കേരളത്തിൽ സ്റ്റേറ്റും സമൂഹവും നീതിയുടെ കാര്യത്തിൽ വിമുഖത കാണിക്കുന്ന ജനങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളവർ

0
458

Vishnu Vijayan

കേരളത്തിൽ സ്റ്റേറ്റും, സമൂഹവും നീതിയുടെ കാര്യത്തിൽ ഒരേ രീതിയിലുള്ള വിമുഖത കാണിക്കുന്ന ഒരു വിഭാഗം ജനങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവർ, ഇതിന്റെ ഉദാഹരണമാണ് കേരളത്തിൽ കഴിയുന്ന തമിഴ് വംശജർ.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ (ഇന്നത്തെ ഇടുക്കിയിൽ) ആദ്യകാലത്തെ കുടിയേറ്റ ജനത തന്നെയാണ് ഇന്നും ഇവിടെ ഏറ്റവുമധികം അപരരായി തുടരുന്ന കൂട്ടർ മൂന്നാറിലെ മറയൂർ, കാന്തല്ലൂർ, വട്ടവട തുടങ്ങി അഞ്ചുനാട് പ്രദേശത്ത് കഴിയുന്ന ഒരു വിഭാഗം തമിഴ് വംശജർക്ക്, ഇപ്പോഴും അവരുടെ ജാതി സർക്കാർ രേഖകളിൽ പതിച്ചു നൽകാത്ത കാരണങ്ങൾ കൊണ്ട് പല ആനുകൂല്യവും ലഭിക്കാത്ത വേടനും, വേട്ടുവനും, വെള്ളാളരും, മലവേട്ടുവനും ഉൾപ്പെടുന്ന ജനവിഭാഗങ്ങളുണ്ട്. കെ.പി ജയകുമാർ തൻ്റെ പഠനങ്ങളിൽ വിശദമായി ഇതിനെക്കുറിച്ച് വിശദമായി എഴുതുന്നുണ്ട്.

അസംഘടിതരായ, യാതൊരു സാമൂഹിക പ്രിവിലേജുകളും ഇല്ലാത്ത, അപരരായ ഇവരുടെ ജാതീയവും, സാമൂഹികവുമായ പിന്നോക്കാവസ്ഥ തന്നെയാണ് സ്റ്റേറ്റിന് ഇവരോടുള്ള മോശം സമീപനത്തിൻ്റെ അളവുകോൽ.

ഈ അനീതിയും, നീധി നിഷേധവും ഇവരിൽ ഒതുങ്ങുന്നതല്ല, ആദിവാസികൾ, ദളിതർ തുടങ്ങി കീഴാള സ്വത്വത്തിൽ ജനിച്ചു ജീവിച്ചു (!) മരിക്കുന്ന, അധികാര പരിധിയിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മാറ്റി നിർത്തപ്പെടുന്ന കോളനികൾ, തീരപ്രദേശങ്ങൾ, ട്രൈബൽ സെറ്റിൽമെന്റ് ഇടങ്ങളിൽ കഴിഞ്ഞു കൂടുന്ന മനുഷ്യരുടെ ജീവിതാനുഭവമാണ്.

തൻ്റെ രണ്ടു കുഞ്ഞുങ്ങളെ കുറച്ചു പേർ കൂടി കൊന്ന കേസിലെ വിധി നടന്നത് അറിഞ്ഞില്ല, നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാനതറിഞ്ഞത് എന്ന് പറഞ്ഞ കരയുന്ന അമ്മ, മേൽപ്പറഞ്ഞ കണ്ണിയിൽ നമ്മൾ കണ്ട ഒടുവിലത്തെ കാഴ്ച മാത്രമാണ് ( പൊതുസമൂഹം ചർച്ച ചെയ്തത് കൊണ്ട് മാത്രം കണ്ടത്).

മനുഷ്യൻ എന്ന നിലയിൽ ജീവിക്കാൻ വേണ്ടി തങ്ങളുടെ അവകാശങ്ങൾക്ക്, നീതിക്കായി അവർ പലപ്പോഴും ശബ്ദം ഉയർത്താറുണ്ട് പക്ഷെ പൊതുസമൂഹം അതേറ്റെടുക്കില്ല എന്ന് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഏറ്റെടുപ്പ് നടക്കണമെങ്കിൽ കുറഞ്ഞപക്ഷം അവരിൽ ഒരു രക്തസാക്ഷിത്വം എങ്കിലും സംഭവിക്കണം എന്നതാണ് നടപ്പ് രീതി.

ഓർക്കുക നീതി എന്ന് പറയുന്നത് സ്റ്റേറ്റും, അതിൻ്റെ എക്സിക്യൂട്ടീവ് ഏജൻസികളും, സമൂഹവും ഒരേപോലെ അവിടത്തെ ഏറ്റവും മർദ്ദിത ജനതയോട് ജീവിതകാലയളവിൽ ചെയ്യാവുന്ന പരമാവധി നിഷേധങ്ങൾക്ക് ഒടുവിൽ മരണാനന്തരം നേടി കൊടുക്കേണ്ട ഒന്നല്ല, മറിച്ച് അവന്/അവൾക്ക് ഇവിടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണത്…