വിഷ്ണു ഷാജി
“വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ‘സദയം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു എനിക്ക്. മേക്കപ്പ് ചെയ്തു ചെന്നപ്പോൾ എനിക്കു വേണ്ടി സെൽ തുറന്നിട്ടിരിക്കുന്നു.ചന്ദ്രൻ കിടന്ന അതേ സെല്ലുതന്നെ (റിപ്പർ ചന്ദ്രൻ). ചന്ദ്രനെ തൂക്കിക്കൊന്ന ശേഷം ആരെയും അവിടെ കിടത്തിയിട്ടില്ല.പിന്നെ, ദിവസങ്ങളോളം ആ സെല്ലിനകത്തായിരുന്നു ഷൂട്ടിങ്. മിക്കപ്പോഴും ഞാൻ തനിയെ. ഷോട്ടുകൾക്കിടയിൽ സെല്ലിന്റെ പൂട്ടലും തുറക്കലും ആവർത്തിക്കേണ്ടതുകൊണ്ട് ഞാൻ അതിനകത്തു തന്നെ ഇരുന്നു.
ചന്ദ്രൻ മരണത്തിനു മുൻപു ചുമരിൽ എന്തെല്ലാമോ എഴുതി വച്ചിരുന്നു.ലോക നേതാക്കൾ കൊല്ലപ്പെട്ട ദിനങ്ങളായിരുന്നു അതി കുറേ.ബാക്കി ആരുടെയൊക്കെയോ പേരുകൾ.ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ്.ദിവസങ്ങളോളം സെല്ലിൽ കടന്നതോടെ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണൻ എന്നിവരെല്ലാം കിടന്ന സെല്ലാണത്.അവരിൽ ചിലർ എന്റെ കൂടെയുണ്ടോ എന്നു തോന്നിയ നിമിഷങ്ങൾ.വല്ലാത്തൊരു മണം അവിടെയുണ്ടെന്നു തോന്നി.
ക്ലൈമാക്സ് ചിത്രീകരിക്കാനായി കൊമരത്തിന്റെ സെറ്റ് ഇട്ടിരുന്നു.പക്ഷേ തലേ ദിവസം രാത്രി അറിയിപ്പു വന്നു, ജയിലിലെ യഥാർത്ഥ കൊലമരം ഒരു ദിവസത്തേക്കു മാത്രമായി ഷൂട്ടിങ്ങിനായി തുറന്നു തരുമെന്ന്.എങ്ങനെയാണ് തൂക്കിക്കൊലയുടെ ചടങ്ങുകളെന്ന് ജയിലർ വിവരിച്ചു തന്നു.വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് കുളിക്കണം.പിന്നെ ഇഷ്ടമുള്ള ഭക്ഷണം. പിന്നീടു തലയിൽ കറുത്ത തുണിയിട്ട് വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകും.മറ്റ് തടവുകാർ അരണ്ട വെളിച്ചത്തിൽ അഴിയിലൂടെ നോക്കിക്കൊണ്ടിരിക്കും. ചന്ദ്രൻ വെളുപ്പിന് ഒന്നും കഴിച്ചിരുന്നില്ലത്രേ.കൊണ്ടു പോകുന്ന ശബ്ദം കേട്ട് പലരും പേടിച്ച് കരഞ്ഞു പോലും.മദ്യപിച്ചാണു താനതിനു സാക്ഷ്യം വഹിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു.
ഞാനും കുളിയടക്കമുള്ള എല്ലാ ചടങ്ങുകളിലൂടെയും കടന്നു പോയി.ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാൽ കേൾക്കുന്ന നിശബ്ദത.കൊലമരത്തിനു കീഴെ ഞാൻ നിന്ന ശേഷം കുറ്റപത്രം വായിച്ചു കേട്ടു.കയർ പതുക്കെ തലയിലൂടെ ഇട്ടു.കൈകൾ പിറകിൽ കെട്ടിയിരുന്നു. കാലുകൾ കൂടെയുണ്ടായിരുന്ന ആരോ ചേർത്തു വച്ചു.ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽപ്പുണ്ട്.
‘ ആക്ഷൻ’ – സിബി മലയിലിന്റെ നേർത്ത ശബ്ദം ഞാൻ കേട്ടു.ക്യാമറ ഓടുന്നതിന്റെ മുരൾച്ച പോലും കേൾക്കാമായിരുന്നു.പിന്നീട് എന്നെ പുറത്തേക്ക് നടത്തി.ഒരു ഷോട്ട് കൂടി ബാക്കിയുണ്ടായിരുന്നു. കൊലമരത്തിൽ ചവിട്ടി നിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്ന ഷോട്ട്.ലിവർ വലിച്ചപ്പോൾ ആ വാതിൽ താഴോട്ട് തുറന്ന് ശക്തിയിൽ മതിലിൽ വന്നിടിച്ചതിന്റെ ശബ്ദം ജയിലിൽ മുഴങ്ങി. ജയിൽ വളപ്പിലെ മരത്തിലെ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയരുന്നത് ഞാൻ പുറത്തു നിന്നു കണ്ടു. മരണം ജയിൽ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്.
പുറത്തു വന്ന ജയിലർ പറഞ്ഞു: ലാലിന്റെ കഴുത്തിലിട്ടത് 13 വർഷം മുൻപുരാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയറാണ്.പിത്തള വളയം കെട്ടിയ ആ കയറുമായി പോലീസുകാരൻ എന്റെ പിറകെ ഓഫീസിലേക്ക് നടന്നു.എനിക്ക് കൂടുതലൊന്നും സംസാരിക്കാനായില്ല.”