Vishnu Vijayan എഴുതുന്നു 

ഒന്നര നൂറ്റാണ്ട് മുൻപല്ല ഒന്നര വർഷം മുൻപാണ്,

ചിത്രകാരൻ അശാന്തൻ മാഷിന്റെ മൃതദേഹം ഏറണാകുളം ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻപിൽ പൊതുദർശനത്തിന് വെക്കുന്നത്‌ ഹിന്ദുത്വ ശക്തികൾ തടഞ്ഞത്.

Vishnu Vijayan
Vishnu Vijayan

അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന കാരണം പറഞ്ഞാണ് അന്ന് പൊതുദർശനം തടഞ്ഞത്.

തുടര്‍ന്ന് സാധാരണ തുറക്കാറില്ലാത്ത ഗെയ്റ്റിലൂടെ മൃതദേഹം കയറ്റി കിഴക്ക് വശത്തുള്ള ചെറിയ വരാന്തയിൽ മൃതദേഹം വെക്കേണ്ടി വന്നു.

ഒരു നൂറ്റാണ്ട് മുൻപല്ല…

ഒരു വർഷം മുൻപാണ് കാസർഗോഡിൻ്റെ അതിർത്തി പ്രദേശമായ ബെള്ളൂർ എന്ന സ്ഥലത്ത്, എൻഡോസൾഫാൻ ഇരയായ ദളിത് വിഭാഗത്തിൽപെട്ട സീതുവിൻ്റെ മൃതദേഹം പ്രദേശത്തെ പ്രബല ബ്രാഹ്മണ വിഭാഗം റോഡിലൂടെ ആംബുലൻസ് കയറ്റി വിടില്ല എന്ന എതിർപ്പ് പറഞ്ഞതിനാൽ ചുമന്നുകൊണ്ട് പോകേണ്ടി വന്നതിൻ്റെ വാർത്ത വന്നിരിക്കുന്നു.

4 പട്ടികവർഗ്ഗങ്ങളും 37 പട്ടികജാതികളും ഉൾപ്പെടുന്ന 80 ന് അടുത്ത് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലാണ് ഇത്തരം അനീതി തുടർന്നു വന്നത്.

ഒരു സഹസ്രാബ്ധം മുൻപല്ല ഒരാഴ്ച മുമ്പാണ്,

തമിഴ്‌നാട്ടിൽ വെല്ലൂരില്‍ ഒരു ഗ്രാമത്തിൽ ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ അടച്ചത് മൂലം ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടി ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇവിടെ ഇതേപോലെ നാല് തവണ മൃതദേഹങ്ങൾ കെട്ടിയിറക്കി എന്ന് കോളനി ജനത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഉറ്റവരുടെ മൃതദേഹം കിലോമീറ്ററുകൾ തോളിലേറ്റി ചുമടായി കൊണ്ടുപോകേണ്ടി വരുന്ന, അടുക്കള പൊളിച്ച് ശവസംസ്‌കാരം നടത്തേണ്ടി വരുന്ന, രണ്ടാൾക്ക് കടന്നു പോകാൻ കഴിയാത്ത കമ്മട്ടിപ്പാടത്തിൻ്റെ ഇടുങ്ങിയ മതിൽക്കെട്ടിന് ഇടയിലൂടെ മൃതദേഹം ചുമന്നു പോകേണ്ടി വരുന്ന,
പാലത്തിൽ നിന്ന് ഒരു കയറിൽ കെട്ടി ഇറക്കേണ്ടി വരുന്ന.

ദൈവം അശുദ്ധനാകും എന്ന കാരണത്താൽ ആ ദൈവത്തിന്റെയും, ഇ ദൈവത്തിന്റെ സംരക്ഷകരുടെയും ദൃഷ്ടി പതിയാതെ, പട്ടാപ്പകൽ എറണാകുളം ടൗണിൽ ദർബാർ ഹാളിൻ്റെ പിൻവശത്തേക്ക് കലാകാരൻ അശാന്തൻ മാഷിന്റെ മൃതദേഹം മാറ്റേണ്ടി വരുന്ന,

മൃതദേഹങ്ങൾക്ക് പോലും വിവേചനങ്ങളുടെ കഥ പറയാൻ കഴിയുന്ന മനുഷ്യ കുലത്തിലെ തന്നെ അപൂർവ്വ ഇടമാണ് നമ്മുടേത്.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലേ എന്നാണെങ്കിൽ,

നമ്മൾ ഇന്നേവരെ കണ്ടതും, കേട്ടതും അറിഞ്ഞതും, അറിയാതെ പോയതുമായ ഇതുപോലെയുള്ള അനേകായിരം ഒറ്റപ്പെട്ട സംഭവങ്ങളുടെ, ഒറ്റപ്പെട്ട മനുഷ്യരുടെ, ഒറ്റപ്പെട്ട ജനസമൂഹങ്ങളുടെ, ഒറ്റപ്പെട്ട ദേശങ്ങളുടെ ആകെത്തുകയാണ് ഈ ഇന്ത്യാ
മഹാരാജ്യം എന്നത്.

ഒരുവൻ അവൻ്റെ ജനനം മുതൽ മരണം വരെ മാത്രമല്ല, മരണാനന്തരം അവൻ്റെ/അവളുടെ മൃതദേഹത്തിനു പോലും കടന്നു പോകേണ്ടി വരുന്ന അത്രമേൽ രൂക്ഷമായ വിവേചനങ്ങളുടെ കൂടി പേരാണ് ജാതീയത എന്നത്.

അവരെ നോക്കിയാണ് നമ്മൾ ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടോ എന്ന് ചോദിച്ച് നിരന്തരം അപഹസിക്കുന്നത്…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.