സ്വാർത്ഥ താത്പര്യക്കാരുടെ മുന്നിൽ തോറ്റുകൊടുക്കാത്ത ധീര

413

Vishnu Vijayan എഴുതുന്നു

അരാഷ്ട്രീയ ചിന്താഗതിയിൽ ബ്യൂറോക്രാറ്റ് വിപ്ലവം വരുമെന്ന് കരുതി ജീവിക്കുന്ന വലിയ വിഭാഗം യുവാക്കൾ നമുക്കിടയിലുണ്ട്.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെക്കാൾ ഒരു നാടിനെ നയിക്കാൻ ഉതകുന്ന തരത്തിലുള്ളതാണ്, എന്നൊരു തരം പൊതുബോധം വളരെ നാളുകളായി വളർന്നു വരുന്നുമുണ്ട്.

Vishnu Vijayan

പലപ്പോഴായി പല ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് വരുന്ന ഉദ്യോഗസ്ഥരോടുള്ള മോശം അഭിപ്രായപ്രകടനങ്ങളും, അധികാര ദുർവിനിയോഗവുമാണ് ബ്യൂറോക്രാറ്റ് വിപ്ലവം തേടുന്ന ആളുകൾക്ക് കിട്ടുന്ന മൈലേജ്.

പക്ഷെ ഒരു ജനാധിപത്യ രാജ്യത്തിന് അത് എത്രത്തോളം യോജിക്കുന്ന കാര്യമാണ് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്…!!

Image may contain: 3 people, people standingചില ഉദ്യോഗസ്ഥർ അവരുടെ ജോലിയിൽ കൂടുതൽ ആത്മാർത്ഥത പുലർത്തുമ്പോൾ അവരോട് നമുക്ക് ആദരവ് തോന്നുന്നത് സ്വഭാവികമാണ്, അതും സമൂഹത്തിൽ പല കോണുകളിൽ നിന്നുള്ള വെല്ലുവിളികളെ മറികടന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോട്.
പക്ഷെ ആ ബഹുമാനമൊന്നും ബ്യൂറോക്രാറ്റ് വിപ്ലവം എന്ന ഉട്ടോപ്യൻ ചിന്തയിലേക്ക് വഴിവെക്കുന്നത് നല്ല രീതിയായി തോന്നിയിട്ടില്ല.

ഇത്തരം അമിതാവേശങ്ങൾ മാറ്റി നിർത്തി, തൻ്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ സദാ ജാഗ്രത പുലർത്തുന്ന, ധൈര്യമായി മുൻപോട്ടു പോകുന്ന ഒരു ഉദ്യോഗസ്ഥയെ കുറിച്ച് തന്നെയാണ് ഇനി പറയാൻ പോകുന്നത്.

ഇലക്ഷൻ സമയത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയ കാഴ്ചകളിൽ ഒന്ന് തൃശൂരിൽ പോലീസുകാരനൊപ്പം വോട്ടിങ് സാമഗ്രികളുടെ ഭാരമേറിയ പെട്ടി ചുമക്കുന്ന തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമയുടെ വീഡിയോയായിരുന്നു.

അനുപമയുടെ സമീപത്ത് നിൽക്കുന്ന ഉദ്യോഗസ്ഥർ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭാരമുള്ള പെട്ടിയാണ് മാഡം ഞങ്ങൾ എടുത്തോളാം എന്ന് പറയുന്നുമുണ്ട്. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ അനുപമ വീണ്ടും പെട്ടി ചുമക്കുന്നതായിരുന്നു വീഡിയോ.

ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആയിരിക്കെ
നിറപറ ഗ്രൂപ്പിനെതിരെ അനുപമ സ്വീകരിച്ച നടപടികളാണ് മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ആദ്യമായി അനുപമയുടെ പേര് ചർച്ചയ്ക്ക് ഇടയാക്കിയത്.

കായൽ നികത്തി റിസോർട്ട് നിർമ്മിച്ച മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടിയുമായി വെല്ലുവിളികളെ നേരിട്ട് അവർ മുൻപോട്ടു പോകുകയുണ്ടായി.

കഴിഞ്ഞ ഒരു മാസത്തിനകം തുടർച്ചയായി രണ്ടാമത്തെ തവണയാണ് ഔദ്യോഗിക കർത്തവ്യത്തിൻ്റെ പേരിൽ ഒരു വിഭാഗം കളക്ടർക്കെതിരെ വിവാദം സൃഷ്ടിക്കുന്നത്.

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി അയ്യപ്പൻ്റെ പേരു പറഞ്ഞു വോട്ട് ചോദിച്ചതിൽ റിപ്പോർട്ട് തേടിയതിലാണ് കഴിഞ്ഞ മാസം സംഘപരിവാർ ഗ്രൂപ്പ് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചാരണം നടത്തിയത്.

അതിന്റെ ഭാഗമായി കളക്ടർ അനുപമയെ അവർ അനുപമ ക്ലിൻസൺ ജോസഫ് ആക്കിതീർക്കുകയും ചെയ്തു.

പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത കാരണത്താൽ
തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയുടെ വിലക്കുമായി ബന്ധപ്പെട്ട് നടന്ന വിഷയത്തിൽ കളക്ടർ തന്നെയായിരുന്നു ടാർജറ്റ്.

അനുപമയുടെ കരിയറിലെ ഈ കുറഞ്ഞ കാലത്തിനിടയിൽ അവരുടെ സുപ്രധാന തീരുമാനങ്ങൾ ഒന്നൊന്നായി ശ്രദ്ധിച്ചാൽ മനസിലാകും അവിടെയെല്ലാം ശക്തരായ എതിരാളികളാൽ അതികാര മേഖലയിലും അല്ലാതെയും അവർ വേട്ടയാടപ്പെടുന്നുണ്ട്.

പക്ഷെ ഒരിക്കൽ പോലും അവർ അതിനോട് തോറ്റു കൊടുക്കാൻ തയ്യാറായിട്ടില്ല എന്നതാണ്. അതു തന്നെയാണ് ടി.വി അനുപമ എന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയെ വ്യത്യസ്തയാക്കുന്നത്.

വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന ഭാരമേറിയ പെട്ടികൾ ചുമക്കുന്ന കളക്ടറെ ഉദ്യോഗസ്ഥർ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭാരമുള്ള പെട്ടിയാണ് മാഡം ഞങ്ങൾ എടുത്തോളാം എന്ന് പറയുന്നത് കളക്ടർ ഒരു സ്ത്രീ ആയതിനാൽ കൂടി ആകാം.

പക്ഷെ അതൊന്നും വകവെക്കാതെ അവർ തൻ്റെ പ്രവർത്തിയിൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നത്, അതുതന്നെയാണ് അവർ നിരന്തരം ഔദ്യോഗിക ജീവിത്തിൽ ചെയ്തു പോരുന്നതും.

ഔദ്യോഗിക പദവിയിൽ നിരന്തരം ഉറച്ച നിലപാട് കൈക്കൊണ്ട് മുൻപോട്ടു പോകുന്ന, വെല്ലുവിളികളെ ഏതു രീതിയിൽ നേരിടണം എന്ന ഉറച്ച ബോധ്യമുള്ള ഉദ്യോഗസ്ഥയാണ് കളക്ടർ ടി.വി അനുപമ.

ഒരുപക്ഷെ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥ…