കൂമൻ
Vishakh Raveendran S
മെമ്മറീസിന് ശേഷം പൂർണമായും ത്രില്ലർ ജോണറിൽ താൻ ചെയ്യുന്ന സിനിമയാണ് “കൂമൻ” എന്ന് സംവിധായകൻ “ജീത്തു ജോസഫ്” ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ദൃശ്യം 1&2 ത്രില്ലർ ജോണർ ആണെന്ന് പുള്ളിക്ക് തന്നെ തോന്നാത്തത് കൊണ്ടാണെന്നും പറയുന്നു. അദ്ധേഹം പറഞ്ഞത് പോലെ തന്നെ കൂമൻ പൂർണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമയാണ്. എന്നാൽ ഒരിക്കലും മെമ്മറീസുമായോ ദൃശ്യവുമായോ താരതമ്യം ചെയ്യാൻ സാധിക്കുകയുമില്ല. അത് തന്നെയാണ് കൂമനെ വ്യത്യസ്തമാക്കുന്നതും. വളരെ മികച്ച രീതിയിൽ തുടങ്ങി, ഇനിയെന്ത് എന്ന അവസ്ഥയിൽ ഒരു ഇന്റർവെല്ലുമിട്ട് ആദ്യ പകുതിക്ക് മുകളിൽ തന്നെ ത്രില്ലടിപ്പിച്ച രണ്ടാം പകുതിയും നല്ലൊരു ക്ലൈമാക്സോടും കൂടെ സിനിമ അവസാനിപ്പിച്ചിരിക്കുന്നു. ❤️👌
ആസിഫ് അലി എന്ന നടൻ മിക്കപ്പോഴും വളരെ underrated ആണ്. അദ്ധേഹത്തിന്റെ സിനിമകൾ വിജയിക്കാതെ പോകുന്നത് കൊണ്ട് തന്നെ അയാളിലെ നടനെയും നല്ല അഭിനയ മുഹൂർത്തങ്ങളെയും മിക്കവരും വിസ്മരിക്കുന്നു. എന്നാൽ ഇവിടെ അത് സംഭവിക്കില്ല. കാരണം, നല്ലൊരു സിനിമയുടെ ഭാഗമായ ആസിഫ് അത്രയും നല്ല പ്രകടനം തന്നെ കാഴ്ച്ച വച്ചിട്ടുണ്ട്. കേരള പോലീസിൽ കോൺസ്റ്റബിൾ ആയ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. വളരെ ബുദ്ധിയുള്ള, നിരീക്ഷണമുള്ള പോലീസുകാരനാണ് ഗിരി. എന്നാൽ ചില സംഭവങ്ങൾ അയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിന്റെ “പരിഹാരക്രിയകളുമാണ്” സിനിമ പറയുന്നത്.
ജീത്തു ജോസഫ് സിനിമകളിൽ മേക്കിങ് പോരായ്മകൾ ഒരുപാടുണ്ട് എന്നുള്ള പരാതികൾ ഒരുപാട് പേർ പറഞ്ഞു കണ്ടിട്ടുണ്ട്. പക്ഷേ അവർക്കൊന്നും തന്നെ ഈ സിനിമയിൽ അത്തരം അഭിപ്രായങ്ങൾ പറയേണ്ടി വരില്ല എന്നത് നൂറ് തരം. അത്ര ഗംഭീര മേക്കിങ് ആണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. DOP “സതീഷ് കുറുപ്പ്” ‘മരിച്ചു’ പണിയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ രാത്രിയിലാണ് ബഹുഭൂരിപക്ഷം സംഭവങ്ങളും നടക്കുന്നത്. എന്നാൽ വളരെ മികവോടെ അത്തരം ദൃശ്യങ്ങൾ സ്ക്രീനിൽ കാണാൻ സാധിക്കും. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിനുള്ള കഥാപരിസരമൊന്നുമല്ല ആദ്യ പകുതിയിൽ എന്നത് തന്നെയാണ് ഈ സിനിമയെ വേറിട്ടു നിർത്തുന്നത്. രണ്ടാം പകുതിയിലെ ട്രാക്ക് മാറ്റം വളരെ വേഗത്തിലേക്ക് ഷിഫ്റ്റ് ചെയ്ത് കാണികളെ ജീത്തു ജോസഫ് അമ്പരിപ്പിച്ചു.
പലപ്പോഴും ഇതൊരു ഹൊറർ സിനിമയാണോ എന്ന തോന്നലുണ്ടാക്കിയ രണ്ടാം പകുതി ഗംഭീരമായിരുന്നു. സംഗീത സംവിധായകൻ “വിഷ്ണു ശ്യാം” ഹൃദയം നിറഞ്ഞ കയ്യടി അർഹിക്കുന്നു. “ഐസക് പോളിന്റെ” കൃത്യമായ എഡിറ്റിങ്ങും സിനിമയുടെ വേഗം മികച്ച രീതിയിൽ നിയന്ത്രിച്ചു. രണ്ട് പകുതികളെയും വച്ച് നോക്കിയാൽ ക്ലൈമാക്സ് വേറിട്ടു നിന്നതായി തോന്നി. കുറച്ചൊക്കെ പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കുമെങ്കിലും അത് പക്ഷേ ആസ്വാദനത്തെ ബാധിച്ചില്ല എന്നതാണ് സത്യം.
ആസിഫ് അലി കഴിഞ്ഞാൽ അഭിനയത്തിൽ ഞെട്ടിച്ചത് ജാഫർ ഇടുക്കിയാണ്. “എട്ട് സുന്ദരികളും ഞാനും” എന്ന സൂപ്പർഹിറ്റ് സീരിയൽ മുതൽ കാണുന്നതാണ് അദ്ദേഹത്തെ. ഇന്ന് മലയാള സിനിമയിൽ മുൻനിരയിൽ തന്നെ അദ്ദേഹത്തിന്റെ പേരുണ്ട്, അതദ്ദേഹം അർഹിക്കുന്നുമുണ്ട്. ഈ സിനിമയിലും വളരെ നല്ല പ്രകടനമായിരുന്നു. പ്രത്യേകിച്ച് നറേഷൻ ചെയ്യുന്ന ഭാഗങ്ങളൊക്കെ കിക്കിടിലൻ. നായിക ഹന്ന റെജി കോശിക്ക് (‘രക്ഷാധികാരി ബൈജു’ ഫെയിം) അധികം സീനുകൾ ഇല്ലെങ്കിലും ഉള്ള രംഗങ്ങൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്. രഞ്ജി പണിക്കർ, ബാബുരാജ്, പോളി വത്സൻ, മേഘനാഥൻ, ബൈജു, രാജേഷ് പറവൂർ തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ആകെ മൊത്തത്തിൽ നല്ലൊരു ത്രില്ലർ സിനിമ കൂടി ജീത്തു ജോസഫ് മലയാളത്തിനു സമ്മാനിച്ചു. ❤️🫂
Nb:- എഴുത്തുകാരൻ കൃഷ്ണകുമാറിന്റെ (KR Krishna Kumar) പേര് പറയാതെ ഈ റിവ്യൂ പൂർണമാകുന്നില്ല. മോഹൻലാൽ – ജീത്തു ടീമിന്റെ 12th മാനിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ പേനകൾക്ക്, ഇനിയും മലയാള സിനിമയെ ഞെട്ടിക്കാനുള്ള ശക്തിയുണ്ട്. കാത്തിരുന്നു കാണാം.
വീണ്ടും Nb:- എന്നാലും കൃഷ്ണകുമാർ ചേട്ടാ, നിങ്ങൾക്ക് ദിവ്യദൃഷ്ടി വല്ലതുമുണ്ടോ?!!