ഈ നാട്ടിലെ ദളിത് ആദിവാസി ജനതയ്ക്ക് അയ്യങ്കാർ ഹോട്ടലിലെ വെജിറ്റേറിയൻ ഭക്ഷണം പോലെ ആസ്വദിച്ചു രുചിച്ച് കടന്നു പോകാൻ കഴിയുന്ന ഒന്നല്ല ഇന്ത്യൻ ജാതി വ്യവസ്ഥ

123

Vishnu Vijayan ✍️

ഇന്ത്യയിൽ സോഷ്യൽ പ്രിവിലേജുകൾ നൽകുന്ന സ്വച്ഛമായ ജീവിതം നയിച്ചു കൊണ്ട് ഒരു മനുഷ്യന് ചോദിക്കാൻ കഴിയുന്ന ഏറ്റവും ക്രൂരമായ ചോദ്യം ഏതാണെന്ന് അറിയുമോ !ജാതിയെ കുറിച്ച് എന്തിനാണ് ഇങ്ങനെ എപ്പോഴും സംസാരിക്കുന്നതെന്ന്.ഇന്ത്യ പോലൊരു ദേശത്ത് രണ്ടായിരം വർഷമായി നിലനിൽക്കുന്ന ജാതി പോലൊരു സാമൂഹിക വിപത്തിനെ കുറിച്ച് എന്തിന് നമ്മൾ ഇങ്ങനെ നിരന്തരം സംസാരിക്കണമെന്ന് വളരെ ലാഘവത്തോടെ ചോദിക്കാൻ കഴിയണമെങ്കിൽ അതിനു ചില കാരണങ്ങളുണ്ട്.

ഒന്നെങ്കിൽ നമ്മൾ ഇന്ത്യൻ സമൂഹത്തിൽ അത്രമേൽ പ്രിവിലേജ്ഡ് ആയിരിക്കണം.അതല്ലെങ്കിൽ ഇന്ത്യൻ സമൂഹത്തെ കുറിച്ച് അത്രത്തോളം അവബോധം ഇല്ലാത്ത മനുഷ്യർ ആയിരിക്കണം.SC/ST prevention Of Atrocites Act പ്രകാരമുള്ള ഓരോ പത്ത് മിനിറ്റിലും അക്രമം നേരിടേണ്ടുന്ന NCRB യുടെ കണക്കുകളിൽ ഉൾപ്പെടാത്തവർ ആയിരിക്കണം.ദിവസവും ഏഴ് എന്ന കണക്കിൽ (റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ മാത്രമാണ് കെട്ടോ) ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന ദളിത് സ്ത്രീയുടെ കൂട്ടത്തിൽ ഇല്ലാതിരിക്കണം.ഇന്നേവരെ ജാതി മൂലം നീതി നിഷേധം അനുഭവിക്കേണ്ടി വരാത്തവർ ആയിരിക്കണം,
………..
എന്നാൽ നിങ്ങളുടെ ചോദ്യത്തിൻ്റെ കാപഠ്യം കിടക്കുന്നത് എവിടെ എന്നറിയുമോ…!നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ മിനിമം ഒരു പത്ത് തവണ ജാതിയെ കുറിച്ച് അതിന്റെ മാഹാത്മ്യത്തെ കുറിച്ച് നിങ്ങൾ കേൾക്കാറുണ്ട് ഉറപ്പ്. മാട്രിമോണിയൽ പരസ്യം മുതൽ സാമ്പാർ പൗഡറിന്റെ പരസ്യം വരെ നീളും അത്, അതിന് പുറമെ സിനിമ ഉൾപ്പെടെ പല വഴിയിലൂടെ വേറെയും.അപ്പോഴൊന്നും ജാതി എന്തിന് ഇങ്ങനെ മാർക്കറ്റ് ചെയ്യുന്നു, ഗ്ലോറിഫൈ ചെയ്യപ്പെടുന്നു എന്ന് ചോദിക്കാൻ തോന്നാറില്ല, നിങ്ങളെ അത് അലട്ടാറില്ല.അതേസമയം നിങ്ങൾ ഒരിക്കൽ പോലും അതേ ദിവസം ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും മാനസികവും, ശാരീരികവും, ലൈംഗികവുമായി അതിക്രമത്തിന് ഇരായാകുന്ന, ആദിവാസി/ ദളിത് മനുഷ്യരുടെ അനുഭവങ്ങൾ ഒന്നും തന്നെ കേൾക്കാറില്ല, ഒരു മീഡിയയും നിങ്ങളുടെയും എൻ്റെയും മുൻപിൽ നേരിട്ട് എത്തിക്കാറില്ല.

ദിവസവും ഏഴിന് മുകളിൽ ദളിത് സ്ത്രീകൾ ഈ രാജ്യത്ത് ലൈംഗിക അതിക്രമത്തിന് ഇരയായി തീരുന്നുണ്ട്,ഇന്നലെ ട്വിറ്ററിൽ ലോകത്താകമാനം ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ പത്തിൽ ഇന്ത്യയിൽ ഒരു ദളിത് പെൺകുട്ടിയുടെ പേരായിരുന്നു, മനീഷ വാത്മീകി.യുപിയിലെ വാത്മീകി സമുദായത്തിലുള്ള ഇരുപത് വയസ്സുകാരി, ആഴ്ച മുൻപ് അവരുടെ ഗ്രാമത്തിലെ അപ്പർ കാസ്റ്റ് ആണുങ്ങൾക്ക് ഇരയാകേണ്ടി വന്നവൾ, ജാതിയമായ പ്രിവിലേജുകളിൽ ഇരുന്ന് എന്തും ചെയ്യാൻ കഴിയുന്ന നെറികെട്ട മനുഷ്യർ മൂലം ജീവൻ നഷ്ടപ്പെട്ട, ‘രാജ്യത്ത് ചർച്ച ചെയ്യപ്പെട്ട’ ഒടുവിലത്തെ പേര് മാത്രമാണ് മനീഷയുടേത്.

ഉത്തരേന്ത്യയിൽ ഈ ദിവസങ്ങളിൽ രൂക്ഷമായ പ്രതിഷേധം നടക്കുകയാണ് നിങ്ങൾ അത് അറിഞ്ഞോ ഇല്ലയോ എന്നറിയില്ല.ഇങ്ങനെയൊരു രാജ്യത്തിരുന്ന് എന്തിന്‌ ജാതിയെ കുറിച്ച് എപ്പോഴും പറയുന്നതെന്ന് ചോദിച്ചാൽ ഇന്ത്യൻ ജനസംഖ്യയിൽ നാലിൽ ഒന്ന് വരുന്ന ദളിത്/ആദിവാസി വിഭാഗത്തിൽ ഓരോ മനുഷ്യൻ്റെയും തലയ്ക്ക് മുകളിൽ ജനനം മുതൽ മരണം വരെ നിലനിൽക്കുന്ന മൂർച്ചയുള്ള ആയുധമാണ് ജാതി,അതുകൊണ്ട് ഈ രാജ്യത്തെ മുഴുവൻ ജനസംഖ്യയിൽ നാലിൽ ഒന്ന് വരുന്ന ദളിത് ആദിവാസി ജനതയ്ക്ക് അയ്യങ്കാർ ഹോട്ടലിലെ വെജിറ്റേറിയൻ ഭക്ഷണം പോലെ ആസ്വദിച്ചു രുചിച്ച് കടന്നു പോകാൻ കഴിയുന്ന ഒന്നല്ല ഇന്ത്യൻ ജാതി വ്യവസ്ഥ…