Vishnu B Vzkl
“ഇവർ വെറും അഭയാര്‍ത്ഥികളല്ല നിങ്ങൾ കാരണം വസ്തു അപഹരിക്കപ്പെട്ടവർ – വാസ്തുഹാരകൾ.”
സിനിമ : വാസ്തുഹാര
സംവിധാനം : ജി.അരവിന്ദൻ
ആൻഡമൻ ദ്വീപിലേക്ക് നാല്പത് കർഷക കുടുംബങ്ങളെ റിക്രൂട് ചെയ്യാൻ കൊൽക്കത്തയിൽ എത്തിയതാണ് വേണു. അവിടെ വെച്ച് അയാൾ തന്റെ നാടുവിട്ടുപോയ അമ്മാവൻ കുഞ്ഞുണ്ണിയുടെ ഭാര്യ ആരതിയെയും മകളെയും കണ്ടുമുട്ടുന്നു. ആരതിയുടെ മകൾ ദമയന്തി പരോളിലാണ് മകൻ ഒളിവിലും. രണ്ടു പേരും സർക്കാരിന്റെ നോട്ടപ്പുള്ളികൾ. നശിച്ച കൊൽക്കത്തയിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്നാണ് ആരതിയുടെ ആഗ്രഹം. കിഴക്കൻ ബംഗാളിൽ നിന്ന് അഭയാര്‍ത്ഥികളായി പശ്ചിമ ബംഗാളിലെത്തിയപ്പോഴും അവരെ കാത്തിരുന്നത് തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ്. കേരളത്തിലുള്ള തന്റെ ഭർത്താവിന്റെ വീട്ടുകാരുടെ സഹായങ്ങൾ അവർ നിരസിക്കുന്നു.എന്നാൽ വേണുവിന് എല്ലാം സഹതാപത്തോടെ കണ്ടു നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളു. ഒടുവിൽ തന്റെ ജോലി പൂർത്തിയാക്കി മടങ്ങുമ്പോഴും അയാൾ നിസ്സഹായനായി തന്റെ അമ്മായിയെയും മകളെയും നോക്കി നിൽക്കുകയാണ്.
ഇന്ത്യവിഭജനവും തുടർന്ന് ബംഗാളിലുണ്ടായ അരക്ഷിതാവസ്ഥയും പാലായനം ചെയ്യേണ്ടിവന്ന ജനങ്ങളുടെ ജീവിതവും ഒരു മലയാളിയുടെ കണ്ണിലൂടെ കാട്ടിത്തരികയാണ് ജി അരവിന്ദൻ എന്ന സംവിധായകൻ തന്റെ അവസാന ചിത്രത്തിലൂടെ.1971ലെ ഇന്ത്യ-പാക് യുദ്ധത്തിലേക്കു നയിച്ച സാഹചര്യങ്ങളും സിനിമ പറഞ്ഞുവെയ്ക്കുന്നു. സ്വന്തമായുള്ളതെല്ലാം അപഹരിക്കപ്പെട്ട് ഒന്നുമല്ലാതാകുന്ന മനുഷ്യരോട് ഭരണകൂടം പുലർത്തുന്ന നിസംഗതയാണ് വാസ്തുഹാര തുറന്നു കാട്ടുന്നത്. സി.വി ശ്രീരാമന്റെ വാസ്തുഹാര എന്ന കഥ അതേ പേരിൽ സിനിമയ്ക്കിയപ്പോൾ നായകൻ വേണുവായി മോഹൻലാൽ എത്തി.നീലാഞ്ജന മിത്ര, നീന ഗുപ്ത, ശോഭന, പദ്മിനി, സി വി ശ്രീരാമൻ എന്നിവർ മറ്റു വേഷങ്ങളിലെത്തി. ടി രവീന്ദ്രനാഥ് നിർമിച്ച സിനിമയിൽ 1970കളിലെ കൊൾകത്തയെ സണ്ണി ജോസഫ് ക്യാമറയിൽ പകർത്തി. എഡിറ്റിംഗ് കെ ആർ ബോസും സംഗീതം നിർവഹിച്ചത് സലിൽ ചൗധരിയുമാണ്.
ആ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡും, മികച്ച ചിത്രം, മികച്ച കഥ, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വാസ്തുഹാരയ്ക്കായിരുന്നു.
യുദ്ധവും ഭരണകൂടഭീകരതയും അഭയാര്‍ത്ഥികളാക്കുന്ന മനുഷ്യർ. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് ആരുമല്ലാതാകുന്നവർ ആരോരുമില്ലാതാകുന്നവർ. എന്നും പ്രസക്തമായ ഈ വിഷയം ഇത്രമേൽ ചർച്ച ചെയ്ത മറ്റൊരു മലയാള സിനിമയുണ്ടോ എന്നത് സംശയമാണ്. (പരദേശി, പുറപ്പാട് തുടങ്ങിയ സിനിമകളെ വിസ്മരിക്കുകയല്ല. അവയെക്കാൾ കൂടുതൽ എന്റെ മനസ്സിനെ ഈ സിനിമ വേദനിപ്പിച്ചു). നിർഭാഗ്യവശാൽ ഇന്ന് ഈ ചലച്ചിത്രം വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോകുന്നു. അതിനുള്ള കാരണം ഈ സിനിമയുടെ മികച്ച പ്രിന്റുകൾ ലഭ്യമല്ലാത്തതാണോ? യു ട്യൂബിൽ നിന്നും വളരെ മോശം ക്വാളിറ്റിയിലാണ് എനിക്ക് വസ്തുഹാര കാണാൻ കഴിഞ്ഞത്.
(ഈ ചിത്രങ്ങൾ ജി അരവിന്ദനെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയിൽ നിന്ന് എടുത്തതാണ്.)