Vishnu Vijayan എഴുതുന്നു

ആദ്യമൊക്കെ സിനിമ കാണുമ്പോൾ അതിൽ കഥാപാത്രങ്ങളെ ജാതിവാലുകൾ ചേർത്ത് വിളിക്കുന്നത് കാണുമ്പോഴൊക്കെ ഞാൻ കരുതിയിരുന്നത് ഇതൊക്കെ വെറും പേരുകൾ മാത്രമാണെന്നാണ്.

പിന്നീടാണ് എന്താടോ വാര്യരേ താൻ നന്നാകാത്തത് എന്നൊക്കെ മംഗലശ്ശേരി നീലകണ്ഠനും, ഓള് ഉമ്മച്ചി കുട്ടിയാണേൽ ഞാൻ നായരാടാ നായർ എന്ന ഡയലോഗും, സിനിമയിൽ പതിവായി കടന്നു വരുന്ന മേനോൻ അങ്കിൾ വിളികളും പറഞ്ഞു വെക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലായത്.

Vishnu Vijayan

നമ്മൾ കേൾക്കുന്ന പേരുകളെല്ലാം വെറും പേരുകൾ മാത്രമല്ലെന്നും ഒരു വ്യക്തിയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഘടകം കൂടിയാണെന്നുമുള്ള ബോധത്തിൽ നിന്നാണല്ലോ കട്ടപ്പനയിലെ ഋത്വിക് റോഷനിൽ “എൻ്റെ ശശി എന്നുള്ള പേരുണ്ടല്ലോ അത് ഗെസറ്റിൽ കൊടുത്തങ്ങ് മാറ്റി “, ശശിയുടെ പുതിയ പേരെന്താണ് ?
” സോമൻ ” ഈ സീനൊക്കെ വരുമ്പോൾ സ്ക്രീനിലും തീയറ്ററിലും ചിരിപൊട്ടുന്നത്.

വിജില ചിറപ്പാട്‌ൻ്റെ ഒരു കവിതയുണ്ട്,

ഞങ്ങളുടെ വീട്ടിൽ ടിവിയോ, ഫ്രിഡ്ജോ, മിക്സിയോ, ഗ്രൈൻഡറോ,എൽ.പി. ഗ്യാസോ അയൺബോക്സോ ഒന്നും ഉണ്ടായിരുന്നില്ല,

എന്നിട്ടും എനിക്ക് മുൻപെ അമ്മയ്ക്ക് ഇതൊക്കെ പ്രവർത്തിപ്പിക്കാനറിയാം,
കാരണം മാധവിക്കുട്ടിയുടെ കഥകളിലേത് പോലെ, എംടി യുടെ സിനിമകളിലേത് പോലെ ജാനു എന്ന വേലക്കാരിയാണവൾ.

സിനിമയിൽ ചില കഥാപാത്രങ്ങൾക്ക് നിരന്തരം നൽകി പോരുന്ന പേരുകളുണ്ട്, അത്തരത്തിൽ ഒന്നാണ് ഈ വേലക്കാരി ജാനു എന്നത്.

മലയാള സിനിമ പതിവായി ഡബിൾ മീനിംഗ് ഡയലോഗ് പടച്ചുവിടാൻ സ്ഥലപ്പേരു കൂട്ടി ഉപയോഗിച്ച് വരുന്ന മറ്റു ചില പേരുകളുണ്ട് എന്നാൽ ആദ്യം പറഞ്ഞ പ്രിവിലേജുകളുടെ ഭാരം ചുമക്കുന്ന ജാതിവാൽ അതിൽ ഉൾപ്പെടാതെ സൂക്ഷിക്കാൻ അതിന്റെ സൃഷ്ടാക്കൾ പ്രത്യേകം ശ്രദ്ധിക്കും.

ഇനി സിനിമ വിട്ട് പുറത്തേക്ക് വരാം,

പേരിനൊപ്പമുള്ള ഉപനാമം ഒരു വലിയ വിഭാഗം ആളുകൾക്ക് തങ്ങളുടെ ജനനം മുതൽ മരണം വരെ കടന്നു പോകുന്ന എല്ലായിടത്തും സോഷ്യൽ പ്രിവിലേജുകൾ സമ്മാനിക്കുന്ന, അത് ഉറപ്പു വരുത്തുന്ന സാമൂഹിക സാഹചര്യം നിലവിലുണ്ടെങ്കിൽ അത് ഇന്ത്യൻ സമൂഹം മാത്രമായിരിക്കും.

ഇവിടെ ഒരു വ്യക്തിയിൽ അയാൾ ഒരു അപരിചിതനാണെങ്കിൽ പോലും ഇടപെടുന്ന മേഖലയിൽ ജാതി അയാൾ പോലമറിയാതെ അതിന്റെ അംഗീകാരം നേടികൊടുക്കൽ ആരംഭിക്കുന്നത് പേരിനൊപ്പമുള്ള വാലിൽ നിന്നാണ്.

ജാതിവാലുമായി ബന്ധപ്പെട്ട ഒരു കമന്റിൽ ഏകദേശം ഇരുപത്തഞ്ചു വയസിന് താഴെ മാത്രം പ്രായം വരുന്ന ഒരാൾ പറഞ്ഞത്
‘ നീ കരുതുന്ന പോലെ മേനോൻ എന്നത് ജാതിവാലൊന്നും അല്ല, എൻ്റെ മുത്തച്ഛൻ്റെ പേരാണ് ‘ എന്നാണ്.

അയാൾ പറഞ്ഞത് ഒരുതരത്തിലും കാപട്യം നിറഞ്ഞ വാക്കുകളല്ല, അയാളുടെ ജാതി വാൽ ഒരു സോഷ്യൽ പ്രിവിലേജ് മെയ്ക്ക് ചെയ്യുന്ന ഘടകം ആണെന്നോ.

മറ്റൊരു സന്ദർഭത്തിൽ ഒരാൾ പറയുന്നത് ആ പേരിനൊടുള്ള കൗതുകം കൊണ്ടാണ് അത് ചേർത്തതെന്ന്.

മേനോൻ, നായർ, വാര്യർ എന്നു തുടങ്ങി എല്ലാത്തരം ജാതിവാലുകളും അച്ഛൻ്റെയോ മുത്തച്ഛൻ്റെയോ പേരിൻ്റെ അവസാന ലെറ്റർ ആയതുകൊണ്ടാണ്, അല്ലെങ്കിൽ കൗതുകം കൊണ്ടാണ് കൊണ്ടുനടക്കുന്നതെന്ന് ആര് പറഞ്ഞാലും,

അവരതിൽ ആത്മാർഥമായി വിശ്വാസം അർപ്പിക്കുന്നുവെങ്കിൽ പോലും ജാതി വാൽ എന്നത് സോഷ്യൽ സ്റ്റാറ്റസ്/അഥവാ പ്രിവിലേജിൻ്റെ ഭാഗം തന്നെണ്.

തങ്ങളുടെ ജാതിവാലിന് ന്യായീകരണം ചമയ്ക്കുന്നവർ വിദ്യാഭ്യാസപരമായി വളരെ ഉയർന്ന തലത്തിൽ എത്തപ്പെട്ടവരാകാം എന്നിരുന്നാലും ജാതിയെ ശെരിയായ രീതിയിൽ മനസിലാക്കാൻ മാത്രം പോന്ന ബൗദ്ധിക സത്യസന്ധത നേടിയെടുത്തിട്ടില്ല എന്നതാണ് വാസ്തവം.

ജാതിവാൽ തിരുത്തേണ്ടത് ജാതിയെ തിരുത്തുന്നതിൻ്റെ ഭാഗമാണ്.

സമൂഹ മാധ്യമത്തിൽ പോലും ജാതിവാൽ തൂക്കിയെറിയാൻ ശേഷിയില്ലാത്ത കൂട്ടരാണ് ഇതേ സ്പെയിസിൽ പുരോഗമന രാഷ്ട്രീയം വിളമ്പുന്നത് എന്നതാണ് ശ്രദ്ധേയം.

പ്രിവിലേജ് വാലുകൾക്ക് നമുക്ക് മുൻപ് കടന്നു പോയ ഏതെല്ലാം മഹാൻമാരെ ചൂണ്ടിക്കാട്ടി ന്യായീകരണം പറയാൻ ശ്രമിച്ചാലും അത്യന്തികമായി ഇന്ത്യൻ സമൂഹത്തിൽ അതൊരു സോഷ്യൽ അസറ്റാണ്, അത് മാത്രമാണ്…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.