ഇന്ത്യയിലെ സംഘികളുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാൽ, ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന കൊണ്ട് ഭരിക്കേണ്ടിവരുന്നു എന്നുള്ളതാണ്

0
153

Vishnu Vijayan

“ഇപ്പോൾ ബ്രാഹ്മണർക്ക് റിസർവ് ചെയ്ത ടോയ്ലറ്റ് ചർച്ചയിൽ പലരും സംവരണത്തെ എതിർത്തു പറയാനുള്ള അവസരമായി ഉപയോഗിച്ച് വരുന്നത് കാണുന്നു,അതല്ലെങ്കിലും നാട്ടിൽ എവിടെയെങ്കിലും ബ്രാഹ്മണ്യവും, ജാതീയതയും ഒക്കെ ചർച്ച ചെയ്യപ്പെട്ടാൽ കിടക്കപ്പൊറുതിയില്ലാത്തത് സംവരണത്തിനാണല്ലോ, അതാണല്ലോ കീഴ്വഴക്കം…
………………………
കുറച്ചു നാൾ മുൻപ് നടന്ന മാതൃഭൂമി ന്യൂസിലെ ഞങ്ങൾക്കും പറയാനുണ്ട് എന്ന പ്രോഗ്രാം ആണ് പശ്ചാത്തലം.വിഷയം ‘സംവരണ വിപ്ലവം’ എന്ന പേരിൽ നടത്തിയ ചർച്ചയാണ്, സാധാരണ ഗതിയിൽ പറയുന്ന സംവരണ വിരുദ്ധ വാദങ്ങളിൽ നിന്നും പുതിയതായി ഒന്നും ഇല്ലെങ്കിലും, മാതൃഭൂമിയിലൂടെ ചർച്ച കണ്ടിരിക്കുന്ന പ്രേക്ഷകരുടെ എണ്ണമാണ് പ്രശ്നം. അവിടെ സണ്ണി എം കപ്പിക്കാടിൻ്റെ വസ്തുതാപരമായ കാര്യങ്ങളെക്കാൾ സംവരണ വിരുദ്ധരുടെ വൈകാരിക നിലപാടുകൾക്കാണ് സ്വാധീനം കൂടുതൽ.

ചർച്ചയിൽ “പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ പുറകിൽ നമ്പൂതിരി കുടുംബങ്ങൾ അടുപ്പിൽ തീ പുകയ്ക്കാൻ പോലും മാർഗ്ഗമില്ലാതെ കഴിഞ്ഞു കൂടുന്നുണ്ടെന്ന് ” , ഒരു ചേട്ടൻ വളരെ വൈകാരികമായി പറയുന്നു. എന്തുകൊണ്ട് ചേട്ടൻ വീട്ടുകാരോടൊക്കെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം പോറ്റാൻ പറയാത്തതെന്നാണ് സംശയം.
“തന്റെ നായർ സ്വത്വം തുറന്നു പറഞ്ഞ മറ്റൊരാൾ അദ്ദേഹത്തിന്റെ വിഭാഗത്തിൽ ഒരുപാട് പേർ മറ്റു വീടുകളിൽ ജോലിക്ക് പോകുന്നു വെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നു വെന്നും പറയുന്നു”,
അതെന്താ മറ്റു വീടുകളിൽ പോയി ജോലി ചെയ്യൽ പ്രക്രിയ ഏതെങ്കിലും പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രം റിസർവ് ചെയ്തു വെച്ചിട്ടുള്ളതാണൊ ? ഏകദേശം ചർച്ച അവസാനിക്കുന്ന ഘട്ടത്തിൽ സണ്ണി എം കപ്പിക്കാട് പറയുന്നൊരു കാര്യമുണ്ട്, കേരളത്തിൽ ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കു പ്രകാരം 30000 ന് അടുത്ത് പട്ടികജാതി കൊളനികളുണ്ടെന്ന്, അതേസമയം എത്ര നായർ, സിറിയൻ കൃസ്ത്യൻ, ബ്രാഹ്മണ കോളനികളുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.

മേൽപ്പറഞ്ഞ ചേട്ടനൊപ്പം ഇരിക്കുന്ന ഓഡിയൻസിൽ ചിലർക്ക് ചിരിവരുന്നുണ്ട്. നായർ, സിറിയൻ കൃസ്ത്യൻ, ബ്രാഹ്മണ കോളനിയോ അതെന്ത് സാധനമാണെന്ന ‘ചിരിയിൽ’ കോളനികളൊക്കെ പട്ടികജാതി ജനതയ്ക്ക് റിസർവ് ചെയ്തു വെച്ചതാണ് എന്ന് അവർക്ക് തികഞ്ഞ ബോധ്യമുണ്ട്. ഒടുവിൽ മനുഷ്യത്വത്തിൻ്റെ കവിതയൊക്കെ മനോഹരമായി ചൊല്ലിയാണ് ചർച്ച അവസാനിക്കുന്നത്, കവിത ആലപിച്ചയാൾ പറയുന്നത് മനുഷ്യത്വം ഇല്ലായ്മയുടെ പ്രശ്നമാണ് ഇതെന്നാണ്. അതെ അതിന്റെ പ്രശ്നം തന്നെയാണ് പക്ഷെ ആ മനുഷ്യത്വം എന്നത് പേപ്പറിലും ചുവരുകളിലുമൊക്കെ കവിതയും, കഥയും രചിച്ച്, പാടി പറഞ്ഞു നടക്കാനുള്ള ഒന്നു മാത്രമല്ല. പ്രായോഗികതയിൽ കൊണ്ടുവരാനുള്ളതാണ്.

ജെ.രഘു ഒക്കെ മുൻപ് പറഞ്ഞിട്ടുള്ളതു പോലെ.
” ഇന്ത്യയിലെ സംഘികളുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാൽ. ജ്ഞാനോദയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭരണഘടന കൊണ്ട് ഭരിക്കേണ്ടിവരുന്നു എന്നുള്ളതാണ് ” മനുഷ്യത്വത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത, ഒരു വിഭാഗം ജനതയ്ക്ക് നൂറ്റാണ്ടുകളോളം മാനുഷിക പരിഗണന നിഷേധിച്ച നീതി ശാസ്ത്രങ്ങളെ തള്ളിയാണ് ഇന്ത്യൻ ഭരണഘടന ഇവിടെ നിലകൊള്ളുന്നത്. അതിനാൽ ഭരണഘടന നിയമം വഴി ജനാധിപത്യം നലനിർത്തുന്ന ഏജൻസിയാണ്. ആ ഭരണഘടനാ മെക്കാനിസത്തെ മനുഷ്യത്വം/നീതി(Justice) അങ്ങനെ എന്തു പേരിൽ വേണമെങ്കിലും വിളിച്ചോളൂ.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം.
” ഇന്ന് ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയൊക്കെ ഒരു കാലത്ത് നായർ/ബ്രാഹ്മണ സമുദായത്തിൻ്റേതായിരുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെടുന്നത് ” കണ്ടു. അതായത് ഈ കാണുന്ന അധികാരങ്ങളൊക്കെ തങ്ങളുടെ തറവാട്ട് സ്വത്ത് ആയിരുന്നുവെന്നും, മുഴുവൻ ജനത്തിനും അധികാരം വരുന്ന തരത്തിൽ സ്റ്റേറ്റിൻ്റെ കീഴിൽ ഇവയൊക്കെ ആയതിലുള്ള സകല മാടമ്പി മനോഭാവവും ആ വാക്കുകളിലുണ്ട്. അത്തരം മനോഭാവം പേറുന്ന സമൂഹത്തിൻ്റെ മുഴുവൻ ശബ്ദം ആ മനുഷ്യന്റെ വാക്കുകളിലുണ്ട്.അതിനേതായാലും അവതാരകൻ മാർഷൽ വി സെബാസ്റ്റ്യൻ പറഞ്ഞ മറുപടി മാത്രമേ ആവർത്തിക്കാനുള്ളു.

” നായർക്കും നമ്പൂതിരിയ്ക്കും ഭൂമിയിൽ അവകാശമുണ്ടായിരുന്നതിന് മുൻപേ ഈ ഭൂമി ഉണ്ടായിരുന്നു, അന്നും പലർക്കും അവകാശമുണ്ടായിരുന്നു അതു മറക്കരുത്. ഇന്ത്യ സ്വതന്ത്ര ആകുന്നതിന് മുൻപേ ഈ ഭൂമി ഉണ്ടായിരുന്നു അവിടെയും മനുഷ്യർ ഉണ്ടായിരുന്നു അന്നും പലർക്കും ഈ ഭൂമിയിൽ അവകാശമുണ്ടായിരുന്നു “അത് മറക്കരുത്….”