പത്തൊമ്പതാം നൂറ്റാണ്ട്
Vishakh Raveendran S
സിജു വിൽസനെ നായകനാക്കി “വിനയൻ” സംവിധാനം ചെയ്ത ചരിത്ര ആക്ഷൻ സിനിമയാണിത്. തിരുവിതാംകൂർ രാജവംശത്തിന്റെ ഭാഗമായിരുന്ന ആറാട്ട്പുഴയിലെ വ്യവസായിയും യോദ്ധാവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത വേലായുധ പണിക്കരുടെ ജീവിതത്തിലെ പ്രധാന കാലഘട്ടത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ സിനിമ തിയേറ്ററിൽ നിന്ന് ഉറപ്പായും കാണാൻ എല്ലാ മികവുമുള്ള സിനിമ തന്നെയാണ്.
വലിയൊരു ഗ്യാപ്പിന് ശേഷം വിനയൻ മികച്ചൊരു ടെക്നിക്കൽ ടീമിനൊപ്പം ജോലി ചെയ്തതിന്റെ മികവ് സിനിമയുടെ ഔട്ട് പുട്ടിൽ കാണാനുണ്ട്. പുലിമുരുകൻ ഉൾപ്പടെയുള്ള മാസ്സ് കമർഷ്യൽ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറിന്റെ കഴിവ് ഈ സിനിമയിൽ ഉടനീളം കാണാം.
ഈ സിനിമയുടെ trailer കണ്ടപ്പോൾ എന്നെ ആകർഷിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു കലാസംവിധാനം. തിരുവിതാംകൂറിന്റെ എല്ലാ പൊലിമയും വിളിച്ചോതുന്ന തരത്തിലുള്ള സെറ്റുകളും യഥാർത്ഥ ലൊക്കേഷനുകളും വളരെ വിദഗ്ധമായി സമന്വയിപ്പിച്ചിരിക്കുന്നു. “അജയൻ ചാലിശ്ശേരി” എന്ന കലാസംവിധായകന്റെ പ്രതിഭ തന്നെയാണ് ഇത്രയും മികച്ച സെറ്റുകൾ നിർമിച്ചതിനു പിന്നിൽ.സുപ്രീം സുന്ദർ, മാഫിയ ശശി, രാജശേഖർ ടീമിന്റെ സംഘട്ടനങ്ങൾ എല്ലാം മികച്ചതായിരുന്നു. സിനിമയുടെ തുടക്കത്തിലുള്ള ധ്വന്ദയുദ്ധം നേരിട്ട് കണ്ട പ്രതീതിയായിരുന്നു. കളരി പയറ്റിന് വളരെ പ്രധാനമ്യുള്ള ഫൈറ്റുകൾ ആയതിനാൽ തന്നെ എല്ലാത്തിലും കളരിയുടെ രീതി പിന്തുടർന്നിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഒരുക്കിയ ബിജിഎം സിനിമയുടെ ഒഴുക്കിന് ചേർന്നത് തന്നെയായിരുന്നു.
“എം. ജയചന്ദ്രന്റെ” പാട്ടുകൾ കൊള്ളാമായിരുന്നു. “ധന്യ ബാലകൃഷ്ണൻ” ഒരുക്കിയെടുത്ത വസ്ത്രങ്ങൾ കാലഘട്ടത്തിനനുയോജ്യമായത് തന്നെയാണെന്ന് തോന്നി. ഒരു തരത്തിലുള്ള കോംപ്രമൈസും വസ്ത്രങ്ങളിൽ കാണിച്ചിട്ടില്ല. സൗണ്ട് ഡിസൈനും നല്ലതായിരുന്നു. ചുരുക്കി പറഞ്ഞാൽ ടെക്നിക്കൽ ടീം നന്നായി പണിയെടുത്തിട്ടുണ്ട്.
ഇനി കഥയിലേക്ക് കടന്നാൽ തിരുവിതാംകൂറിൽ നിലനിന്നിരുന്ന മുലക്കരം, മീശക്കരം, മൂക്കുത്തിക്കരം, താഴ്ന്ന ജാതിക്കാർ മുട്ടിനു താഴെ വസ്ത്രം ധരിക്കാൻ പാടില്ല തുടങ്ങിയ വിചിത്രവും നെറി കേട്ടതും മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതുമായ നീച കൃത്യങ്ങൾക്കെതിരെ ഒരു ജനത ജീവൻ കൊടുത്ത് നടത്തിയ പോരാട്ടങ്ങളാണ് സിനിമ പറയുന്നത്. മുലക്കരം ചോദിച്ചതിന് തന്റെ മുല അറുത്ത് ആത്മഹത്യ ചെയ്ത *നങ്ങേലിയും* സിനിമയിലെ പ്രധാന കഥാപാത്രമാണ്
വേലായുധ പണിക്കർ എന്ന നേതാവും അയാളെ എന്തിനും പിന്തുണക്കുന്ന ജനങ്ങളും ചേർന്ന് മേലാളന്മാർക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ ചരിത്രം ചർച്ച ചെയ്യേണ്ടത് തന്നെയാണ്. സ്കൂൾ കാലഘട്ടത്തിൽ പഠിച്ച നങ്ങേലിയുടെ കഥ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നങ്ങേലിയെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലേക്ക് അരങ്ങേറിയ “കയാടു ലോഹർ” വളരെ നല്ല പ്രകടനമായിരുന്നു. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുദേവ് നായർ, സുധീർ കരമന, ചെമ്പൻ വിനോദ്, ദീപ്തി സതി, പൂനം ബജ്വ, സെന്തിൽ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. പഴയ കാല നടന്മാരിൽ പ്രമുഖനായ രാഘവനെ അദ്ദേഹത്തെ ഇത് വരെ കണ്ടിട്ടില്ലാത്ത നെഗറ്റീവ് ഷേഡിൽ അവതരിപ്പിച്ചത് നന്നായി തോന്നി. ചെമ്പൻ വിനോദ് അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണിയെ നെഗറ്റീവ് & വില്ലനിസം രീതിയിൽ കാണിച്ചതും വ്യത്യസ്തമായിരുന്നു.
നായകൻ സിജു വിൽസൻ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങൾ അങ്ങേയറ്റം കയ്യടി അർഹിക്കുന്നു. ഇത് വരെ കാണാത്ത രീതിയിൽ ശരീര പ്രകൃതിയിലും പ്രകടനത്തിലും അദ്ദേഹം മികച്ചു നിന്നു. ഫൈറ്റിലും കുതിരയോട്ടത്തിലും കാണിച്ച മെയ് വഴക്കം പ്രശംസനീയം.
ആകെത്തുകയിൽ ക്ളീൻ ആയ എന്റെർറ്റൈനർ ആണെങ്കിലും ചിലയിടങ്ങളിൽ പെട്ടെന്നുള്ളൊരു ഹൈപ്പ് കൊടുത്ത് സിനിമ ഉയർത്താമായിരുന്നു എന്ന് തോന്നി. അങ്ങനെയുള്ള ബാംഗ് സീനുകൾ RRR പോലെയുള്ള സിനിമകളുടെ ജീവനായിരുന്നു. അത് പോലെ ചില സീനുകളെങ്കിലും ഇവിടെയും ഉണ്ടായിരുന്നേൽ നന്നായേനെ എന്ന് തോന്നി.വിനയൻ എന്ന സംവിധായകന്റെ മാസ്സ് തിരിച്ചു വരവാണിത്. നല്ല ബഡ്ജറ്റും മികച്ച ടെക്നിക്കൽ ടീമും കിട്ടിയാൽ അദ്ദേഹത്തിന് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ സിനിമ.
Nb:- ക്ലൈമാക്സ് വല്ലാതെ ഫീൽ ചെയ്തു. അത് അവതരിപ്പിച്ച രീതി ഗംഭീരം.
Hats off to Vinayan Sir & Team ❤️