ആക്കിയത് ഒരു യാഥാർഥ്യ സംഭവത്തെ ആകുമ്പോൾ ആ റിയലിസ്റ്റിക് സ്വഭാവം ചോർന്നു പോകാതെ, എന്നാൽ ഡോക്യൂമെന്ററി സ്വഭാവം വരാതെ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകന് നൽകേണ്ടി വരുന്നത് വെല്ലുവിളിയുണ്ടാക്കും. എന്നാൽ ആ വെല്ലുവിളിയെ അതി സമർത്ഥമായി വൈറസ് മറികടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ വൈറസ് ഒരു അന്താരാഷ്ട്ര സിനിമ ആണ്. ഫ്ലൂ ഔട്ബ്രേക്കുകളെ പറ്റി സിനിമകൾ ഉണ്ടാകുന്നത് ആദ്യമായല്ല. ട്രെയിൻ ടു ബുസാൻ, ഐ ആം ലെജൻഡ്, World war z, Carriers, Contagion തുടങ്ങി ഒരു തരത്തിൽ പറഞ്ഞാൽ ഒരു സെപറേറ്റ് ജോർണർ ആയി തന്നെ ഇത്തരം സിനിമകൾ പട്ടികപ്പെടുത്തേണ്ടതുണ്ട്. ഈ ക്യാറ്റഗറിയിലേക്ക് മലയാളത്തിൽ നിന്നുമൊരു കോൺട്രിബൂഷൻ ആയി വൈറസും ഉണ്ടാകുമെന്നു നമുക്ക് അഭിമാനത്തോടെ തന്നെ പറയാം.! ചരിത്രങ്ങൾ ചലച്ചിത്രമാകുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ ആരോഗ്യരംഗം നേരിട്ട വലിയൊരു അതിജീവനത്തിന്റെ ചരിത്രം വൈറസിലൂടെ ചലച്ചിത്രമാകുമ്പോൾ അത് നാളത്തെ തലമുറയ്ക്ക് ഓർത്തിരിക്കാൻ, സൂക്ഷിച്ചു വയ്ക്കാൻ, ആവർത്തിച്ചു കാണാൻ, അഭിമാനത്തോടെ ഇത് ഞങ്ങളുടെ നാടിന്റെ കഥയാണെന്ന് വിളിച്ചു പറയാൻ പറ്റിയ ഒരു അടയാളപ്പെടുത്തൽ കൂടി ആണ്. ഒരു സിനിമ എന്നതിലുപരി വൈറസ് ആലേഖനം ചെയ്യപ്പെടേണ്ട ഒരു കലാസൃഷ്ടി ആണ്. കല കാലാതീതമാകുമ്പോൾ വൈറസ് പോലുള്ള സിനിമകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.